Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തൂറ്റ് പോൾ ജോർജ് കൊല്ലപ്പെട്ടതിനാൽ കുരങ്ങു നിസാർ കൊല്ലപ്പെടാതെ രക്ഷപ്പെട്ടു; നിസാർ മരിക്കാത്തതിനാൽ വേണുഗോപാൽ ഉൾപ്പെടെ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ടാവും? സമൂഹത്തിനു വിപത്തായി നിസാർ ഒളിവിൽ

മുത്തൂറ്റ് പോൾ ജോർജ് കൊല്ലപ്പെട്ടതിനാൽ കുരങ്ങു നിസാർ കൊല്ലപ്പെടാതെ രക്ഷപ്പെട്ടു; നിസാർ മരിക്കാത്തതിനാൽ വേണുഗോപാൽ ഉൾപ്പെടെ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ടാവും? സമൂഹത്തിനു വിപത്തായി നിസാർ ഒളിവിൽ

ആലപ്പുഴ : പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതു യാദൃച്ഛികമായാണ്. പോൾ കൊല്ലപ്പെട്ടതിനാൽ മറ്റൊരാൾ കൊല്ലപ്പെടാതെ രക്ഷപ്പെട്ടു. അയാൾ രക്ഷപ്പെട്ടതിനാൽ മറ്റു പലരും കൊല്ലപ്പെട്ടു. ഇതാണ് മുത്തുറ്റ് പോൾ എം ജോർജിന്റെ വധത്തിനു ശേഷം സംഭവിച്ചത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ ക്വട്ടേഷൻ സംഘനേതാവായ കുരങ്ങനെന്ന് അപരനാമധേയത്താൽ അറിയപ്പെടുന്ന നിസാറിനെ കൊല്ലാനാണ് കാരി സതീഷും സംഘവും കരാർ ഉറപ്പിച്ച് പായിപ്പാടുനിന്നും ആലപ്പുഴയിലേക്ക് വണ്ടി വിട്ടത്. മാർഗമദ്ധ്യേ എ സി റോഡിൽവച്ച് ക്വട്ടേഷൻ സംഘം കയറിയ വണ്ടിയുടെ ടയർ പഞ്ചറായതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ക്വട്ടേഷൻ സംഘം റോഡരികിൽ വണ്ടി റിപ്പയർ ചെയ്യുന്നതിനിടയിൽ അതുവഴി പാഞ്ഞുപോയ പോളിന്റെ എൻഡവർ കാർ ആലപ്പുഴ തോണ്ടാംകുളങ്ങര സ്വദേശിയായ ഒരാളുടെ ബൈക്കിൽ ഇടിച്ചു.

അപകടം നടന്നിട്ടും നിർത്താതെ പോയ പോളിന്റെ വാഹനത്തെ കാരി സതീശിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം പിന്തുടർന്ന് വണ്ടി തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് എസ് കത്തി കൊണ്ടുള്ള കുത്തേറ്റ് പോൾ മരിച്ചത്. കാരി സതീശ് പോയ വണ്ടി പഞ്ചറായില്ലായിരുന്നെങ്കിൽ പോളിന്റെ കാർ ബൈക്കിലിടിക്കില്ലായിരുന്നു. ബൈക്കിലിടിച്ചില്ലായിരുന്നെങ്കിൽ പോൾ കുത്തേറ്റുമരിക്കില്ലായിരുന്നു. എങ്കിൽ കാരി സതീശ് ഏറ്റെടുത്ത ദൗത്യം, കുരങ്ങു നിസാറിനെ വധിക്കുകയെന്ന ക്വട്ടേഷൻ പൂർത്തിയായേനെ. ഏതായാലും പോൾ എം ജോർജ് മരിച്ചപ്പോൾ കുരങ്ങു നിസാർ രക്ഷപ്പെട്ടു.

പോളിന്റെ മരണത്തിലൂടെ ജീവൻ തിരിച്ചുകിട്ടിയ നിസാറാകട്ടെ ഇന്ന് ക്വട്ടേഷൻ രംഗത്ത് അജയ്യനായി വിലസുകയാണ്. ഇപ്പോൾ നിരവധി ക്രമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് നിസാർ. ഏറ്റവും ഒടുവിൽ ബിജെപി കലൂവർ മേഖലാ സെക്രട്ടറി വേണുഗോപാൽ വധക്കേസിലെ പ്രധാന പ്രതിയാണ്. വേണുഗോപാൽ വധക്കേസിലെ 12 പ്രതികളിൽ നിസാറിനെ മാത്രമാണ് പൊലീസിന് ഇനിയും കിട്ടാനുള്ളത്. ഡി വൈ എഫ് ഐ നേതാവ് എമ്മാച്ചന്റെ കൊലപാതകത്തിലെ ഒന്നാം പ്രതിയായ വേണുവിനെ വധിക്കാൻ നിസാർ നേരിട്ടു ക്വട്ടേഷൻ എടുക്കുകയായിരുന്നു. ഇതിൽ എമ്മാച്ചന്റെ ഭാര്യ സ്മിതി അടക്കമുള്ളവർ കസ്റ്റഡിയിലാണ്.

പൊലീസ് നിസാറിനായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഏതായാലും പോളിന്റെ വധത്തോടെ 'അമരനാ'യി മാറിയ നിസാർ കേരളത്തിലെ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്ന കണ്ണികളിൽ പ്രധാനിയായി മാറിക്കഴിഞ്ഞു. ക്വട്ടേഷൻ കൃത്യനിർവ്വഹണം, പ്രതികളെ ഒളിപ്പിക്കൽ, ഒത്തുതീർപ്പ് എന്നിങ്ങനെ വിവിധങ്ങളായ സേവനങ്ങളാണ് നിസാറിൽനിന്നും ആവശ്യക്കാരന് ലഭിക്കുന്നത്. കലവൂരിലെ ഒരു ഹോട്ടൽ ഉടമയും മറ്റൊരു കുട്ടി ക്വട്ടേഷൻ സംഘവുമായുണ്ടായ കശപിശയാണ് അന്നു നിസാറിനെ വധിക്കാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഹോട്ടലുടമയ്ക്ക് അനുകൂല നിലപാടെടുത്ത നിസാറിനെതിരെ കുട്ടിസംഘം തിരിയുകയായിരുന്നു. ഏതായാലും പോളിന്റെ മരണത്തിലൂടെ ജീവൻ നഷ്ടപ്പെടാതിരുന്ന നിസാർ ഇപ്പോൾ വേണുഗോപാലുൾപ്പെടെയുള്ള എത്ര പേരുടെ കൊലപാതകത്തിനു കാരണമായിട്ടുണ്ടാവും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP