Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് നഗരമധ്യത്തിൽ ട്രാൻസ്ജെൻഡർ യുവതി കൊല്ലപ്പെട്ട സംഭവം: തിരഞ്ഞെടുപ്പ് സമയത്ത് പൊലീസ് ആണയിട്ട് പറഞ്ഞത് പ്രതികൾ വലയിലായെന്നും ചോദ്യം ചെയ്ത് വരികയാണെന്നും; ഒരു മാസം കഴിഞ്ഞിട്ടും പ്രതികൾ കാണാമറയത്ത് തന്നെ; ശാലുവിന്റെ കൊലപാതകക്കേസിൽ മിണ്ടാട്ടം മുട്ടി ഏമാന്മാർ; വോട്ടുചോദിച്ചുവന്നവർക്കും ഇടപെടാൻ മടി; പോസ്റ്റുമോർട്ടം-ഫോറൻസിക് റിപ്പോർട്ടുകളും പുറത്തുവരാതായതോടെ ട്രാൻസ്ജൻഡർ കൂട്ടായ്മ പ്രക്ഷോഭത്തിന്

കോഴിക്കോട് നഗരമധ്യത്തിൽ ട്രാൻസ്ജെൻഡർ യുവതി കൊല്ലപ്പെട്ട സംഭവം: തിരഞ്ഞെടുപ്പ് സമയത്ത് പൊലീസ് ആണയിട്ട് പറഞ്ഞത് പ്രതികൾ വലയിലായെന്നും ചോദ്യം ചെയ്ത് വരികയാണെന്നും; ഒരു മാസം കഴിഞ്ഞിട്ടും പ്രതികൾ കാണാമറയത്ത് തന്നെ; ശാലുവിന്റെ കൊലപാതകക്കേസിൽ മിണ്ടാട്ടം മുട്ടി ഏമാന്മാർ; വോട്ടുചോദിച്ചുവന്നവർക്കും ഇടപെടാൻ മടി; പോസ്റ്റുമോർട്ടം-ഫോറൻസിക് റിപ്പോർട്ടുകളും പുറത്തുവരാതായതോടെ ട്രാൻസ്ജൻഡർ കൂട്ടായ്മ പ്രക്ഷോഭത്തിന്

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒരു മാസം മുമ്പാണ് കോഴിക്കോട് മാവൂർ റോഡിന് സമീപം ട്രാൻസ്ജെൻഡർ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന സമയത്ത് പ്രതി വലയിലായതായും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നുമായിരുന്നു പൊലീസ് അവകാശപ്പെട്ടത്. എന്നാൽ അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ പൊലീസ് വ്യക്തമാക്കുന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുക തന്നെയാണ്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഇതുവരെ നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവയും ഇതുവരെ പുറത്തുവന്നിട്ടില്ല.ട്രാൻസ്ജെൻഡർ യുവതി മൈസൂർ സ്വദേശി ശാലുവിനെ കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശാലുവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്നാണ് സൂചനയെന്ന് പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു. ശാലുവിന്റെ ട്രാൻസ്ജെൻഡർ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും നേരത്തെ ഷൊർണൂരിൽ വെച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമെല്ലാം പറഞ്ഞ പൊലീസ് പക്ഷെ ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തതയില്ലാതെ ഇരുട്ടിൽ തപ്പുകയാണെന്ന് വ്യക്തം.

തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് പ്രതിയെ പിടിച്ചുവെന്നും ചോദ്യം ചെയ്യുകയാണെന്നുമെല്ലാം വാർത്തകൾ നൽകിയ പൊലീസ് ഇപ്പോൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. പ്രതി ശാലുവിനെ നിരന്തരം ഫോണിൽ വിളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെത്തിയ ശാലു രാത്രി വൈകിയും സംഭവ സഥലത്ത് ഇയാളുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പറഞ്ഞ പൊലീസ് ഇപ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ശാലുവിന്റെ സുഹൃത്തുക്കൾ ചോദിക്കുന്നു.
നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപമുള്ള യു കെ ശങ്കുണ്ണി റോഡിലെ ഇടവഴിയിൽ വച്ചാണ് മാർച്ച് 31 ന് ശാലു കൊല്ലപ്പെട്ടത്. കഴുത്തിൽ തുണി കൊണ്ടുള്ള കുരുക്ക് മുറുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ പോറലേറ്റ പാടുകളും ഉണ്ടായിരുന്നു. പുലർച്ചെ പത്ര വിതരണത്തിനെത്തിയ ആളാണ് മൃതദേഹം കണ്ടത്. വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ശാലുവിന്റെ ആന്തരാവയവങ്ങളും സ്രവങ്ങളും കെമിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. രാസപരിശോധനയ്ക്ക് ശേഷം മാത്രമെ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു. എന്നാൽ സംഭവം നടന്നിട്ട് ഇത്രയും കാലം കഴിഞ്ഞിട്ടും അന്വേഷണത്തിലുള്ള പുരോഗതി അവ്യക്തമാണ്. ശാലു താമസിച്ച മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച പൊലീസ് ട്രാൻസ്ജെൻഡർ കൂട്ടായ്മയായ പുനർജനിയുടെ അംഗങ്ങളിൽ നിന്ന് മൊഴിയുമെടുത്തിരുന്നു. ഇതിനപ്പുറം അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാണ്.

ക്രൂരമായ കൊലപാതകം നടന്നിട്ടും രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരാരും അനുശോചനം പോലും രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് പ്രതിയെ പിടിച്ചുവെന്നെല്ലാം കള്ളം പറഞ്ഞ പൊലീസ് ഇപ്പോൾ പൂർണ്ണമായും മൗനത്തിലാണ്. വോട്ട് ചോദിച്ച് തങ്ങളെ സമീപിച്ചവരാരും ഈ അരും കൊല ചെയ്ത ആളുകളെ കണ്ടുപിടിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾക്കൊപ്പം നിന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു. ഏതായാലും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറയുന്നു. മൈസൂരിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ശാലു. ഇവർ ലൈംഗിക തൊഴിലിൽഏർപ്പെട്ടിരുന്നതായും വിവരമുണ്ട്. നടക്കാവ് സി ഐയുടെ നേതൃത്വത്തിലാണ് ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP