Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിൽ നിന്നും കൊടുവള്ളിയിലേക്ക് വന്ന കാറിൽ ഗ്യാസ് സിലണ്ടറുകൾ കയറ്റിയ ലോറി കൊണ്ടിടിപ്പിച്ചതോ? വെളുപ്പാൻകാലത്തുണ്ടായ അപകടത്തിൽ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നത് കാരാട്ട് അബ്ദുൾ ഗഫൂർ; കൊടുവള്ളി എംഎൽഎ കാരാട്ട് സഹോദരന്റെ രണ്ടുവർഷം മുമ്പത്തെ മരണം അപകടമരണമോ കൊലപാതകമോ? സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകയാണോ ഗഫൂറിന്റെ ജീവനെടുത്തത്? അപകടത്തിലേക്ക് നയിച്ച സംഭവം എൻഐഎ അന്വേഷിക്കുമ്പോൾ കാരാട്ട് റസാഖ് മറുനാടനോട് പറഞ്ഞത്

വയനാട്ടിൽ നിന്നും കൊടുവള്ളിയിലേക്ക് വന്ന കാറിൽ ഗ്യാസ് സിലണ്ടറുകൾ കയറ്റിയ ലോറി കൊണ്ടിടിപ്പിച്ചതോ? വെളുപ്പാൻകാലത്തുണ്ടായ അപകടത്തിൽ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നത് കാരാട്ട് അബ്ദുൾ ഗഫൂർ; കൊടുവള്ളി എംഎൽഎ കാരാട്ട് സഹോദരന്റെ രണ്ടുവർഷം മുമ്പത്തെ മരണം അപകടമരണമോ കൊലപാതകമോ? സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകയാണോ ഗഫൂറിന്റെ ജീവനെടുത്തത്? അപകടത്തിലേക്ക് നയിച്ച സംഭവം എൻഐഎ അന്വേഷിക്കുമ്പോൾ കാരാട്ട് റസാഖ് മറുനാടനോട് പറഞ്ഞത്

എം മനോജ് കുമാർ

തിരുവനന്തപുരം: കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണം അപകടമരണമാണോ കൊലപാതകമോ? കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൽ ഗഫൂറിന്റെ (46) മരണത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കുന്നു എന്ന സൂചനകൾ വന്നതോടെയാണ് അപകടമരണം കൊലപാതകമോ എന്ന സംശയം ഉയരുന്നത്. ഈ ദിശയിൽ എൻഐഎ അന്വേഷണം തുടങ്ങിയതോടെയാണ് സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കാരാട്ട് അബ്ദുൽഗഫൂർ ഇരയാവുകയായിരുന്നോ എന്ന സംശയം ഇപ്പോൾ ഉയരുന്നത്.

രണ്ടു വർഷം മുൻപ് താമരശ്ശേരി ചുങ്കത്ത് നടന്ന വാഹനാപകടത്തിലാണ് കാരാട്ട് അബ്ദുൽഗഫൂർ മരണമടയുന്നത്. വയനാട് ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന അബ്ദുൽഗഫൂർ സഞ്ചരിച്ച കാറും ഗ്യാസ് സിലിണ്ടറുകൾ കയറ്റി വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഈ അപകടത്തിലാണ് കാരാട്ട് സഹോദരന്റെ മരണം സംഭവിച്ചത്. കേരളത്തിലെ സ്വർണ്ണക്കടത്തിന്റെ അടിവേരുകൾ തിരയുന്ന എൻഐഎ സംഘം ഈ മരണത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതായി വാർത്തകൾ വന്നതോടെയാണ് രണ്ടു വർഷം മുൻപ് നടന്ന വാഹനാപകടം സംശയാസ്പദമായ നിലയിലേക്ക് മാറുന്നത്.

അബ്ദുൾഗഫൂറിന്റെ മരണം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ ചലനം സൃഷ്ടിച്ചു എന്ന വിവരമാണ് എൻഐഎയ്ക്ക് ലഭിച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പ് നിർവീര്യമായി മാറി. ഈ ഗ്രൂപ്പിലുള്ളവർ മറ്റൊരു ഗ്രൂപ്പിലേക്ക് മാറി. ഭരണമുന്നണിയിലെ പ്രമുഖനാണ് ദുർബലമായ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താൻ രംഗത്തിറങ്ങിയത്. സ്വപ്നയും സരിത്തും സന്ദീപുമെല്ലാം ഒരേ ചേരിയുടെ ഭാഗമായി മാറിയത് അബ്ദുൽഗഫൂറിന്റെ മരണത്തിനു ശേഷമാണ്. അതുകൊണ്ടാണ് അബ്ദുൽ ഗഫൂറിന്റെ മരണം സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ എന്ന കാര്യത്തിലുള്ള അന്വേഷണം നടക്കുന്നത്.

സ്വർണ്ണക്കടത്ത് സംഘങ്ങളുമായി നിലനിർത്തിയ സജീവ ബന്ധം കാരണം ഭരണമുന്നണിയിലെ ഈ പ്രമുഖൻ ഇപ്പോൾ എൻഐഎയുടെ നോട്ടപ്പുള്ളിയാണ്. അന്വേഷണം മുന്നോട്ടു നീങ്ങണമെങ്കിൽ ഈ പ്രമുഖനെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് എൻഐഎ. ഈ ചോദ്യം ചെയ്യൽ ഇടത് ഭരണത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ ചോദ്യം ചെയ്യൽ നീണ്ടു പോവുകയാണ്. അതേസമയം തന്റെ സഹോദരന്റെ മരണത്തിൽ നിലവിൽ സംശയങ്ങൾ ഇല്ലെന്നാണ് കാരാട്ട് റസാഖ് മറുനാടനോട് പറഞ്ഞത്. ഒന്നാമത് സഹോദരന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല. ഏതെങ്കിലും വിധത്തിൽ ആരെങ്കിലും സഹോദരനെ കൊന്നതാണ് എന്ന സൂചനയുണ്ടെങ്കിൽ അത് എൻഐഎ അന്വേഷിക്കട്ടെ. അതൊരു കൊലപാതകം ആണെങ്കിൽ ആരാണ് പ്രതി എന്ന് അറിയാമല്ലോ? എൻഐഎ അന്വേഷിക്കുമെങ്കിൽ കൃത്യമായ വിവരം ലഭിക്കുമല്ലോ? എന്തായാലും എൻഐഎയ്ക്ക് പരാതി ആരും നൽകിയിട്ടില്ല.

ഏതെങ്കിലും കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അവർക്ക് ഈ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കുന്നതുകൊണ്ട് വിരോധമില്ല. അങ്ങനെ ആരെങ്കിലും കൊല നടത്തിയതായി ഞങ്ങൾ സംശയിക്കുന്നില്ല. അങ്ങനെ ഒരു എൻഐഎ റിപ്പോർട്ട് വരുകയാണെങ്കിൽ അത് വരട്ടെ. ഞങ്ങൾക്കും കാര്യങ്ങൾ അറിയാൻ കഴിയും. അതൊരു അപകടമരണമാണെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. ഞാൻ അന്ന് വിദേശത്തായിരുന്നു. മരണവിവരം അറിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. കൃത്യമായ കാര്യങ്ങൾ എനിക്ക് അറിയില്ല. നേർക്ക് നേർ കൂട്ടിയിടിയാണോ തുടങ്ങിയ അപകടത്തിന്റെ ഒരു വിശദാംശങ്ങളും എനിക്ക് അറിയില്ല.

സംഭവ സ്ഥലത്ത് ഞങ്ങൾ ആരും ഉണ്ടായിരുന്നുമില്ല. അതിരാവിലെയാണ് അപകടം നടന്നത്. ഗ്യാസ് ലോറിയുമായാണ് സഹോദരന്റെ കാർ കൂട്ടിയിടിച്ചത്. ഡ്രൈവിങ് സീറ്റിൽ സഹോദരനായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്യാസ് ലോറിയാണ് ഇടിച്ചത് എന്നതിനാൽ സംശയിക്കേണ്ട ആവശ്യം തോന്നിയില്ല. വയനാട് പോവുകയായിരുന്ന ലോറിയാണ് കാറിൽ ഇടിച്ചത്. ഇത് ദൈവത്തിന്റെ വിധിയായാണ് ഞങ്ങൾ കരുതുന്നത്. ആ മരണം എൻഐഎ അന്വേഷിക്കുന്നു എന്ന വിവരമൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല. പക്ഷെ എൻഐഎ അന്വേഷിക്കുന്നു എങ്കിൽ അത് സ്വാഗതാർഹമായ കാര്യമാണ്. ആ മരണത്തിൽ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടോ എന്ന് തങ്ങൾക്കും അറിയാൻ കഴിയും-കാരാട്ട് റസാഖ് പറഞ്ഞു.

കാരാട്ട് അബ്ദുൽഗഫൂറിന്റെ മരണത്തോടെ സ്വർണ്ണക്കടത്തിന്റെ മലബാർ ബെൽട്ടിൽ കാര്യമായ മാറ്റങ്ങൾ വന്നു എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. ഗഫൂറിന്റെ ഗ്രൂപ്പ് നിർവീര്യമായപ്പോൾ മറു ചേരി ശക്തമായി മാറി. ഈ മറു ചേരിക്ക് ഭരണമുന്നണിയിലെ ഒരു പ്രമുഖന്റെ ഒത്താശ ലഭിച്ചു. മലബാർ ലോബിയും തിരുവനന്തപുരം ലോബിയും സ്വർണ്ണക്കടത്തിൽ ശക്തമായ ബന്ധങ്ങൾ വരുന്നത് അബ്ദുൽ ഗഫൂറിന്റെ മരണശേഷമാണ്. ഗഫൂറിന്റെ ഒപ്പമുണ്ടായിരുന്നവർ മറുചേരിയിലേക്ക് കൂറുമാറി. എതിർഗ്രൂപ്പ് ഇതോടെ ശക്തമായി മാറി. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ വിശദാംശങ്ങൾ തിരഞ്ഞതോടെയാണ് കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണവും എൻഐഎയ്ക്ക് മുന്നിൽ വരുന്നത്. ഇതോടെയാണ് ഈ മരണവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ എൻഐഎയും രഹസ്യാന്വേഷണ ഏജൻസികളും ശേഖരിക്കാൻ തുടങ്ങിയത്.

എൻഐഎ അന്വേഷണം പലതും മറനീക്കിക്കാണിക്കും എന്ന സൂചനയാണ് ശക്തമാകുന്നത്. മാഹിയോടു ചേർന്നുള്ള ഏറാമല പഞ്ചായത്തിലെ തിരുത്തി ടൂറിസം പദ്ധതി മുടങ്ങിയത് വരെ എൻഐഎ അന്വേഷണ പരിധിയിലുണ്ട് എന്ന വാർത്ത ഇന്നലെ മറുനാടൻ നൽകിയിരുന്നു. ടിപി വധത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഇടപെടൽ ശക്തമായിരുന്നു എന്ന് ടിപി വധം നടന്നതിനു ശേഷം ആർഎംപി ആരോപിക്കുന്നുണ്ട്. തിരുത്തിയിലെ 200 കോടിയുടെ ടൂറിസം പ്രോജക്റ്റ് മുടക്കിയതിനു പിന്നിൽ അന്ന് ഏറാമല പഞ്ചായത്ത് ഭരണം കയ്യാളിയിരുന്ന എൻ.വേണുവിനും ടി.പി.ചന്ദ്രശേഖരനും ശക്തമായ പങ്കുണ്ടായിരുന്നു.

സ്വർണ്ണക്കടത്ത് മാഫിയായിരുന്നു ഈ ടൂറിസം പ്രോജക്ടിന് പിന്നിൽ അദൃശ്യസാന്നിധ്യമായി നിന്നത്. അന്ന് സിപിഎമ്മിലുണ്ടായിരുന്ന ടിപിയും എൻ.വേണുവും താമസം വിനാ പുറത്തായി. പുറത്തായ ടിപിയും വേണുവും ആർഎംപി രൂപീകരിച്ചു. ഒടുവിൽ അത് ടിപി വധത്തിൽ കലാശിക്കുകയും ചെയ്തു. ഇപ്പോൾ കേരളത്തിന്റെ സ്വർണ്ണക്കടത്തിന്റെ അടിവേരുകൾ സമഗ്രമായി അന്വേഷണ വിധേയമാക്കുന്ന എൻഐഎ ടിപി വധത്തിനു പിന്നിലെ സ്വർണ്ണക്കടത്ത് ബന്ധം കൂടി അന്വേഷിക്കുമെന്ന സൂചനകൾ ശക്തമാണ്.

അതേസമയം സ്വർണ്ണക്കടത്ത് അന്വേഷണം മുറുകുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയത്തിലെ പല പ്രമുഖർക്കും നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ട്. നിരവധി ഉന്നതർക്കും കേസിലെ മുഖ്യസൂത്രധാരകരിൽ ഒരാളായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നതാണ് ഈ നെഞ്ചിടിപ്പ് വർദ്ധിക്കാൻ കാരണം. കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണവും നടക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ഉന്നത ബന്ധമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഇക്കാര്യം പ്രതികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ പതിന്നാലുവരെ കസ്റ്റഡിയിൽ നൽകിയത്.

നേരത്തെ കസ്റ്റംസും എൻ ഐ എയും ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ ഉന്നതതല ബന്ധത്തെക്കുറിച്ച് ഇവരോടും പ്രതികൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കള്ളക്കടത്തിന് സഹായകരമാകുന്ന രീതിയിൽ ഉള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ കസ്റ്റംസും എൻ ഐ എയും വീണ്ടും ചോദ്യം ചെയ്തതും ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു.

ആ സാഹചര്യം തന്നെയാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിലുള്ളതും. കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP