Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുനമ്പത്തു നിന്നും ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിലേക്കും ആളെ കയറ്റിവിടാൻ തുടങ്ങിയിട്ടു വർഷങ്ങളായി; ഇടപാടുകാരിൽ ഏറെയും ശ്രീലങ്കക്കാരും തമിഴ്‌നാട്ടുകാരും; ഇടപാടുകൾ ഉറപ്പിക്കുന്നത് കേരളത്തിൽ; ഇടത്താവളം ഇന്തോനേഷ്യൻ ദ്വീപുകൾ; അഭയം തേടുന്നത് റോഹിങ്ക്യൻ അഭയാർത്ഥികളായും ഹിന്ദു ഭീകരരുടെ ആക്രമണം ഭയന്നോടുന്ന ഇന്ത്യൻ അഭയാർത്ഥികളും വേഷം കെട്ടി; കേരളാ പൊലീസ് പൊക്കിയതോടെ ഒടുവിൽ പോയ ബോട്ടു ഇടക്കുവെച്ചു യാത്ര നിർത്തിയേക്കും; അറസ്റ്റിനൊരുങ്ങി രണ്ടു രാജ്യത്തെയും ബോർഡർ പൊലീസ്

മുനമ്പത്തു നിന്നും ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിലേക്കും ആളെ കയറ്റിവിടാൻ തുടങ്ങിയിട്ടു വർഷങ്ങളായി; ഇടപാടുകാരിൽ ഏറെയും ശ്രീലങ്കക്കാരും തമിഴ്‌നാട്ടുകാരും; ഇടപാടുകൾ ഉറപ്പിക്കുന്നത് കേരളത്തിൽ; ഇടത്താവളം ഇന്തോനേഷ്യൻ ദ്വീപുകൾ; അഭയം തേടുന്നത് റോഹിങ്ക്യൻ അഭയാർത്ഥികളായും ഹിന്ദു ഭീകരരുടെ ആക്രമണം ഭയന്നോടുന്ന ഇന്ത്യൻ അഭയാർത്ഥികളും വേഷം കെട്ടി; കേരളാ പൊലീസ് പൊക്കിയതോടെ ഒടുവിൽ പോയ ബോട്ടു ഇടക്കുവെച്ചു യാത്ര നിർത്തിയേക്കും; അറസ്റ്റിനൊരുങ്ങി രണ്ടു രാജ്യത്തെയും ബോർഡർ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതീക്ഷയുടെ മറുകരതേടി ദുബായിലേക്ക് യാത്രപോയിരുന്ന മലയാളികൾ ഏറെയാണ്. എഴുപതുകളിൽ ലോഞ്ചുകളിലും ബോട്ടുകളിലുമായി ദുബായ് തീരം തേടി പോയവരാണ് ഇന്ന് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറിയത്. അന്ന് അനധികൃതമായാണ് പലരും ഗൾഫ് നാടുകളിൽ എത്തിയത്. പുതിയൊരു ജീവിതം തേടിയുള്ള യാത്രയായിരുന്നു അത്. ഈ യാത്രയിൽ പാതിവഴിയിൽ ജീവൻ പൊലിഞ്ഞവർ ഏറെയാണ്. മറുകരപറ്റിയവർക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സാധിച്ചു. അവരുടെ മക്കൾക്കും പിൽക്കാലത്ത് നല്ല വീടുകളും ജീവിതവും ഉണ്ടായി. ഇന്ന് ഗൾഫ് നാടുകളിൽ അവസരം കുറഞ്ഞു ഓസ്‌ട്രേലിയയും ന്യൂസിലാൻഡുമൊക്കെയാണ് പുതിയ തൊഴിൽ അവസരങ്ങൾ നൽകുന്നത്.

ആ നാടുകളിലേക്ക് മറ്റൊരു കൂട്ടർപുതിയ ജീവിത പ്രതീക്ഷകളുമായി പ്രയാണം തുടങ്ങി. ശ്രീലങ്കക്കാരും തമിഴന്മാരും അടങ്ങുന്നവരാണ് അനധികൃതമായി ഈ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ പരിശ്രമിക്കുന്നത്. മാധ്യമങ്ങൾ മനുഷ്യക്കടത്ത് എന്നു പേരുചൊല്ലി വിളിക്കുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ്. ഒരുകാലത്ത് മലയാളികൾ ഗൾഫിലേക്ക് പോയതു പോലെ പുതിയൊരു ജീവിതം തേടിയുള്ള യാത്രയാണ് ഇന്ന് തമിഴരും ശ്രീലങ്കക്കാരും ന്യൂസിലാൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കും പോകുന്നത്. മുനമ്പത്ത് മാധ്യമങ്ങൾ മനുഷ്യക്കടത്തെന്ന് വിളിച്ചതും ഇവരുടെ പുതു ജീവിതയാത്രയെ തന്നെയാണ്.

രാജ്യാന്തര അഭയാർഥിക്കുടിയേറ്റ വിഷയമായി ഈ വിഷയം മറിയിട്ടുണ്ട്. മുനമ്പത്തു നിന്നും ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിലേക്കും ആളെ കയറ്റിവിടാൻ തുടങ്ങിയിട്ടു വർഷങ്ങളായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇടപാടുകാരിൽ ഏറെയും ശ്രീലങ്കക്കാരും തമിഴ്‌നാട്ടുകാരുമാണ്. ഏജന്റുമാർ മുഖേന പണം നൽകി ഉറപ്പിച്ചാണ് ബോട്ടുകളിൽ ഇവർ യാത്ര നടത്തുന്നത്. ഇടപാടുകൾ ഉറപ്പിക്കുന്നത് കേരളത്തിൽ വച്ചാണെന്നതും വ്യക്തമായിട്ടുണ്ട്. തുടർ യാത്രകളിൽ ഇടത്താവളമായി ഇന്തോനേഷ്യൻ ദ്വീപുകൾ മാറുന്നു. ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലുമൊക്കെ ഇക്കൂട്ടർ അഭയം തേടുന്നത് പല കാരണങ്ങൾ പറഞ്ഞു കൊണ്ടാണ്. അഭയം തേടുന്നത് റോഹിങ്ക്യൻ അഭയാർത്ഥികളായും ഹിന്ദു ഭീകരരുടെ ആക്രമണം ഭയന്നോടുന്ന ഇന്ത്യൻ അഭയാർത്ഥികളും വേഷം കെട്ടിയാണ്. ഇതോടെ അവർക്ക് അഭയാർത്ഥി പദവി ലഭിക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായി തന്നെ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരമുണ്ട്.

ഈമാസം 12നു മുനമ്പത്തു നിന്നു ബോട്ടിൽ തിരിച്ച സംഘത്തിന്റെ ലഭ്യമായ വിവരങ്ങൾ ഇന്ത്യ അനൗദ്യോഗികമായി ഓസ്‌ട്രേലിയൻ സർക്കാർ ഏജൻസിക്കു കൈമാറിയതോടെ ഇവിടെ നിന്നും യാത്രതിരിച്ചവർ ആശങ്കയിലാണ്. ഇവർ ഇന്തേനേഷ്യൽ തീരത്തുണ്ടെന്നാണ് വിലയിരുത്തൽ. ശ്രീലങ്കൻ അഭയാർഥികളും ഇന്ത്യക്കാരുമായി മുനമ്പത്തുനിന്നു തിരിച്ച ദയാമാതാ ബോട്ടു കണ്ടെത്താൻ ഓസ്‌ട്രേലിയയുടെ കുടിയേറ്റ നിയന്ത്രണ ഏജൻസിയായ ഡിപ്പാർട്മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (ഡിഐബിപി) അതിർത്തി സുരക്ഷാ സേനയ്ക്ക് (ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ്) നിർദ്ദേശം നൽകിയതായി വിവരം ലഭിച്ചു. 2 മാസം മുൻപും മുനമ്പത്തു നിന്നു മനുഷ്യക്കടത്തു നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 75 പേരടങ്ങുന്ന സംഘമാണ് അന്നു പോയത്.

കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണി പ്രഭു ദണ്ഡവാണിയുടെ മൊഴിയനുസരിച്ച് ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഇടത്താവളം ഇന്തൊനീഷ്യയിലെ ജാവയാണ്. ജാവയ്ക്കു സമീപം ചെറുദ്വീപുകളിലാണു മനുഷ്യക്കടത്തുകാരുടെ ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കുക. കടൽ കടന്നെത്തുന്ന ശ്രീലങ്കൻ അഭയാർഥികളെ അവരുടെതന്നെ യാത്രാരേഖകളിലും ബംഗ്ലാദേശ്, റോഹിൻഗ്യൻ അഭയാർഥികളെ വ്യാജ മലേഷ്യൻ പാസ്‌പോർട്ടിലുമാണു ജാവയിൽനിന്നു ചെറുസംഘങ്ങളായി ചരക്കുകപ്പലുകളിൽ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ എത്തിക്കുന്നത്. ഡ്രൈവിങ് ലൈസൻസുള്ള ശ്രീലങ്കൻ അഭയാർഥികൾക്കും ആപ്പിൾത്തോട്ടം, ഡെയറി ഫാം എന്നിവിടങ്ങളിൽ പണിയെടുക്കാൻ താൽപര്യമുള്ളവർക്കും എളുപ്പം താൽക്കാലിക ജോലി ലഭിക്കും.

പിടിക്കപ്പെട്ടാൽ അഭയാർത്ഥികളായി ജയിൽജീവിതം

അനധികൃത കുടിയേറ്റത്തിനായി ബോട്ടുകളിൽ എത്തുന്ന അഭയാർഥികൾ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സിന്റെ പിടിയിൽ അകപ്പെട്ടാൽ ജീവിതം തുറന്ന ജയിലിനു തുല്യമായ പുനരധിവാസ ക്യാംപുകളിൽ തീരും. പപുവാ ന്യൂഗിനിയിലെ മേനസ് ദ്വീപ്, സ്വതന്ത്ര ഭരണാധികാരമുള്ള നാഉുറു ദ്വീപ് എന്നിവിടങ്ങളിലാണ് ഓസ്‌ട്രേലിയൻ സർക്കാർ അഭയാർഥി പുനരധിവാസ കേന്ദ്രങ്ങൾ നടത്തുന്നത്. സ്വന്തം രാജ്യത്തേക്കു മടങ്ങാൻ ഇവർ തയാറാകുന്നതുവരെ പുനരധിവാസ ക്യാംപുകളിൽ ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവ ലഭിക്കും. സ്വയം തൊഴിൽ കണ്ടെത്താനോ ദ്വീപിനു പുറത്തേക്കു സ്വതന്ത്രമായി സഞ്ചരിക്കാനോ അവകാശമില്ല. കേരളത്തിൽ നിന്നും പുറപ്പെട്ടവർക്ക് ഈ അവസ്ഥ വരുമോ എന്ന ആശങ്കയും ഉയയരുന്നുണ്ട്.

പലപ്പോഴും പകർച്ചവ്യാധികൾ പിടിപെട്ട് ഇത്തരം ക്യാംപുകളിൽ കൂട്ടമരണങ്ങൾ സംഭവിക്കാറുണ്ടെങ്കിലും അതിന്റെ റിപ്പോർട്ടുകൾ പുറത്തുവരാറില്ല. ഐക്യരാഷ്ട്ര സംഘടനയും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ഇടപെട്ടതിനുശേഷം വിദേശരാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അഭയാർഥി പുനരധിവാസ ക്യാംപുകൾ സന്ദർശിക്കാൻ നിയന്ത്രിത അനുമതി നൽകുന്നുണ്ട്. പക്ഷേ, അതിനായി 8000 യുഎസ് ഡോളർ( 5.70 ലക്ഷം രൂപ) കെട്ടിവയ്ക്കണം. 2011 ഡിസംബറിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ടു മുങ്ങി 250 പേരെ കാണാതായ സംഭവത്തിനു ശേഷമാണ് ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന ഇടപെട്ടത്. 2012 ജൂണിൽ ബോട്ടു മുങ്ങി 200 അഭയാർഥികളെയും കാണാതായിരുന്നു.

അന്വേഷണത്തിന് രാജ്യാന്തര അന്വേഷണ ഏജൻസികളും

കേരള പൊലീസിന് പുറമെ മനുഷ്യക്കടത്തിന്റെ വിവരങ്ങൾ തേടി ഐ ബിയും തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചും രംഗത്തുണ്ട്. രാജ്യാന്തര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ശേഷം മാത്രം അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രവി സനൂപിനെ കൊച്ചിയിലെത്തിച്ചു. രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകർ നഗർ കോളനിയിൽ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാന് കഴിയാതെ തിരിച്ചെത്തിയതായിരുന്നു രവി. ഇയാളെ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലായ പ്രഭുവിനെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്.

നടക്കുന്നത് കോടികളുടെ ഇടപാട്

മുനമ്പം മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നുവെന്ന് വിവരം. പിടിയിലായവവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം പുറത്തുവരുന്നത്. മുനമ്പത്തുനിന്ന് ബോട്ടിൽ കയറാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ഡൽഹി അംബേദ്കർ കോളനിയിലേക്ക് ദീപക്കും പ്രഭുവും തിരികെ പോയിരുന്നു. മുനമ്പം, കൊടുങ്ങല്ലൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നെന്നാണ് ചോദ്യം ചെയ്യലിൽനിന്ന് പൊലീസിന് ലഭിക്കുന്ന വിവരം. പോകാൻ തയ്യാറായ ആളുകളിൽനിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായാണ് വിവരം. ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ആളുകൾ ബോട്ടിൽകയറി പോയിട്ടുണ്ടെന്നാണ് വിവരം. ഇവർ ഓരോരുത്തരിൽനിന്നും ഒന്നരലക്ഷം രൂപ മുൻകൂറായി വാങ്ങിയിരുന്നുവെന്നാണ് സൂചന. പലസ്ഥലങ്ങളിൽനിന്നുള്ള ആളുകൾ വ്യത്യസ്തയിടങ്ങളിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ചതാണ് പോയ ആളുകളുടെ എണ്ണത്തെ കുറിച്ചുള്ള വ്യക്തതക്കുറവിനു കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP