Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി

റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി

ആർ പീയൂഷ്

 ആലപ്പുഴ: വയോധികനെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ അന്വേഷണമികവിനെ തുടർന്ന് കണ്ടെത്തി. ഹരിപ്പാട് മുട്ടം കൊച്ചു മഠത്തിൽ ചന്ദ്രശേഖരമേനോ(75)നെ ഇടിച്ചിട്ട് കടന്നു കളഞ്ഞ ടാറ്റാ ടിഗർ വാഹനമാണ് കായംകുളം ജോ.ആർ.ടി ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജു കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്നും ലഭിച്ച വാഹനത്തിന്റെ സൈഡ് മിറർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. ചേരാവള്ളി സ്വദേശിയുടെ താൽക്കാലിക രജിസ്ട്രേഷനായിരുന്ന കാർ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടി വന്നു.

ഫെബ്രുവരി ഒന്നിനാണ് ചന്ദ്രശേഖരമേനോനെ കാർ ഇടിച്ചു തെറിപ്പിക്കുന്നത്. മൂത്തമകൻ ജയ്ശങ്കറിനൊപ്പം പള്ളിപ്പാട്ടെ ഫെഡറൽ ബാങ്കിലേക്ക് പോകുകയായിരുന്നു. മകൻ ടൂവീലർ നന്നാക്കാനായി വർക്ക്ഷോപ്പിൽ കയറിയ സമയം റോഡിനപ്പുറമുള്ള ബാങ്കിലേക്ക് പോകാനായി വശത്ത് നിൽക്കുകയായിരുന്നു. ഈ സമയം അമിത വേഗതയിലെത്തിയ കാറിന്റെ ഇടതുവശത്തെ മിറർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചന്ദ്രശേഖരമേനോൻ റോഡിൽ തലയിടിച്ചു വീണു. അപകട സ്ഥലത്ത് നിന്നും കുറച്ചു മുന്നോട്ട് മാറി കാർ നിർത്തിയെങ്കിലും പിന്നീട് ഓടിച്ചു പോകുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ ഹരിപ്പാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എത്രയും വേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമായുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. ഇതോടെ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെത്തിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

അപകടത്തിന് ശേഷം ബന്ധുക്കൾ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നീലക്കളറിലുള്ള ടാറ്റാ ടിഗർ കാർ കടന്നു പോകുന്നതായുള്ള ദൃശ്യം ലഭിച്ചു. താൽക്കാലിക രജിസ്ട്രേഷൻ വാഹനമായതിനാൽ നമ്പർ വ്യക്തമായിരുന്നില്ല. ഇതോടെ അപകടത്തിൽപെട്ടയാളുടെ മകന്റ ഭാര്യ അഡ്വ. എൻ.ജി ശരണ്യയും ഭർത്യസഹോദരനും കൂടി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ഒടുവിൽ വാഹനം മുട്ടം കുളത്തിന് സമീപത്ത് നിന്നും ഇടറോഡിലേക്ക് കയറുന്നതായുള്ള ദൃശ്യം കണ്ടെത്തി. എന്നിട്ടും നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടാൻ ഇവർ തീരുമാനിച്ചത്. കായംകുളം ജോ.ആർ.ടി.ഒ ശ്രീ പ്രകാശിനെ നേരിൽകണ്ട് വിവരങ്ങൾ പറഞ്ഞു. ജോ.ആർ.ടി.ഒ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ടി.എസ്.പ്രജുവിനെ കേസ് ഏൽപ്പിക്കുകയായിരുന്നു.

പ്രജു പരാതിക്കാരിയുമായി സംസാരിച്ചപ്പോൾ അപകടം നടന്ന സ്ഥലത്ത് നിന്നും ഇടിച്ചിട്ട വാഹനത്തിന്റെ അടർന്നു വീണ സൈഡ് മിറർ പൊലീസ് സ്റ്റേഷനിൽ കൊടുത്തിട്ടുണ്ട് എന്ന് അറിഞ്ഞു. സ്റ്റേഷനിലെത്തി മിറർ വിശദമായി പരിശോധിച്ചപ്പോൾ 28-12 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്റ്റിക്കർ കണ്ടെത്തി. ഇതോടെ ആ സമയത്ത് ടാറ്റാ ഷോറൂമുകളിൽ വിൽപ്പന നടത്തിയ ടിഗർ കാറുകളുടെ വിശദാംശങ്ങൾ തേടി. തുടർന്ന് സമീപത്തെ എല്ലാ സർവ്വീസ് സെന്ററുകളിലേക്കും നീലക്കളറുള്ള വാഹനം മിറർ ശരിയാക്കാനായി എത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് നിർദ്ദേശം നൽകി. വിൽപ്പന നടത്തിയ വാഹനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ അന്ന് തന്നെ കായംകുളത്തെ ജനതാ ഗ്യാരേജ് എന്ന സർവ്വീസ് സെന്ററിൽ നിന്നും മിറർ ശരിയാക്കാനായി താൽക്കാലിക രജിസ്ട്രേഷനിലുള്ള വാഹനം എത്തിയതായി വിവരം ലഭിച്ചു. എ.എം വിഐ ഉടൻ തന്നെ അവിടെയെത്തി വിവരങ്ങൾ ചോദിച്ചു. നീലക്കളറിലുള്ള വാഹനമല്ല ഗ്രേ കളറിലുള്ള കാറാണ് എത്തിയതെന്ന് വർക്കഷോപ്പ് ഉടമ പറഞ്ഞു. എങ്കിലും സംശയം തീർക്കാനായി വാഹന ഉടമയുടെ വിവരങ്ങൾ ശേഖരിച്ചു.

ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിലും അതിൽ വിളിക്കാതെ താൽക്കാലിക രജിസ്ട്രേഷൻ നമ്പറിൽ നിന്നും വിലാസം എടുത്ത് നേരിട്ടന്വേഷിക്കാനായി പോയി. ഫോണിൽ വിളിച്ചാൽ തെളിവുകൾ നശിപ്പിക്കുകയോ ചോദ്യങ്ങൾക്കുള്ള മറുപടികൾ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുകയോ ചെയ്യും. അതിനാലാണ് ഫോണിൽ വിളിക്കാതെ ഇരുന്നത്. പത്തിയൂരിലുള്ള മോഹനൻ എന്നയാളുടെ മകളുടെ പേരിലെടുത്ത വാഹനമായിരുന്നു.

വീട്ടുകാരോട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ മകൾക്ക് വിവാഹ സമ്മാനം നൽകിയതാണ് എന്ന് അറിഞ്ഞു. ഇതോടെ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ച ചേരാവള്ളിയിലെ വീട്ടിലെത്തി. അപകടത്തിന്റെ കാര്യങ്ങൾ സംസാരിച്ചപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് അവർ ഉദ്യോഗസ്ഥനോട് തറപ്പിച്ച് പറഞ്ഞു. മിറർ ശരിയാക്കാൻ പോയ വിവരം ചോദിച്ചപ്പോൾ വീട്ടിലെ തന്നെ ഗേറ്റിൽ തട്ടി കേടുപാട് വന്നതാണെന്ന് പറഞ്ഞു.മടങ്ങിപ്പോയ ഉദ്യോഗസ്ഥൻ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ നീലക്കളർ അല്ല എന്ന് മനസ്സിലായി. സംശയത്തിന്റെ പേരിൽ പരിശോധിച്ച ഗ്രേ കളറിലുള്ള വാഹനത്തിന്റെ അത് നിറമുള്ള ഒരു കാർ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ ക്യാമറയുടെ മുന്നിലെത്തിച്ച് വീണ്ടും പരിശോധന നടത്തി. അപ്പോൾ കാർ നീല നിറത്തിലാണ് കാണപ്പെട്ടത്. ഇതോടെ അപകടം നടത്തിയ കാർ പത്തിയൂരിലേതെന്ന് തന്നെ ഉറപ്പിച്ചു.

അന്വേഷണ റിപ്പോർട്ട് ജോ.ആർ.ടി.ഒയെ അറിയിച്ച ശേഷം വാഹനം പിടിച്ചെടുക്കാൻ തീരുമാനിച്ചു. ഇതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുക്കാൻ എത്തുന്നു എന്നറിഞ്ഞ് അപകടം ഉണ്ടാക്കിയ കാർ കരീലക്കുളങ്ങര സ്റ്റേഷനിൽ ഉടമ ഹാജരാക്കി. സ്റ്റേഷനിൽ അപകടം നടന്നു എന്ന് സമ്മതിച്ചു. എന്നാൽ അവിടെയുണ്ടായിരുന്ന നാട്ടുകാർ കുഴപ്പമില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. കാറുടമയായ പെൺകുട്ടിയുടെ ഭർത്താവാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തിൽ ഉടമയെ വീണ്ടും വിളിച്ചു വരുത്തി മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കരീലക്കുളങ്ങര പൊലീസ് അറിയിച്ചു.

അതേസമയം അപകടത്തിൽപ്പെട്ട ചന്ദ്രശേഖരമേനോൻ 5 ദിവസം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇപ്പോൾ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ആശുപത്രി വിട്ടിട്ടില്ല. കാർ കണ്ടെത്താൻ സഹായിച്ച അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ്. പ്രജുവിന് കുടുംബം നന്ദി പറഞ്ഞു.

വാഹനം ഏതാണെന്ന് അറിഞ്ഞാൽ മാത്രമേ ഇൻഷുറൻസ് തുക ലഭ്യമാകൂ. അല്ലെങ്കിലും ഭീമമായ തുക അപകടത്തിൽപെട്ടയാളുടെ കുടുംബത്തിന് കണ്ടെത്താൻ ഒരു പക്ഷേ കഴിയില്ല. അതിനാൽ അപകടമുണ്ടായാൽ അക്കാര്യം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP