Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോറിസ് കോയിന്റെ പേരിൽ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും; മാറിസ് കോയിൻ നിക്ഷേപ പദ്ധതി വഴി കൂടുതൽ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസിൽ പ്രതി ചേർക്കും; നിഷാദ് കിളിയിടുക്കിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസും

മോറിസ് കോയിന്റെ പേരിൽ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും; മാറിസ് കോയിൻ നിക്ഷേപ പദ്ധതി വഴി കൂടുതൽ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസിൽ പ്രതി ചേർക്കും; നിഷാദ് കിളിയിടുക്കിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മോറിസ് കോയിൻ നിക്ഷേപത്തട്ടിപ്പ് കേസിൽ ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കിളിയിടുക്കിൽ ഒളിവിൽ പോയി. ഇതേ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നിഷാദ് വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനിടെ കേസിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഏറ്റെടുത്തു. മോറിസ് കോയിൻ നിക്ഷേപ പദ്ധതി വഴി കൂടുതൽ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസിൽ പ്രതി ചേർക്കാനാണു പൊലീസ് നീക്കം.

ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം തേടിയ നിഷാദ് കോടതി നിർദേശിച്ച സമയപരിധി പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരായിരുന്നില്ല. തുടർന്നു ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മലപ്പുറം പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചത്. നിഷാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും കൈമാറിയിട്ടുണ്ട്.

മണി ചെയിൻ ഇടപാടിലൂടെ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ച സംഭവത്തിൽ പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് നിഷാദിനെതിരെ കേസെടുത്തത്. നിഷാദിന്റെ 5 ബാങ്ക് അക്കൗണ്ടുകളിലേക്കായി കഴിഞ്ഞ 9 മാസത്തിനിടെ 1,200 കോടിയുടെ നിക്ഷേപം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറിയിട്ടുണ്ട്. ഇഡിയും കേസ് അന്വേഷിക്കുന്നുണ്ട്.

ബിറ്റ്കോയിന് സമാനമായ ന്യൂജനറേഷൻ ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിനിന്റെ പേരിൽ വൻ പണപ്പിരിവാണ് നടന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. കമ്പനി എംഡിയുടെ തോട്ടക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു. മണി ചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും.

നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു. എന്നാൽ, സ്റ്റോക് എക്സ്ചേഞ്ചുകളിൽ കമ്പനി ലിസ്റ്റ് ചെയ്യാത്തതിനാൽ അതു സാധ്യമല്ലെന്നും സംസ്ഥാനത്ത് ഓഫിസോ, പരസ്യ വിപണന സംവിധാനമോ കമ്പനിക്കില്ലെന്നും പൊലീസ് പറഞ്ഞു. വൻതോതിൽ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികൾ ഉയർന്നതോടെ വിശദീകരണവുമായി കമ്പനി സിഇഒ നിഷാദ് കിളിയിടുക്കിൽ രംഗത്തെത്തിയിരുന്നു.

പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവർക്ക് റീഫണ്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം മോറിസിൽ നിക്ഷേപിക്കരുതെന്നും പണമുണ്ടാക്കുകയെന്ന ലക്ഷ്യമുള്ളവർ മാത്രം ചേർന്നാൽ മതിയെന്നും നിഷാദ് പറഞ്ഞു. നിക്ഷേപ പദ്ധതി വ്യാജമാണോയെന്ന് സംശയം ഉന്നയിച്ച് ഇനിയാരും വാട്‌സ്ആപ്പിൽ വരേണ്ടെന്നും അത്തരക്കാരെ ബ്ലോക്ക് ചെയ്യുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇങ്ങനെ പറഞ്ഞു നടന്ന വ്യക്തിയാണ് പെട്ടെന്ന് മുങ്ങിയത്.

മോറിസ് കോയിനെക്കുറിച്ച് ദുരൂഹത തുടരുമ്പോഴും ലാഭവിഹിതം പ്രതീക്ഷിച്ച് കൂടുതൽപേർ പണം നിക്ഷേപിക്കുകയാണ്. ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തും നിക്ഷേപിക്കുന്നവരുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടത്തിയാണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചത്. മോറിസ് കോയിന് പിന്നിൽ പ്രവർത്തിക്കുന്ന ലോങ് റിച്ച് ടെകേ്‌നാളജീസ് എന്ന കമ്പനിയെക്കുറിച്ച് നിക്ഷേപകർക്ക് ഇപ്പോഴും കൂടുതലായി അറിയില്ല. 2018ൽ പ്രവർത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്പനിയുടെ വെബ് സൈറ്റിൽ തങ്ങളുടേത് ഓൺലൈൻ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്.

എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള വിവിധ പദ്ധതികൾ പരിചയപ്പെടുത്തുന്ന സൈറ്റിൽ എവിടെയും മോറിസ് കോയിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ബംഗളൂരുവിലെ ഓഫിസിന്റെ മേൽവിലാസവും ഒരു ഫോൺ നമ്പറും മാത്രമാണ് നടത്തിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ. എൽ.ആർ ട്രേഡിങ് എന്ന പേരിലുള്ള മറ്റൊരു വെബ്‌സൈറ്റിലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇടപാടുകളും ആശയവിനിമയങ്ങളും.

11 ലക്ഷം നിക്ഷേപകരുണ്ടെന്നാണ് ലോങ് റിച്ച് ടെക്‌നോളജീസിന്റെ അവകാശവാദം. 1,750 കോടി ടേൺ ഓവറുണ്ടെന്ന് റിസർവ് ബാങ്ക് അംഗീകരിച്ചതായും അവകാശപ്പെടുന്നു. ഇവരുടെ സ്റ്റഡി മോജോ, സ്റ്റഡി മോജോ പ്ലസ്, എംപവർ, എംപവർ പ്ലസ്, മില്ലേനിയം തുടങ്ങിയ പ്ലാനുകൾ നിലച്ചപ്പോൾ ജൂണിലാണ് മോറിസ് കോയിൻ നിക്ഷേപ പദ്ധതി ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP