Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാക്കിൽ കെട്ടിത്താഴ്‌ത്തി മൃതദേഹം ഉയർന്നു വന്നിട്ട് വർഷം ഒന്നരയായി; ചാക്കിലെ കോൺക്രീറ്റ് കഷ്ണം കുമ്പളത്തേതെന്ന് ഇപ്പോൾ സംശയം; ചുരുൾ അഴിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്; മരിച്ചത് ഇതരസംസ്ഥാനക്കാരനെന്ന് ഉറച്ച് പൊലീസും; നെട്ടൂരിലെ അർജുനെ കൊന്നതും സമാന രീതിയിൽ; മയക്കുമരുന്ന് മാഫിയയെ അജ്ഞാത കൊലയിലും സംശയിച്ച് പൊലീസ്

ചാക്കിൽ കെട്ടിത്താഴ്‌ത്തി മൃതദേഹം ഉയർന്നു വന്നിട്ട് വർഷം ഒന്നരയായി; ചാക്കിലെ കോൺക്രീറ്റ് കഷ്ണം കുമ്പളത്തേതെന്ന് ഇപ്പോൾ സംശയം; ചുരുൾ അഴിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്; മരിച്ചത് ഇതരസംസ്ഥാനക്കാരനെന്ന് ഉറച്ച് പൊലീസും; നെട്ടൂരിലെ അർജുനെ കൊന്നതും സമാന രീതിയിൽ; മയക്കുമരുന്ന് മാഫിയയെ അജ്ഞാത കൊലയിലും സംശയിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒന്നരവർഷം മുമ്പ് എറണാകുളത്തെ കുമ്പളത്ത് ചാക്കിൽ കെട്ടിത്താഴ്‌ത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുൾ ഇനിയും അഴിക്കാനാവാതെ പൊലീസ്. യുവാവ് കൊല്ലപ്പെട്ട് ഒന്നര വർഷമായിട്ടും യാതൊരു അന്വേഷണമോ കാണാതായതുമായി ബന്ധപ്പെട്ട കേസുകളൊ റിപ്പോർട്ടു ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇതരസംസ്ഥാനത്തു നിന്നുള്ള ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. ഇതിനിടെയാണ് മൃതദേഹം കെട്ടിത്താഴ്‌ത്താൻ ഉപയോഗിച്ച കോൺക്രീറ്റ് കഷണത്തോടു സാദൃശ്യമുള്ള കോൺക്രീറ്റ് തൂൺ കുമ്പളത്തുണ്ടെന്ന തിരിച്ചറിവാണ് ഇപ്പോൾ വീണ്ടും ഇത് ചർച്ചയാകൻ കാരണം. 

നെട്ടൂർ അർജുൻ കൊലക്കേസാണ് ഈ കേസും സജീവമാക്കുന്നത്. അർജുനെ കൊന്നതും മയക്കുമരുന്ന് സംഘമാണ്. കൊന്ന ശേഷം ചതുപ്പിൽ താഴ്‌ത്തി കോൺക്രീറ്റ് എടുത്തു വയ്ക്കുകയായിരുന്നു. ഈ കുറ്റകൃത്യത്തിന്റെ ക്രൂരത വെളിവാക്കി പൊലീസിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. അർജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ചു ചതുപ്പിൽ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. നെട്ടൂർ മാളിയേക്കൽ നിബിൻ പീറ്റർ(20), നെട്ടൂർ കുന്നലയ്ക്കാട് റോണി (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്ദു(21), കുമ്പളം നോർത്ത് തണ്ടാശേരി നികർത്തിൽ അജിത് കുമാർ(21) എന്നിവരെ ബുധനാഴ്ച വരെയാണു പൊലീസിനു കസ്റ്റഡിയിൽ നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്. ഈ അന്വേഷണത്തിനിടെയാണ് പഴയ കൊലപാതകത്തിലെ സംശയങ്ങളും തെളിഞ്ഞ് വരുന്നത്.

2017 നവംബർ എട്ടിനാണ് ഇവിടെ ചാക്കിൽ കെട്ടിത്താഴ്‌ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി മുഖത്ത് ടേപ്പ് ഒട്ടിച്ച് ചാക്കിൽ കല്ലുകെട്ടി താഴ്‌ത്തിയ നിലയിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. 26 വയസ് മുതൽ 30 വയസ് വരെയുള്ളയാളാണ് മരിച്ചത് എന്നാണ് അന്ന് ഫൊറൻസിക് വിദഗ്ദ്ധർ വിലയിരുത്തിയത്. മൃതദേഹം ഒഴുകി വന്നതാകാമെന്ന സാധ്യത പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മൃതദേഹം വള്ളത്തിൽ കൊണ്ടുവന്ന് ഇവിടെ കെട്ടിത്താഴ്‌ത്തിയതാകാനാണ് സാധ്യത. 30 പൊലീസുകാർ ഉൾപ്പെടുന്ന ഏഴു സംഘങ്ങൾ ഇതിനകം കേസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

മസ്ജിദ് റോഡിന് കിഴക്കു ഭാഗത്തെ ഒഴിഞ്ഞ പറമ്പിനോടു ചേർന്ന കായലോരത്തുള്ള തൂണിന്റെ പൊട്ടിയ ഭാഗത്തിനാണു ചാക്കിൽ കണ്ടെത്തിയ കഷണത്തോടു സാദൃശ്യമുള്ളതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ച മസ്ജിദ് റോഡിനു കിഴക്കുഭാഗത്തുള്ള തൂണിന് 25 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോൺക്രീറ്റ് കഷണം അധികം പഴക്കമില്ലാത്തതായിരുന്നു. കൊലപാതകക്കേസിൽ ഇത്തരം ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഫോറൻസിക് പരിശോധന നടത്തുന്നതിനാണ് പൊലീസ് തീരുമാനം.

നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്ന് ചതുപ്പിൽ ചവിട്ടിത്താഴ്‌ത്തിയ സംഭവവുമായി നേരത്തെ നടന്ന കൊലപാതകത്തിനു സമാനതകളുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് വീണ്ടും ചർച്ചയാകുന്നത്. നേരത്തെ മയക്കുമരുന്നു സംഘത്തിന്റെ താവളമായിരുന്ന പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുള്ള മൊബൈൽ ടവറുകളിൽ നിന്നുള്ള നമ്പരുകൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP