Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ നിക്ഷേപം സമാഹരിച്ചു; ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിനെതിരെ കേസ്; മോറിസ് കോയിന്റെ പേരിൽ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും; മോറിസ് പേ വാലറ്റ് ഉപയോഗിക്കുന്നവർക്ക് എ.ടി.എം കാർഡ് നൽകുമെന്നും അവകാശവാദം; ബിറ്റ്‌കോയിനു സമാനമായ ഡിജിറ്റൽ കറൻസി ഇടപാടിൽ മറിഞ്ഞത് കോടികൾ

ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ നിക്ഷേപം സമാഹരിച്ചു; ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിനെതിരെ കേസ്; മോറിസ് കോയിന്റെ പേരിൽ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും; മോറിസ് പേ വാലറ്റ് ഉപയോഗിക്കുന്നവർക്ക് എ.ടി.എം കാർഡ് നൽകുമെന്നും അവകാശവാദം; ബിറ്റ്‌കോയിനു സമാനമായ ഡിജിറ്റൽ കറൻസി ഇടപാടിൽ മറിഞ്ഞത് കോടികൾ

മറുനാടൻ ഡെസ്‌ക്‌

നിലമ്പൂർ: ബിറ്റ്‌കോയിന് സമാനമായ ന്യൂജനറേഷൻ ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിനിന്റെ പേരിൽ വൻ പണപ്പിരിവ്. മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് (36) എതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീമിന്റെ നിർദേശമനുസരിച്ച് പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ കമ്പനി എംഡിയുടെ തോട്ടക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു. മണി ചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും.

നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു. എന്നാൽ, സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ കമ്പനി ലിസ്റ്റ് ചെയ്യാത്തതിനാൽ അതു സാധ്യമല്ലെന്നും സംസ്ഥാനത്ത് ഓഫിസോ, പരസ്യ വിപണന സംവിധാനമോ കമ്പനിക്കില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നു മുതൽ നിക്ഷേപകരുടെ മൊഴിയെടുത്തു തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കമ്പനി നിയമാനുസൃതമായാണു പ്രവർത്തിക്കുന്നതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എംഡി നിഷാദ് അറിയിച്ചു.

വൻതോതിൽ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികൾ ഉയർന്നതോടെ വിശദീകരണവുമായി കമ്പനി സിഇഒ നിഷാദ് കിളിയിടുക്കിൽ രംഗത്തെത്തി. പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവർക്ക് റീഫണ്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം മോറിസിൽ നിക്ഷേപിക്കരുതെന്നും പണമുണ്ടാക്കുകയെന്ന ലക്ഷ്യമുള്ളവർ മാത്രം ചേർന്നാൽ മതിയെന്നും നിഷാദ് പറയുന്നു. നിക്ഷേപ പദ്ധതി വ്യാജമാണോയെന്ന് സംശയം ഉന്നയിച്ച് ഇനിയാരും വാട്സ്ആപ്പിൽ വരേണ്ടെന്നും അത്തരക്കാരെ ബ്ലോക്ക് ചെയ്യുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നു.

മോറിസ് കോയിനെക്കുറിച്ച് ദുരൂഹത തുടരുമ്പോഴും ലാഭവിഹിതം പ്രതീക്ഷിച്ച് കൂടുതൽപേർ പണം നിക്ഷേപിക്കുകയാണ്. ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തും നിക്ഷേപിക്കുന്നവരുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടത്തിയാണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചത്. മോറിസ് കോയിന് പിന്നിൽ പ്രവർത്തിക്കുന്ന ലോങ് റിച്ച് ടെകേ്നാളജീസ് എന്ന കമ്പനിയെക്കുറിച്ച് നിക്ഷേപകർക്ക് ഇപ്പോഴും കൂടുതലായി അറിയില്ല. 2018ൽ പ്രവർത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്പനിയുടെ വെബ് സൈറ്റിൽ തങ്ങളുടേത് ഓൺലൈൻ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്.

എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള വിവിധ പദ്ധതികൾ പരിചയപ്പെടുത്തുന്ന സൈറ്റിൽ എവിടെയും മോറിസ് കോയിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
ബംഗളൂരുവിലെ ഓഫിസിന്റെ മേൽവിലാസവും ഒരു ഫോൺ നമ്പറും മാത്രമാണ് നടത്തിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ. എൽ.ആർ ട്രേഡിങ് എന്ന പേരിലുള്ള മറ്റൊരു വെബ്സൈറ്റിലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇടപാടുകളും ആശയവിനിമയങ്ങളും.

11 ലക്ഷം നിക്ഷേപകരുണ്ടെന്നാണ് ലോങ് റിച്ച് ടെക്നോളജീസിന്റെ അവകാശവാദം. 1,750 കോടി ടേൺ ഓവറുണ്ടെന്ന് റിസർവ് ബാങ്ക് അംഗീകരിച്ചതായും അവകാശപ്പെടുന്നു. ഇവരുടെ സ്റ്റഡി മോജോ, സ്റ്റഡി മോജോ പ്ലസ്, എംപവർ, എംപവർ പ്ലസ്, മില്ലേനിയം തുടങ്ങിയ പ്ലാനുകൾ നിലച്ചപ്പോൾ ജൂണിലാണ് മോറിസ് കോയിൻ നിക്ഷേപ പദ്ധതി ആരംഭിച്ചത്.

ഈ പ്ലാനുകൾ ഇപ്പോഴും റിട്ടേൺ നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്രിപ്റ്റോ കറൻസിയുടെ പേരിൽ ആയതിനാൽ ആളുകൾ മറ്റ് പ്ലാനുകളെക്കാൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ നിക്ഷേപകരായി ചേർന്ന ഭൂരിഭാഗം പേർക്കും ലാഭവിഹിതം കൃത്യമായി ലഭിച്ചതോടെ ഇവർ മോറിസ് കോയിന്റെ പ്രചാരകരായി മാറുകയായിരുന്നു. മലബാർ ജില്ലകളിലാണ് നിക്ഷേപകർ കൂടുതലുള്ളത്.

നിക്ഷേപത്തിനുള്ള പ്രതിദിന ലാഭത്തിനുപുറമെ പുതിയതായി ഒരാളെ ചേർത്താൽ ലഭിക്കുന്ന വൻ കമ്മിഷനും ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. 40 ശതമാനം വരെയാണ് ആളെ ചേർക്കുന്നവർക്ക് കമ്മിഷൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. റഫറൽ, ബൈനറി കമ്മിഷനുകൾ കഴിച്ചാൽ കമ്പനിയിലേക്ക് എത്തിച്ചേരുക നാമമാത്ര സംഖ്യയായിരിക്കും. അതിനാണ് 300 ശതമാനം ലാഭവിഹിതം നൽകുമെന്ന് വാഗ്ദാനം. തങ്ങളുടെ കോയിൻ 2022ൽ അമേരിക്കയിലെ ക്രിപ്റ്റോ കറൻസി ഓഹരി എക്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. മോറിസ് പേ വാലറ്റ് ഉപയോഗിക്കുന്നവർക്ക് എ.ടി.എം കാർഡ് നൽകുമെന്നും കമ്പനി പറയുന്നുണ്ട്.

കൈവശമുള്ള മോറിസ് കോയിൻ 300 ദിവസത്തിനുശേഷം വിപണിവിലയ്ക്ക് വിൽക്കുകയോ അത് ഉപയോഗിച്ച് ട്രേഡിങ് നടത്തുകയോ ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. ആദ്യഘട്ടങ്ങളിൽ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ലാഭവിഹിതം എത്തിയത്. പിന്നീടിത് മോറിസ് പേ വാലറ്റിലേക്ക് മാറ്റുകയാണെന്ന് കമ്പനി അറിയിക്കുകയായിരുന്നു. തുടർന്ന് പലരും ലാഭവിഹിതം ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. പേ വാലറ്റ് തകരാറിലാകുന്നത് സംബന്ധിച്ച് പരാതി ഉയർന്നപ്പോഴാണ് മാസ്റ്റർ, വിസാ മാതൃകയിൽ എ.ടി.എം കാർഡ് പുറത്തിറക്കുമെന്ന് അറിയിച്ചത്.

അതേസമയം ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് ഉടനെ നിരോധിച്ചേക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. അതിനായി നിയമനിർമ്മാണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. റിസർവ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടർന്നാണ് നിയമനിർമ്മാണം പരിഗണിക്കുന്നത്. 2018 ഏപ്രിൽ മാസത്തിൽ ക്രിപ്റ്റോ കറൻസി ഇപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി നിരോധനംനീക്കി ഉത്തരവിട്ടിരുന്നു.

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സുപ്രീം കോടതിയുടെ ഉത്തരവുവന്നെങ്കിലും ആർബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ നൽകാത്തതിനാൽ ബാങ്കുകൾ ക്രിപ്റ്റോ ഇടപാടുകൾ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളിൽ രാജ്യത്ത് ഇടപാടുകൾ വ്യാപകമായി നടന്നിരുന്നു. 2019 ജൂലായിൽ സർക്കാർ നിയമിച്ച സമിതി, ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവർക്ക് 25 കോടി രൂപവരെ പിഴയും 10വർഷംവരെ തടവും ശിക്ഷ നൽകണമന്നായിരുന്നു സമിതിയുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP