Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മോറിസ് കോയിന്റെ മറവിൽ നടത്തിയിരുന്നത് മണി ചെയിൻ തട്ടിപ്പാണെന്ന് പൊലീസ്; ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ അനധികൃത നിക്ഷേപം സമാഹരിച്ച കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതം; നിഷാദ് കളിയിടുക്കിൽ നിക്ഷേപങ്ങൾ സ്വീകരിച്ചത് ബാങ്ക് അക്കൗണ്ടുകൾ വഴി; ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകാർ ഉണ്ടെന്ന് അവകാശവാദം; നിക്ഷേപകരുടെ മൊഴിയെടുക്കൽ ഇന്ന് തുടങ്ങും

മോറിസ് കോയിന്റെ മറവിൽ നടത്തിയിരുന്നത് മണി ചെയിൻ തട്ടിപ്പാണെന്ന് പൊലീസ്; ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ അനധികൃത നിക്ഷേപം സമാഹരിച്ച കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതം; നിഷാദ് കളിയിടുക്കിൽ നിക്ഷേപങ്ങൾ സ്വീകരിച്ചത് ബാങ്ക് അക്കൗണ്ടുകൾ വഴി; ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകാർ ഉണ്ടെന്ന് അവകാശവാദം; നിക്ഷേപകരുടെ മൊഴിയെടുക്കൽ ഇന്ന് തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മോറിസ് കോയിന്റെ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നടന്നിരുന്നത് മണി ചെയിൻ മോഡൽ തട്ടിപ്പാണെന്ന് പൊലീസ്. സംഭഴത്തിൽ അനധികൃത നിക്ഷേപം സമാഹരിച്ച കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന്റെ അക്കൗണ്ടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിൽ നിന്നു പൊലീസ് വിവരം തേടി. നാലിൽ അധികം ബാങ്ക് അക്കൗണ്ടുകൾ വഴി നിഷാദ് നിക്ഷേപങ്ങൾ സ്വീകരിച്ചതായാണു വിവരം. നിക്ഷേപ പദ്ധതിയിൽ പങ്കുചേർന്ന്, മുടക്കിയതിനെക്കാൾ കൂടുതൽ ലാഭം കിട്ടിയവരുടെയും അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും.

മോറിസ് കോയിന്റെ മറവിൽ നടത്തിയിരുന്നത് മണി ചെയിൻ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായും നിഷാദിനെ ചോദ്യം ചെയ്യുമെന്നും പൂക്കാട്ടുംപാടം ഇൻസ്‌പെക്ടർ പി.വിഷ്ണു പറഞ്ഞു. ഇടപാടിലേക്കു നിക്ഷേപകരെ കണ്ടെത്താൻ സഹായിച്ചിരുന്ന ഏജന്റുമാരിൽ 4 പേരിൽനിന്ന് ഇന്നലെ മൊഴിയെടുത്തു. പത്തുലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചാൽ 50,000 രൂപ വീതമാണ് കമ്മിഷൻ ലഭിച്ചിരുന്നതെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ സംബന്ധിച്ച പ്രചാരണങ്ങൾ നടത്തിയിരുന്നത്. അതിനാൽ നിക്ഷേപകരുടെ വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിന്മാരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കോടികളുടെ നിക്ഷേപം സമാഹരിച്ചതിന് പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരം ചൊവ്വാഴ്ചയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകാർ ഉണ്ടെന്നാണ് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അവകാശവാദം. നിക്ഷേപിക്കുന്ന പണം ഒരുവർഷം തികയുംമുൻപേ എട്ടിരട്ടിയായി മാറുമെന്ന വാഗ്ദാനത്തിൽ അടക്കം വീഴുന്നവരാണ് മോറിസ് കോയിൻ ഇടപാടിലും ചെന്നുപെട്ടിരിക്കുന്നത്.

ആദ്യം നിക്ഷേപിച്ചവർക്കൊക്കെ കൃത്യമായി പണം അക്കൗണ്ടിലെത്തി; കമ്മിഷനുൾപ്പെടെ വലിയ തുക. കേട്ടവർ ഇവരുടെ അനുഭവങ്ങളെ വിശ്വാസത്തിലെടുത്ത് എടുത്തുചാടി. പെട്ടുവെന്ന് തിരിച്ചറിയുന്നത് ഉടമയ്‌ക്കെതിരേ കേസെടുത്തപ്പോൾ മാത്രം. കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപവീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ കമ്മിഷൻ വേറെയും. നിക്ഷേപങ്ങൾ ക്രിപ്റ്റോ കറൻസിയാക്കി മാറ്റിലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചുകഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു. എന്നാൽ, സ്റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ കമ്പനി ലിസ്റ്റ് ചെയ്യാത്തതിനാൽ അതു സാധ്യമല്ലെന്നും സംസ്ഥാനത്ത് ഓഫീസോ പരസ്യവിപണന സംവിധാനമോ കമ്പനിക്കില്ലെന്നും പൊലീസ് പറഞ്ഞു.

ന്യൂ ജനറേഷൻ ക്രിപ്റ്റോ കറൻസി എന്നാണ് മോറിസ് കോയിൻ അറിയപ്പെടുന്നത്. ബിറ്റ്കോയിന് സമാനമായ മറ്റൊരു ഡിജിറ്റൽ കറൻസി. കർണാടകത്തിലും കോയമ്പത്തൂരിലും കമ്പനി രജിസ്റ്റർചെയ്തിട്ടുണ്ടെന്നാണ് സിഇഒ. കൂടിയായ നിഷാദ് കളിയിടുക്കിലിന്റെ അവകാശവാദം. രണ്ടുവർഷം കൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് നിക്ഷേപകരാണ് മോറിസ് കോയിൻ വാങ്ങിയത്. രണ്ടുവർഷമായി സ്ഥിരമായി പണം നിക്ഷേപകർക്ക് തിരികെ ലഭിക്കുന്നുണ്ടായിരുന്നു. കുറച്ചുദിവസങ്ങളായി നിക്ഷേപകരിൽ പലർക്കും പണം ലഭിക്കാതെയായി. നിക്ഷേപകരെ കണ്ടെത്തുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമായി ചെറുസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾ പത്തുലക്ഷം രൂപ സ്വരൂപിച്ചുനൽകുമ്പോൾ അൻപതിനായിരം രൂപ ലാഭവിഹിതമായി നൽകും. അഞ്ചുകോടി രൂപവരെ ഇത്തരത്തിൽ സ്വരൂപിച്ചുനൽകിയ ചെറുസംഘങ്ങൾ മലപ്പുറത്തുണ്ട്. സ്റ്റഡി മോജോ എന്ന പഠനആപ്പ് ഇറക്കുന്നു എന്നുപറഞ്ഞാണ് പണം സ്വരൂപിച്ചത്. എന്നാൽ ആപ്പ് കമ്പനി ഇറക്കിയിട്ടില്ല. പണമിടപാട് സ്ഥാപനം എന്നരീതിയിലും കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ല.

മോറിസ് കോയിൻ വാങ്ങിയ ഒരാൾ മറ്റൊരാളെ ചേർക്കുമ്പോൾ 6000 രൂപവരെ കമ്മിഷൻ ഇനത്തിലും നൽകുന്നുണ്ട്. ദിവസം ലഭിക്കുന്ന പണത്തിനുപുറമെയാണ് ഇത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് നിക്ഷേപകരെ കണ്ടെത്തിയത്. ആദ്യം ചേർന്നവർ പിന്നീട് പുതിയ അംഗങ്ങളെ കാൻവാസ് ചെയ്തു. മോറിസ് കോയിന്റെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി നിഷാദ് കളിയിടുക്കിലിന്റെ (36) പേരിൽ ജില്ലാ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൂക്കോട്ടുംപാടം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ കമ്പനി എം.ഡിയുടെ തോട്ടക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു.

ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടിനാഷണൽ കമ്പനി സ്റ്റഡിമോജോ, മൗറിസ്‌കോയിൻ, ഇൻവെസ്റ്റ്മെന്റ് പ്ലാൻ, 300 ഡേയ്സ് എന്നിങ്ങനെയുള്ള സ്‌കീമുകളിലൂടെയാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. നിയമാനുസൃതരേഖയോ ആധികാരികതയോ ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യംചെയ്ത് 15,000 രൂപയും മുകളിലും നിക്ഷേപിച്ചാൽ ദിവസം മൂന്നുമുതൽ അഞ്ചുശതമാനം വരെ ലാഭം നൽകാമെന്നാണ് വാഗ്ദാനമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ ആളെചേർക്കുന്ന നിക്ഷേപകനും ലാഭവിഹിതമുണ്ട്. ബന്ധപ്പെട്ട സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. പൂക്കോട്ടുംപാടം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.

വൻതോതിൽ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികൾ ഉയർന്നതോടെ വിശദീകരണവുമായി കമ്പനി സിഇഒ നിഷാദ് കിളിയിടുക്കിൽ രംഗത്തെത്തി. പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവർക്ക് റീഫണ്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം മോറിസിൽ നിക്ഷേപിക്കരുതെന്നും പണമുണ്ടാക്കുകയെന്ന ലക്ഷ്യമുള്ളവർ മാത്രം ചേർന്നാൽ മതിയെന്നും നിഷാദ് പറയുന്നു. നിക്ഷേപ പദ്ധതി വ്യാജമാണോയെന്ന് സംശയം ഉന്നയിച്ച് ഇനിയാരും വാട്‌സ്ആപ്പിൽ വരേണ്ടെന്നും അത്തരക്കാരെ ബ്ലോക്ക് ചെയ്യുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP