Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇടുക്കി ജാഫറിനൊപ്പം മണിയെ കാണാൻ പാഡിയിലെത്തിയ അപരിചിതരേയും ചോദ്യം ചെയ്യും; ക്രിമിനലായ മുരുകൻ പാചകക്കാരനായതിൽ ദുരൂഹത; സാബുവിന്റെ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കില്ല; രക്തം ഛർദ്ദിച്ചിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; ആത്മഹത്യാ സാധ്യതയും പരിശോധിക്കും; മണിയുടെ മരണത്തിൽ സർവ്വത്ര ആശയക്കുഴപ്പം

ഇടുക്കി ജാഫറിനൊപ്പം മണിയെ കാണാൻ പാഡിയിലെത്തിയ അപരിചിതരേയും ചോദ്യം ചെയ്യും; ക്രിമിനലായ മുരുകൻ പാചകക്കാരനായതിൽ ദുരൂഹത; സാബുവിന്റെ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കില്ല; രക്തം ഛർദ്ദിച്ചിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; ആത്മഹത്യാ സാധ്യതയും പരിശോധിക്കും; മണിയുടെ മരണത്തിൽ സർവ്വത്ര ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കലാഭവൻ മണിയുടേതുകൊലപാതകമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം നീങ്ങുകയാണ്. കലാഭവൻ മണിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഡിജിപി ടിപി സെൻകുമാർ നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാൽ അന്വേഷണത്തിന്റെ ഗതിമാറ്റാൻ പൊലീസ് തീരുമാനിച്ചു. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിൽ അഴിച്ചുപണി നടത്തും.

ദിവസങ്ങൾക്കുള്ളിൽ തന്നെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നാണ് സെൻകുമാറിന്റെ പക്ഷം. കലാഭവൻ മണിയുടെ രക്തത്തിൽ കൃഷിക്ക് ഉപയോഗിക്കുന്ന മാരക കീടനാശിനിയായ ക്ലോർപൈറിഫോസ് കണ്ടെത്തിയെന്നതുകൊലപാതകത്തിലേക്കാണ് വിരൽ ചുണ്ടുന്നത്. സ്വയം കഴിച്ചാലോ മറ്റുള്ളവർ നൽകിയാലോ അല്ലാതെ ഇത്രയും അളവിൽ കീടനാശിനിയും വിഷവസ്തുക്കളും കലാഭവൻ മണിയുടെ ശരീരത്തിനുള്ളിൽ കാണില്ലെന്നാണ് വിലയിരുത്തൽ. മണിയെ പോലൊരാൾ ആത്മഹത്യ ചെയ്യില്ലെന്നും അതുകൊണ്ട് തന്നെ കൊലപാതകം തന്നെയാണ് ഇതെന്നുമുള്ള പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിക്കഴിഞ്ഞു. എന്നാൽ ആത്മഹത്യാ സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നുമില്ല.

Stories you may Like

സംഘംചേർന്നു മദ്യപിച്ചിട്ടും മണിയുടെ ശരീരത്തിൽ മാത്രം എന്തുകൊണ്ടു കീടനാശിനിയുടെ സാന്നിധമുണ്ടായി എന്നതാണ് പ്രധാന ചോദ്യം. രക്തം ഛർദിച്ച് അവശനിലയിലായിട്ടും മണി എന്തുകൊണ്ട് ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ലെന്നും കണ്ടെത്തണം. കുത്തിവച്ചു ബോധരഹിതനാക്കിയ ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നെന്നു ഡോക്ടർ പറഞ്ഞിരുന്നു. മണി ഗുരുതരാവസ്ഥയിലാണെന്നു മനസിലായിട്ടും വിവരം ബന്ധുക്കളെ സുഹൃത്തക്കൾ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നതിനും ഉത്തരമില്ല. മണിയുടെ ഡ്രൈവറെ പോലും വിളിക്കാതെ ആശുപത്രിയിലെത്തിക്കാൻ നോക്കിയത് എന്തിനാണെന്നതും ദുരൂഹമാണ്. സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ പാടി കഴുകി വൃത്തിയാക്കിയത് ആര്? എന്തിനെന്നതും പിരശോധിക്കുന്നുണ്ട്. പാഡിയിൽനിന്നു രണ്ടു ചാക്കുകളിൽ നിറച്ചു പുറത്തേക്കു കൊണ്ടുപോയത് എന്തൊക്കെ സാധനങ്ങൾ കണ്ടെത്താനും പൊലീസ് ശ്രമിക്കും.

കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുരുകൻ തമിഴ്‌നാട്ടിൽ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെന്നു വിവരം. മണിയുടെ ഔട്ട്ഹൗസ് ആയ പാടിയിൽ പാചകക്കാരനായി കയറിക്കൂടിയ മുരുകനെ പൊലീസ് നിരന്തരം ചോദ്യംചെയ്യുന്നുണ്ട്. ഇയാൾ കൊലക്കേസിലടക്കം പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചന. കഴിഞ്ഞ ക്രിസ്മസിനു മണിയെ കാണാനെത്തിയാണ് മുരുകൻ പരിചയം സ്ഥാപിച്ചത്. പിന്നീടു പാടിയിലെ സഹായിയായും പാചകക്കാരനായും മാറി. മുരുകൻ അപകടകാരിയാണെന്നറിഞ്ഞു സഹോദരൻ രാമകൃഷ്ണനും ബന്ധുക്കളും മണിക്കു മുന്നറിയിപ്പ് നൽകിയെങ്കിലും ഒഴിവാക്കാൻ മണി തയാറായില്ല. ഇതും പൊലീസ് ദുരൂഹമായാണ് കാണുന്നത്.

അതിനിടെ കലാഭവൻ മണിയുടെ പാഡിയിലെത്തിച്ച ചാരായം ഉണ്ടാക്കിയ ആൾ പൊലീസ് പിടിയിലായി. മണിയുടെ ശരീരത്തിൽ വിഷാംശം എത്തിയത് ഈ ചാരായത്തിലൂടെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഒരുമാസം മുമ്പാണ് ഈ ചാരായം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ ചാരായം ആരെല്ലാം കഴിച്ചുവെന്നതാണ് ഇനി നിർണ്ണായകം. മണി മാത്രമേ ചാരായം കുടിച്ചിട്ടൂള്ളൂവെങ്കിൽ അതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് കരുതുന്നു. മണിയെ പലരും സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഭാര്യ നിമ്മിയുടെ മൊഴിയും പൊലീസ് ഗൗരവത്തോടെ കാണുന്നുണ്ട്. ഇതും വിശദമായി അന്വേഷിക്കും. ആത്മഹത്യാ സാധ്യതയും പരിശോധിക്കും. മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവർ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയിൽ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചിട്ടുണ്ട്.

വിഷാംശം അകത്ത് എത്തണമെങ്കിൽ അത് ആരെങ്കിലും കൊടുത്തത് ആകാമെന്നാണ് പൊലീസ് നിഗമനം. അല്ലെങ്കിൽ മണി സ്വയം കഴിച്ചതുമാകാം. ഈ രണ്ടു കാര്യങ്ങൾ വിശകലനം ചെയ്യാൻ തൃശൂർ റേഞ്ച് ഐ.ജി: ജി.ആർ. അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവം നടന്ന പാഡിയിലെത്തി തെളിവെടുത്തു. സംഭവം നടന്ന അന്നും അതിനു മുമ്പുള്ള ദിവസങ്ങളിലും ചാരായം പാഡിയിലേക്ക് ആരും എത്തിച്ചതായി അറിയാൻ കഴിഞ്ഞിട്ടില്ല. കൂടാതെ കീടനാശിനി മദ്യത്തിൽ കലരാനും സാധ്യതയില്ലെന്നും പൊലീസ് പറയുന്നു. ഇതിനാൽ ഭക്ഷണത്തിലൂടെ അകത്ത് എത്തിയതാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. എന്നാൽ ചാരായം പലരും പാഡിയിൽ കൊണ്ടു വരാറുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മണിയുടെ സുഹൃത്തുക്കളടക്കം 10 പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പചാചകക്കാരൻ മുരുകൻ, മണിയുടെ ഭാര്യയുടെ വലിയച്ഛന്റെ മകൻ വിപിൻ (വിബീഷ്) അരുൺ, പട്ടരു വിനു, ജോയി, ഡ്രൈവർ പീറ്റർ തുടങ്ങിയവരെയാണ് വെള്ളിയാഴ്ച രാത്രിയിലും ഇന്നലെയുമായി കസ്റ്റഡിയിലെടുത്തത്. നേരത്തെ ചാരായം എത്തിച്ചവരും പാഡിയിലിരുന്നു കഴിച്ചവരുമാണ് ഇവർ. മറ്റു ചില സൃഹൃത്തുക്കളെ ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. പാഡിയിൽ മണിയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. ഇനിയും പലരേയും പൊലീസ് അറസ്റ്റ് ചെയ്യാനിടയുണ്ട്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ താരം ജാഫർ ഇടുക്കിയിലേക്ക് സംശയത്തിന്റെ നിഴൽ വീണ്ടും എത്തുന്നുണ്ട്. ജാഫർ ഇടുക്കിയ്‌ക്കൊപ്പം വന്ന അപരിചിതരേയും പൊലീസ് ചോദ്യം ചെയ്യും.

ജാഫർ ഇടുക്കിയും സാബുവും കളവ് പറയുന്നത് എന്തിന്?

ജാഫർ ഇടുക്കിയുടേയും സാബുവിന്റേയും മൊഴികളിലെ വൈരുദ്ധ്യവും പൊലീസിനെ വലയ്ക്കുന്നുണ്ട്. രണ്ടു പേരും ആദ്യം പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു. പാഡിയിലെത്തി രണ്ടു പേരും മദ്യപിച്ചിട്ടില്ലെന്ന് അവർ പറയുന്നു. എന്നാൽ ബാക്കിയെല്ലാവരും ഇവർ മദ്യപിക്കുന്നത് കാണുകയും ചെയ്തു. മണി മരിച്ച ദിവസം ജാഫർ പറഞ്ഞത് ബിയർ കുടിച്ചെന്ന്. ഇന്നലെ മാറ്റി പറഞ്ഞു. തരികിട സാബു ആദ്യം കുടിച്ചില്ലെന്ന് പറഞ്ഞു. എന്നാൽ അടിച്ചു ലക്കുകെട്ട സാബുവിനെ മണിയുടെ ഡ്രൈവർ കൊച്ചിയിൽ കാറിൽ കൊണ്ടു ചെന്നാക്കിയെന്ന് പിന്നീട് എല്ലാവരും പറഞ്ഞു. ഇതോടെ സാബു നിലപാട് മാറ്റി. മദ്യപിച്ചില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അങ്ങനെ സർവ്വത്ര ആശക്കുഴപ്പം. ഇതിൽ ഉപരി മറ്റ് ചില സംശയങ്ങളും പൊലീസിനുണ്ട്. അപരിചിതർ ജാഫർ ഇടുക്കിക്കൊപ്പം അവിടെ എത്തിയിരുന്നു. ഇവരേയും ചോദ്യം ചെയ്യും.

സംഭവം നടക്കുന്നതിന് മുമ്പ് നാലുദിവസം ജാഫർ ഇടുക്കി ചാലക്കുടിയിലെ ഒരു ലോഡ്ജിൽ തങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ആദ്യം കസ്റ്റഡിയിൽ എടുത്തപ്പോൾ താൻ അന്നു മാത്രമാണ് എത്തിയതെന്നും ഉടൻ തിരിച്ചുപോയെന്നുമാണ് ജാഫർ പൊലീസിന് മൊഴി നൽകിയിരുന്നത്. ഇതിനൊപ്പമാണ് സാബുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും. ഇരുവരും കള്ളം പറഞ്ഞുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അത് എന്തിനാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ ഇന്നലെ ഐ.ജിയും അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ.എസ്‌പി: കെ.എസ്. സുദർശനും പാഡിയിൽ എത്തി പരിശോധന നടത്തി. ഫൊറൻസിക് സർജന്മാരും പരിശോധനയ്ക്ക് എത്തിയിരുന്നു. തുടർന്ന് ഐ.ജിയുടെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധരുമായി ഉന്നതതല യോഗം ചേർന്നു. വിശദമായ ചർച്ചകൾക്കു ശേഷമായിരിക്കും ഇവർ അന്തിമ തീരുമാനത്തിൽ എത്തുക.

ക്ലോർപൈറിഫോസ്, മെതനോൾ, എതനേൾ എന്നിവ മണിയുടെ രക്തത്തിൽ കണ്ടെത്തിത് സ്വാഭാവികമായും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മെതനോൾ, എതനേൾ, ബാർബിച്ച്യുറേറ്റ്‌സ് എന്നിവയുടെ അംശം കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് കീടനാശിനി കൂടി ഉണ്ടായിരുന്നുവെന്ന കണ്ടെത്തൽ. ഈ രാസവസ്തുക്കളിൽ ഏതാണ് മരണത്തിലേക്ക് നയിച്ചത് എന്നറിയാൻ ഇവയുടെ അളവ് കണ്ടെത്തേണ്ടതുണ്ട്. ബിയറിന്റെ സാമ്പിളിൽ നിന്ന് മെഥനൊൾ കണ്ടെത്താൻ കഴിയില്ല. മെഥനോൾ ആയിട്ട് തന്നെ കഴിച്ചാലേ ഇവ പരിശോധനയിൽ കണ്ടെത്താൻ കഴിയൂ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മണി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയവേ, സുഹൃത്തുക്കൾ ഇവർ താമസിച്ച പാടിയിലെത്തി മുറികൾ വൃത്തിയാക്കിയതും ചില വസ്തുക്കൾ പാക്കറ്റിലാക്കി കൊണ്ടു പോയതും ദുരൂഹതകൾ ഇരട്ടിപ്പിക്കുകയാണ്.

മെഥനോളിന്റെ അംശം മൂന്നു ശതമാനം വരെ ശരീരത്തിൽ കലരുന്നത് അപകടകരമല്ല. എന്നാൽ രക്തസാമ്പിളിൽ കീടനാശിനിയുടെ അംശം ക്രമാതീതമായ അളവിൽ കണ്ടെത്തിയിരുന്നു. വ്യാജമദ്യം കഴിച്ചാലും കീടനാശിനി അടങ്ങിയെന്നത് അവിശ്വസനീയവും ദുരൂഹവുമാണ്. വ്യാജമദ്യത്തിൽ കീടനാശിനി ഉണ്ടാകാനിടയില്ല. ഓർഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തിൽപ്പെട്ട ക്ലോറോ പെരിഫോസ് എന്ന കീടനാശിനിക്ക് അസഹനീയ ദുർഗന്ധമുണ്ടാകും. അതിനാൽ ഇത് ബോധപൂർവം കഴിക്കുകയോ അല്ലെങ്കിൽ ബോധരഹിതനായ ശേഷം ആരെങ്കിലും നൽകുകയോ ചെയ്തിരിക്കണം. ആശുപത്രിയിലേക്ക് പോകുന്നതിന് മണി വിസമ്മതിച്ചെന്നും ബോധരഹിതനാക്കിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പാഡിയിലുണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട്. മണിയെ പോലൊരാളെ ബോധരഹിതനാക്കി ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യവും സംശയത്തിന് ഇട നൽകുന്നു.

മണിയുടെ ചുറ്റും എല്ലായ്‌പ്പോഴും സുഹൃത്തുക്കളും കൂട്ടുകാരും ഉള്ളതിനാൽ മനപ്പൂർവം കീടനാശിനി കഴിച്ചതാണെന്നത് വിശ്വസനീയവുമല്ല. അതുകൊണ്ട് കൂടിയാണ് ചതിയുടെ സാധ്യത തെളിയുന്നത്.

എന്റെ കാർ വാങ്ങിയ ആളും അയാളുടെ സുഹൃത്തും മണിയെ കാണാൻ എത്തി: ജാഫർ ഇടുക്കി

അതിനിടെ മണിയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തു കൊണ്ടു വരണമെന്നും മരണകാരണം എന്താണെന്നു കണ്ടെത്തണമെന്നും നടൻ ജാഫർ ഇടുക്കി. ചാലക്കുടിയിൽ താൻ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് എത്തിയത്. അവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് പിറ്റേന്ന് ഷൂട്ടിങ് ഉണ്ടാകില്ലെന്ന് അറിയിച്ചത്. ഈ സമയത്താണ് സാബുവും താൻ താമസിച്ച ലോഡ്ജിൽ എതിർവശത്തെ മുറിയെടുത്ത് താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിറ്റേന്ന് രാവിലെ സാബു ഷൂട്ടിങ് സ്ഥലത്തേക്കു പോയി. ചാലക്കുടിയിലെത്തിയാൽ മണിയെ വിളിക്കാതെ പോകാൻ സമ്മതിക്കാഞ്ഞതിനാൽ രാവിലെ തന്നെ മണിയുടെ പിഎ ജോബിയെ വിളിച്ചെങ്കിലും കിട്ടിയില്ല.

പിന്നീട് മണിയെ തന്നെ വിളിച്ചു. വൈകിട്ട് ചാലക്കുടി പുഴയുടെ തീരത്തുള്ള 'പാഡി'യിൽ എത്താൻ മണി ആവശ്യപ്പെട്ടു. പോയ സമയത്ത് ഈരാറ്റുപേട്ടയിൽ നിന്നും തന്റെ കാർ വാങ്ങിയ ആളും കൂടെ രണ്ട് പേരും കൂടി പണം തരുന്നതിനായി എത്തിയിരുന്നു. ഇവരും കലാഭവൻ മണിയെ കാണണമെന്ന് പറഞ്ഞു ഞങ്ങളോടൊപ്പം വന്നു. മണിയുടെ ഡ്രൈവർ പീറ്റർ, മണിയുടെ സുഹൃത്തുക്കളായ അരുൺ, ബിബിൻ, മുരുകൻ എന്നിവരും അവിടെയുണ്ടായിരുന്നു. ഈ സമയം മണിയുടെ മുന്നിൽ രണ്ട് ടിൻ ബീയർ മാത്രമാണ് കണ്ടത്. ഇതിൽ ഒരെണ്ണം പൊട്ടിച്ച് അൽപ്പം കഴിച്ചതായി തോന്നി. എന്നാൽ താനും സാബുവും മദ്യപിച്ചില്ലെന്നും ജാഫർ പറഞ്ഞു.

തന്നെയും സാബുവിനെയും മറ്റും ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ദുരൂഹതകളുണ്ടെങ്കിൽ അതു പുറത്തുകൊണ്ടുവരണം. അതിനുവേണ്ടി മുന്നിലുണ്ടാകുമെന്നും ജാഫർ തൊടുപുഴയിൽ പറഞ്ഞു. പ്രിയസുഹൃത്തിന്റെ മരണത്തിൽ ഒന്നു കരയാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. മണി ആശുപത്രിയിലായതിന്റെ തലേന്ന് പാഡിയിൽ പോയിരുന്നു. ഷൂട്ടിങ്ങിനായി ചാലക്കുടിയിലെത്തിയപ്പോൾ പോയതാണ്. മണിയോട് ഒരു കഥ പറയേണ്ട കാര്യവുമുണ്ടായിരുന്നു. മാനേജരെ വിളിച്ച് അറിയിച്ചിട്ടാണു ചെന്നത്. സാബു ഒപ്പമുണ്ടായിരുന്നു. കഥകളും തമാശകളുമൊക്കെ പറഞ്ഞു. മദ്യപാന സദസൊന്നും അവിടെ നടന്നിട്ടില്ല.

രാത്രി പതിനൊന്നോടെ മടങ്ങുകയും ചെയ്തു. അതിനുശേഷം അവിടെ നടന്നതെന്തെന്ന് അറിയില്ല. മണി ആശുപത്രിയിലാണെന്ന് പിറ്റേന്നാണ് അറിഞ്ഞത്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മണിയുടെ സുഹൃത്തുക്കളെ സംശയമുണ്ടെന്ന സഹോദരന്റെ പ്രസ്താവന സ്വഭാവികമാെണന്നും അദ്ദേഹത്തിന്റെ സ്ഥാനത്തു താനാണെങ്കിലും അങ്ങനെയേ പറയൂ എന്നും ജാഫർ പറഞ്ഞു.

'കണ്ടത് ഉന്മേഷവാനായി ബീയർ കഴിക്കുന്ന മണിയെ'

കലാഭവൻ മണിക്കൊപ്പം ബീയർ കഴിച്ചതായി നടൻ ജാഫർ ഇടുക്കിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വിനോദ്കുമാർ. ചാരായം കഴിക്കുന്നത് കണ്ടിട്ടില്ല. സാബുവിനും ജാഫർ ഇടുക്കിക്കും പുറമെ നാട്ടുകാരായ ഒട്ടേറെ പേരും ഉണ്ടായിരുന്നതായി വിനോദ് കുമാർ പറഞ്ഞു.

ജാഫറിനെ കാണാനാണ് ചാലക്കുടിയിൽ ഇറങ്ങിയത്. ഒപ്പം കലാഭവൻ മണിയെ നേരിൽ കാണാമെന്നും കരുതി. മണി രണ്ടു ടിൻ ബീയർ കഴിക്കുന്നത് കണ്ടു. ഏറെ ഉന്മേഷവാനായിരുന്നു അദ്ദേഹം. ജാഫർ ഇടുക്കിയും സാബുവും ബീയർ കഴിച്ചു. സാബു ഇറങ്ങിയ ഉടൻ താനും മണിയുടെ ഔട്ട് ഹൗസിൽ നിന്ന് ഇറങ്ങിയെന്ന് വിനോദ് കുമാർ വെളിപ്പെടുത്തി. സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന വിനോദ് കുമാർ ഇപ്പോൾ ഈസ്റ്റ്്ഹില്ലിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുകയാണ്.

ചാരായം എത്തിച്ചയാൾ അറസ്റ്റിൽ

കലാഭവൻ മണിയുടെ ഔട്ട്ഹൗസ് ആയ പാഡിയിൽ സംഭവദിവസം രാത്രി മദ്യപാനത്തിനിടെ നാടൻ ചാരായവും ഉപയോഗിച്ചിരുന്നതായി പൊലീസ്. വരന്തരപ്പിള്ളിയിൽ നിന്നാണ് പാടിയ!ിലേക്കു ചാരായം എത്തിയത്. ചാരായം എത്തിച്ചതെന്നു സംശയിക്കുന്ന വരന്തരപ്പിള്ളി സ്വദേശി ജോയിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻപും പലവട്ടം താൻ ഇവിടേക്കു ചാരായം എത്തിച്ചിരുന്നതായി ഇയാൾ പൊലീസിനോടു സമ്മതിച്ചതായാണ് വിവരം. അബോധാവസ്ഥയിലെത്തുന്നതിനു മുൻപു മണി ചാരായം കഴിച്ചിരുന്നോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

മണി ആശുപത്രിയിലായ ശേഷം സുഹൃത്തുക്കൾ ചേർന്നു പാഡി വൃത്തിയാക്കുകയും മദ്യക്കുപ്പ!ികൾ മാറ്റുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. രണ്ടു ചാക്കുകളിലായി എന്തൊക്കെയോ ഇവിടെനിന്നു കൊണ്ടുപോയതായും പരിസരവാസികൾ പറഞ്ഞിരുന്നു. ചാക്കുകളിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്നതും ഇതെവിടേക്കു കൊണ്ടുപോയി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചേട്ടൻ ആത്മഹത്യ ചെയ്യില്ല-നിമ്മി

മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഭാര്യ നിമ്മി പ്രതികരിച്ചു. മണിച്ചേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്നു വളർന്നുവന്നയാളാണ്. ഇത്രയും സൗഭാഗ്യങ്ങൾക്കു നടുവിൽ നിൽക്കുമ്പോൾ ആത്മഹത്യ െചയ്യില്ല. മരണത്തിനു പിന്നിലെ സത്യം ലോകമറിയണം.

മദ്യം കൂട്ടുകാർ നിർബന്ധിച്ച് കഴിപ്പിച്ചതാവണം. കാരണം, വല്ലപ്പോഴും ബീയർ കഴിക്കുന്നതൊഴിച്ചാൽ മറ്റു മദ്യങ്ങളൊന്നും മണിച്ചേട്ടൻ കഴിക്കാറില്ല. മഞ്ഞപ്പിത്തത്തിനു ചികിത്സയിലായിരുന്നെന്ന് അറിയാമെങ്കിലും കരൾരോഗ ബാധിതനാണെന്ന വിവരം അറിയില്ലായിരുന്നു. കീടനാശിനി ഉള്ളിൽ ചെന്നെന്നു റിപ്പോർട്ട് വന്ന സ്ഥിതിക്ക് കൂടുതൽ അന്വേഷണം നടത്തണം - നിമ്മി പറഞ്ഞു.

കലാഭവൻ മണിയോട് ആർക്കും ശത്രുത ഉണ്ടായിരുന്നില്ലെന്നും കരൾ രോഗമുള്ളതായി തന്നെ അറിയിച്ചിട്ടില്ലെന്നും ഭാര്യ നിമ്മി പറയുന്നു. കുറച്ചു നാളായി ബിയർ മാത്രമാണു കഴിച്ചിരുന്നത്. മദ്യം കഴിച്ചത് സുഹൃത്തുക്കളുടെ നിർബന്ധത്താലാകാനാണു സാധ്യത. ആശുപത്രിയിലാക്കിയതിന്റെ പിറ്റേന്നാണ് കാര്യങ്ങൾ അറിഞ്ഞതെന്നും നിമ്മി പറഞ്ഞു. മദ്യപിക്കരുതെന്ന് പലവട്ടം പറഞ്ഞിരുന്നു. വീട്ടിൽ വച്ച് മണി ഒരിക്കലും മദ്യപിച്ചിട്ടില്ല. മരണത്തിലെ ദുരൂഹതകൾ മാറണമെന്നും നിമ്മി പറഞ്ഞു.

മരണത്തിന് പിന്നിൽ സാമ്പത്തികമോ?

വ്യാജമദ്യവും വാറ്റുചാരായവും നിർമ്മിക്കുന്നവർ ഇൻഡസ്ട്രിയൽ സ്പിരിറ്റ് എന്ന മെഥനോളിനെ ആശ്രയിക്കുക സാധാരണയാണ്. 90 ശതമാനം ഉപയോഗ്യമായ ഈഥേൻ ആൽക്കഹോളും 10 ശതമാനം മീഥേൻ ആൽക്കഹോളും അടങ്ങിയതാണ് വിഷമദ്യം.

കലാഭവൻ മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം ഗുരുതരമായ അളവിൽ കണ്ടെത്തിയിട്ടില്ല്. ക്ലോർ പെറ്റിഫോസ് ശരീരത്തിലെത്തിയാൽ ഓർഗനോ ക്‌ളോറൈഡ് വിഭാഗത്തിൽപ്പെടുന്നതാണ് ക്‌ളോർ പൈറിഫോസ് . എൻഡോസൾഫാൻ, ഡി.ഡി.ടി. തുടങ്ങിയ വിഷഹാരികളായ കീടനാശിനികൾ ഈ വിഭാഗത്തിൽപ്പെട്ടതാണ്. ഇവ ശരീരത്തിനകത്ത് ചെന്നാൽ കടുത്ത തലവേദനയും ഛർദ്ദിയും ആദ്യം അനുഭവപ്പെടും. അപസ്മാരം, ഇറിട്ടേഷൻ എന്നിവ പ്രകടിപ്പിച്ചേക്കാം. സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്നവരോട് ഇതുവരെയില്ലാത്ത രീതിയിൽ പെരുമാറിയേക്കാം. ഞരമ്പുകളെയാണ് ബാധിക്കുക.

തലച്ചോറിന്റെ പ്രവർത്തനത്തോടൊപ്പം ഹൃദയത്തിന്റെ താളത്തെയും മന്ദീഭവിപ്പിക്കും. ശരീരത്തിൽ അസിഡിറ്റിയുടെ അളവ് ഗണ്യമായി വർദ്ധിക്കും. നിശ്ചിത അളവിൽ ശരീരത്തിൽ ചെന്നാലേ ഇത് അപകടകാരിയാകൂ. എന്നാൽ രോഗാവസ്ഥയിലുള്ളയാളിൽ വളരെ ചെറിയ തോതിലെത്തിയാലും ജീവൻ അപകടത്തിലാകുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ മണിയ്‌ക്കൊപ്പം മദ്യപിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്ത ആരിലും ഈ വിഷാംശം കടന്നിട്ടില്ല. ചെറിയ അളവിൽ പോലും ഇത് ശരീരത്തിൽ പ്രവേശിപ്പിച്ചാൽ അസ്വസ്ഥത ഉറപ്പാണ്. പാഡിയിൽ ഉണ്ടായിരുന്ന ആരും എവിടേയും ചികിൽസ തേടിയിട്ടില്ല.

ഇതിൽ നിന്ന് തന്നെ മറ്റെല്ലാവരും വിഷാംശം ഉള്ളിൽ പോകുന്നതൊന്നും കഴിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഇവിടെയാണ് ദുഹൂരത കൂടുന്നത്. മണിയുടെ സഹായികളുടെ പലരുടേയും ക്രിമിനിൽ പശ്ചാത്തലവും സംശയിക്കുന്നുണ്ട്. മണിയുടെ സാമ്പത്തിക ഇടപാടുകൾ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചോ എന്നും സംശയമുണ്ട്

സത്യം പുറത്തുവരുമെന്ന് ഡിജിപി

'ഏതാനും ദിവസം കൂടി കാക്കൂ... സത്യം പുറത്തുവരും' എന്നാണ് സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ വ്യക്തമാക്കിയിട്ടുണ്ട്. പലരും അവരവരുടേതായ കാര്യങ്ങൾ വിളിച്ചുപറയുന്നു. പക്ഷേ സത്യം പൊലീസ് കണ്ടെത്തും. മികച്ച അന്വേഷകർക്കുള്ള അവാർഡ് നേടിയവരാണ് അന്വേഷണസംഘത്തിലുള്ളത്. അന്വേഷണ സംഘത്തലവനായ തൃശൂർ അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ.എസ്‌പി കെ.എസ് സുദർശൻ മികച്ച ഉദ്യോഗസ്ഥനാണ്. ഇതിലും നല്ല അന്വേഷണസംഘം ക്രൈംബ്രാഞ്ചിലും ഉണ്ടാവില്ല സെൻകുമാർ പറഞ്ഞു. കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ചോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന ആവശ്യം സജീവമാണ്. എന്നാൽ ക്രൈംബ്രാഞ്ചിന് കൈമാറേണ്ടതില്ലെന്നും നിലവിലെ അന്വേഷണസംഘം സത്യം കണ്ടെത്തുമെന്നുമായിരുന്നു സെൻകുമാറിന്റെ നിലപാട്.

അതിനിടെ അന്വേഷണസംഘത്തെ വിപുലീകരിക്കാനും മേൽനോട്ടചുമതല വഹിക്കാനുമടക്കം പൂർണസ്വാതന്ത്ര്യം സെൻകുമാറിന് നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സെൻകുമാറിന്റെ നിർദ്ദേശപ്രകാരം തൃശൂർ ഐ.ജി എം.ആർ.അജിത്കുമാർ അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല ഏറ്റെടുത്തിട്ടുണ്ട്. ജനപ്രിയനായ കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ അസ്വാഭാവികത ശാസ്ത്രീയ അടിത്തറയോടെ പൊലീസ് കണ്ടെത്തുമെന്ന് ചെന്നിത്തല പറഞ്ഞു.

സെഡേഷൻ നൽകിയത് മണിയുടെ അക്രമാസക്തനായതിനാൽ

അതിനിടെ പാടിയിലെ റസ്റ്റ് ഹൗസിൽ താനെത്തുമ്പോൾ കലാഭവൻ മണിക്ക് പൂർണ ബോധമുണ്ടായിരുന്നുവെന്ന് മണിയുടെസുഹൃത്തും അയൽവാസിയും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടറുമായ സുമേഷ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് രാവിലെ പത്തരയോടെ മണിയുടെ മാനേജർ ജോബിയാണ് എന്നെ വിളിച്ചത്. അൽപ്പം സീരിയസാണ് പെട്ടെന്ന് വരണമെന്ന് പറഞ്ഞു. ഇരുപത് മിനിറ്റുകൊണ്ട് പാഡിയിലെത്തി. രക്തം ഛർദ്ദിച്ചെന്ന് മനസ്സിലായതോടെ അമൃതയിൽ കൊണ്ടു പോകാൻ ശ്രമിച്ചു.

ആശുപത്രിയിൽ പോകാൻ മണിയെ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അടുത്ത സുഹൃത്തുക്കളെ വിളിച്ചുവരുത്തിയിട്ടും ഫലമുണ്ടായില്ല. ഒരു മണിക്കൂർ കഴിയട്ടെ. രണ്ടുമണിക്കൂർ കഴിയട്ടെ എന്നു പറഞ്ഞ് തറയിൽ കമിഴ്ന്ന് കിടന്നു. നിർബന്ധിച്ചപ്പോൾ ആക്രമാസക്തനായ മണി എല്ലാവരെയും കൈകൊണ്ട് വീശിയോടിച്ചു. കാൽകൊണ്ട് ചവിട്ടി. വീണ്ടും രക്തം ഛർദ്ദിച്ചു. ഇതിനിടയിൽ ജോബിയുടെ ജ്യേഷ്ഠൻ അമൃത ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു. സ്വബോധത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലായതോടെ തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് ഡോക്ടറെ വിളിച്ചുവരുത്തി സെഡേഷൻ കൊടുത്തു. മയങ്ങിയ മണിയെ വാഹനത്തിൽ കയറ്റി അമൃതയിലേക്ക് തിരിച്ചുവെന്നും പറയുന്നു.

പാടിയിലെ റസ്റ്റ് ഹൗസിൽ തനിക്ക് അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞില്ല. ഛർദ്ദിയിൽ രൂക്ഷഗന്ധം അനുഭവപ്പെട്ടില്ല. ആൽക്കഹോൾ വിത്‌ഡ്രോവൽ സിംപ്റ്റംസ് ആയിരിക്കാം മണിക്കെന്നായിരുന്നു എന്റെ ധാരണ. വിറയൽ, വിയർക്കൽ ശ്വാസ തടസം എന്നിവയൊക്കെ ഉണ്ടാകും. കുറച്ച് ദിവസമായി നന്നായി മദ്യപിച്ചിരുന്ന മണി അന്ന് രാവിലെ കാര്യമായി മദ്യപിക്കാത്തതിനുള്ള പ്രശ്‌നമാണന്നേ ഞാൻ കരുതിയിരുന്നുള്ളൂവെന്നും ഡോക്ടർ പറയുന്നു. 2015 മേയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ഡോ. സുമേഷ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP