Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരോടും സംസാരിക്കാതെ മുറിയടച്ചിരുന്ന നവീൻ; പുനർജന്മത്തിൽ വിശ്വസിച്ച ദേവി; ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളെ അതേ പടിവിശ്വസിച്ച മൂവർ സംഘം; 'ബ്ലാക്ക് മാജിക്ക്' ജിവനെടുത്തു; അരുണാചലിലെ കൂട്ടമരണത്തിൽ ചർച്ചയാകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആരോടും സംസാരിക്കാതെ മുറിയടച്ചിരുന്ന നവീൻ; പുനർജന്മത്തിൽ വിശ്വസിച്ച ദേവി; ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളെ അതേ പടിവിശ്വസിച്ച മൂവർ സംഘം; 'ബ്ലാക്ക് മാജിക്ക്' ജിവനെടുത്തു; അരുണാചലിലെ കൂട്ടമരണത്തിൽ ചർച്ചയാകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും മന്ത്രവാദ ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.

മരണാനന്തരജീവിതത്തിലേക്ക് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മാർച്ച് 27-നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാൽ ബന്ധുക്കളും സംശയിച്ചില്ല. കൊൽക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് എത്തിയെന്നാണ് സൂചന. ആര്യ വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഫോണിൽ ഇവർ തിരഞ്ഞു. ദേവി പുനർജന്മത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നു. മൂവരും ആരുമായും കുറച്ചു കാലമായി അടുപ്പം കാട്ടിയിരുന്നില്ല. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ ആഗ്രഹിച്ചിരുന്നത്. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

ശ്രീകാര്യത്തെ ചെമ്പക സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അദ്ധ്യാപകരായിരുന്നു.ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ദേവി കുറച്ചു കാലം മുമ്പ് തന്നെ സ്‌കൂളിലെ ജോലി ഉപേക്ഷിച്ചിരുന്നു.

പഠനം കഴിഞ്ഞ് സ്‌പെഷ്യൽ കോഴ്‌സ് പാസായശേഷം രണ്ടുവർഷം മുൻപാണ് ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഫ്രഞ്ച് അദ്ധ്യാപികയാകുന്നത്. ഇവിടെവച്ചാണ് അദ്ധ്യാപിക ദേവിയുമായി പരിചയമാകുന്നതും പിന്നീടത് ദൃഢമായ സൗഹൃദത്തിലേക്കു മാറിയതും. സാമ്പത്തികഭദ്രതയുള്ള കുടുംബമാണ് ആര്യയുടേത്. വീടിനു സമീപമാണ് അനിൽകുമാറിന്റെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്.

തിരുവനന്തപുരം സ്വകാര്യ ആയുർവേദ കോളേജിൽ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുർവേദ റിസോർട്ടിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP