Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ; പ്രതികൾ സഞ്ചരിച്ച കാർ തടയാൻ ശ്രമിച്ചെങ്കിലും അതി വേഗതയിൽ ഓടിച്ചു പോയി; പിടികൂടിയത് കാറിനെ പിന്തുടർന്നുള്ള സിനിമാ സ്റ്റൈൽ ചേസിൽ

തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ; പ്രതികൾ സഞ്ചരിച്ച കാർ തടയാൻ ശ്രമിച്ചെങ്കിലും അതി വേഗതയിൽ ഓടിച്ചു പോയി; പിടികൂടിയത് കാറിനെ പിന്തുടർന്നുള്ള സിനിമാ സ്റ്റൈൽ ചേസിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ (29) മരിച്ചു കിടന്ന നിലയിൽ കാണപ്പെട്ട സംഭവത്തിൽ 3 പേരെ കൂടി നിലമ്പൂർ പൊലിസ് അറസ്റ്റു ചെയ്തു. ഒളിവിൽ പോയ പ്രതി മഞ്ചേരി മാലാംകുളം സ്വദേശി മധുരക്കറിയൻ ഷാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച മഞ്ചേരി മുളമ്പാറ സ്വദേശികളായ തെക്കുംപുറം മുഹ്സിൻ (27), അത്തിമണ്ണിൽ അൻവർ ഷാഹിദ് (25), മുട്ടിപ്പാലം സ്വദേശി പേരാപ്പുറം ജാഫർ ഖാൻ (24), എന്നിവരെയാണ് നിലമ്പൂർ ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്.

ഇന്നു രാവിലെ 10മണിയോടെ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ഗൂഡല്ലൂർ ഭാഗത്തു നിന്നും വരുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം വച്ച് പൊലിസ് കാർ തടയാൻ ശ്രമിച്ചെങ്കിലും അതി വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് കാർ പിൻതുടർന്ന പൊലിസ് നിലമ്പൂർ പോസ്റ്റ് ഓഫിസിനു സമീപം വച്ച് തടഞ്ഞ് കാറിൽ സഞ്ചരിച്ച 3 പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നിലമ്പൂർ ഡി.വൈ.എസ്‌പി സാജു.കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ നവീൻ ഷാജ്, എഎസ്ഐമാരായ വി.കെ.പ്രദീപ്, റെനി ഫിലിപ്പ്, അൻവർ സാദത്ത്, ജാഫർ.എ, സജേഷ്, ധനേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ എം.അസൈനാർ, എൻ.പി സുനിൽ, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജോക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ 12 പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും പടങ്ങൾ അറസ്റ്റിലായ പ്രതികൾ മുഹ്സിൻ, അൻവർ ഷാഹിദ്, ജാഫർ ഖാൻ.

മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിന്റെ മരണം ക്രൂരമായ ശാരീരിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മുജീബിനെ താമസ സ്ഥലത്തു നിന്നും കൂട്ടി കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് മർദ്ദിച്ച 12 പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് പൊലീസ് രേഖപ്പെടുത്തിയത്. മമ്പാട് തുണിക്കട ഉടമ മഞ്ചേരി കാരക്കുന്ന് സ്വദേശികളായ മൂലത്ത് അബ്ദുൾ ഷഹദ് എന്ന ബാജു(23), നടുവൻതൊടിക ഫാസിൽ(23), കൊല്ലേരി മുഹമ്മദ് മിഷാൽ(22), ചിറക്കൽ മുഹമ്മദ് റാഫി(23), പയ്യൻ ഷബീബ്(28), പുൽപ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീർ അലി എന്ന കിളി(23), മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി(27), മംഗലശ്ശേരി സ്വദേശി നമ്പൻകുന്നൻ മർവാൻ എന്ന മെരു(23), കാരാപറമ്പ് സ്വദേശി വള്ളിപ്പാടൻ അബ്ദുൾ അലി(36), നറുകര സ്വദേശി പുത്തലത്ത് ജാഫർ(26), മഞ്ചേരിയിലെ വാടക സ്റ്റോർ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ്(56), ഇയാളുടെ മകൻ മുഹമ്മദ് അനസ്(25) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഈ മാസം 17 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇൻഡസ്ട്രിയൽ വർക്ക് കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്നയാളാണ് മരിച്ച മുജീബ് റഹ്മാൻ. രണ്ടുമാസം മുൻപ് തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരി 32 ലുള്ള ഹാർഡ് വേഴ്‌സിൽ നിന്നും 64000 രൂപ വില വരുന്ന സാധനങ്ങൾ വാങ്ങിയിരുന്നു. പണം പിന്നീട് നൽകാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുത്തില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്നും താമസം മാറിയിരുന്നു. തുടർന്ന് ഷഹദ് കൂട്ടുകാരുമായി ചേർന്ന് മുജീബിനെ തട്ടി കൊണ്ടു വരാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഇതിനായി മുജീബിന്റെ സഹായികളായി മുൻപ് ജോലി ചെയ്തിരുന്ന മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവർമാരായ അബ്ദുൾ അലിയുടേയും, ജാഫറിന്റേയും സഹായം തേടി. ഇതിനായി ഇവർക്ക് 10000 രൂപയും ഷഹദ് വാഗ്ദാനം ചെയ്തു. അബ്ദുൾ അലിക്കും മുജീബ് പണം കൊടുക്കാനുണ്ടായിരുന്നു. ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലം മനസ്സിലാക്കിയ അബ്ദുൾ അലി, ജാഫറിനേയും കൂട്ടി, 17 ന് ഉച്ച കഴിഞ്ഞ് 03.30 മണിയോടെ മുജീബിന്റെ ജോലി സ്ഥലത്തെത്തി പണം തിരികെ ചോദിച്ച് വാക്കു തർക്കം ഉണ്ടാകുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.

തുടർന്ന് സ്ഥലത്തു നിന്നും മടങ്ങി പോയ അബ്ദുൾ അലിയും ജാഫറും മഞ്ചേരിയിൽ എത്തി ഷഹദിനേയും, മഞ്ചേരിയിൽ വാടക സ്റ്റോർ നടത്തുന്ന കുഞ്ഞഹമ്മദിനേയും, മകൻ മുഹമ്മദ് അനസിനേയും തുറക്കലേക്ക് വിളിച്ചു വരുത്തി. ഇവരുടെ കടയിൽ നിന്നും വാടകക്കെടുത്ത സാധനങ്ങൾ തിരിച്ചു കൊടുക്കാത്തതിനാൽ ഇവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഷഹദും, സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും കാറിൽ തുറക്കലെത്തി. അവിടെ വെച്ച് എല്ലാവരും ഒരുമിച്ച് മുജീബിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് പണം തിരിച്ചു വാങ്ങാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.

തുടർന്ന് ഷഹദിന്റെ കാറിലും ജാഫറിന്റെ ഓട്ടോറിക്ഷയിലുമായി വൈകുന്നേരം 07.00 മണിയോടെ ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികൾ മുജീബിനെ ബലമായി കാറിൽ കയറ്റി തട്ടി കൊണ്ടു പോരുകയായിരുന്നു. തുടർന്ന് കാരക്കുന്ന് ഹാജ്യാർ പള്ളി എന്ന സ്ഥത്തെ വിജനമായ ഗ്രൌണ്ടിലെത്തിച്ച് കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികൾ മർദ്ദനം തുടരുകയും നിലവിളിക്കാൻ ശ്രമിച്ച മുജീബിന്റെ വായിൽ തുണി തിരുകിയും പ്രതികൾ മർദ്ദനം തുടർന്നു. മർദ്ദനത്തിന്റെ ഫോട്ടോ പ്രതികൾ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

പണം കിട്ടാതെ വന്നപ്പോൾ പണം കിട്ടിയിട്ടേ നീ പുറം ലോകം കാണൂ എന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുജീബിനെ ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേർന്നുള്ള ഗോഡൗണിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 04.30 മണിയോടെ കാറിൽ മുജീബിനെ കയറ്റി ഗോഡൗണിൽ എത്തിക്കുകയും കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് വീണ്ടും മർദ്ദനം ആരംഭിക്കുകയായിരുന്നു. തുടർന്ന് നേരം വെളുത്ത് ടൗണിൽ ആളുകൾ എത്താൻ തുടങ്ങിയപ്പോൾ പ്രതികൾ മർദ്ദനം അവസാനിപ്പിച്ച് മുജീബിനെ റൂമിൽ പൂട്ടിയിട്ട് പുറത്തേക്കു പോയി. മുമ്പ് ബാങ്കിന്റെ സ്‌ട്രോംങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയിലാണ് മുജീബിനെ ബന്ധിച്ചത്.

തുടർന്ന് വീട്ടിൽ പോയ പ്രതികൾ രാവിലെ 10.00 മണിയോടെ തിരിച്ചെത്തിയ ഗോഡൗൺ തുറന്നുനോക്കിയപ്പോൾ മുജീബ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ ഗോഡൗണിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഒന്നാം പ്രതി ഷഹദിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP