Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേഷ്ഠനും പ്രതിശ്രുത വധുവും പ്രണയത്തിലെന്ന് ഓഡിയോ സന്ദേശം; കേട്ടപാടെ വിവാഹത്തിൽ നിന്ന് പിന്മാറി പ്രതിശ്രുത വരൻ; ബന്ധുവിനെ ഉപയോഗിച്ച് വ്യാജ സംഭാഷണം ഉണ്ടാക്കിയത് കല്ല്യാണം മുടക്കിയായ പൊലീസുകാരനും; എല്ലാം തെളിഞ്ഞിട്ടും കാക്കിക്കുള്ളിലെ കള്ളനെ സംരക്ഷിച്ച് പൊലീസ് ഏമാന്മാരും; നീലേശ്വരത്തെ കരയിച്ച് യുവതിയുടെ ആത്മഹത്യാശ്രമവും

ജേഷ്ഠനും പ്രതിശ്രുത വധുവും പ്രണയത്തിലെന്ന് ഓഡിയോ സന്ദേശം; കേട്ടപാടെ വിവാഹത്തിൽ നിന്ന് പിന്മാറി പ്രതിശ്രുത വരൻ; ബന്ധുവിനെ ഉപയോഗിച്ച് വ്യാജ സംഭാഷണം ഉണ്ടാക്കിയത് കല്ല്യാണം മുടക്കിയായ പൊലീസുകാരനും; എല്ലാം തെളിഞ്ഞിട്ടും കാക്കിക്കുള്ളിലെ കള്ളനെ സംരക്ഷിച്ച് പൊലീസ് ഏമാന്മാരും; നീലേശ്വരത്തെ കരയിച്ച് യുവതിയുടെ ആത്മഹത്യാശ്രമവും

രഞ്ജിത്ത് ബാബു

കാസർഗോഡ്: യുവതിയുടെ വിവാഹം മുടക്കിയത് പൊലീസുകാരും കൂട്ടാളികളുമെന്ന് പരാതി. വിവാഹം മുടങ്ങിയ മനോവേദനയിൽ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു മാസക്കാലം മംഗലൂരുവിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ കഴിഞ്ഞെത്തിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ബന്ധുക്കൾ. ഇതിനെല്ലാം നേതൃത്വം നൽകിയ നീലേശ്വരത്തെ പൊലീസുകാരനെ പൊലീസ് സംരക്ഷിക്കുന്നു. കണ്ണൂർ ജില്ലയിലെ ഒരു യുവാവുമായി വിവാഹം നിശ്ചയിച്ച യുവതിക്കും ബന്ധുക്കൾക്കുമാണ് ഇത്തരമൊരു ദുരനുഭവം. വരന്റെ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രതിശ്രുത വരന്റെ പിന്മാറ്റത്തിന്റെ കാരണമന്വേഷിച്ച വധുവിന്റെ വീട്ടുകാർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.

പ്രതിശ്രുത വരന്റെ ഫേസ്‌ബുക്കിൽ ഒരു ഓഡിയോ സന്ദേശം ലഭിക്കുകയും സന്ദേശത്തിൽ തന്റെ ജേഷ്ഠനും പ്രതിശ്രുത വധുവും പ്രണയത്തിലാണെന്നുമായുള്ള സംഭാഷണമായിരുന്നു. ഈ സന്ദേശം ആദ്യം അവഗണിച്ച വരൻ പിന്നീട് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിൽ നിന്നും ഒഴിയുകയായിരുന്നു. വരന്റെ വീട്ടിൽ പെയിങ് ഗസ്റ്റായി താമസിച്ചു വരുന്ന ഒരു യുവതി വധുവിന്റെ വീട്ടിൽ വിളിച്ച് ഫെയ്സ് ബുക്കിലെ കാര്യങ്ങൾ അറിഞ്ഞതോടെ വരന്റെ അമ്മ ബോധരഹിതയായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്നതായും അറിയിച്ചു. ഇതിനെല്ലാം കാരണക്കാരി പ്രതിശ്രുത വധുവാണെന്നും പറഞ്ഞു. ഈ സംഭവത്തോടെയാണ് വിവാഹം മുടങ്ങുമെന്ന ഭയത്തിൽ വധു ആത്മഹത്യക്ക് ഒരുങ്ങിയത്.

വരൻ തനിക്ക് ലഭിച്ച ഓഡിയോ സന്ദേശം വധുവിന്റെ വീട്ടുകാർക്കും അയച്ചു കൊടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ തങ്ങളുടെ വീട്ടിനു സമീപമുള്ള ഒരു യുവതിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ എല്ലാറ്റിനും പിറകിൽ ഈ യുവതിയുടെ ബന്ധുവും പൊലീസുകാരനായ സഹോദരനും കൂട്ടാളിയും ചേർന്നാണ് എല്ലാം സൃഷ്ടിച്ചതെന്ന് വ്യക്തമായി. വധുവിന്റെ അമ്മ ബിജിൽ നായർ എന്നയാളുടെ പേരിൽ നീലേശ്വരം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ പൊലീസുകാരനായ പ്രതീഷിനു വേണ്ടിയാണ് ബന്ധുവായ യുവതിയെ ഉപയോഗിച്ച് സന്ദേശമുണ്ടാക്കി വരന് അയച്ചതെന്ന് കണ്ടെത്തി. എന്നാൽ അതോടെ പൊലീസ് അന്വേഷണം തുടർന്നില്ല. കേസിലെ പ്രധാന കണ്ണിയായ പൊലീസുകാരനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

എന്നാൽ ഇതിനു ശേഷവും കഴിഞ്ഞ ദിവസം പൊലീസുകാരന്റെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകൾ പെൺകുട്ടിയുടെ വീട്ടിലെത്തി ചീത്ത വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. എന്നാൽ ഇതു സംബന്ധിച്ചും പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യമൊന്നും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പിന്നീട് ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് സായ്കിരണിന്റെയും സ്ത്രീകളുടെയും പേരിൽ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ ഉന്നതതലങ്ങളിൽ പരാതി നൽകാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ. അതേ സമയം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടില്ലെന്ന് നീലേശ്വരം സിഐ വി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കുറ്റക്കാരനാണെന്ന് ആരോപിച്ച കിഴക്കൻകൊഴുവലിലെ ബിജിൽനായരുടെ പേരിൽ ഏപ്രിൽ 6ന് തന്നെ ക്രൈംനമ്പർ 200/2018 സെക്ഷൻ 364 ഡി വകുപ്പിട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ബിജിലിന്റെ മൊഴി പ്രകാരം പൊലീസുകാരനുവേണ്ടി യുവതിയുടെ സഹായത്തോടെയാണ് ഓഡിയോ സന്ദേശം തയ്യാറാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവ് ലഭിക്കാതെ തുടർ നടപടികൾ എടുക്കാൻ കഴിയില്ലെന്ന് സിഐ പറഞ്ഞു. ഓഡിയോ സന്ദേശം മൊബൈലിൽ ലഭിച്ച പ്രതിശ്രുതവരൻ വിദേശത്താണ്.

ഇയാളെ ചോദ്യം ചെയ്യുകയും ഫോൺ സന്ദേശം സൈബർ സെൽ പരിശോധനയിലൂടെ സ്ഥിരീകരിച്ചാൽ മാത്രമേ തുടർ നടപടികൾ കൈക്കൊള്ളാൻ കഴിയുകയുള്ളൂ. മൊബൈൽഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ ഇതുവരെ അന്വേഷണ സംഘത്തിന് ലഭിക്കാത്തതാണ് തുടർ നടപടികൾ വൈകുന്നത്. ഗൾഫിലുള്ള യുവാവ് ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം നാട്ടിലെത്തി ഫോൺ ഹാജരാക്കുന്നതോടെ അന്വേഷണം ഊർജിതമാക്കും. ഇക്കാര്യത്തിൽ കുറ്റക്കാർ ആരായാലും ശക്തമായ നടപടി ഉണ്ടാകുമെന്നും സിഐ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP