Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

27കാരിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലകുറ്റത്തിന് കേസ്; നടപടി ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലിൽ പാർപ്പിച്ചതിനും; ഗീതാലാലും മകൻ ചന്തുലാലും ആഭിചാരക്രിയകളിൽ അഗ്രഗണ്യരായിരുന്നെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് അന്ധവിശ്വാസം മൂലം കാട്ടിയിരുന്ന ക്രൂരതയുടെ കഥകൾ; യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

27കാരിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലകുറ്റത്തിന് കേസ്; നടപടി ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലിൽ പാർപ്പിച്ചതിനും; ഗീതാലാലും മകൻ ചന്തുലാലും ആഭിചാരക്രിയകളിൽ അഗ്രഗണ്യരായിരുന്നെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് അന്ധവിശ്വാസം മൂലം കാട്ടിയിരുന്ന ക്രൂരതയുടെ കഥകൾ; യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കരുനാഗപ്പള്ളിയിൽ 27കാരിയെ ക്രൂരമായി മർദ്ദിക്കുകയും തടവിൽ വച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി. യുവതിക്ക് ചികിത്സ നിഷേധിച്ചതിനും നാളുകളോളം വീട്ടു തടങ്കലിൽ പാർപ്പിച്ചതിനുമാണ് ഭർത്താവ് ചന്തുലാലിനെതിരെയും ഇയാളുടെ മാതാവ് ഗീതാലാലിനെതിരെയും കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) മാർച്ച് 21ന് അർധരാത്രിയാണ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ 21നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അന്നേദിവസം ഉച്ചയ്ക്ക് 12ന് കൊല്ലം ജില്ലാ ആശുപത്രിയിൽ തുഷാരയെ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ഏറെ നാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും ആഹാരം ലഭിക്കാതെ ഇവർക്ക് 20 കിലോയോളം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. രോഗം ബാധിച്ച് അവശനിലയിലായെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.

ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ തുഷാരയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവായ ചന്തുലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരമാസകലം മുറിവുകളും ചതവുകളും ഉണങ്ങിയ മുറിപ്പാടുകളും കണ്ടെത്തിയിരുന്നു. ഭക്ഷണം ലഭ്യമാകാത്തതിനെ തുടർന്ന് നുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പരിശോധനാ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് യുവതിയുടെ ഭർത്താവിന് നേരെ അന്വേഷണം നീണ്ടത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം. ഇവിടെ ഇവർ മന്ത്രവാദ ക്രിയകൾ ചെയ്യുന്നതിൽ എതിർപ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവർ താമസിച്ചിരുന്നത് നാട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടായിരുന്നു.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2013-ലാണ് തുഷാരയുടെയുംചന്തുലാലിന്റെയും വിവാഹം നടന്നത്. പ്രാക്കുളം കാഞ്ഞാവെളിയിൽ താമസിച്ചിരുന്ന ചന്തുലാലിന്റെ കുടുംബം ഇവിടെ ദുർമന്ത്രവാദം നടത്തിയിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു വസ്തുവും വീടും വിറ്റ ഇവർ രണ്ടു വർഷമായി ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. സ്വന്തമായി വാങ്ങിയ വസ്തുവിൽ വീട് നിർമ്മിച്ച് പുരയിടത്തിനു ചുറ്റും ടിൻഷീറ്റ് കൊണ്ട് മറച്ചിരുന്നു.

ഇവിടെ അയൽവാസികൾക്കോ അപരിചിതർക്കോ പ്രവേശനം നിഷേധിച്ചിരുന്നു. വീടിന് മുൻവശത്തായി സ്ഥാപിച്ചിട്ടുള്ള ക്ഷേത്രത്തിൽ ദുർമന്ത്രവാദവും പ്രശ്‌നം വയ്പും നടത്തിവരികയായിരുന്നു ചന്തുലാലിന്റെ മാതാവ് ഗീതാലാൽ. രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ ഇവിടെ വന്നുപോകാറുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വീട്ടിനുള്ളിൽ ചെല്ലാൻ ശ്രമിച്ചെങ്കിലും പുരയിടത്തിൽപ്പോലും കടക്കാൻ അനുവദിച്ചിരുന്നില്ല.

രണ്ടു വർഷമായി ഇവിടെ താമസിച്ചുവന്നിരുന്ന തുഷാരയേയോ മറ്റംഗങ്ങളേയോ പരിസരവാസികൾ കണ്ടിരുന്നില്ല. വീട്ടിൽനിന്നും സ്ത്രീയുടെ നിലവിളിയും ഞരക്കങ്ങളും കൂടെക്കൂടെ കേൾക്കാറുണ്ടായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. വിവാഹശേഷം സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. ആറ് വർഷത്തിനിടെ മൂന്നു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടിൽ പോയത്.

തുഷാരയെ കാണാനായി ബന്ധുക്കൾ എത്തിയാൽ ഇവരെ കാണാൻ അനുവദിക്കില്ല. മാത്രമല്ല ഇവർ വന്നതിന്റെ പേരിൽ ഭർത്താവും മാതാവും ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താൽ ബന്ധുക്കൾ ഇവിടെ സന്ദർശിച്ചിരുന്നില്ല. പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രമേ തുഷാര കഴിച്ചിരുന്നുള്ളുവെന്ന് ഭർത്താവ് ചന്തുലാൽ പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP