Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സഹോദരിയുടെ കാമുകന്റെ ജാതി അറിഞ്ഞതോടെ ബേസിലിന് കലി മൂത്തു; പലവട്ടം ഇരുവരോടും ആവശ്യപ്പെട്ടിട്ടും പ്രണയത്തിൽ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് അഖിലിനെ തീർത്തുകളയാനും; ആക്രമണത്തിന് കരുതിവെച്ചത് മൂർച്ചയേറിയതും സാധാരണയിൽ നിന്നും വലിപ്പം കൂടിയതുമായ രണ്ട് കത്തികൾ; ആയുധങ്ങൾ പൊലീസിന് കാട്ടിക്കൊടുക്കുമ്പോഴും നിരാശ ലക്ഷ്യം സാധിക്കാതെ പോയതിൽ

സഹോദരിയുടെ കാമുകന്റെ ജാതി അറിഞ്ഞതോടെ ബേസിലിന് കലി മൂത്തു; പലവട്ടം ഇരുവരോടും ആവശ്യപ്പെട്ടിട്ടും പ്രണയത്തിൽ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് അഖിലിനെ തീർത്തുകളയാനും; ആക്രമണത്തിന് കരുതിവെച്ചത് മൂർച്ചയേറിയതും സാധാരണയിൽ നിന്നും വലിപ്പം കൂടിയതുമായ രണ്ട് കത്തികൾ; ആയുധങ്ങൾ പൊലീസിന് കാട്ടിക്കൊടുക്കുമ്പോഴും നിരാശ ലക്ഷ്യം സാധിക്കാതെ പോയതിൽ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ആക്രമണം നടത്തിയത് ജാതിവെറിയിലെന്ന് ബേസിൽ പൊലീസിനോട് വെളിപ്പെടുത്തിയതായി സൂചന. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കുസമീപം ഞായറാഴ്ച വൈകിട്ട് 5.30-തോടെ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവനെ(19)യാണ് കറുകടം ഞാഞ്ഞൂൽമല കോളനിവാസിയായ ബേസിൽ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. കൈയ്ക്കും പുറത്തും വെട്ടേറ്റ അഖിൽ അപകട നിലതരണം ചെയ്തു. പലവട്ടം മൊബൈലിൽ വിളിച്ചും നേരിൽക്കണ്ടും സഹോദരിയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെന്നും അപ്പോഴെല്ലാം അഖിൽ ഇത് നിരാകരിക്കുകയായിരുന്നെന്നും ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ചോദ്യം ചെയ്യലിൽ ബേസിൽ സമ്മതിച്ചതായി മൂവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് അറിയിച്ചു.

കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ആക്രമണമെന്നും ലക്ഷ്യം സാധിക്കാതെ പോയതിൽ നിരാശയുണ്ടെന്നും കൂസലന്യേ ബേസിൽ പൊലീസിൽ വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. ഇന്ന് രാവിലെ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ബേസിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. ആക്രമണത്തിന് മൂർച്ചയേറിയതും സാധാരണയിൽ നിന്നും വലിപ്പം കൂടിയതുമായ രണ്ട് കത്തികളാണ് താൻ ഉപയോഗിച്ചതെന്ന് ഇന്നലെ നടന്ന മൊഴിയെടുക്കലിൽ ബേസിൽ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് നടത്തിയ തെളിവെടുപ്പിൽ വീടിനടുത്തെ കന്നാരതോട്ടത്തിൽ നിന്നും പൊലീസ് ഈ കത്തികൾ കണ്ടെടുത്തു. രാത്രി ഒളിച്ചിരുന്ന കപ്പത്തോട്ടത്തിലും ബേസിലിനെ എത്തിച്ച് തെളിവെടുത്തു. മൂവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസിന്റെ നിർദ്ദേശാനുസരണമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അഖിൽ സ്വന്തം സമുദായക്കാരല്ലത്തതിനാലാണ് സഹോദരിയുടെ പ്രേമബന്ധത്തെ പ്രധാനമായും ബേസിൽ എതിർത്തതെന്നും ഇക്കാര്യത്തിൽ സഹോദരിയുമായി വഴക്കിട്ടപ്പോഴെല്ലാം ബേസിൽ അഖിലിന്റെ സമുദായത്തെ ഇകഴ്തി സംസാരിച്ചിരുന്നതായും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

അഖിൽ ശിവനെ വടിവാളിന് വെട്ടി പരിക്കേൽപ്പിച്ച ശേഷം രക്ഷപെട്ട ബേസിലിനെ ഇന്നലെ വൈകിട്ട് 5.30ന് മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സഹോദരിയുമായി അഖിലിനുണ്ടായിരുന്ന അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് ബേസ്സിൽ പൊലീസ് സംഘത്തോട് സമ്മതിച്ചു. നേരത്തെ ഒരു വട്ടം താൻ അഖിലിനെ ആക്രമിച്ചിരുന്നെന്നും ഇതിന് ശേഷവും തന്റെ ആവശ്യം അംഗീകരിക്കതിരുന്നതിനാലാണ് അൽപ്പംകൂടി കടുപ്പിച്ചുള്ള നീക്കത്തിന് ഒരുമ്പെട്ടതെന്നും ബേസ്സിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ശേഷം നേരെ പോയത് വീടിനടുത്തെ കപ്പത്തോട്ടത്തിലേക്കാണെന്നും രാത്രി ഇവിടെ കഴിച്ചുകൂട്ടിയെന്നും പുലർച്ചെ കോതമംഗലത്തെ ബന്ധുവീട്ടിലെത്തിയെന്നും ഇവിടെ നിന്നാണ് മൂവാറ്റുപുഴയ്ക്ക് തിരിച്ചതെന്നുമാണ് ഇയാൾ പൊലീസിൽ സമ്മതിച്ചിട്ടുള്ളത്. ബേസിലിനെ ബൈക്കിൽ സംഭവസ്ഥലത്തെത്തിച്ചതെന്ന് കരുതുന്ന 17 കാരനെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അഖിൽ ശിവന്റെ ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്.ഒപ്പമുണ്ടായിരുന്ന അഖിലിന്റെ അമ്മാവന്റെ മകൻ അരുൺ ബാബുവിനും പരിക്കേറ്റിരുന്നു. സമീപത്തെ കടയിൽ മുഖാവരണം വാങ്ങാനായി എത്തിയതായിരുന്നു അരുണും അഖിലും.ഈ സമയത്ത് 17 കാരനൊപ്പം ബൈക്കിലെത്തിയ ബേസിൽ അഖിലിനെ വിളിച്ചിറക്കിക്കൊണ്ടുപോയി വടിവാളിന് വെട്ടുകയായിരുന്നു. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൈയിൽ വെട്ടിയ ശേഷം ബേസ്സിൽ അഖിലിന്റെ കഴുത്ത് ലക്ഷ്യമാക്കി വടിവാൾ വീശിയെങ്കിലും കൂടെയുണ്ടായിരുന്ന അരുൺ ഓടിയെത്തി ഹെൽമറ്റ് കൊണ്ട് തടയുകയായിരുന്നു.ഇതിനിടെയാണ് അരുണിനും മുറിവേറ്റത്.

അഖിലിന്റെ കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിയുകയും ചെറുവിരലിന്റെ ഒരു വശവും മുറിഞ്ഞുപോവുകയും ചെയ്തിരുന്നു. ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. അഖിൽ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പുതുപ്പാടിയിലെ സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥികളായിരിക്കെ ബേസ്സിലിന്റെ സഹോദരിയും അഖിലും പ്രണയത്തിലായി എന്നും ബേസ്സിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സഹോദരിയുമായി വഴക്കിട്ടിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അഖിൽ എറണാകുളത്ത് ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ബേസ്സിൽ ആക്രമിക്കാനെത്തുമെന്ന് സഹോദരി അഖിലിനെ അറിയിച്ചിരുന്നെങ്കിലും നഗരമധ്യത്തിൽ ഇത്തരത്തിൽ നീക്കത്തിന് ബേസിൽ തയ്യാറാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലന്ന് അഖിലിനൊപ്പം ആക്രമണത്തിൽ പരിക്കേറ്റ അരുൺ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP