Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിച്ചെടുക്കാൻ മുട്ടിൽ മരം മുറിക്ക് ബദലായി അവതരിപ്പിച്ചത് മണിക്കുന്ന് മലയിലെ മരംവെട്ട്; ദീപക് ധർമ്മടത്തിന്റെ കൂട്ടുകാരനായി നിന്നത് ചന്ദനത്തൈല ഫാക്ടറിക്ക് പിന്തുണ നൽകിയ സാജൻ; പിണറായിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞ് ശശീന്ദ്രനേയും പറ്റിച്ചു; എല്ലാം അന്വേഷിക്കാൻ സർക്കാർ; എഡിജിപി ശ്രീജിത്തിന്റെ കണ്ടെത്തലുകൾ നിർണ്ണായകമാകും

അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിച്ചെടുക്കാൻ മുട്ടിൽ മരം മുറിക്ക് ബദലായി അവതരിപ്പിച്ചത് മണിക്കുന്ന് മലയിലെ മരംവെട്ട്; ദീപക് ധർമ്മടത്തിന്റെ കൂട്ടുകാരനായി നിന്നത് ചന്ദനത്തൈല ഫാക്ടറിക്ക് പിന്തുണ നൽകിയ സാജൻ; പിണറായിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞ് ശശീന്ദ്രനേയും പറ്റിച്ചു; എല്ലാം അന്വേഷിക്കാൻ സർക്കാർ; എഡിജിപി ശ്രീജിത്തിന്റെ കണ്ടെത്തലുകൾ നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈട്ടിക്കൊള്ള കേസ് അട്ടിമറിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ കൂട്ടു പിടിച്ച ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി.സാജന് നേരത്തെയും സമാനമായ കേസിൽ പങ്കുള്ളതായി വിജിലൻസ് റിപ്പോർട്ട്. ധർമ്മടം സ്വദേശിയാണ് സാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ എന്ന നിലയിലായിരുന്നു ഇയാളുടെ പ്രവർത്തനം. 24 ന്യൂസിലെ റിപ്പോർട്ടർ ദീപക് ധർമ്മടമാണ് ഇയാളെ അഗസ്റ്റിൻ സഹോദരങ്ങളുമായി അടുപ്പിച്ചത്. എഡിജിപിയും ക്രൈംബ്രാഞ്ച് മേധാവിയുമായ ശ്രീജിത്താണ് ഈ കേസ് അന്വേഷിക്കുന്നത്. ശ്രീജിത്തിന്റെ കണ്ടെത്തലുകൾ ഇനി നിർണ്ണായകമാകും.

മുട്ടിൽ മരം മുറിയിൽ സാജനെ മുന്നിൽ നിർത്തി സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാനായിരുന്നു ശ്രമം. ഇതിന് വേണ്ടി മണിക്കുന്ന് മലയിൽ മരംവെട്ട് നടന്നുവെന്ന കഥപോലും ഉണ്ടാക്കി. ഇത് വാർത്തയായി നൽകി. ഇതൊന്നും 24 ന്യൂസിലെ ഉന്നതരുടെ അറിവും സമ്മതവും ഇല്ലാതെയായിരുന്നു. സാധാരണ വാർത്തകളായി നൽകി വനംകൊള്ള താൻ ചർച്ചയാക്കിയെന്ന് വരുത്താനായിരുന്നു ദീപക്കിന്റെ ശ്രമം. എന്നാൽ ഇത് വനം വകുപ്പിലെ ഉന്നതർ തിരിച്ചറിഞ്ഞു. തെറ്റ് മനസ്സിലാക്കി 24 ന്യൂസ് ഈ വാർത്തകൾ യു ട്യൂബിൽ നിന്നുൾപ്പെടെ മാറ്റുകയും ചെയ്തു. ദീപക്കിനേയും ചുമതലകളിൽ നിന്ന് 24 ന്യൂസ് മാറ്റി നിർത്തി. ഇതിന് പിന്നാലെയാണ് സാജനെതിരെയുള്ള മുൻ ആരോപണവും ചർച്ചയാകുന്നത്.

2001ൽ കാസർകോട് റേഞ്ച് ഓഫീസർ ആയിരിക്കെ നടന്ന വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് എൻ.ടി.സാജനെതിരെയുള്ള കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദനത്തൈല ഫാക്ടറികൾക്ക് വഴിവിട്ട സഹായം ചെയ്തുവെന്ന റിപ്പോർട്ട് കാസർകോട് യൂണിറ്റാണ് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് സാജനെതിരായ പഴയ അഴിമതിയും ചർച്ചയാകുന്നത്. മുട്ടിൽ മരം മുറിയിൽ സാജനെതിരെ ഇനിയും നടപടികൾ എടുത്തിട്ടില്ല.

റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിലായിരുന്നു മുട്ടിലിലെ മരം മുറി. ഇത് തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ സാജൻ ശ്രമിച്ചു. ഇതിന് വേണ്ടി കരുക്കൾ നീക്കിയത് ദീപക് ധർമ്മടമാണ്. 2001ൽ കാസർകോട്ടെ ഏഴ് അനധികൃത ചന്ദനത്തൈല ഫാക്ടറികൾക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിൽ എൻ.ടി.സാജന്റേയും പേരുണ്ട്. ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിജിലൻസ് റിപ്പോർട്ടിന് ശേഷം നടന്ന വകുപ്പുതല അന്വേഷണവും നടന്നിരുന്നു. എന്നാൽ കാര്യമായ നടപടികൾ ഉണ്ടായില്ല.

15 കോടി രൂപയുടെ ഈട്ടിത്തടി കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനാണ് എൻ.ടി.സാജൻ. കേസിലെ പ്രതികളെ സാജൻ സഹായിച്ചെന്നാണ് ആക്ഷേപം. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജനെ ഫോറസ്റ്റ് വിജിലൻസ് ഉത്തരമേഖലാ കൺസർവേറ്ററാക്കാൻ നേരത്തെ നീക്കമുണ്ടായിരുന്നു. ദീപക് ധർമ്മടമായിരുന്നു ഇതിന് വേണ്ടി ശ്രമം നടത്തിയത്. തുടക്കത്തിൽ വനംമന്ത്രി എകെ ശശീന്ദ്രനും ഇതിനെ പിന്തുണച്ചു. എന്നാൽ വിവാദമായതോടെ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട് ഇത് തടഞ്ഞിരുന്നു.

മുട്ടിൽ മരംമുറിക്കൽ കേസ് അട്ടിമറിക്കാൻ സോഷ്യൽ ഫോറസ്ട്രി വിഭാഗം കൺസർവേറ്റർ ശ്രമിക്കുന്നുവെന്ന് ഉത്തരമേഖലാ സി.സി.എഫ് റിപ്പോർട്ട് നൽകിയതോടെയാണ് എൻ.ടി. സാജൻ പ്രതിക്കൂട്ടിലാവുന്നത്. മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രതികളെ രക്ഷിക്കാൻ സാജൻ മണിക്കുന്ന് മലയിലെ കർഷകരെ ബലിയാടാക്കുകയാണെന്ന് സി.സി.എഫിന്റെ റിപ്പോർട്ടിലുണ്ട്.വനഭൂമിയാക്കിയാൽ സർവേ നമ്പർ 216ലെ 2000 ത്തോളം കുടുംബങ്ങളെ ബാധിക്കും. വിവാദമായ മരം മുറിക്കൽ നടന്ന മുട്ടിൽ പ്രദേശത്തെപ്പോലെ അസൈൻഡ് ഭൂമിയല്ല ഇത്. 1975ൽ 405 ഹെക്ടർ ഭൂമിയാണ് ഉണ്ടായിരുന്നത്. അതിൽ 283 ഹെക്ടർ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റി. മലയടിവാരത്തെ കർഷകരും ആദിവാസികളും ഭീതിയോടെയാണ് ഇപ്പോൾ കഴിയുന്നത്.

അതിനിടെ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന 2020 ഒക്ടോബറിലെ വിവാദ ഉത്തരവിന്റെ മറവിൽ അരുതാത്ത കാര്യങ്ങൾ നടക്കുന്നതായി കലക്ടർമാർ അന്നു തന്നെ വനം വകുപ്പിനെ അറിയിച്ചിരുന്നതായി ശശീന്ദ്രൻ വെളിപ്പെടുത്തി കഴിഞ്ഞു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 2 ന് ഉത്തരവ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുട്ടിൽ മരംകൊള്ള അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെ മാറ്റാൻ നടത്തിയ ശ്രമങ്ങളിലുള്ള അതൃപ്തിയും മന്ത്രി വ്യക്തമാക്കി.

'അന്വേഷണച്ചുമതലയിൽ നിന്നു സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റുന്ന സംഭവമുണ്ടായി എന്നതു നേരാണ്. പക്ഷേ വൈകാതെ അതു റദ്ദാക്കി. ഏതെങ്കിലും ഉദ്യോഗസ്ഥൻ തെറ്റു ചെയ്താൽ നിലനിൽക്കില്ലെന്നു ബോധ്യപ്പെടുത്തുന്നതാണ് ആ ഇടപെടൽ. വനം വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്മാരല്ല. തെറ്റു ചെയ്യുന്നത് എത്ര ഉന്നതനായാലും സർക്കാർ സംരക്ഷിക്കില്ല. സദുദ്ദേശ്യത്തോടെയാണു സർക്കാർ മരം മുറിക്ക് അനുമതി നൽകുന്ന ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ മുൻ റവന്യു, വനം മന്ത്രിമാർക്കു വീഴ്ച വന്നിട്ടില്ല. പക്ഷേ ഉത്തരവിന്റെ അന്തഃസത്ത പാലിച്ചായിരുന്നില്ല നടപടികൾ. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചിട്ടുണ്ടാവാം-മന്ത്രി പറയുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസിൽ കുടുക്കി അപകീർത്തിപ്പെടുത്താൻ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജൻ ശ്രമിച്ചെന്ന കണ്ടെത്തലുൾപ്പെടെ പ്രത്യേക അന്വേഷണത്തിന്റെ പരിധിയിൽ വരും. വനം വകുപ്പു സംഘം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വിശ്വസനീയമല്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കും.' ശശീന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP