Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയന സൂര്യയുടെ മരണശേഷം ഫോണിലേക്ക് എത്തിയ കോൾ കട്ട് ചെയ്തത് ആര്? മുറിയിൽ മറ്റൊരാളുടെ സാന്നിധ്യമെന്ന് സംശയം ഉണ്ടാക്കുന്ന വിവരങ്ങൾ പുറത്ത്; നയനയുടെ മരണം വൈകീട്ട് അഞ്ചിന് മുമ്പ്; രാത്രി 9.40ന് എത്തിയ ഒരു കോൾ മാത്രം 'റിജക്ട്' ലിസ്റ്റിൽ; യുവ സംവിധായികയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല

നയന സൂര്യയുടെ മരണശേഷം ഫോണിലേക്ക് എത്തിയ കോൾ കട്ട് ചെയ്തത് ആര്? മുറിയിൽ മറ്റൊരാളുടെ സാന്നിധ്യമെന്ന് സംശയം ഉണ്ടാക്കുന്ന വിവരങ്ങൾ പുറത്ത്; നയനയുടെ മരണം വൈകീട്ട് അഞ്ചിന് മുമ്പ്; രാത്രി 9.40ന് എത്തിയ ഒരു കോൾ മാത്രം 'റിജക്ട്' ലിസ്റ്റിൽ; യുവ സംവിധായികയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത വർധിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. നയന മരിച്ചതിന് ശേഷം ഫോണിലേക്ക് വന്ന കോൾ കട്ട് ചെയ്തുവെന്നാണ് കണ്ടെത്തൽ. അതാരാണ് എന്നതാണ് ഇപ്പോൾ ദുരൂഹത വർധിപ്പിക്കുന്ന കാര്യം. മരണത്തിന് ശേഷം മറ്റൊരാളുടെ സാന്നിധ്യം മുറിയിലുണ്ടായിരുന്നെന്ന സംശയമാണ് ബലപ്പെടുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം നയനയുടെ മരണം വൈകീട്ട് അഞ്ചിന് മുമ്പാണ്. അതിന് ശേഷം ഫോണിലേക്ക് എത്തിയ വിളികളെല്ലാം മിസ്ഡ് കാൾ ആയാണ് കാണിക്കുന്നത്. എന്നാൽ, രാത്രി 9.40ന് എത്തിയ ഒരു കോൾ മാത്രം കട്ട് ചെയ്തതിനാൽ 'റിജക്ട്' എന്നാണ് കാണിക്കുന്നത്. ഇതോടെയാണ് നയനയുടെ മൃതദേഹത്തിനരികിൽ മറ്റാരോ ഉണ്ടായിരുന്നോയെന്ന സംശയം ബലപ്പെടുന്നത്.

2019 ഫെബ്രുവരി 23നാണ് നയനയെ മരിച്ച നിലയിൽ കാണുന്നത്. 22-ന് അമ്മ ഷീലയുമായാണ് നയന അവസാനമായി ഫോണിൽ സംസാരിച്ചത്. ഇതിനുശേഷം ഫോണിലേക്ക് വന്ന മറ്റൊരു വിളിയും എടുത്തിരുന്നില്ല. എന്നാൽ, 23ന് രാത്രി 9.40ന് ഫോണിലേക്കെത്തിയ വിളി മാത്രം നിരസിക്കപ്പെട്ടു. നയനയുടെ മൃതദേഹം താമസസ്ഥലത്ത് ആദ്യം കണ്ട സുഹൃത്തുക്കളിൽ ഒരാളുടെ ഫോൺവിളി ആയിരുന്നു ഇത്.

നയന സൂര്യന്റെ മരണം സംഭവിച്ചത് എപ്പോഴായിരുന്നു എന്നതിൽപോലും വ്യക്തത വരുത്താൻ കേസ് ആദ്യം അന്വേഷിച്ച പൊലീസ് ശ്രമിച്ചില്ലെന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് വെള്ളയമ്പലം ആൽത്തറ നഗറിലെ താമസ സ്ഥലത്തെ മുറിക്കുള്ളിൽ മരിച്ചനിലയിൽ നയനയെ കാണുന്നത്. രാത്രിയാണ് നയന മരിച്ചതായി വിവരം ലഭിച്ച് സുഹൃത്തുക്കൾ ആൽത്തറയിലെ വാടകവീട്ടിലെത്തിയത്. എന്നാൽ, മരണം പകൽ സമയത്തായിരുന്നെന്ന് വ്യക്തമാക്കുന്ന നിലയിലാണ് കാര്യങ്ങൾ. മൃതദേഹത്തിന് 18 മണിക്കൂറിലേറെ പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. പൊലീസിന്റെ പാളിച്ച വ്യക്തമാക്കുന്നതാണിത്.

2019 ഫെബ്രുവരി 23ന് രാത്രി 12 ഓടെയാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുള്ളത്. മൃതദേഹത്തിൽ കാൽവണ്ണയിലും കാൽമുട്ടുകളിലും മാത്രമാണ് മരവിപ്പ് കണ്ടത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണശേഷമുണ്ടാകുന്ന ഇത്തരം മരവിപ്പ് ശരീരത്തിലെ മറ്റൊരിടത്തും ഇല്ലെന്ന് എടുത്തുപറയുന്നുണ്ട്. മരണത്തിന് തൊട്ടുപിന്നാലെയാണെങ്കിൽ മൃതശരീരത്തിന്റെ മരവിപ്പ് മണിക്കൂറുകളോളമുണ്ടാകും.

എന്നാൽ, കാൽവണ്ണയിലും മുട്ടുകളിലും മാത്രം ഇത് പ്രകടമായത് മരണം നടന്ന് മണിക്കൂറുകളായെന്ന സൂചന നൽകുന്നതാണ്. എന്നാൽ, മരണം നടന്ന ഏകദേശ സമയവും മറ്റും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടറോട് മൊഴിയെടുത്ത ഘട്ടത്തിൽപോലും അന്ന് കേസന്വേഷിച്ച പൊലീസ് മരണസമയം ചോദിച്ചറിഞ്ഞില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നയനയുടെ കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ കൃത്യമായി എഴുതിയിട്ടുണ്ട്. അടിവയറ്റിൽ ചവിട്ടേറ്റതിന് സമാനമായ ചതവും ആന്തരികാവയവങ്ങൾ പൊട്ടി രക്തസ്രാവവും ഉണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇത്രയും ഗൗരവമുള്ള സംഭവം ആയിട്ടും പൊലീസ് ഏകദേശ മരണസമയംപോലും അന്വേഷിക്കാൻ ശ്രമിച്ചില്ല എന്നത് മരണത്തിലെ ദൂരൂഹത വർധിപ്പിക്കുന്നു.

ഫോണിലേക്ക് വന്ന ഒരു ഫോൺവിളി മാത്രം നിരസിച്ചതെങ്ങനെ എന്ന സംശയമാണ് ഈ കേസിൽ നിലവിൽ വലിയ ദുരൂഹത ഉയർത്തുന്നത്. ഒരാൾ ബോധപൂർവം കൈകൊണ്ട്് കട്ട് ചെയ്താൽ മാത്രമേ വിളി നിരസിക്കപ്പെട്ടതായി (കാൾ റിജക്ടഡ്) എന്നു കാണുകയുള്ളൂവെന്ന് മൊബൈൽ സാങ്കേതിക രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുമ്പോൾ നയനയുടെ മരണം നടന്നു കഴിഞ്ഞ് ആ വിവരം പുറത്തറിയുന്നതിന് മുൻപ് ആ വീട്ടിൽ ആരോ എത്തിയിരുന്നെന്ന് തന്നെയാണ് സംശയമുയരുന്നതും. ആ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരും തീരുമാനിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP