Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

അഗസ്റ്റിൻ സഹോദരന്മാരെ കുടുക്കാൻ എൻഫോഴ്‌സ്‌മെന്റും; മരംവെട്ടു കേസ് അന്വേഷിക്കാൻ തീരുമാനിച്ചെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ച് ഇഡി; വനം കൊള്ളയിൽ അന്വേഷണത്തിന് സിബിഐ എത്താനും സാധ്യത; വനത്തിൽ നിന്ന് മാത്രമല്ല പുറമ്പോക്ക് ഭൂമിയിലെ മരവും വെട്ടിയെന്ന് ക്രൈംബ്രാഞ്ചും; കാട്ടുകള്ളന്മാർ വെട്ടിലാകുമ്പോൾ

അഗസ്റ്റിൻ സഹോദരന്മാരെ കുടുക്കാൻ എൻഫോഴ്‌സ്‌മെന്റും; മരംവെട്ടു കേസ് അന്വേഷിക്കാൻ തീരുമാനിച്ചെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ച് ഇഡി; വനം കൊള്ളയിൽ അന്വേഷണത്തിന് സിബിഐ എത്താനും സാധ്യത; വനത്തിൽ നിന്ന് മാത്രമല്ല പുറമ്പോക്ക് ഭൂമിയിലെ മരവും വെട്ടിയെന്ന് ക്രൈംബ്രാഞ്ചും; കാട്ടുകള്ളന്മാർ വെട്ടിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മരംവെട്ടു കേസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചു. മരം കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഇത്. മരം മുറിയിലൂടെ ക്രിമിനൽ കുറ്റം സംഭവിച്ചെന്നും വിലയിരുത്തുന്നു. ഇക്കാര്യം ഇഡി സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചു. കത്തു വനം വകുപ്പു വഴി നിയമ വകുപ്പിന്റെ അഭിപ്രായത്തിനായി അയച്ചു.

അഗസ്റ്റിൻ സഹോദരങ്ങളെ ഇഡി ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. മരം മറിയിൽ കോഴ നൽകിയത് ഉൾപ്പെടെ അന്വേഷിക്കും. ഇക്കാര്യത്തിൽ അഗസ്റ്റിൻ സഹോദരങ്ങൾ തന്നെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇഡി അന്വേഷണത്തിൽ സാമ്പത്തികത്തിന് അപ്പുറത്തേക്കുള്ള ഇടപെടൽ കണ്ടെത്തിയാൽ സിബിഐ അന്വേഷണത്തിനും ശുപാർശ ചെയ്യും. വനം കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ഉള്ള വിഷമാണ്. അതുകൊണ്ട് തന്നെ വനവുമായുള്ള അഴിമതി സിബിഐയ്ക്കും അന്വേഷിക്കാവുന്നതാണ്.

മരം കൊള്ളയിൽ സർക്കാർ വാദങ്ങളെ പൊളിക്കുന്ന ക്രൈംബ്രാഞ്ച് എഫ്‌ഐആറും പുറത്തു വന്നു. പട്ടയ ഭൂമിയിൽനിന്നു മാത്രമല്ല, വിവിധ ജില്ലകളിൽ വനം ഉൾപ്പെടെ സർക്കാർ, പുറമ്പോക്കു ഭൂമിയിൽനിന്നും മരം കടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഇതുമൂലം സർക്കാരിനു നഷ്ടമുണ്ടായെന്നും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വ്യാപകമായി ഒറ്റക്കേസ് ആണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. മരം മോഷണം എന്നാണ് എഫ്‌ഐആറിൽ പറയുന്ന കുറ്റകൃത്യം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ചാണ് മരംമുറിക്കേസിൽ ഇഡി അന്വേഷണത്തിനൊരുങ്ങുന്നത്. മറ്റു നിയമ തടസ്സങ്ങളെയെല്ലാം മറികടക്കാൻ പ്രത്യേക അധികാരം നൽകുന്നതാണു പിഎംഎൽഎ വകുപ്പ്. സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ ഇഡിക്കു കേസെടുത്ത് അന്വേഷിക്കാനാവും. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപണം ഇടപാടിന്റെ അന്വേഷണം സംസ്ഥാന സർക്കാർ കടുപ്പിക്കുമ്പോഴാണു സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മരംവെട്ട് കേസിൽ കേന്ദ്ര ഏജൻസിയും ഇടപെടുന്നത്.

മരം മുറിക്ക് പിന്നിലെ ഗൂഢാലോചന, പണമിടപാടുകൾ എന്നിവ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്ത് സംരക്ഷിത വൃക്ഷങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കാനാണ് സർക്കാർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ നിയോഗിച്ചത്. വിജിലൻസ്, വനം, ക്രൈം ബ്രാഞ്ച് വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് പ്രത്യേകാന്വേഷക സംഘം രൂപീകരിച്ചത്. എസ് പി മാരായ കെ എസ് സുദർശൻ, കെ വി സന്തോഷ്, കെ എം സാബുമാത്യു, എന്നിവരെയാണ് ക്രൈംബ്രാഞ്ചിൽ നിന്നും സംഘത്തിലുൾപ്പെടുത്തിയത്. വിജിലൻസിൽനിന്ന് കാസർകോട് ഡിവൈഎസ്‌പി ഡോ. പി വി ബാലകൃഷ്ണനെയും വനംവകുപ്പിൽ നിന്ന് അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുർജിത്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മരംമുറിയിൽ ജില്ലയിലെ വിജിലൻസ് അന്വേഷണം പൂർത്തിയായി. ഇടുക്കി ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോമിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസുകളിലും ബേഗൂർ, മാനന്തവാടി, പേര്യ റേഞ്ച് ഓഫീസുകളിലും പരിശോധന നടത്തി. ഈ റേഞ്ചുകളിൽ മരം മുറിക്കാൻ ഒരപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് ഷാൻട്രി ടോം പറഞ്ഞു. ബുധനാഴ്ച കണ്ണൂർ ജില്ലയിൽ പരിശോധന നടത്തും. കാസർകോട് ജില്ലയിലെ പരിശോധന കൂടി പൂർത്തിയാക്കിയതിന് ശേഷം 22ഓടെ റിപ്പോർട്ട് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിക്കും. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സർക്കാരിന് റിപ്പോർട്ട് നൽകും.

മരത്തടികൾ മോഷണം പോയതായുള്ള റവന്യു വകുപ്പിന്റെ പരാതിയിൽ ബത്തേരി ഡിവൈഎസ്‌പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ പിടിച്ചെടുത്ത മരത്തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുന്നു. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു പട്ടയ ഭൂമിയിൽനിന്നു മരം അനധികൃതമായി മുറിക്കുകയായിരുന്നെന്നും അതിൽ സർക്കാരിനു നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രിമാരുൾപ്പെടെ വാദിക്കുമ്പോഴാണ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP