Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാനിട്ടറി നാപ്കിനുകൾ വെച്ച് പൊതിഞ്ഞ സ്വർണം യുവതികളെകൊണ്ട് 'ധരിപ്പിച്ചും' കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം തകൃതി; മലദ്വാരത്തിൽ സ്വർണം കടത്തുന്ന വിദ്യ പൊളിഞ്ഞടുങ്ങാൻ തുടങ്ങിയതോടെ സ്ത്രീകളെ വച്ചുള്ള 'ഓപ്പറേഷൻ' പതിവ്; ഒറ്റദിവസം കൊണ്ട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 1.15 കോടിയുടെ സ്വർണം; ബ്രായ്ക്കുള്ളിൽ മണ്ണുരൂപത്തിൽ സ്വർണമാക്കി കടത്തുന്നതും വിമാനത്താവളങ്ങളിൽ തുടർക്കഥ

സാനിട്ടറി നാപ്കിനുകൾ വെച്ച് പൊതിഞ്ഞ സ്വർണം യുവതികളെകൊണ്ട്  'ധരിപ്പിച്ചും' കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം തകൃതി; മലദ്വാരത്തിൽ സ്വർണം കടത്തുന്ന വിദ്യ പൊളിഞ്ഞടുങ്ങാൻ തുടങ്ങിയതോടെ സ്ത്രീകളെ വച്ചുള്ള 'ഓപ്പറേഷൻ' പതിവ്; ഒറ്റദിവസം കൊണ്ട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 1.15 കോടിയുടെ സ്വർണം; ബ്രായ്ക്കുള്ളിൽ മണ്ണുരൂപത്തിൽ സ്വർണമാക്കി കടത്തുന്നതും വിമാനത്താവളങ്ങളിൽ തുടർക്കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: ഒരു ദിവസം കരിപ്പൂർ വിമാനത്തവളത്തിൽനിന്നും പിടികൂടിയത് 1.15കോടി രൂപയുടെ സ്വർണം, അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണത്തിന് പുറമെ, മിശ്രിത രൂപത്തിലും, സ്വർണ ബിസ്‌കറ്റും, ചെയിനുവരെയാണ് വെള്ളിയാഴ്‌ച്ച മാത്രം കരിപ്പൂർ വിമാനത്തവളത്തിൽനിന്നും പിടികൂടിയത്. മാത്രമല്ല മലദ്വാരത്തിൽ സ്വർണം കടത്തുന്നത് തുടർച്ചയായി പിടിക്കപ്പെടുന്ന വേളയിൽ സാനിട്ടറി നാപ്കിനുകളുടെ ഉള്ളിലും ബ്രായിലും സ്വർണം ഒളിപ്പിക്കുകയും ഇത് സ്ത്രീകളെ കൊണ്ട് ധരിപ്പിച്ച് കള്ളക്കടത്ത് നടത്തുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അഞ്ചു യാത്രക്കാരിൽ നിന്നാണ് ഇത്രയധികം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള 4,204 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിൽ നിന്നും മൂന്നര കിലോ സ്വർണമാണ് വേർതിരിച്ചെടുത്തത്. ദുബായ്, ബഹ്റൈൻ, അബുദാബി എന്നിവിടങ്ങളിൽ നിന്നായി വിവിധ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിലായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മിശ്രിത രൂപത്തിലുള്ള സ്വർണത്തിന് പുറമെ സ്വർണ ബിസ്‌കറ്റ്, ചെയിൻ എന്നിവയും പിടികൂടിയിട്ടുണ്ട്. ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ വടകര സ്വദേശി അഷ്റഫ് ഉസ്മാനിൽ നിന്നും 233 ഗ്രാമിന്റെ ചെയിനാണ് പിടികൂടിയത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി സുഹൈബ് പുതിയകണ്ടത്തിൽ നിന്നും 1,178 ഗ്രാം സ്വർണമിശ്രിതം, ദുബായിൽ നിന്നും ഇൻഡിഗോയിലെത്തിയ കാസർകോട് സ്വദേശി മുസ്താഖിൽ നിന്നും മിശ്രിത രൂപത്തിലുള്ള 1.171 ഗ്രാം സ്വർണം എന്നീ നിലയിലാണ് കണ്ടെത്തിയത്.

മൂന്ന് പേരും ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യയിലെത്തിയ മറ്റൊരു യാത്രക്കാരനായ കാസർകോട് സ്വദേശി മുഹമ്മദ് ഇൻസമാനിൽ നിന്നും 700 ഗ്രാം സ്വർണമിശ്രിതവും 274 ഗ്രാമിന്റെ ചെയിനും കണ്ടെത്തി. ഇയാളുടെ ഷൂസിനുള്ളിലായിരുന്നു സ്വർണമുണ്ടായിരുന്നത്. മലപ്പുറം വഴിക്കടവ് സ്വദേശി റിയാസ് പണിക്കപ്പറമ്പനിൽ നിന്നും 1155 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. അസി. കമീഷണർമാരായ സുരേന്ദ്രനാഥ്, ഡി.എൻ. പന്ത്, സൂപ്രണ്ടുമാരായ കെ.വി. രാജേഷ്, രഞജി വില്ല്യം, ഇൻസ്പെക്ടർമാരായ ഗോപിനാഥ്, അഭിലാഷ്, സൗരബ്, രവീന്ദർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്

കരിപ്പൂർ വിമാനത്താവളംവഴി മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി കഴിഞ്ഞ ദിവസം രണ്ടുപേർ പിടിയിലായിരുന്നു. കർണാടക ബത്കൽ സ്വദേശി ഇംറ, മാംഗ്ളൂർ സ്വദേശി നിസാർ അഹമ്മദ് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇവർ രണ്ടുപേരും മലദ്വരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 45ലക്ഷം രൂപയുടെ സ്വർണമാണ്. 1400 ഗ്രാം വരുന്ന സ്വർണം ഇരുവരും ആറു വീതം ക്യാപ്സൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. 938, 923 തൂക്കംവരുന്നവയാണ് രണ്ടുപേരും ശരീരത്തിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്നും സ്പൈസ് ജെറ്റ് വഴിയാണ് ഇരുവരും എത്തിയത്.

അതേ സമയം റമദാൻ നോമ്പ് മാസത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു സ്വർണംകടത്തുന്നത് പരിശോധിക്കാൻ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. ഇക്കാര്യം മനസ്സിലാക്കി തന്നെയാണ് ഇത്തരം സംഘങ്ങൾ സംഘങ്ങൾ ഈ രീതിയിൽ സ്വർണക്കടത്ത് തുടരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചതായി സംശയിക്കുന്നവരെ കസ്റ്റംസ് വിശദമായ പരിശോധനക്കായി കുറച്ചു സമയം കസ്റ്റംസ് ഹാളിൽ തടഞ്ഞു നിർത്താറുണ്ട്, എന്നാൽ റമദാൻ മാസമായതോടെ ഇത്തരത്തിൽ കാരിയർമാരെ പിടിച്ചുനിർത്തുമ്പോൾ പ്രതിഷേധമുണ്ടാക്കുകയും, നോമ്പാണെന്നും നോമ്പ് തുറക്കാൻ വീട്ടിൽ എത്താൻ സമയമില്ലെന്നും, അല്ലെങ്കിൽ നോമ്പ് തുറന്നില്ലെന്നും അടക്കം സമയത്തിന് അനുസരിച്ച് ഉദ്യോഗസ്ഥരോട് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.

ഇത്തരത്തിൽ വേഗത്തിൽ രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സ്വർണക്കടത്ത് കാരിയർമാർ ഇത്തരത്തിൽ സ്വർണം കടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂരിൽ വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 852 ഗ്രാം സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയിലായിരുന്നു. പന്നിക്കോട്ടൂർ കൊടുവള്ളിയിലെ തറയിൽ മുഹമ്മദ് ഹാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം അഞ്ച് ക്യാപ്സുളുകൾ ആയാണ് കടത്താൻ ശ്രമിച്ചത്, മലദ്വാരത്തിൽ സൂക്ഷിച്ച അഞ്ചു ക്യാപ്സൂൾ സ്വർണത്തിൽ നാലെണ്ണം എയർപോർട്ടിലെ കസ്റ്റംസ് ഹാളിൽ വച്ച് തന്നെ പുറത്ത് എടുക്കാൻ സാധിച്ചിരുന്നു. ഒരെണ്ണം വളരെ അകത്തേക്ക് പോകുകയും പിന്നീട് രക്തം വരുകയും ചെയ്തു. തുടർന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ കൊണ്ട് പോയാണ് അവസാനത്തെ അവസാനത്തെ ക്യാപ് സൂൾ പുറത്ത് എടുത്തത്.

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും ഒളിപ്പിക്കുന്ന രീതിയാണ് ആദ്യം മുതലേ സ്വർണക്കള്ളക്കടത്ത് സംഘം പ്രയോഗിച്ചിരുന്നത്. ഇത് കൂടുതൽ പിടിക്കപ്പെട്ടു തുടങ്ങിയതോടെ ഇലക്ട്രോണിക് യന്ത്രങ്ങളുടെ ഭാഗമായി തോന്നത്തക്ക വിധത്തിൽ സ്വർണം ഉരുക്കിയൊഴിച്ച് കടത്തുന്ന രീതി തുടർന്നു. പിന്നീടാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുന്ന രീതി പരീക്ഷിച്ചത്. പ്രത്യേക ജെൽ ഉപയോഗിച്ച് മലദ്വരത്തിൽഒളിപ്പിക്കുന്ന സ്വർണവുമായി എത്തുന്ന യാത്രക്കാർ നടക്കുമ്പോൾ സംശയം തോന്നാതിരിക്കാൻ ദുബായിൽ പരിശീലനം നൽകുക പോലും ചെയ്യുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.

മരദ്വാരത്തിൽ സ്വർണംസൂക്ഷിച്ചാൽ പിന്നീട് ഭക്ഷണ പദാർഥങ്ങൾ ഒന്നും കഴിക്കാൻ പാടില്ലെത്രെ. ജ്യൂസും, വെള്ളവും മാത്രം കുടിച്ചു വേണം പുറത്തുവരുംവരെ വിശപ്പടക്കാൻ, ഇതിനായി പ്രത്യേക പരിശീലനങ്ങൾ നേരത്തെ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിൽ നൽകിയിരുന്നു. ഇവിടങ്ങളിൽ നിന്നും ആദ്യകാലങ്ങളിൽ പരിശീലനം നൽകിയത് ലഹരിവസ്തുക്കൾ മരദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു. പിന്നീടാണ് സ്വർണവും ഇത്തരത്തിൽ കടത്തിത്തുടങ്ങിയത്.

ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റു രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച്് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്.

കരിപ്പൂർ വിമാനത്തവളതത്തിൽ നിന്നും ഇത്തരം സ്വർണക്കടത്ത് പലതവണ പിടിച്ചിട്ടുണ്ടെങ്കിലും, പിടിക്കപ്പെടാതെ നിരവധിപേർ രക്ഷപ്പെട്ടതായും സൂചനകളുണ്ട്, പിടിക്കപ്പെടാതിരിക്കാനായി കൂടുതൽ സ്ത്രീ കാരിയർമാരെ സ്വർണക്കടത്ത് മാഫിയ ഉപയോപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്, സ്ത്രീകളുടെ അടിവസ്ത്രത്തിനകത്തും മറ്റും ഒളിപ്പിച്ചുകടത്തുന്ന സ്വർണം പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതിനാലാണ് ഇത്തരം കടത്തു സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. കരിപ്പൂർ വിമാനത്തവളത്തിൽനിന്നും ഇത്തരത്തിലുള്ള 300ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.

ബ്രാക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും, നാപ്കിൻ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സ്വർണം മണ്ണുരൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വർണം പിടികൂടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളിൽ കുറവാണ്, കരിപ്പൂർവിമാനത്താവളം വഴി ഇത്തരം സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തിൽ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,

എയർ ഇന്ത്യ എക്സപ്രസിന്റെ ഐ.എക്സ്-348 വിമാനത്തിൽ കരിപ്പൂരിലെത്തിയ നാദാപുരം ജൻഷീർ(22)എന്ന യാത്രക്കാരനിൽനിന്നാണ് കാലിൽവെച്ചുകെട്ടിയ സ്വർണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളിൽ പരിശോധനക്കെത്തിയപ്പോൾ ഇയാളുടെ നടത്തത്തിൽ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത്. രണ്ട് കാലുകളിൽ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണുണ്ടായിരുന്നത്. ഓരോ കാലിലും നാലു പൊതുകൾ വീതം വെച്ചുകെട്ടി അതിനു മുകളിൽ ബാൻഡേജിട്ടാണ് ഇയാൾ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുള്ള എട്ടു പ്ലാസ്റ്റിക് കവറിൽ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്.

പിടികൂടിയ പ്ലാസ്റ്റിക്ക് കവർ പൊതികൾ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മിശ്രിതത്തിൽ സ്വർണം പൊടിച്ച് കലർത്തിയാണ് ഇയാൾ കൊണ്ടുവന്നത്.സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു സ്വർണം. ഇവക്ക് ഇന്ത്യൻ മാർക്കറ്റിൽ 80 ലക്ഷം രൂപ വില ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP