Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുളങ്കൂട്ടത്തിൽ നിന്നു കണ്ടെത്തിയ മൃതദേഹം മുഹമ്മദ് ഷഹീന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു; തിരിച്ചറിഞ്ഞത് ബന്ധുക്കളും അദ്ധ്യാപകരും; മുഹമ്മദ് കുട്ടിയെ പുഴയിൽ എഴിഞ്ഞു കൊലപ്പെടുത്തിയത് കുട്ടിയുമായി കറങ്ങിയപ്പോൾ കുടുങ്ങുമെന്ന ഭീതിയിൽ; ജ്യേഷ്ടപുത്രനെ കാണാനില്ലെന്ന് പറഞ്ഞ് എംഎൽഎമാർക്ക് പരാതി നൽകാനും മുന്നിൽ നിന്നത് മുഹമ്മദ്

മുളങ്കൂട്ടത്തിൽ നിന്നു കണ്ടെത്തിയ മൃതദേഹം മുഹമ്മദ് ഷഹീന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു; തിരിച്ചറിഞ്ഞത് ബന്ധുക്കളും അദ്ധ്യാപകരും; മുഹമ്മദ് കുട്ടിയെ പുഴയിൽ എഴിഞ്ഞു കൊലപ്പെടുത്തിയത് കുട്ടിയുമായി കറങ്ങിയപ്പോൾ കുടുങ്ങുമെന്ന ഭീതിയിൽ; ജ്യേഷ്ടപുത്രനെ കാണാനില്ലെന്ന് പറഞ്ഞ് എംഎൽഎമാർക്ക് പരാതി നൽകാനും മുന്നിൽ നിന്നത് മുഹമ്മദ്

എം പി റാഫി

മലപ്പുറം: പടിഞ്ഞാറ്റുമുറിയിൽ പുഴയോരത്തെ മുളങ്കൂട്ടത്തിൽനിന്നു കണ്ടെത്തിയ മൃതദേഹം കാണാതായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഷഹീന്റേതാണെന്നു സ്ഥിരീകരിച്ചു. ബന്ധുക്കളും അദ്ധ്യാപകരും മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനക്കയക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു. ഷഹീന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതൃസഹോദരൻ റിമാൻഡിൽ കഴിയുന്നതിനിടെയാണ് മൃതദേഹം പുഴയോരത്ത് നിന്ന് കണ്ടെത്തിയത്.പ്രതി മുഹമ്മദിനെയും മൃതദേഹത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു.

പ്രളയ ക്കെടുതിയിൽ ഷഹീന്റെ തിരോധാനം കൂടുതൽ ചർച്ചയാകാതെ പോവുകയായിരുന്നു. പെരിന്തൽമണ്ണ എടയാറ്റൂർ ഡി.എൻ.എം.എ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി എടയാറ്റൂർ മങ്കരത്തൊടി സലീം ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീന്റെ തിരോധാനവാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക നേട്ടത്തിനായി കുട്ടിയെ തട്ടിയതാണെന്ന് മുമ്പ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംശയങ്ങൾക്കു പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഷഹീൻ തിരോധാനത്തിന്റെ ചുരുളഴിയുകയായിരുന്നു. പിതാവിന്റെ കൈവശമുള്ള സ്വർണം തട്ടിയെടുക്കാൻ പിതൃസഹോദരൻ ഷഹീനെ തട്ടിക്കൊണ്ടുപോയ ശേഷം ഒരു ദാക്ഷിണ്യവുമില്ലാതെ ജീവനോടെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

ഈമാസം 13ന് പ്രളയസമയത്ത് ഷഹീനെ പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊന്നുവെന്നാണു പിതൃസഹോദരൻ മുഹമ്മദിനെതിരെയുള്ള കേസ്. ആസൂത്രിതമായി തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുകയും കുറ്റം മറക്കാനായി ഷഹീൻ ആക്ഷൻ കൗൺസിലിന്റെ മുൻ നിരയിൽ പ്രതി തന്നെ എത്തുകയും ചെയ്തു.

സ്വർണത്തിനായുള്ള ആസൂത്രിത തട്ടിക്കൊണ്ടു പോകലും, പൊലീസ് തിരോധാനത്തിന്റെ ചുരുളഴിച്ച വഴികളും

ബന്ധുവാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പൊലീസിനു തുടക്കം മുതലേ സൂചന ലഭിച്ചിരുന്നു.എന്നാൽ ആ വഴിയേ പൊലീസ് കാര്യമായി അന്വേഷിക്കാൻ തയ്യാറായിരുന്നില്ല. തുടക്കത്തിൽ പൊലീസ് ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഷഹീനെ ജീവനോടെ കിട്ടുമായിരുന്നു.ഈ മാസം 13ന് മേലാറ്റൂരിൽ നിന്നു കാണാതായ ഒൻപതു വയസുകാരനെ പുഴയിൽ എറിഞ്ഞു കൊന്നെന്ന വേദനിപ്പിക്കുന്ന വിവരം നാട്ടുകാർക്ക് വിശ്വസിക്കാനായിരുന്നില്ല. പ്രതി കുട്ടിയുടെ പിതൃസഹോദരനാണന്ന് കൂടി പുറത്ത് വന്നതിന് പിന്നാലെ കൊലപാതകം നടന്ന ആനക്കയം പാലത്തിലേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. കടലുണ്ടിപ്പുഴയുടെ ആനക്കയം പാലം മുതൽ താഴേക്കുള്ള ഭാഗങ്ങളിൽ രാത്രി തന്നെ മുഹമ്മദ് ഷഹീനെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി മലപ്പുറം ജില്ല ഒന്നിച്ച് ഷഹീനു വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു.

13ാം തീയതി രാവിലെ കൊച്ചു സൈക്കിളിൽ സ്‌കൂളിലേക്ക് പോവും വഴിയാണ് പിതൃസഹോദരൻ മുഹമ്മദ് ബൈക്കിൽ കയറ്റിക്കൊണ്ടു പോവുന്നത്. മുഹമ്മദ് പിതാവിന്റെ ജ്യേഷ്ഠ സഹോദരനായതുകൊണ്ട് ഒരു മടിയും കാട്ടാതെയാണ് കുട്ടി മോട്ടോർ സൈക്കിളിൽ കയറിപ്പോയത്. കുട്ടിയെ തിരിച്ചറിയാതിരിക്കാൻ സ്വന്തം തലയിലിരുന്ന ഹെൽമറ്റ് പ്രതി കുട്ടിയുടെ തലയിൽ വച്ചുകൊടുത്തു

കുട്ടിയേയുമായി പ്രതി നേരേ പോയത് വളാഞ്ചേരിയിലെ സിനിമ തീയേറ്ററിലാണ്. കുട്ടിക്ക് താൽപര്യമില്ലാതിരുന്നിട്ടും തീയേറ്ററിൽ ഓടുന്ന തമിഴ് സിനിമ കാട്ടിക്കൊടുത്തു. ഉച്ചക്ക് ബിരിയാണിയും ഐസ്‌ക്രീമുമെല്ലാം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഒൻപതു വയസുകാരൻ ഷഹീൻ. പിന്നാലെ കുട്ടിയേയുമായി മോട്ടോർ സൈക്കിളിൽ തന്നെ തിരൂർക്ക് പോയി. തുണിക്കടയിൽ കയറി യൂണിഫോമിന് പകരം 570 രൂപ വിലയുള്ള ഷർട്ടു വാങ്ങിക്കൊടുത്തു. യൂണിഫോം സ്‌കൂൾ ബാഗിലാക്കി. ഉച്ച കഴിഞ്ഞതോടെ കുട്ടിയെ കാണാനില്ലെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഷഹീന്റെ പിതാവ് സലീമും ബന്ധുക്കളുമെല്ലാം കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്ന വിവരം മുഹമ്മദിനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

താൻ പെയിന്റിങ് ജോലി ചെയ്യുന്ന സ്ഥലത്താണന്ന് പറഞ്ഞു മുഹമ്മദ് ഒഴിഞ്ഞുമാറി. ഇനി കുട്ടിയേയുമായി നടന്നാൽ കുടുങ്ങുമെന്ന ഭീതിയിലായിലായി പ്രതി. എവിടെയെങ്കിലും ഉപേക്ഷിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും കുട്ടി പുറത്തു പറയുമെന്ന ആശങ്കകൊണ്ട് കൊലപ്പെടുത്താൻ തീരുമാനിച്ചു. തിരൂരിൽ നിന്ന് നേരെ പോയത് തൂതപ്പുഴയുടെ പുലാമന്തോൾ പാലത്തിലേക്കാണ്. ഷഹീന്റെ കൈപിടിച്ച് പാലത്തിലൂടെ നടന്നെങ്കിലും വാഹനങ്ങളും ജനത്തിരക്കും കാരണം ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

രാത്രി ഒൻപതരയോടെ മുഹമ്മദിന്റെ വീടിന് സമീപത്തുള്ള ആനക്കയം പാലത്തിനടുത്തെത്തി. പാലത്തിന്റെ മധ്യഭാഗത്തെത്തിയപ്പോൾ ബൈക്ക് നിർത്തി പുഴയിലേക്ക് നോക്കി. നിറഞ്ഞൊഴുകുന്ന പുഴ കുട്ടിക്ക് കാട്ടിക്കൊടുത്തു. ഇനി വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ബൈക്കിലേക്ക് കയറ്റുന്നതുപോലെ ഭാവിച്ച് മുകളിലേക്ക് പൊക്കിയെടുത്ത കുട്ടിയെ അതിക്രൂരമായി പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് പ്രതി നോക്കി നിന്നു. മരണം ഉറപ്പായ ശേഷം വീട്ടിലേക്ക് മടങ്ങിപ്പോയി. പിറ്റേ ദിവസങ്ങളിലെല്ലാം ആനക്കയം മുതൽ അതിരാവിലെ കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമെത്തി കുട്ടിയുടെ മൃതദേഹം പൊങ്ങിയിട്ടുണ്ടോ എന്നറിയാൻ പ്രതി തിരച്ചിൽ നടത്തി. ഷഹീന്റെ യൂണിഫോം അടങ്ങിയ ബാഗ് പുള്ളിലങ്ങാടി ജുമാ മസ്ജിന്റെ പരിസരത്ത് വലിച്ചെറിഞ്ഞു.

പിറ്റേ ദിവസം രാവിലെ പി. ഉബൈദുല്ല എംഎ‍ൽഎയെ കണ്ട് പൊലീസ് അന്വേഷണത്തെക്കുറിച്ച് പരാതിപ്പെടാൻ മുന്നിലുണ്ടായതും പ്രതി മുഹമ്മദാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയും മഞ്ഞളാംകുഴി അലി എംഎ‍ൽഎയും അടക്കമുള്ളവരേയും കണ്ട് പൊലീസിന് അന്വേഷണത്തിൽ ആത്മാർഥതയില്ലെന്ന് പരാതിപ്പെട്ടു. പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി. മോഹനചന്ദ്രനെ കണ്ട് പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരാതിപ്പെട്ടതും ഇതേ പ്രതിയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മേലാറ്റൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥകർക്കെതിരെ തട്ടിക്കയറിതും പ്രതി മുഹമ്മദാണ്. തെളിവുകളെല്ലാം മറയ്ക്കാൻ പ്രതി അതിബുദ്ധി കാട്ടിയപ്പോഴും വില്ലനായത് സി.സി.ടി.വി ക്യാമറകളാണ്. പലയിടങ്ങളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.

കുട്ടിയുടെ പിതാവ് മുഹമ്മദ് സലീമാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ട സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകുന്നത് സ്വന്തം സഹോദരനാണന്ന് ആദ്യം തിരിച്ചറിഞ്ഞത്. കുട്ടിയെ കണ്ടെത്താൻ പൊലീസിനാവില്ലെന്ന് പറഞ്ഞ് മന്ത്രവാദം നടത്തുന്ന ചില മുസ്ലിയാക്കന്മാരെ കാണാമെന്ന് പറഞ്ഞു പ്രതി ബന്ധുക്കളെ കൂട്ടിക്കൊണ്ടു പോയിരുന്നു. ചില ജ്യോൽസ്യന്മാരെ കാണാനും പിതാവ് സലീമിനെ നിർബന്ധിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം ജ്യോൽസ്യനെ കാണാമെന്ന് പറഞ്ഞ് സലീമാണ് പ്രതിയെ പാണ്ടിക്കാട്ടേക്ക് വിളിച്ചുവരുത്തിയതും അറസ്റ്റിലായതും.

സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി കാട്ടിയെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. 24 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതോടെ കൊലപാതക്കുറ്റം ഏറ്റുപറഞ്ഞു. ഒന്നുമറിയാത്ത ഒൻപതു വയസുകാരനെ പിതൃസഹോദരൻ കൊലപ്പെടുത്തിയത് എന്തിനാണന്ന സംശയം ബാക്കിയാണ്. പ്രതി നൽകിയ മൊഴി അവിശ്വസനീയവും വിചിത്രവുമാണ്.

കുട്ടിയുടെ പിതാവ് മുഹമ്മദ് സലീമിന് സ്വർക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നും മാസങ്ങൾക്ക് മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മൂന്നു കിലോയോളം സ്വർണം മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ സലീം തട്ടിയെടുത്തു. ആഴ്ചകൾകൾകൊണ്ട് സലീമിന്റെ ജീവിതസാഹചര്യങ്ങൾ മാറി. മൂവായിരം രൂപയുടെ വാടകവീട്ടിൽ നിന്ന് ആഡംബര വീട്ടിലേക്ക് താമസം മാറി. സ്വർണം നഷ്ടമായ മാഫിയസംഘം ഒരിക്കൽ സലീമിന് പകരം മുഹമ്മദിനെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതോടെ സലീമിന്റെ കൈയിൽ ആവശ്യത്തിലേറെ പണവും സ്വർണവുമുണ്ടെന്ന ബോധ്യമാണ് തട്ടിക്കൊണ്ടു പോകലിന് പ്രേരിപ്പിച്ചതത്രെ.

എന്നാൽ സ്വർണം വിറ്റു കിട്ടിയ പണത്തിന്റെ ഭൂരിഭാഗവും സലീമിന്റെ കയ്യിൽ നിന്ന് സ്വർണക്കടത്തുസംഘം തിരിച്ചു പിടിച്ച വിവരം മുഹമ്മദ് അറിഞ്ഞിരുന്നില്ല. സലീംമിന്റെ കൈവശമുള്ള പണത്തിന്റെ ഒരു ഭാഗം കൈക്കലാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി തയാറാക്കിയത്. ഇതിനായി മഞ്ചേരിയിലെ ലോഡ്ജിൽ രണ്ടു ദിവസം താമസിച്ച് പദ്ധതി ആസൂത്രണം ചെയ്തിരുന്നു. കുട്ടിയെ തടങ്കലിൽ പാർപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. മുഹമ്മദിന്റെ പിന്നിൽ മറ്റു മാഫിയാ സംഘങ്ങളുണ്ടെന്ന സംശയവുമുണ്ട്. പൊലീസ് കേസന്വേഷണം തുടരുന്നുണ്ട്. ആനക്കയം മുതൽ പരപ്പനങ്ങാടി വരെ കടലുണ്ടിപ്പുഴ ഒഴുകുന്ന വഴികളിലെല്ലാം തിരച്ചിൽ നടത്തുന്നതിനിടെയാണ് പടിഞ്ഞാറ്റുമുറിയിൽ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP