Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിലിലേക്ക് അയയ്ക്കും മുൻപ് രാജ്കുമാറിനെ വൈദ്യൻ പരിശോധിച്ചുവെന്നതിൽ സ്ഥിരീകരണം; സ്റ്റേഷനിലെത്തി ചികിത്സ നൽകിയെന്ന് വ്യക്തമാക്കി തൂക്കുപാലം സ്വദേശിയായ വൈദ്യൻ; പ്രതിഫലമായി നൽകിയത് 500 രൂപ; ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും മൊഴി; കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ അറസ്റ്റിലാകാനും സാധ്യത

ജയിലിലേക്ക് അയയ്ക്കും മുൻപ് രാജ്കുമാറിനെ വൈദ്യൻ പരിശോധിച്ചുവെന്നതിൽ സ്ഥിരീകരണം; സ്റ്റേഷനിലെത്തി ചികിത്സ നൽകിയെന്ന് വ്യക്തമാക്കി തൂക്കുപാലം സ്വദേശിയായ വൈദ്യൻ; പ്രതിഫലമായി നൽകിയത് 500 രൂപ; ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും മൊഴി; കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ അറസ്റ്റിലാകാനും സാധ്യത

മറുനാടൻ ഡെസ്‌ക്‌

നെടുങ്കണ്ടം: പരിക്കേറ്റ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് വൈദ്യൻ പരിശോധിച്ചതിന് സ്ഥിരീകരണം. ഇതിന് ശേഷമാണ് രാജ് കുമാറിനെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്. പൊലീസ് അനധികൃത കസ്റ്റഡിയിൽ വെച്ച ജൂൺ 13ന് വൈകിട്ട് രാജ്കുമാറിനെ സ്റ്റേഷനിലെത്തി ചികിത്സിച്ചിരുന്നെന്ന് തൂക്കുപാലം സ്വദേശിയായ വൈദ്യൻ വെളിപ്പെടുത്തി. ഇതിന് പ്രതിഫലമായി 500 രൂപ പൊലീസ് നൽകിയെന്നും വൈദ്യൻ പറഞ്ഞു. തൂക്കുപാലം സ്വദേശിയായ വൈദ്യന്റെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തിയേക്കും. ഏറെ നിർണ്ണായകമാകും ഈ മൊഴി. അസുഖമായിട്ടും ആശുപത്രിയിൽ കൊണ്ടു പോകാത്തതാകും നിർണ്ണായകമാകുക.

രാജ്കുമാർ കേസിലെ മൂന്നാം പ്രതിയായ പൊലീസ് ഡ്രൈവർ നിയാസാണ് വൈദ്യനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. രാജ്കുമാറിനെ പൊലീസ് അനധികൃത കസ്റ്റഡിയിൽ സൂക്ഷിച്ച ജൂൺ 13ന് വൈകിട്ട് 3 മണിക്ക് സ്റ്റേഷനിലെത്തി ചികിത്സ നൽകി. ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്നാണ് അന്ന് പൊലീസ് അറിയിച്ചിരുന്നതെന്നും വൈദ്യൻ പറഞ്ഞു. 'മുട്ടിനു വയ്യായിരുന്നു. തുടർന്ന് രാജ്കുമാറിന്റെ മുട്ടിൽ മരുന്ന് വെച്ചു കെട്ടി. പൊലീസ് സ്റ്റേഷനുസമീപത്തെ വൈദ്യശാലയിൽ നിന്നാണ് മുറിവെണ്ണ വാങ്ങിയത്. പൊലീസ് കാന്റീനിൽ നിന്നാണ് മുറിവെണ്ണ ചൂടാക്കിയ' തെന്നും വൈദ്യൻ വെളിപ്പെടുത്തി.

രാജ്കുമാറിന്റെ മരണത്തിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടനുണ്ടാകും. എഎസ്‌ഐ റജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതേ സമയം നെടുങ്കണ്ടം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കെതിരേയും നടപടിയുണ്ടാവില്ല. രാജ്കുമാറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാല് പ്രതികളിൽ രണ്ട് പേരുടെ അറസ്റ്റാണ് ഇതുവരെ ഉണ്ടായത്. രണ്ടും മൂന്നും പ്രതികളായ എഎസ്‌ഐ റജിമോൻ പൊലീസ് ഡ്രൈവർ നിയാസ് എന്നിവർക്കെതിരേ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. ഒളിവിലായിരുന്ന ഇരുവരും ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവും. റിമാന്റിലുള്ള കെ എ സാബു സജി ആന്റണി എന്നിവരുടെ ഡ്യൂട്ടി വിവരങ്ങൾ ക്രൈംബ്രാഞ്ച് നേരത്തെ പീരുമേട് കോടതിക്ക് കൈമാറി.

ജൂൺ 12 മുതൽ 16വരെ നെടുങ്കണ്ടം സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും വിശദ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സസ്പെൻഷനിലുള്ള ഏഴു പൊലീസുകാരെയും മൂന്നാർ സ്റ്റേഷനിലെ മൂന്നു പൊലീസുകാരെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്കുമാറ്റി. ജൂൺ 25-ന് നെടുങ്കണ്ടം എസ്‌ഐ. കെ.എ. സാബു, എഎസ്ഐ. സി.ബി. റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജീവ് ആന്റണി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

26-ന് എഎസ്ഐ. സ്റ്റേഷൻ റൈറ്റർ റോയി പി. വർഗീസ്, സി.പി.ഒ. അസിസ്റ്റന്റ് റൈറ്റർ ശ്യാം മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് വർഗീസ്, ബിജു ലൂക്കോസ് എന്നിവരെക്കൂടി സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം സിഐ. റെജി എം. കുന്നിപ്പറമ്പനെയും നാല് സി.പി.ഒ.മാരെയും സ്ഥലംമാറ്റിയിരുന്നു. ഇവർക്കുപകരം മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിൽനിന്ന് സിഐ. സി. ജയകുമാറും കട്ടപ്പനയിൽനിന്ന് എസ്‌ഐ. എസ്. കിരണും നെടുങ്കണ്ടത്തെത്തിയിട്ടുണ്ട്. അതിനിടെ മുൻ എസ്‌ഐ. കെ.എ. സാബുവിന്റെ ജാമ്യാപേക്ഷ പീരുമേട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു.

ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാബുവിനെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു ദേവികുളം ജയിലിലേക്കാണ് അയച്ചത്. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിന്റെ ഭാഗമായി കൂടുതൽ രേഖകൾ പീരുമേട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. റിമാൻഡിൽ കഴിയുന്ന എസ്‌ഐ. കെ.എ. സാബു, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണി എന്നിവരുടെ ഡ്യൂട്ടി വിവരങ്ങളാണ് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP