Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകളോ പോയി..മകനെ സൂക്ഷിച്ചോ...പൊലീസിൽ കേസ് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്തി; ഒരുകുടുംബം പോലെ കഴിഞ്ഞ വ്യക്തിയാണ് ഇങ്ങനെ കാലുമാറിയത്; ആൻലിയ മാനസിക വെല്ലുവിളി നേരിടുന്നവളാണെന്ന് വരുത്തി തീർക്കാൻ കള്ളമൊഴി നൽകി; മൊഴി വായിച്ചുകേട്ടപ്പോൾ ഞെട്ടിപ്പോയി; തന്റെ മകളെ മാനസിക രോഗിയാക്കാൻ ശ്രമിച്ച വൈദികനെതിരെ ഹൈജിനസ്; ജസ്റ്റിസ് ഫോർ ആൻലിയ ഫേസ്‌ബുക്ക് പേജിൽ ചിലർ ഭീഷണി മുഴക്കുന്നുവെന്നും പിതാവ്

മകളോ പോയി..മകനെ സൂക്ഷിച്ചോ...പൊലീസിൽ കേസ് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്തി; ഒരുകുടുംബം പോലെ കഴിഞ്ഞ വ്യക്തിയാണ് ഇങ്ങനെ കാലുമാറിയത്; ആൻലിയ മാനസിക വെല്ലുവിളി നേരിടുന്നവളാണെന്ന് വരുത്തി തീർക്കാൻ കള്ളമൊഴി നൽകി;  മൊഴി വായിച്ചുകേട്ടപ്പോൾ ഞെട്ടിപ്പോയി; തന്റെ മകളെ മാനസിക രോഗിയാക്കാൻ ശ്രമിച്ച വൈദികനെതിരെ ഹൈജിനസ്; ജസ്റ്റിസ് ഫോർ ആൻലിയ ഫേസ്‌ബുക്ക് പേജിൽ ചിലർ ഭീഷണി മുഴക്കുന്നുവെന്നും പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നല്ല മനക്കരുത്തുള്ള വ്യക്തിയെ മാനസികരോഗിയായി ചിത്രീകരിക്കുക. മാനസിക വെല്ലുവിളി നേരിടുന്നതുകൊണ്ട് ആത്മഹത്യചെയ്തതാണെന്ന് വരുത്തുക. ഈ കളിയാണ് ജസ്റ്റിന്റെ വീട്ടുകാർ കളിച്ചതെന്ന ആൻലിയയുടെ പിതാവ് ഹൈജിനസ പാറയ്ക്കൽ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28 ന് പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ 25 കാരിയായ ആൻലിയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം പറയുന്നു. ആൻലിയയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ആത്മഹത്യയാണെന്ന് പൊലീസ് പറയുമ്പോൾ നല്ല മനക്കരുത്തുള്ള തന്റെ മകൾ അങ്ങനെ ചെയ്യില്ലെന്ന് പിതാവ് പറയുന്നു. ആൻലിയ ഭർതൃവീട്ടിൽ കടുത്ത പീഡനങ്ങൾക്ക് ഇരയായി എന്നതിന് തെളിവുകൾ പുറത്തുവന്നിട്ടും കേസ് ആത്മഹത്യയാക്കാനാണ് പൊലീസ് തിടുക്കം കാട്ടിയത്. ഇതിന് വേണ്ടിയാണ് മകൾ മനോനില തെറ്റിയവളാണെന്ന ഭർതൃവീട്ടുകാരുടെ വാദത്തെ പൊലീസ് കൂട്ടുപിടിക്കുന്നതെന്നും ഹൈജിനസ് പറയുന്നു.

ഭർത്താവ് ജസ്റ്റിനും വീട്ടുകാരും ആൻലിയ മേേനാരോഗിയാണെന്ന് സ്ഥാപിക്കാൻ പണിപ്പെടുമ്പോൾ അതിന് കൂട്ടുനിന്നത് ഒരുവൈദികനാണെന്നും ഹൈജിനസ് ആരോപിക്കുന്നു. മാതാപിതാക്കൾ വിദേശത്തായതുകൊണ്ട് ആൻലിയ ഹോസ്റ്റിലിലാണ് താമസിച്ചതെന്നും ഈ ഒറ്റപ്പെടൽ അവളെ തകിടം മറിച്ചെന്നുമാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിലാണ് അവർ മൊഴി നൽകിയിരിക്കുന്നത്. തൃശൂർ എസിപി അന്വേഷിച്ച കേസിൽ തുടർനടപടികൾ മരവിപ്പിച്ചതും ഈ മൊഴികളാണ്. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചതിന്റെ രേഖയും ഭർതൃവീട്ടുകാർ ഹാജരാക്കിയിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനെന്ന വ്യാജേനെയാണു ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ ആൻലിയയെ ബലമായി സൈക്യാട്രിസ്റ്റിന്റെ മുറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. തങ്ങളുമായി ഒരുകുടുംബമായി കഴിയുന്ന ഒരുവൈദികനാണ് ഈ കള്ളക്കളിക്ക് കൂട്ടുനിന്നതെന്നും ഹൈജിനസ് ആരോപിച്ചു. വൈദികൻ നൽകിയ കള്ളമൊഴിയാണ് പൊലീസിന് ആത്മഹത്യയെന്ന് സ്ഥാപിക്കാൻ എളുപ്പമായത്. മകളോ പോയി, മകനെ സൂക്ഷിച്ചോ എന്നുപറഞ്ഞാണ് ഈ വൈദികൻ കേസ് കൊടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചത്.

ആദ്യമൊന്നും തങ്ങൾ വൈദികൻ ഇങ്ങനെ മൊഴി നൽകിയിരിക്കുമെന്ന് വിശ്വസിച്ചില്ല. എന്നാൽ പൊലീസ് മൊഴി വായിച്ചുകേൾപ്പിച്ചപ്പോൾ കള്ളി വെളിച്ചത്തായി. ഇതോടെ പ്രകോപിതനായ വൈദികൻ തനിക്കെതിരെ കമ്മീഷണർക്ക് പരാതി നൽകകുകയായിരുന്നുവെന്ന് ഹൈജിനസ് പറയുന്നു. കമ്മിഷണർക്കു കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ ആൻലിയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകാനാണു പറഞ്ഞത്. വൈദികന്റെ പേരോ അദ്ദേഹം നൽകിയ മൊഴിയോ വെളിപ്പെടുത്താൻ ഹൈജിനസ് തയ്യാറായില്ല.

ആത്മഹത്യയാണെന്ന് പൊലീസ് പറയുമ്പോൾ തന്റെ മകൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ആൻലിയയുടെ മാതാപിതാക്കൾ തറപ്പിച്ചു പറയുന്നു. ഇപ്പോളും തങ്ങൾക്ക് നീതി കിട്ടാൻ വേണ്ടി ഓരോ വാതിലുകളും മുട്ടുകയാണ് ഹൈജിനസ് പാറയ്ക്കലും ലീലാമ്മയും.
ഇപ്പോൾ പൊലീസ് നടത്തുന്ന അന്വേഷണം വിശ്വസിക്കാൻ അവർ തയ്യാറല്ല. മകളെ കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ യഥാർത്ഥ കാരണം മനസിലാക്കാൻ സഹായകമാകുന്ന തെളിവുകളാണെന്ന് ഇവർ പറയുന്നു. വിവാഹിതയും എട്ടുമാസം പ്രായമായ ആൺകുഞ്ഞിന്റെ അമ്മയുമായ ആൻലിയ മരിക്കുമ്പോൾ എം.എസ്.സി നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. ബെംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആൻലിയയെ ഭർത്താവ് ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയിവിടുന്നത്. അന്നുതന്നെയാണ് മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിൻ പൊലീസിന് നൽകുന്നതും. എന്നാൽ മാധ്യമങ്ങളോട് ആൻലിയ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും ആത്മഹത്യയാണെന്നുമുള്ള നിലപാടാണ് പൊലീസ് സ്വീകരിച്ചത്. വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ഏതു രീതിയിൽ മരിച്ചാലും ആറു വർഷത്തിനുള്ളിൽ ആണെങ്കിൽ സ്വമേധയാ കേസ് എടുക്കണം. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാതിരുന്നതാണ് ദുരൂഹത ഉണർത്തിയത്.

താൻ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന ആരോപണത്തെ ആൻലിയയും പൊലീസിന് മുമ്പാകേ നേരത്തെ ശക്തമായി പ്രതിരോധിച്ചിരുന്നു. താൻ ജോലി ചെയ്ത സ്ഥലത്തും തന്റെ നാട്ടുകാരോടും ചോദിച്ചാൽ സത്യം അറിയാമെന്നും അവർ പറഞ്ഞിരുന്നു. മാതാപിതാക്കൾ വിദേശത്തായിരുന്നത് മൂലമുള്ള ഒറ്റപ്പെടലെന്നാണ് ആരോപണം. താൻ വിദേശത്ത് പോയത് 9 വർഷം മുമ്പ് മാത്രമാണെന്ന് ഹൈജിനസ് പറയുന്നു. ആൻലിയ പറഞ്ഞത് പോലെ തന്നെ അവൾ ജോലി ചെയ്ത സ്ഥലത്തെ സഹപ്രവർത്തകരും ഒരുമാനസികപ്രശ്‌നവും ഇല്ലായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

ആൻലിയ നേരിട്ടത് കടുത്ത പീഡനം

ബി.എസ്.സി നഴ്‌സിങ് പാസായശേഷം ആൻലിയ ജിദ്ദയിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ഒന്നര വർഷം മുമ്പാണ് ആൻലിയയും ദുബായിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ സ്വദേശി ജസ്റ്റിനും തമ്മിലുള്ള വിവാഹം നടന്നത്. എഴുപത് പവൻ സ്വർണാഭരണങ്ങളും 35,000 രൂപയുമാണ് സ്ത്രീധനത്തുകയായി നൽകിയത്. പലയിടത്തുനിന്നും കടമെടുത്ത് പത്ത് ലക്ഷത്തോളം രൂപയിലേറെ ചെലവഴിച്ചാണ് വിവാഹ ചടങ്ങ് നടത്തിയത്. എം.എസ്.സി നഴ്‌സിങ് പഠനം പൂർത്തിയാക്കി നഴ്സിങ് മേഖലയിൽ അദ്ധ്യാപനരംഗത്തേക്ക് കടക്കാനുള്ള ആൻലിയയുടെ ആഗ്രഹം സാധിച്ചുനൽകാമെന്ന് ഭർത്താവ് ജസ്റ്റിൻ വിവാഹത്തിന് മുമ്പ് സമ്മതിച്ചിരുന്നതാണ്. പക്ഷെ വിവാഹ ശേഷം ഭർതൃവീട്ടുകാരുടെ സമീപനത്തിൽ മാറ്റമുണ്ടായി.

ആൻലിയയെ ജസ്റ്റിൻ ദുബായിലേക്ക് കൊണ്ടുപോയി. അവിടെ നഴ്‌സിങ് ജോലിയിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. നഴ്സിംഗുമായി ബന്ധപ്പെട്ട് യു.എ.ഇ ആരോഗ്യ വകുപ്പ് നടത്തുന്ന പരീക്ഷ ആൻലിയയ്ക്ക് എഴുതാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആൻലിയ ഗർഭിണിയായി. അതിനിടെ ഭർത്താവ് ജസ്റ്റിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഗൾഫ് ജീവിതം അവസാനിപ്പിച്ചു ഇരുവരും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.

വീട്ടിലെത്തിയശേഷവും ജോലി ലഭിക്കാത്തതിൽ പരാതിപ്പെട്ടും വീട്ടുകാരിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെട്ടും ഭർത്താവും ഭർതൃമാതാവ് ഉൾപ്പെടെയുള്ള വീട്ടുകാരും ആൻലിയയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഹൈജിനസ് പരാതിപ്പെടുന്നു. മാതാപിതാക്കൾ നാട്ടിലില്ലാത്തതിനാൽ വീട്ടിലെ ഈ പീഡനത്തെക്കുറിച്ചെല്ലാം കൊയമ്പത്തൂരിൽ ബിടെക്കിന് പഠിക്കുന്ന സഹോദരൻ അഭിഷേകിനോടാണ് എല്ലാ വിവരങ്ങളും പറഞ്ഞിരുന്നത്. അഭിഷേക് കൊച്ചിയിലെ എംഎൽഎ കെ.ജെ മാക്സി ഉൾപ്പെടെയുള്ളവരെ വിവരം ധരിപ്പിച്ചു.

ആൻലിയയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നഴ്‌സിങ് പോസ്റ്റ് ഗ്രാജുവേഷൻ വിദൂര പഠന കോഴ്‌സിൽ ചേർന്നത്. കുഞ്ഞിനേയും കുടുംബത്തെയും പിരിഞ്ഞു പരീക്ഷയ്ക്കായി മൂന്നാഴ്ച മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് പോയി. ആഗസ്റ്റിൽ ഓണാവധിക്ക് ബാംഗ്ലൂരിൽ നിന്നും തൃശൂരിലുള്ള വീട്ടിലെത്തിയെങ്കിലും വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ അവധി അവസാനിക്കുന്നതിനു(ഓഗസ്റ്റ് 27)ന് മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഈ വേദനകൾക്കൊക്കെയിടയിലും ഓണാവധികാലത്ത് കേരളത്തിലെ പ്രളയത്തിൽപെട്ടവർക്ക് കൈത്താങ്ങായി സോഷ്യൽമീഡിയയിലും മറ്റും ഏറെ സജീവമായി തന്റെ മകൾ പ്രവർത്തിച്ചിരുന്നുവെന്ന് കണ്ണീരോടെ ഹൈജിനസിന്റെ വാക്കുകൾ.

'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും'

അവധി കഴിഞ്ഞു പോയാൽ മതിയെന്ന് പറഞ്ഞ സഹോദരനോട് 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും' എന്നായിരുന്നു ആൻലിയ വാട്ട്‌സപ്പ് വഴി നൽകിയ മറുപടി. കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും ഓണം ആയിരിക്കും ഇതെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഭർതൃവീട്ടുകാരായിരിക്കുമെന്നു അവർ സന്ദേശമയച്ചു.

ജസ്റ്റിന്റെ വീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണു ആൻലിയ എറണാകുളം കടവന്ത്രയിലെ ഫ്‌ളാറ്റിൽ വന്നത്. പൊലീസിൽ പരാതി നൽകാൻ പലരും നിർദ്ദേശിച്ചതനുസരിച്ചാണ് 18 പേജിൽ പ്രശ്‌നങ്ങളെല്ലാം എഴുതിയത്. എന്നാൽ ഈ പരാതി കടവന്ത്ര പൊലീസിനു നൽകിയില്ല. കാരണം അതിനു മുൻപായി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം, ഇനി മർദിക്കില്ല, വീട്ടിൽ ബുദ്ധിമുട്ടിക്കില്ല എന്നെല്ലാം പറഞ്ഞു ജസ്റ്റിൻ വീട്ടിൽവന്നു. മകളെ കൂട്ടിക്കൊണ്ടു പോയി. ഈ പരാതി പിന്നീടാണു ഞങ്ങൾ കണ്ടെടുത്തത്. ഇത് എഴുതിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മകളുടെ ഭർതൃവീട്ടുകാർക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ മറ്റുള്ളവർക്കു കഴിയില്ലായിരുന്നു ഹൈജിനസ് പറഞ്ഞു.

പൊലീസിൽ പരാതി നൽകി മുന്നോട്ടുപോയതും മാധ്യമങ്ങളിൽ വാർത്ത വന്നതും ആരോപണവിധേയരെ പ്രകോപിപ്പിച്ചു. തനിക്കെതിരെ ഫേസ്‌ബുക്കിൽ ജസ്റ്റിന്റെ വീട്ടുകാർ അസഭ്യവർഷം നടത്തുകയാണ്. മകളുടെ നീതിക്കായി 'ജസ്റ്റിസ് ഫോർ ആൻലിയ' എന്ന ഫേസ്‌ബുക് പേജ് തുടങ്ങിയിട്ടുണ്ട്. തന്നെ സഹായിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണു പിന്നിൽ. എന്നാൽ ഈ പേജിൽ തന്നെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്യുകയാണു പ്രതിയും വീട്ടുകാരും ഹൈജിനസ് ആരോപിച്ചു.

ജസ്റ്റിന്റെ പരസ്ത്രീബന്ധങ്ങൾ പുറത്തായപ്പോൾ സ്വഭാവം മാറി

വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു ജസ്റ്റിനുമായുള്ള വിവാഹം. ഒരു വൈദികന്റെ പരിചയക്കാരനായതിനാൽ സംശയമൊന്നും തോന്നിയില്ലെന്നും വീട്ടുകാർ പറയുന്നു. വിവാഹശേഷം ജസ്റ്റിന്റെ സ്വഭാവം ആകെ മാറി. ജസ്റ്റിന് മറ്റുചില ബന്ധങ്ങളുണ്ടെന്ന് ആൻലിയ കണ്ടെത്തിയതോടെ ജസ്റ്റിന് ഭാര്യയോട് വൈരാഗ്യമായി. ഈ വൈരാഗ്യം വളർന്നതാണോ ആൻലിയയെ ഇല്ലായ്മ ചെയ്യുന്ന തീരുമാനത്തിൽ ജസ്റ്റിനെ എത്തിച്ചതെന്ന് സംശയിക്കുന്നതായി മാതാപിതാക്ഖൾ ആരോപിക്കുന്നു. ഒമ്പതുമാസം മാത്രമാണ് ഇപ്പോൾ ആൻലിയയുടെ കുട്ടിക്ക് പ്രായം. തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ജസ്റ്റിനും വീട്ടുകാരും ഇടപെടൽ നടത്തിയെന്ന കാര്യം വ്യക്തമാണ്. ആൻലിയയുടെ ഡയറികുറിപ്പുകളും വാട്സാപ്പ് സന്ദേശങ്ങളും മറ്റ് രേഖകളും കൂടിചേർത്ത് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം ഹൈക്കോടതിയെയും സമീപിച്ച് നിയമപോരാട്ടം നടത്തുകയാണ് ഈ ദമ്പതികൾ.

ബെംഗളൂർക്ക് മടങ്ങാനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിയഞ്ചിന് ജസ്റ്റിനോടൊപ്പം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് അവസാനമായി ലഭിച്ച വിവരം. തുടർന്ന് ആൻലിയയെ കാണാതാകുകയായിരുന്നു. ഓഗസ്റ്റ് ഇരുപത്തിയൊമ്പതിന് ആലുവയ്ക്കടുത്ത് പെരിയാറിൽ ഒഴുകിനടക്കുന്ന നിലയിലായിരുന്നു പിന്നീട് മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP