Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

ചായ കുടിച്ച ശേഷം അക്രമികൾ കൂളായി വെടിവയ്ക്കുന്നത് കർണി സേനാ തലവനെ മാത്രമല്ല, തങ്ങളുടെ തന്നെ കൂട്ടാളിയെയും; സിസി ടിവി ദൃശ്യങ്ങളിൽ സംഭവം വ്യക്തം; ജയ്പൂർ പൊലീസ് പറയുന്നത് രണ്ടുകാരണങ്ങൾ; പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു; വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം

ചായ കുടിച്ച ശേഷം അക്രമികൾ കൂളായി വെടിവയ്ക്കുന്നത് കർണി സേനാ തലവനെ മാത്രമല്ല, തങ്ങളുടെ തന്നെ കൂട്ടാളിയെയും; സിസി ടിവി ദൃശ്യങ്ങളിൽ സംഭവം വ്യക്തം; ജയ്പൂർ പൊലീസ് പറയുന്നത് രണ്ടുകാരണങ്ങൾ; പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു; വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേന തലവൻ സുഖ്‌ദേവ് സിങ് ഗോഗമേദിയെ വെടിവച്ചുകൊന്ന രണ്ടുപേരെ തിരിച്ചറിഞ്ഞു. ഇവർ മേദിക്കൊപ്പം ചായ കുടിച്ച ശേഷം തൊട്ടടുത്ത് നിന്ന് അഞ്ചുവട്ടം നിറയൊഴിക്കുകയായിരുന്നു. പല ടീമുകളായി തിരിച്ചാണ് പൊലീസിന്റെ അന്വേഷണം. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മേദിയുടെ കൊലപാതകത്തെ തുടർന്ന് രാജസ്ഥാനിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കർണിസേന ഇന്ന് സംസ്ഥാനത്ത് ബന്ദ് ആചരിക്കുകയാണ്.

ഗോഗമേദിക്ക് പുറമേ രണ്ട് അനുയായികൾക്കും വെടിയേറ്റിരുന്നു. ആശുപത്രിയിൽ വച്ചാണ് മേദി മരിച്ചതായി പ്രഖ്യാപിച്ചത്. ഏറ്റുമുട്ടലിനിടെ, അക്രമികൾ തങ്ങളുടെ തന്നെ കൂട്ടാളിയെ വെടിവച്ചുകൊന്നതാണ് ഇപ്പോൾ പൊലീസിനെ കുഴയ്ക്കുന്നത്.

ഇരട്ടകൊലപാതകത്തിന് പിന്നിൽ?

അക്രമികൾ ഗോഗമേദിയെ മാത്രമല്ല, തങ്ങളുടെ തന്നെ കൂട്ടാളി നവീൻ ശേഖാവത്തിനെയും വകവരുത്തിയെന്നതാണ് ഇരട്ടകൊലപാതകത്തിന് പിന്നിലെ പ്രേരണ എന്തെന്ന സംശയം ഉയർത്തുന്നത്. മൂന്നു തോക്കുധാരികളും നവീൻ ശെഖാവത്തും ഒരുമിച്ചാണ് ഗോഗാമേദിയെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. തോക്കുധാരികൾ ഗോഗമേദിയെ വെടിവച്ച് ശേഷം മന: പൂർവമായി നവീൻ ശെഖാവത്തിന് നേരേ തോക്കു ചൂണ്ടുകയായിരുന്നു. തന്നെ കൂട്ടാളികൾ പെട്ടെന്ന് ആക്രമിച്ചപ്പോൾ ശെഖാവത്ത് പകച്ചുപോയെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

പൊലീസ് പറയുന്ന രണ്ടുകാരണങ്ങൾ

കൊലപാതകം ആസൂത്രണം ചെയ്തവർ വാടക കൊലയാളികളെ ആവാം നിയോഗിച്ചത്. സംഘത്തെ കുറിച്ച് നിർണായക വിവരങ്ങൾ അറിയാവുന്ന ശെഖാവത്തിനെ വകവരുത്തി ദൃക്‌സാക്ഷികളെ ഇല്ലാതാക്കാൻ കൊലയാളികൾക്ക് നിർദ്ദേശം കിട്ടിയിരിക്കാം.

ഗോഗാമേദിയെ വെടിവച്ചപ്പോൾ ശെഖാവത്ത് പെട്ടുപോയതാവാം. എന്നാൽ, സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ, ശെഖാവത്തിനെ മന: പൂർവം വെടിവയ്ക്കുന്നതായാണ് മനസ്സിലാകുന്നത്. ശെഖാവത്തിനെ കൊലയാളികൾ മാത്രമല്ല, മേദിയുടെ സുരക്ഷാ ഭടന്മാരും വെടിവയ്ക്കുന്നതായി കാണാം.

പ്രതികൾ സഞ്ചരിച്ച എസ് യു വി പിടിച്ചെടുത്തു

പ്രതികൾ ഗോഗാമേദിയുടെ വീട്ടിലെത്താനായി വാടകയ്ക്ക് എടുത്ത എസ് യു വി പൊലീസ് പിടിച്ചെടുത്തു. കാറിൽ നിന്ന് മദ്യകുപ്പികൾ അടക്കം കണ്ടെടുത്തു.

ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയി എന്നീ അധോലോക തലവന്മാരുമായി അടുത്ത ബന്ധമുള്ള രോഹിത് ഗൊദാര ഇന്നലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. നേരത്തെ സുഖ്‌ദേവ് സിങ് ഗോഗമേദിയെ, രോഹിത് ഗൊദാര ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രജപുത്ര നേതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രാർ എൻഐഎ അന്വേഷിക്കുന്ന ക്രിമിനലാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകകേസിലും പ്രതിയാണ്.

മേദിയുടെ ജയ്പൂരിലെ വസതിയിൽ, അദ്ദേഹത്തിനൊപ്പം ചായ കുടിച്ച ശേഷം, അക്രമികൾ കൂളായി വെടിവച്ചതിന്റെ വീഡിയോ ഞെട്ടിക്കുന്നതാണ്. തൊട്ടടുത്ത് നിന്ന് അഞ്ചുതവണയെങ്കിലും വെടിവെച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. അനക്കമില്ലാതാകുന്നത് വരെ ഗോഗമേദിയെ തുടർച്ചയായി വെടിവയ്ക്കുന്നതിന്റെ 20 സെക്കന്റ് ക്ലിപ്പ് ഞെട്ടിപ്പിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP