Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഷണം നടത്താതെ ഉറക്കം വരാത്ത കോടീശ്വരൻ! ഒടുവിൽ കുടുങ്ങിയത് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിൽ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകളെ കുറിച്ചറിഞ്ഞ് പരപ്പനങ്ങാടിയിൽ തെളിവെടുപ്പ് കാണാനെത്തിയത് നിരവധി പേർ; ഷെരീഫയുടെ മാല മോഷണം തെളിയുമ്പോൾ

മോഷണം നടത്താതെ ഉറക്കം വരാത്ത കോടീശ്വരൻ! ഒടുവിൽ കുടുങ്ങിയത് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിൽ;  ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകളെ കുറിച്ചറിഞ്ഞ് പരപ്പനങ്ങാടിയിൽ തെളിവെടുപ്പ് കാണാനെത്തിയത് നിരവധി പേർ; ഷെരീഫയുടെ മാല മോഷണം തെളിയുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടമ്മയുടെ സ്വർണാഭരണം കവർന്നകേസിൽ കോടീശ്വരനായ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ കൗതുകത്തോടെ കാത്ത് നിന്ന് നാട്ടുകാർ. മോഷണം നടത്തിയില്ലെങ്കിൽ ഉറക്കം വരാത്ത കോടീശ്വരനെ കൗതുകത്തോടെയാണ് ഏവരും കണ്ടത്. തെളിവെടുപ്പുമായി ഇയാൾ സഹകരിക്കുകയും ചെയ്തു. താനൂർ പൊലീസിന്റെ പിടിയിലായ ചെർപ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങൽ തൊടി നൗഷാദിനെ (40)യാണ് കോടതിയിൽ നിന്നും പരപ്പനങ്ങാടി പൊലീസ് ഏറ്റുവാങ്ങി തെളിവെടുപ്പ് നടത്തിയത്.

പരപ്പനങ്ങാടി ടൗണിലെ പരപ്പനാട് റോഡിനടുത്തെ ഇ കെ നാസറിന്റെ ഭാര്യ ഷരീഫയുടെ സ്വർണമാലയാണ് കഴിഞ്ഞ ദിവസം അർധരാത്രി അതീവ സമർത്ഥമായി വീടിനകത്ത് കയറി കവർന്നോടിയത്. താനൂരിൽ സമാനമായ കേസുകളുടെ പരമ്പര തീർത്ത ഇയാൾ തൊട്ടടുത്ത ദിവസം താനൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പിടികൂടപെട്ടത്. പരപ്പനങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളിൽ നിന്ന് തൊണ്ടി മുതൽ പിടികൂടുകയായിരുന്നു.കോടികൾ വിലമതിക്കുന്ന രണ്ട് വീടുകളുള്ള ഇയാൾ വിട്ടു കാരുടെയും നാട്ടുകാരുടെയും മുന്നിൽ മാസങ്ങൾ ഇടവിട്ട് നാട്ടിലെത്തുന്ന സമ്പന്ന പ്രവാസി വ്യവസായിയാണ് ,തെളിവെടുപ്പിന് പരപ്പനങ്ങാടി എസ്. ഐ. രാജേന്ദ്രൻ നായർ നേത്യത്വം നൽകി.

പ്രതി കോടിശ്വരനാണെങ്കിലും സ്ഥിരം മോഷ്ടാവാണെന്നും പൊലീസ് പറയുന്നു. താനൂർ കാട്ടിലങ്ങാടിയിൽവച്ചാണ് കോടീശ്വരനായ കള്ളൻ പിടിയിലായത്. പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയ മോഷ്ടാവിനെ താനൂർ സിഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്‌ക്വാഡും നാട്ടുകാരും ചേർന്ന് സാഹസികമായാണ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് കാട്ടിലങ്ങാടി ഹൈസ്‌കൂളിന് സമീപം മുണ്ടതോട് യൂസഫിന്റെ വീട്ടിലും വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിലും പ്രതി മോഷണം നടത്തിയിരുന്നു.

രണ്ട് വീടുകളിൽ നിന്നായി പതിമൂന്നര പവൻ സ്വർണാഭരണവും പണവും മോഷണം നടത്തിയിരുന്നു. ഇതിന്റെ അടുത്ത ദിവസം മറ്റൊരു വീട്ടിൽ മോഷണം നടത്താൻ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ രൂപം വീട്ടുകാർക്ക് അറിയാൻ സാധിച്ചതിനാൽ പൊലീസിലും വിവരം ധരിപ്പിച്ചിരുന്നു.

താനൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിന് രൂപം നൽകുകയും യുവാക്കളായ നാട്ടുകാരുടെയും സഹകരണത്തോടെ അന്വേഷിക്കുകയും റെയിൽവെ സ്റ്റേഷനിൽ ചില ദിവസങ്ങളിൽ ഈ രൂപമുള്ള ആൾ രാത്രി 12ന് മംഗലാപുരത്ത് നിന്ന് താനൂർ സ്റ്റേഷനിൽ എത്തുന്ന മലബാർ എക്സപ്രസിൽ ഇറങ്ങുന്നതായും വിവരം ലഭിച്ചു. പിന്നീട് മലബാർ എക്സപ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം. തുടർന്ന് രാത്രി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ മലബാർ എക്സപ്രസിൽ കള്ളനെ കണ്ടെത്തിയത്. ട്രെയിനിൽ കള്ളനെ പിന്തുടർന്നപ്പോൾ താനൂരിൽ ഇറങ്ങുന്നത് കണ്ടു. റെയിൽവെ സ്റ്റേഷനിൽ വെച്ച് കള്ളനെ പിടികൂടി താനൂർ പൊലീസിൽ വിവരം അറിയിച്ചു.

എഎസ്‌ഐ. രാജേഷ്, സി.പി.ഒ. മുഹമദ് നൗഷീദ്, എന്നിവർ കള്ളനെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ പൊലീസിനെ തള്ളി കള്ളൻ ഓടി. പിന്നീട് കള്ളനെ സാഹസികമായി കീഴടക്കി പൊലീസ് സ്റ്റേഷനിലേക്ക് കോണ്ടുപോവുകയായിരുന്നു. ചോദ്യം ചേയ്തപ്പോൾ കളവ് നടത്തിയത് സമ്മതിച്ചു. കൂടാതെ പട്ടാമ്പി, ചെർപ്പുളശ്ശേരി, എന്നിവിടങ്ങളിലായി 10-ഓളം കേസുകൾ ഉണ്ട്. എന്നാൽ തെളിവില്ലാതെ പല കേസുകളും വെറുതെ വിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാട്ടിൽ ഇയാൾ ഗൾഫിലാണന്നാണ് അന്വേഷണത്തിൽ മനസ്സിലായത്.

ആറ് മാസം കൂടുമ്പോൾ ഇയാൾ വീട്ടിൽ വരികയാണ് പതിവ്. വരുമ്പോൾ വില പിടിപ്പുള്ള സാധനങ്ങൾ ഉണ്ടാകും. ഇയാളുടെ കേസുകൾ നടത്താൻ നാല് വക്കീലുമാർ ഉള്ളതായി ഇയാൾ പറഞ്ഞു. ചേർപ്പുളശ്ശേരിയിൽ ഇയാൾക്ക് ഒന്നര കോടിയുടെ രണ്ട് ആഡംബര വീടുകൾ ഉണ്ട്. പിടികൂടുമ്പോൾ പ്രതിയുടെ പിൻ തോളിലെ ബാഗിനുള്ളിൽ മോഷണത്തിന് ഉപയോഗിക്കുന്ന സ്‌ക്രൂഡ്രൈവറുകൾ, കട്ടിംങ്ങ് പ്ലയർ, കൈയുറകൾ, ടോർച്ച് ,വൈദ്യുതി ചെക്ക് ചെയ്യാനുള്ള ടെസ്റ്റർ, എന്നിവയുണ്ടായിരുന്നു

പട്ടാമ്പി വല്ലപ്പുഴ കോടികൾ വിലയുള്ള രണ്ടു വീടാണ് ഇയാൾക്ക് സ്വന്തമായുള്ളത്. ഒട്ടേറെ ഗോൾഡും പണവും നൗഷാദിന്റെ കയ്യിലുണ്ട് എന്നും പൊലീസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവൻ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെർപ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതൽ. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാൾ പണിത കോടികൾ വിലമതിക്കുന്ന രണ്ടു വീടുകളും ഉള്ളത് വല്ലപ്പുഴയിലാണ്.

പാലക്കാടുള്ള ഭാര്യയേയും ബന്ധുക്കളെയും സംബന്ധിച്ച് നൗഷാദ് ഗൾഫിലാണ്. വീട്ടിൽ നിന്ന് ഗൾഫിലേക്ക് ആണെന്ന് പറഞ്ഞാണ് പെട്ടിയും തൂക്കി നൗഷാദ് ഇറങ്ങുക. ഗൾഫിലേക്ക് പോകാൻ ഒരുങ്ങുന്ന നൗഷാദിനെ നെടുമ്പാശേരി എയർപോർട്ടിൽ ഭാര്യയും ഉറ്റബന്ധുക്കളും കൊണ്ടുവിട്ടിട്ടുമുണ്ട്. ടാറ്റ കാണിച്ച് വിമാനം കയറാൻ ഒരുങ്ങുന്ന നൗഷാദിനെയാണ് ഇവർ കണ്ടിട്ടുള്ളത്. എന്നാൽ നെടുമ്പാശേരിയിൽ നിന്നും നൗഷാദ് പോകുന്നത് കരിപ്പൂരിലേയ്ക്കുള്ള ഫ്ളൈറ്റിലാവും. കരിപ്പൂരിൽ ഇറങ്ങുന്നതോടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയാണ്. പിന്നീട് ഭാര്യയെയും ബന്ധുക്കളെയും വിളിക്കുക വാട്ട്സ് ആപ്പ് കോളിൽ മാത്രം. ഫോണിൽ സിം പുതിയ ആകും. ഈ നമ്പർ നൗഷാദ് രഹസ്യമായി സൂക്ഷിക്കും. ഈ സിമ്മിലുള്ള പിന്നീടുള്ള നൗഷാദിന്റെ വിളികൾ. ആറുമാസം കഴിയുമ്പോൾ വീണ്ടും നൗഷാദ് വീട്ടിലെത്തും. അപ്പോൾ മൊബൈൽ വീണ്ടും സ്വിച്ച് ഓൺ ആകും. ഒരു തവണ നൗഷാദ് ഗൾഫിൽ പോയതായി താനൂർ പൊലീസ് സംശയിക്കുന്നുണ്ട്. ആ പോക്കിൽ മോഷണത്തിന് ഗൾഫിലെ ഏതോ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗൾഫിൽ ഉള്ള ആറുമാസം എന്നാൽ നൗഷാദിനെ സംബന്ധിച്ച് കേരളത്തിലെ ട്രെയിനുകളിൽ ഉള്ള യാത്രയാണ്. നിരന്തര യാത്രകൾ. പകൽ ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങും. വീടുകൾ പകൽ കണ്ടുവയ്ക്കും. രാത്രി വീട്ടിൽ കയറി മോഷണം. കൈ നിറയെ ഗോൾഡുമായി പുറത്തിറങ്ങും. രാത്രി സമയം കിട്ടിയാൽ കഴിയാവുന്ന എല്ലാം വീട്ടിലും കയറും. ജനൽ വഴി മോഷണത്തിന് ശ്രമിക്കും. ഉറങ്ങിക്കിടക്കുന്ന ആളുകളുടെ ദേഹത്ത് നിന്ന് അപഹരിക്കാനാണ് ശ്രമിക്കാറ്. പിടിവീഴുമെന്നു മനസ്സിലായാൽ ഓടി രക്ഷപ്പെടും. ഏഴടിയിലേറെ ഉയരം ഉള്ളയാളാണ് നൗഷാദ്. കാണുമ്പോൾ തന്നെ ഒരാജാനബാഹു. നല്ല ഉയരവും ആരോഗ്യവും ഉള്ളതിനാൽ ഓടി രക്ഷപ്പെടാൻ യാതൊരു പ്രയാസവുമില്ല. ഒരു സ്റ്റേഷനിലേക്ക് ഒരു ട്രെയിനിൽ വരും. അടുത്ത ട്രെയിനിന്റെ സമയത്ത് മോഷണം നടത്തി സ്ഥലം വിടും. ഓപ്പറേഷൻ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കില്ല. പിടിവീണാൽ രണ്ടു വക്കീലുമാർ കോടതിയിൽ എത്തും. ഇതാണ് നൗഷാദിന്റെ രീതികൾ എന്ന് പൊലീസ് പറയുന്നു.

പക്ഷെ ചില സമയങ്ങളിൽ പിടി വീണിട്ടുണ്ട്. പിടി വീണ സമയത്ത് ജയിലിലും കിടന്നിട്ടുണ്ട്. പക്ഷെ ചോദ്യം ചെയ്യൽ സമയത്ത് രക്ഷപെടാൻ വിധഗ്ദൻ ആയതിനാൽ പൊലീസിന് നൗഷാദിനെക്കുറിച്ച് ഒന്നും മനസിലാക്കാൻ കഴിഞ്ഞതുമില്ല. ചോദ്യം ചെയ്യൽ സമയത്ത് നൗഷാദ് കുഴഞ്ഞു വീഴും. അപസ്മാരബാധയുള്ളതുപോലെ അഭിനയിക്കും. അത് മാനസിക അസ്വസ്ഥതകളുടെ സമയമാണ്. കല്യാണം ജപ്പാനിലല്ലേ... ഇവിടെയെന്താണ് പന്തൽ ഇടാത്തത്.... ബിരിയാണി എവിടെയാണ് വിളമ്പുന്നത് എന്നൊക്കെ പൊലീസിനോട് ചോദിക്കും. പിറുപിറുക്കും. മാനസിക അസ്വസ്ഥതകൾ കാട്ടും. ഈ സമയത്ത് പൊലീസിന് നൗഷാദിന്റെ ചെയ്തികൾ പൊലീസിന് പിടികിട്ടില്ല. ഇത് മറയാക്കിയാണ് നൗഷാദ് രക്ഷപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP