Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാര്യ ഗൾഫിലും അമ്മയും മകളും ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിലും; സജിയുടെ ഉറക്കം കടത്തിണ്ണയിലും; അഗതി മന്ദിരത്തിലെ കൊലപാതകത്തിലെ പ്രതി പ്രത്യേക മനോനില ഉള്ളയാളെന്നു പൊലീസ്; സാന്ത്വനത്തിന്റെ പ്രവർത്തനത്തിൽ ദുരൂഹത ഏറെ

ഭാര്യ ഗൾഫിലും അമ്മയും മകളും ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിലും; സജിയുടെ ഉറക്കം കടത്തിണ്ണയിലും; അഗതി മന്ദിരത്തിലെ കൊലപാതകത്തിലെ പ്രതി പ്രത്യേക മനോനില ഉള്ളയാളെന്നു പൊലീസ്; സാന്ത്വനത്തിന്റെ പ്രവർത്തനത്തിൽ ദുരൂഹത ഏറെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഓമല്ലൂരിന് സമീപം മാത്തൂർ സാന്ത്വനം മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി എരുമേലി കനകപ്പലം പതാലിൽ വീട്ടിൽ സജി പ്രത്യേക മനോനിലയുള്ളയാളെന്നു പൊലീസ്. ഭാര്യ ഗൾഫിലും മക്കളും മാതാവും ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിലുമുള്ള ഇയാൾ അന്തിയുറങ്ങിയിരുന്നത് കടത്തിണ്ണകളിലും അമ്പലപ്പറമ്പിലുമായിരുന്നു. വൽസലാമ്മയെ കൊന്ന് താനും മരിക്കുമെന്ന് സജി നേരത്തേ പറഞ്ഞിരുന്നതായി സ്ഥാപനം നടത്തിപ്പുകാരി സീനത്ത് പറയുന്നു. അതേസമയം സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസും സാമൂഹികക്ഷേമ ബോർഡ് ജില്ലാ ഓഫീസറും സാക്ഷ്യപ്പെടുത്തുന്നു. ഒരു പരിശോധനയോടും സഹകരിക്കാത്ത ഇവർ തങ്ങൾക്ക് മന്ത്രിതലത്തിലുള്ള സ്വാധീനം എടുത്തു കാട്ടിയാണ് ഉദ്യോഗസ്ഥരെ വിരട്ടിയിരുന്നത്.

അതേസമയം, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുണ്ടെന്ന് ജില്ലാ സാമൂഹികക്ഷേമ ഓഫീസർ പറഞ്ഞു. എന്നാൽ, മാനദണ്ഡങ്ങൾ മറികടന്നാണ് ഇതിന്റെ പ്രവർത്തനമെന്ന് പലതവണ പരാതി കിട്ടിയിട്ടുണ്ട്. ഇതനുസരിച്ച് പരിശോധനയ്ക്കായി രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയാൽ ഇവരുടെ ഭാഗത്തുനിന്നു മറുപടി ഉണ്ടാകാറില്ല. ശരിയായ അന്വേഷണം നടത്താതെ ഉന്നതങ്ങളിലുള്ള സ്വാധീനം കൊണ്ടുമാത്രമാണ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം നേടിയതെന്ന് സംശയമുണ്ട്. രജിസ്‌ട്രേഷൻ നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിട്ടില്ല.

55 വയസിന് മുകളിൽ പ്രായമുള്ള അനാഥരും വിധവകളുമായ സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള ഓൾഡ് ഏജ് ഹോമിനാണ് ഓർഫനേജ് കൺട്രോൾ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ഇവിടെ കൂടുതലായി ഉള്ളതും 55 വയസിൽ താഴെ പ്രായമുള്ള സ്ത്രീകളാണ്. നോട്ടീസ് നൽകിയിട്ടും രേഖകൾ ഹാജരാക്കാതെ വരുമ്പോൾ സാമൂഹികക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനയ്ക്ക് ചെല്ലുന്ന പതിവുണ്ട്. ആ സമയം പ്രായപരിധി ലംഘിച്ചുള്ള സ്ത്രീകളെ അവിടെ കണ്ടിട്ടുമുണ്ട്. ഒന്നുകിൽ സ്റ്റാഫ് ആണ് അല്ലെങ്കിൽ ജനപ്രതിനിധികൾ ശിപാർശ ചെയ്തിട്ട് താമസിപ്പിച്ചിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് തലയൂരും. കൊല്ലപ്പെട്ട വൽസല അഞ്ചുവർഷമായി ഇവിടത്തെ അന്തേവാസിയാണെന്നാണ് സീനത്ത് പറയുന്നത്. ഇതു തന്നെ നിയമലംഘനം സമ്മതിക്കലാണ്.

മുൻപ് മൈലപ്രയിലെ വാടകവീട്ടിൽ ഒരു ലൈസൻസുമില്ലാതെ നടത്തി വന്ന സ്ഥാപനം പൊലീസും സാമൂഹിക ക്ഷേമവകുപ്പും ചേർന്ന് പൂട്ടിക്കുകയായിരുന്നു. സ്വന്തം കെട്ടിടത്തിൽ വേണം അഗതിമന്ദിരം പ്രവർത്തിക്കാൻ എന്ന ചട്ടം പറഞ്ഞായിരുന്നു ഇത്. അതിന് ശേഷമാണ് മാത്തൂരിലേക്ക് മാറ്റിയത്. ഇപ്പോഴുള്ളത് സ്വന്തം കെട്ടിടമാണ്. അടുത്തിടെ അനധികൃത ഓൾഡ് ഏജ് ഹോമുകൾക്കെതിരേ പരിശോധന നടത്താൻ ജില്ലാ സാമൂഹികക്ഷേമ വകുപ്പ് ഓഫീസർ, ഡി.എം.ഓ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ എന്നിവരടങ്ങുന്ന സംഘം ഇവിടെ എത്തിയെങ്കിലും സഹകരിക്കുകയുണ്ടായില്ല. ഉന്നതങ്ങളിലെ പിടിപാടിന്റെ പേര് പറഞ്ഞ് ഉദ്യോഗസ്ഥരെ വിരട്ടാനുള്ള ശ്രമമാണത്രേ നടന്നത്. അഗതി മന്ദിരം തുടങ്ങാൻ സ്ഥലം വിട്ടുനൽകിയ സാമുവൽ, ഇതിന്റെ നടത്തിപ്പിനെതിരേ നൽകിയ പരാതി ഇപ്പോഴും സാമൂഹികക്ഷേമ ഓഫീസിലുണ്ട്. അന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹികക്ഷേമ ഓഫീസർ സി.ഐക്ക് നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

ഇന്നലെ സാമൂഹിക ക്ഷേമ ഓഫീസറും സംഘവും സ്ഥലം സന്ദർശിച്ചു. വിശദമായ റിപ്പോർട്ട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കിട്ടിക്കഴിഞ്ഞ് ഓർഫനേജ് കൺട്രോൾ ബോർഡിന് കൈമാറും. അതിന് ശേഷം അവരാണ് നടപടിയെടുക്കേണ്ടത് എന്നാണ് സാമൂഹികക്ഷേമ ഓഫീസർ പറയുന്നത്. ചട്ടങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലൈസൻസ് നൽകിയ ഓർഫനേജ് കൺട്രോൾ ബോർഡ് ഒരു നടപടിയും സ്വീകരിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. ഓർഫനേജ് കൺടോൾ ബോർഡിന്റെ ഉത്തരവുണ്ടായാൽ അന്തേവാസികളെ മറ്റ് അഗതിമന്ദിരങ്ങളിലേക്ക് മാറ്റി സ്ഥാപനം പൂട്ടാൻ നിയമം ഉണ്ടെന്ന് സാമൂഹികക്ഷേമ ഓഫീസർ പറഞ്ഞു.

സാന്ത്വനത്തിന്റെ നടപടികൾക്ക് സുതാര്യതയില്ലെന്ന് നാട്ടുകാരും അയൽവാസികളും ആണയിട്ടു പറയുന്നു. പ്രധാന റോഡിൽ നിന്ന് അരക്കിലോമീറ്ററോളം അകത്തേക്ക് കയറി ഒതുങ്ങിയ സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ല. രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ ഇവിടെ വന്നു പോകുന്നുണ്ട്. കൂടുതലും മറ്റുജില്ലകളിൽ നിന്നാണ്. ഇടയ്ക്കിടെ ആംബുലൻസുകളും വരുന്നുണ്ടത്രേ. അതാകുമ്പോൾ ആർക്കും തടയാനും കഴിയില്ല. അയൽവാസികളുമായി ഇവർ അത്ര രസത്തിലല്ല. തൊട്ടടുത്ത് താമസിക്കുന്നവർ പറയുന്നത് തങ്ങളെ ഇവിടെ നിന്ന് ഓടിക്കാനുള്ള ശ്രമമാണ് സീനത്തും സംഘവും നടത്തുന്നത് എന്നാണ്. ചോദ്യം ചെയ്താൽ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണി മുഴക്കുമെന്നും പറയുന്നു. പഞ്ചായത്തിന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ പ്രവർത്തന അനുമതി വേണമെന്നാണ് നിയമം. ഇതു രണ്ടും സ്ഥാപനത്തിന് ഇല്ലെന്നാണ് പറയുന്നത്.

അഗതിമന്ദിരം കൊലക്കേസിലെ പ്രതി രക്ഷപ്പെടാൻ കാരണമായത് പൊലീസിനെ അറിയിക്കാൻ വൈകിയതു കൊണ്ടാണെന്ന് ഡിവൈ.എസ്‌പി എ. സന്തോഷ്‌കുമാർ പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് വിവരം അറിഞ്ഞത്. അതും ആശുപത്രിയിൽ യാദൃച്ഛികമായി വന്നു പെട്ട പൊലീസുകാർ മുഖേന. ഉടൻ തന്നെ പൊലീസ് സംഘം മാത്തൂരിലെത്തി നേരം വെളുക്കുന്നതു വരെ തെരച്ചിൽ നടത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. സ്ഥാപനത്തെപ്പറ്റി ഒരു പാട് പരാതികൾ നാട്ടുകാർക്കുണ്ടെന്ന് ഡിവൈ.എസ്‌പിയും പറഞ്ഞു. മുൻപ് സാമൂഹികക്ഷേമ ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തിയതാണ്. അന്ന് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിരുന്നു. തെറ്റുകൾ തിരുത്താമെന്ന നടത്തിപ്പുകാരുടെ ഉറപ്പിനെ തുടർന്നാണ് നടപടി ഒഴിവാക്കിയത്. ഇവിടെ രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടുവെന്നും ഡിവൈ.എസ്‌പി പറഞ്ഞു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉന്നതങ്ങളിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വൽസലയെ കൊന്ന് താൻ ജീവനൊടുക്കുമെന്ന് സജി നേരത്തേ പറഞ്ഞിരുന്നതായി സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്‌സൺ സീനത്ത്. ആറുമാസം മുമ്പാണ് സജി ഇവിടെ ജോലിക്ക് ചേർന്നത്. പെരുമാറ്റത്തിൽ തെറ്റായൊന്നും കണ്ടിരുന്നില്ല. മദ്യപാനവും പുകവലിയുമൊന്നും ഇവിടെ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. അത് ഏറെക്കുറെ പാലിക്കുകയും ചെയ്തു. എങ്കിലും ഒളിച്ചും പതുങ്ങിയുമൊക്കെ പുകവലി നടത്തിയിരുന്നു. മൂന്നുമാസം മുമ്പൊരു ദിവസം താൻ പുറത്തു പോയിട്ട് വരുമ്പോൾ വൽസല ക്ഷീണിതയായി കാണപ്പെട്ടു. അവരുടെ ചുണ്ട് ആരോ കടിച്ചു മുറിച്ചതു പോലെ ഇരുന്നു. കാരണം ചോദിച്ചപ്പോൾ സജി തന്നെ ആക്രമിച്ചെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും പറഞ്ഞു. അന്നു തന്നെ ഇയാളെ ഇവിടെ നിന്ന് പറഞ്ഞയയ്ക്കുകയും ചെയ്തുവെന്ന് സീനത്ത് പറഞ്ഞു. എരുമേലിക്കാരനായ സജിയുടെ ബന്ധുക്കൾ തന്റെ വീടായ പത്തനാപുരത്ത് അയൽവാസികളായുണ്ട്. അവരുടെ അഭ്യർത്ഥന പ്രകാരമാണ് ജോലിക്ക് വച്ചത്. ഇവിടെനിന്ന് പറഞ്ഞു വിട്ടതിന് ശേഷം അവരോടാണ് താൻ വൽസലയെ കൊന്ന് ജീവനൊടുക്കുമെന്ന് സജി പറഞ്ഞതെന്നും സീനത്ത് പറഞ്ഞു.

അഞ്ചു വർഷം മുൻപാണ് വി. കോട്ടയം സ്വദേശിനിയായ വൽസല സാന്ത്വനത്തിൽ വന്നത്. മറ്റൊരു അഗതി മന്ദിരത്തിൽ നിന്നാണ് ഇവിടേക്ക് മാറിയത്. വീട്ടിൽ ഭർത്താവും രണ്ടുമക്കളുമുണ്ട്. അവരുമായി രസത്തിലായിരുന്നില്ല. ആരുമായും അടുപ്പം കാട്ടുന്ന പ്രകൃതവും അല്ലായിരുന്നു. മാനസികദൗർബല്യം ഉള്ളതായി പറയപ്പെട്ടിരുന്നുവെങ്കിലും ഇവിടെ വന്നതിന് ശേഷം അതൊന്നും കണ്ടില്ല. എല്ലാ ജോലികളും ചെയ്യുമായിരുന്നു. വേഗതയില്ല എന്നൊരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൽസലയ്ക്ക് സജിയുമായി അടുപ്പമൊന്നുമില്ലായിരുന്നു. എന്നാൽ, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സജി അവരെ ആ രീതിയിൽ സമീപിച്ചിരുന്നതായി സംശയമുണ്ടെന്നും സീനത്ത് പറഞ്ഞു.

നേരത്തേ മൈലപ്രയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇവിടേക്ക് മാറ്റിയത് സാമുവൽ എന്നയാൾ 10 സെന്റ് സ്ഥലം നൽകിയപ്പോഴാണ്. അതിന് അദ്ദേഹത്തിന് മൂന്നു ലക്ഷം രൂപയും നൽകിയിരുന്നു. ഒരു ട്രെയിൻ അപകടത്തിൽ അദ്ദേഹത്തിന്റെ മകൾ ജെസിയുടെ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. അവരെക്കൂടി ഇവിടെ സംരക്ഷിച്ചിരുന്നു. എന്നാൽ, കുറേനാൾ കഴിഞ്ഞപ്പോൾ ഇവിടുത്തെ സംരക്ഷണയിൽ കഴിയുന്നതിൽ എന്തോ നാണക്കേട് തോന്നി അവർ ഇവിടം വിട്ടു പോവുകയായിരുന്നു. മൂന്നുവർഷം മുമ്പാണ് ഇവിടെ സ്ഥാപനം തുടങ്ങിയത്. എല്ലാ വിധ ലൈസൻസുകളും സ്ഥാപനത്തിനുണ്ട്. 25 വനിതകളെയാണ് ഇവിടെ സംരക്ഷിക്കുന്നത് എന്നും സീനത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP