Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

അമ്മയെ ഇസ്മയിലിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ബിർജു സുഹൃത്തിനെ വകവരുത്താൻ പ്രയോഗിച്ചത് 'വേട്ടക്കാരന്റെ വൈദഗ്ധ്യം'; കാട്ടുപന്നിയെ കൊന്ന് ആന്തരികാവയവങ്ങൾ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളിൽ നിന്ന് പുറത്തെത്തിക്കുന്ന പതിവ് ശൈലി കൊലപാതകത്തിലും ആവർത്തിച്ചു; രക്തം കണ്ട് അറപ്പു മാറിയതിനാൽ ഒന്നിനും കൈവിറച്ചില്ല; ഉപയോഗിച്ചത് വേട്ടയ്ക്ക് പോകുമ്പോൾ പതിവായി കരുതാറുള്ള സർജിക്കൽ ബ്ലേഡും; ഇരട്ടകൊലപാതകത്തിൽ ഭാര്യക്കും പങ്കെന്ന സംശയത്തിൽ ചോദ്യം ചെയ്തു അന്വേഷണ സംഘം

അമ്മയെ ഇസ്മയിലിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ബിർജു സുഹൃത്തിനെ വകവരുത്താൻ പ്രയോഗിച്ചത് 'വേട്ടക്കാരന്റെ വൈദഗ്ധ്യം'; കാട്ടുപന്നിയെ കൊന്ന് ആന്തരികാവയവങ്ങൾ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളിൽ നിന്ന് പുറത്തെത്തിക്കുന്ന പതിവ് ശൈലി കൊലപാതകത്തിലും ആവർത്തിച്ചു; രക്തം കണ്ട് അറപ്പു മാറിയതിനാൽ ഒന്നിനും കൈവിറച്ചില്ല; ഉപയോഗിച്ചത് വേട്ടയ്ക്ക് പോകുമ്പോൾ പതിവായി കരുതാറുള്ള സർജിക്കൽ ബ്ലേഡും; ഇരട്ടകൊലപാതകത്തിൽ ഭാര്യക്കും പങ്കെന്ന സംശയത്തിൽ ചോദ്യം ചെയ്തു അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച മണാശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പി.വി.ബിർജു വേട്ടയ്ക്കു പോകാറുള്ളതിനാൽ ശരീര ഭാഗങ്ങൾ കഷ്ണങ്ങളാക്കുന്നതിൽ വൈദഗ്ധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. ഈ വൈദഗ്ധ്യമാണ് രണ്ട് കൊലപാതകങ്ങളിലും ബിർജുവിന് തുണയായി മാറിയത്. വേട്ടക്കാർ മൃഗങ്ങളുടെ ആന്തരികാവയവങ്ങൾ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളിൽ നിന്ന് പുറത്തെത്തിക്കുകയാണ് പതിവ്. വേട്ടയ്ക്കു സഹായത്തിന് ബിർജു പോകാറുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വൈദഗ്ധ്യമാകാം ഇസ്മായിലിന്റെ ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റുന്നതിനു ബിർജുവിനു സഹായകരമായതെന്നാണ് പൊലീസ് നിഗമനം.

അതേസമയം ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതി പി.വി.ബിർജുവിന്റെ ഭാര്യയെ ചോദ്യം ചെയ്തുവരുന്നതായും ഭാര്യയ്ക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി: എം.ബിനോയ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. അതിനു ശേഷമേ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോയെന്നു പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കാട്ടിൽ സ്ഥിരമായി വേട്ടയ്ക്ക് പോയിരുന്ന ബിർജു പന്നിയുടെ ശരീരം അറുത്തുമാറ്റുംപോലെ അറുത്തുമാറ്റിയാണ് ഇസ്മയീലിന്റെ ശരീരഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് അന്വേഷണ സംഘം. വേട്ടയ്ക്ക് പോവുമ്പോൾ ടൗണിൽ നിന്ന് സർജിക്കൽ ബ്ലെയ്ഡും സഞ്ചികളും ബിർജു മിക്കപ്പോഴും വാങ്ങുന്നതിനാൽ അത് സംഘടിപ്പിക്കാനും പ്രതിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. കൃത്യം നിർവ്വഹിക്കുമ്പോഴും കൈവിറക്കാതിരുന്നത് ചോര കണ്ട് അറുപ്പുമാറിയ പ്രകൃതക്കാരൻ ആയതു കൊണ്ടാണ് താനും.

ബേപ്പൂർ കടൽതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മനുഷ്യന്റെ ഒരു കൈയിൽ തുടങ്ങിയ അന്വേഷണം രണ്ട് വർഷത്തിന് ശേഷം ഒരു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിലേക്ക് വഴി തുറക്കുമ്പോൾ ചർച്ചയാവുന്നതുകൊലപാതകത്തിലുള്ള ബിർജുവിന്റെ വൈദഗ്ധ്യം തന്നെയാണ്. മൃതദേഹാവശിഷ്ടം കണ്ടെത്തുന്ന സമയത്ത് ഇവ മനുഷ്യന്റേതോ പന്നിയുടേതോ എന്ന് നാട്ടുകാർ സംശയിക്കാൻ ഇടയാക്കിയതും മൃതദേഹങ്ങൾ മുറിക്കുന്നതിൽ ബിർജുവിനുണ്ടായിരുന്ന വൈദഗ്ധ്യമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വലിയതോതിൽ ചോരയൊഴുകാതെ പല കഷണങ്ങളാക്കി മൃതദേഹങ്ങൾ പലയിടങ്ങളിലായി തള്ളിയതും പിടിക്കപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കിയായിരുന്നു. കൈകൾ കണ്ടെത്തിയ ഭാഗത്തു നിന്നും അമ്പത്തിയഞ്ച് കിലോമീറ്റർ അകലെ പോലും ശരീര ഭാഗങ്ങൾ ഉപേക്ഷിച്ചത് ഇതിന്റെ ഭാഗമായായിരുന്നു.

അമ്മ ജയവല്ലിയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു മുക്കം സ്വദേശിയായ ബിർജു അമ്മയെ കൊല്ലാൻ വാടക കൊലയാളിയെ ഏർപ്പാടാക്കിയത്. ഒടുവിൽ ആ വാടക കൊലയാളിയും കൊല്ലപ്പെടുകയായിരുന്നു. ഇത്തരമൊരു കേസ് കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിൽ തന്നെ വിരളമെന്നും പൊലീസ് പറയുന്നു. ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും ഒരു വിവരവും ലഭിക്കാതെ ലോക്കൽ പൊലീസ് ഏറെക്കുറെ അന്വേഷണം അവസാനിപ്പിക്കുമ്പോൾ മുക്കം, ബേപ്പൂർ സ്റ്റേഷനുകളിലായി ഉണ്ടായിരുന്ന നാല് കേസുകൾ മാത്രമായിരുന്നു ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇവിടെ നിന്നാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് കേസന്വേഷണം എത്തിയത്.

മാസങ്ങൾക്ക് മുമ്പ് വീട്ടിൽനിന്ന് കാണാതായ ഇസ്മയിലിന്റെ വീട്ടിലെത്തി അമ്മയുടെ രക്തപരിശോധന നടത്തി ഡിഎൻഎ തെളിവുകൾ ശേഖരിച്ചിരുന്നു ഇസ്മയീൽ എന്ന വാടക കൊലയാളിയുടേതാണ് മൃതദേഹാവശിഷ്ടം എന്ന വിലയിരുത്തലിലേക്ക് പൊലീസിനെ എത്തിച്ചതും ഈ ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന്റെ നിതാന്ത ജാഗ്രതയുമായിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിരലടയാളം തന്നെ. വർഷങ്ങൾക്ക് മുൻപ് വണ്ടൂർ സ്റ്റേഷനിൽ മറ്റൊരു കേസിൽ ഇസ്മയീൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളമാണ് കൊല്ലപ്പെട്ടത് ഇസ്മയിലാണെന്ന കണ്ടെത്തലിലേക്ക് ക്രൈം ബ്രാഞ്ചിനെ എത്തിച്ചത്. കൈകൾ കിട്ടിയപ്പോൾ തന്നെ നടത്തിയ ഡി.എൻ.എ ടെസ്റ്റിലൂടെ തിരുവമ്പാടി എസ്റ്റേറ്റിൽ കണ്ടെത്തിയ ശരീരഭാഗവും ഇതേയാളുടേതാണെന്ന് പൊലീസിന് തിരിച്ചറിയാൻ സാധിച്ചിരുന്നു.

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്താൻ ഇസ്മയീലിനെ ഏൽപിച്ച ബിർജു പ്രതിഫലം കൊടുക്കാതെവന്നതാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയാക്കിയത്. ചില സുഹൃത്തുക്കളിൽ നിന്ന് ഇസ്മയീൽ കടം വാങ്ങിയ പണം നൽകാൻ സൂഹൃത്തുക്കൾ ആവശ്യപ്പെട്ടപ്പോൾ ഒരു ക്വട്ടേഷന്റെ പണം കിട്ടിയിട്ട് താരാമെന്ന് ഇസ്മയീൽ സുഹൃത്തുക്കളോട് പറഞ്ഞതും പ്രധാന തെളിവായി.

പണം ആവശ്യപ്പെട്ട് ബുദ്ധിമുട്ടിലാക്കിയ ഇസ്മയീലിനെ ബിർജു വീട്ടിൽ വിളിച്ചുവരുത്തുകുയും മദ്യം നൽകി മയക്കിക്കിടത്തി കൊലപ്പെടുത്തിയ ശേഷം സർജിക്കൽ ബ്ലെയ്ഡുകൊണ്ട് ശരീരഭാഗങ്ങൾ അറുത്തെടുത്ത് പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. ചാലിയം കടപ്പുറത്ത് കുട്ടികൾ ഫുട്‌ബോൾ കളിക്കുമ്പോൾ കണ്ട തലയോട്ടിയെക്കുറിച്ചുള്ള വിവരവും പ്രധാന തെളിവായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ഇസ്മയീൽ മുക്കത്ത് സ്ഥിരമായി എത്തുന്ന ഒരു വീട്ടിൽ നടന്ന ജയവല്ലി എന്ന 72 കാരിയുടെ മരണവും അന്വേഷണപരിധിയിലെത്തി. ഇവിടെ എത്തി മരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ നാട്ടുകാർ പങ്കുവെച്ച ചില സംശയങ്ങൾ മരിച്ച ജയവല്ലിയുടെ മകൻ ബിർജുവിലേയ്ക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു.

ഇക്കാലമായപ്പോഴേയ്ക്കും ബിർജു നാടുവിട്ടിരുന്നു. ഈയാളെ നീലഗിരിയിൽ വെച്ച് പിടികൂടി മുക്കത്തെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിലാണ് സ്വന്തം അമ്മയെ കൊന്ന് സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചതും അതിന് സഹായിച്ച ഇസ്മയിലിനെ കൊന്നതും പുറത്താകുന്നത്. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണസംഘത്തിലെ 11 പേർക്കും ഡിജിപിയുടെയും എഡിജിപിയുടെയും ഗുഡ് സർവ്വീസ് അവാർഡ് ലഭിച്ചത് അന്വേഷണ സംഘത്തിന് ലഭിച്ച അംഗീകാരമായി.

മുമ്പ് പല കേസുകളിൽ ഉൾപ്പെട്ടയാളാണ് കൊല്ലപ്പെട്ട ഇസ്മായിൽ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നാല് കേസുണ്ട്. ഇയാളുടെ കൈരേഖകൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. പല ഭാഗങ്ങളിൽ നിന്നായി കണ്ടെടുത്ത ശരീര ഭാഗങ്ങൾ ഒരാളുടേതാണെന്ന് ഉറപ്പിച്ചശേഷം സംസ്ഥാനത്ത് തങ്ങൾ ശേഖരിച്ച മുഴുവൻ കൈരേഖകളും പൊലീസ് പരിശോധിച്ചു. ആദ്യഘട്ടത്തിൽ ഇസ്മായിലിന്റെ കൈരേഖകൾ ഇതുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഹൈ ഡെഫനിഷൻ പ്രിന്റർ സഹായത്തോടെ വീണ്ടും പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് ഇസ്മായിലാണെന്ന് തിരിച്ചറിഞ്ഞത്. ഉറപ്പാക്കാൻ ഇയാളുടെ ഉമ്മയുടെയും ഡിഎൻഎ പരിശോധിക്കാനായി ശ്രമം. ആദ്യം ഇതിന് അവർ സമ്മതിച്ചില്ല. കിടപ്പുരോഗിയായ ഇവരെ ചികിത്സക്ക് എന്ന ഭാവേനയാണ് മെഡിക്കൽ കോളേജിൽ എത്തിച്ച് രക്തസാമ്പിൾ ശേഖരിച്ചത്. ഇതോടെ കൊല്ലപ്പെട്ടത് ഇസ്മായിൽ തന്നെയെന്ന് ഉറപ്പായി.

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെ കൊലയാളിയെക്കുറിച്ചായി അന്വേഷണം. ഇസ്മയിൽ മുക്കം ഭാഗത്ത് തോട്ടക്കാരനായിനിന്നിരുന്നു എന്ന വിവരം ലഭിച്ചു. ഇതിനെ പിന്തുടർന്നപ്പോഴാണ് ജയവല്ലിയുടെ കൊലപാതകത്തിലെ പങ്ക് വെളിപ്പെട്ടത്. ബിർജുവിലേക്ക് എത്താനുള്ള സൂചന പലതും ലഭിച്ചെങ്കിലും കൃത്യമായ തെളിവ് കിട്ടിയശേഷമാണ് ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. അമ്മയുടെ മരണശേഷം സ്ഥലംവിറ്റ് നാടുവിട്ടതുമാത്രമാണ് അയൽവാസികൾക്ക് അറിയാമായിരുന്നത്. ഫേസ്‌ബുക്കിൽ ബിർജുവിന് അക്കൗണ്ടില്ല എന്ന് ഉറപ്പാക്കിയ പൊലീസ് ഇയാളുടെ ചിത്രം ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചു. ഇത് വയനാട്ടിലും നീലഗിരിയിലുമുള്ളവർ തിരിച്ചറിഞ്ഞതോടെയാണ് ഇയാൾ പിടിയിലായത്.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ബിർജു അമ്മയെയും വാടകക്കൊലയാളി ഇസ്മായിലിനെയും കൊലപ്പെടുത്തിയത്. ജയവല്ലിയെ കൊലപ്പെടുത്തിയ അന്ന് പകൽ പലതവണ ഇരുവരും വീട്ടിൽ എത്തിയെങ്കിലും കൊലപാതകം നടത്താൻ സാധിച്ചില്ല. തുടർന്ന് രാത്രി ഏഴ് വരെ കാത്തിരുന്നാണ് കൃത്യം നിർവഹിച്ചത്. പറഞ്ഞുറപ്പിച്ച രണ്ടുലക്ഷം രൂപ ചോദിച്ച് എത്തിയതോടെയാണ് ഇസ്മായിലിനെയും കൊലപ്പെടുത്താൻ ബിർജു തീരുമാനിച്ചത്. വീട്ടിൽ വിളിച്ചുവരുത്തി ഇയാൾക്ക് ബിർജു മദ്യത്തിനൊപ്പം മാമ്പഴച്ചാറും നൽകി. ഭക്ഷണമായി ബസുമതി അരി ഉപയോഗിച്ചുണ്ടാക്കിയ ഉപ്പുമാവും ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കറികളും നൽകി. കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്മോർട്ടം നടത്തുമ്പോൾ ബസുമതി അരിയുടെ ചോറ് കഴിച്ചുവെന്ന് കണ്ടാൽ ഉത്തരേന്ത്യൻ സ്വദേശിയെന്ന ധാരണയുണ്ടാകും എന്ന് മുൻകൂട്ടിക്കണ്ടായിരുന്നു ഇത്. ഇസ്മായിലിന്റെ പല്ലിലെ ബീഡിക്കറകൾകൂടി കണ്ടതോടെ ഉത്തരേന്ത്യൻ സ്വദേശിയെന്ന സംശയം ബലപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP