Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

വയനാടിനെ നടുക്കി മുഖംമൂടി സംഘത്തിന്റെ ആക്രമണം; നെല്ലിയമ്പത്ത് ആക്രമണത്തിൽ ഭർത്താവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു; ഇരുവർക്കു കുത്തേറ്റത് നെഞ്ചിനും കഴുത്തിനും; വീടിന്റെ മുകൾനിലയിൽ പകൽ സമയം ഒളിച്ചു കയറിയ അക്രമികൾ ഇരുട്ടായപ്പോൾ താഴെ നിലയിലേക്കെത്തി; അടിമുടി ദുരൂഹതകൾ നിറഞ്ഞ കൊലപാതകം

വയനാടിനെ നടുക്കി മുഖംമൂടി സംഘത്തിന്റെ ആക്രമണം; നെല്ലിയമ്പത്ത് ആക്രമണത്തിൽ ഭർത്താവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു; ഇരുവർക്കു കുത്തേറ്റത് നെഞ്ചിനും കഴുത്തിനും; വീടിന്റെ മുകൾനിലയിൽ പകൽ സമയം ഒളിച്ചു കയറിയ അക്രമികൾ ഇരുട്ടായപ്പോൾ താഴെ നിലയിലേക്കെത്തി; അടിമുടി ദുരൂഹതകൾ നിറഞ്ഞ കൊലപാതകം

ജാസിം മൊയ്തീൻ

പനമരം: വയനാട്ടിൽ മുഖം മൂടി സംഘത്തിന്റെ അക്രമണത്തിൽ പരിക്കേറ്റ് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന വീട്ടമ്മയും മരിച്ചു. പനമരം നെല്ലിയമ്പം കവാടത്ത് പത്മാലയത്തിൽ കേശവൻ മാസ്റ്ററുടെ ഭാര്യ പത്മാവതിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഭർത്താവ് കേശവൻ മാസ്റ്റർ ഇന്നലെ ആക്രമണം നടന്ന ഉടൻ തന്നെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി 8.30നാണ് വീട്ടിനുള്ളിൽ വെച്ച് ഇവർ അക്രമണത്തിന് ഇരയായത്. കഴുത്തിനും നെഞ്ചിനും ഇടയിലാണ് രണ്ട് പേർക്കും കുത്തേറ്റത്.

ശസ്ത്ര്ക്രിയ നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പത്മാവതി മരിച്ചത്. റോഡിൽ നിന്നും മാറി വിജനമായൊരു പ്രദേശത്തായിരുന്നു ഇവരുടെ വീട്. മുകൾ നിലയിലൂടെയാണ് പ്രതികൾ വീട്ടിലേക്ക് പ്രവേശിച്ചത് എന്നാണ് സൂചന. മുകൾ നിലയിലൂടെ വീട്ടിലേക്ക് പ്രവേശിച്ച് ഇരുട്ടാകുന്നത് വരെ വീടിന്റെ മുകളിലത്തെ നിലയിൽ തന്നെ ഒളിച്ചിരിക്കുരയായിരുന്നു. രാത്രിയായതോടെ താഴെയിറങ്ങി ഇരുവരെയും അക്രമിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മോഷണ ശ്രമമാണെന്നാണ് സൂചന.

രണ്ട് പേരുടെയും മരണമൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വീടിന്റെ മുകൾ നിലയിൽ ഒളിച്ചിരുന്ന മുഖം മൂടി സംഘമാണ് ഇരുവരെയും കത്തിക്കൊണ്ട് കുത്തിയത്. ശബ്ദം കേട്ട് അയർക്കാർ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷിപ്പെട്ടിരുന്നു. നാട്ടുകാർ തന്നെയാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. എന്നാൽ പ്രതികളെ നേരിട്ട് കണ്ട് ഇരുവരും മരണപ്പെട്ടതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു മരണപ്പെട്ട കേശവൻ മാസ്റ്റർ.

മാനന്തവാടി ഡിവൈ.എസ്‌പി. എ.പി. ചന്ദ്രൻ, പനമരം, കേണിച്ചിറ, മാനന്തവാടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്. മരണപ്പെട്ട ദമ്പതികളുടെ ബന്ധുവും അയൽവാസിയും പൊലീസുകാരനുമായ അജിത് എന്നയാളാണ് കരച്ചിൽ കേട്ട് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത്. എന്നാൽ ഇയാൾ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഈ സമയത്ത് കേശവൻ മാസ്റ്റർ മരണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പത്മാവതിയമ്മയാണ് ഇയാളോട് പറഞ്ഞത് രണ്ട് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്ന്.

മുകളിലത്തെ നിലയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്നാണ് കേശവൻ മാസ്റ്റർ വീടിന്റെ മുകളിലേക്ക് കയറിയത്. ഈ സമയത്ത് അവിടെ ഒളിച്ചിരിക്കുകയായിരുന്ന അക്രമി സംഘം കേശവൻ മാസ്റ്റുമായി തർക്കത്തിലായി. പിന്നീട് കേശവൻ മാസ്റ്ററെ ബലം പ്രയോഗിച്ച് താഴെ കൊണ്ടുവരികയും താഴെ വെച്ച് രണ്ട് പേരെയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. കേശവൻ മാസ്റ്റർക്ക് നെഞ്ചിനും വയറിലുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് ആഴത്തിൽ കുത്തേറ്റിട്ടുള്ളത്.

ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത് എന്ന് അജിത് പറയുന്നു. ഇത് മാത്രമാണ് അക്രമികളെ കുറിച്ചുള്ള ഏക വിവരം. പിന്നീട് പത്മാവതിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവ്യക്തമായിരുന്നു എന്നാണ് അജിത് പറയുന്നത്.

ഇരുനില വീട്ടിൽ വൃദ്ധ ദമ്പതികൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആളൊഴിഞ്ഞ വിജനമായൊരു പ്രദേശത്താണ് വീട്. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഇതിൽ മഹേഷ് എന്ന മകൻ മാനന്തവാടിയിലും മുരളി എന്ന മകൻ കോഴിക്കോടും ഏക മകൾ മിനിജ ഭർത്താവിന്റെ വീട്ടിലുമാണ് താമസം. മോഷണ ശ്രമമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് സംശയിക്കുന്നത് എങ്കിലും വീട്ടിൽ നിന്നും വിലപിടിപ്പുള്ളതൊന്നും കാണാതായിട്ടില്ല എന്നതും ദുരൂഹതയുണർത്തുന്നു. അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു മരണപ്പെട്ട കേശവൻ മാസ്റ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP