Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റിങ്ങൽ നഴ്‌സ് വധം: കൊലയ്ക്ക് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചത് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയതായി കോടതിയിൽ മൊഴി നൽകി ഗ്രേഡ് എസ് ഐ; പ്രതി താമസിച്ച ലോഡ്ജിന്റെ മൂന്നാം നിലയിലെ ടെറസ്സിൽ നിന്നും കണ്ടെടുത്ത ബാഗിൽ പ്രതി കൃത്യസമയം ധരിച്ച ജീൻസ് പാന്റ്‌സും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ

ആറ്റിങ്ങൽ നഴ്‌സ് വധം: കൊലയ്ക്ക് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചത് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയതായി കോടതിയിൽ മൊഴി നൽകി ഗ്രേഡ് എസ് ഐ; പ്രതി താമസിച്ച ലോഡ്ജിന്റെ മൂന്നാം നിലയിലെ ടെറസ്സിൽ നിന്നും കണ്ടെടുത്ത ബാഗിൽ പ്രതി കൃത്യസമയം ധരിച്ച ജീൻസ് പാന്റ്‌സും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ

പി നാഗരാജ്

തിരുവനന്തപുരം: നഴ്‌സ് സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുകൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറി (ജി ഡി) രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാർ സെഷൻസ് കോടതിയിൽ സാക്ഷി മൊഴി നൽകി. എന്നാൽ ആത്മഹത്യാശ്രമത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷൻ ഭാഗം പന്ത്രണ്ടാം സാക്ഷിയായ ഗ്രേഡ് എസ്‌ഐ മൊഴി നൽകി. സൂര്യ കൊല്ലപ്പെട്ട 2016 ജനുവരി 27ന് തന്നെ ഉച്ചയോടെയാണ് പ്രതി ലോഡ്ജ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ കുമാർ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ വന്ന് ജി ഡി കണ്ടെഴുതിയ സീഷ്വർ മഹസ്സറിൽ താൻ രണ്ടാം സാക്ഷിയായി ഒപ്പിട്ടു കൊടുത്തു.

2016 ഏപ്രിൽ 26 നാണ് മഹസ്സർ തയ്യാറാക്കിയത്. സ്റ്റേഷൻ റൈറ്റർ വിജിമോനാണ് ജി ഡി രജിസ്റ്റർ ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർക്ക് ഹാജരാക്കി നൽകിയത്. മഹസ്സർ തയ്യാറാക്കിയ ശേഷം ജി ഡി ബുക്ക് മൂന്നാം സ്ഥാനത്തിൽ റൈറ്റർക്ക് വിട്ടുനൽകിയതായും അദ്ദേഹം മൊഴി നൽകി.കൊല്ലം തപസ്യ ലോഡ്ജിലെ മാസ വാടകയ്ക്ക് താമസിക്കുന്നയാളും മുൻ നാടക നടനും നിലവിൽ ലോഡ്ജിൽ നാടക പ്രോഗ്രാം ബുക്കിങ് ഓഫീസ് നടത്തുന്നയാളുമായ ചന്ദ്രസേനൻ പ്രോസിക്യൂഷൻ ഭാഗം പതിമൂന്നാം സാക്ഷിയായി കോടതിയിൽ മൊഴി നൽകി. തപസ്യാ ലോഡ്ജിൽ ആറ്റിങ്ങൽ പൊലീസ് സംഭവത്തിന്റെ പിറ്റേ ദിവസം സന്ധ്യയോടെ വന്ന് ലോഡ്ജിലെ താമസക്കാരുടെ പേരും വിലാസവും രേഖപ്പെടുത്തുന്ന ഇൻവേഡ് രജിസ്റ്റർ കണ്ട് തയ്യാറാക്കിയ സീസ്വർ മഹസ്സറിൽ താൻ സാക്ഷിയായി ഒപ്പിട്ടു നൽകി.

മഹസ്സറിൽ കാണുന്ന ഒപ്പ് തന്റേതാണ്. തുടർന്ന് മൂന്നു മാസം കഴിഞ്ഞ് ആറ്റിങ്ങൽ പൊലീസ് പ്രതിയുടെ തോളിൽ തൂക്കിയിരുന്ന കറുത്ത സ്‌കൈ ബാഗ് കണ്ടെടുക്കാൻ ലോഡ്ജിൽ വന്നു. ലോഡ്ജിന്റെ മൂന്നാം നിലയിലെ ടെറസ്സിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കറുത്ത സ്‌കൈ ബാഗ് പൊലീസ് കണ്ടെടുക്കുന്നത് താൻ കണ്ടു. ബാഗ് പൊലീസ് തുറന്നു പരിശോധിച്ചതിൽ ബാഗിനുള്ളിൽ നിന്നും പ്രതി കൃത്യ സമയം ധരിച്ചിരുന്ന ജീൻസ് പാന്റ്‌സും ഷർട്ടും കണ്ടെടുത്ത് തയ്യാറാക്കിയ സീഷ്വർ മഹസറിൽ താനൊപ്പിട്ടു നൽകിയതായും ചന്ദ്രസേനൻ സാക്ഷിമൊഴി നൽകി.

കൃത്യത്തിന് ശേഷം ആറ്റിങ്ങലിൽ നിന്നും കടന്ന പ്രതിയെ ടവർ ലൊക്കേഷൻ വഴി പൊലീസ് കൊല്ലത്തെ ലോഡ്ജ് മുറിയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് സംഘം അകത്ത് പ്രവേശിച്ചപ്പോൾ പ്രതി മരണത്തോട് മല്ലിടുകയായിരുന്നു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും റിമാന്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി റിമാന്റ് തടവുകാരുടെ സെല്ലിലും പാർപ്പിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിയുടെ മരണ മൊഴി ജുഡീഷ്യൽ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും ആറ്റിങ്ങൽ മജിസ്‌ട്രേട്ട് കോടതി പൊലീസിന്റെ ആവശ്യം തള്ളി.

അത്യാസന്ന നിലയിൽ കഴിയുന്ന പ്രതി മാനസികമായോ ശാരീരികമായോ ആരോഗ്യവാനല്ല എന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കസ്റ്റഡി ആവശ്യം കോടതി തള്ളിയത്. തുടർന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് വീഴ്ച വരുത്തിയതിനാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) പ്രകാരം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതിനാൽ തന്നെ പ്രതിയുടെ സാന്നിദ്ധ്യത്തിൽ പൊലീസിന് തൊണ്ടിമുതലുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

കൊലക്ക് ശേഷം പ്രതി നടന്നു പോകുന്നത് കണ്ടവർ ഉണ്ടെന്നല്ലാതെ കൊലപാതകത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ - സൈബർ തെളിവുകളും ആണ് പ്രോസിക്യൂഷൻ കേസ് തെളിയിക്കാൻ ആശ്രയിച്ചിരിക്കുന്നത്. സൂര്യ വീട്ടിൽ നിന്നും സ്‌ക്കൂട്ടർ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന ഷിജുവിനൊപ്പം സ്വകാര്യ ബസ്സിൽ കയറി ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിജു ആറ്റിങ്ങൽ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാൻസ്‌ഫോർമറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നിർവ്വഹിക്കുകയായിരുന്നു.

സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി. പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ(26)യാണ് ദാരുണമായി കൊല്ലപ്പെട്ടത്.

2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടുകത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥലവാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന് കൃത്യത്തിനുപയോഗിച്ച വെട്ടു കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് കുറച്ചു നാൾ മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. ബംഗ്‌ളുരുവിൽ ക്രിസ്ത്യൻ മിഷനറി കോളേജിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്.

കൊലക്ക് തലേന്ന് ഇരുവരും തമ്മിൽ ഒരു മണിക്കൂർ 10 മിനിറ്റ് സംസാരിച്ചതിന്റെ കാൾ ഡീറ്റയിൽസ് റെക്കോർഡ് (സി.ഡി.ആർ) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുള്ളതായ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെയും മറ്റും പേരുകൾ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാൻ ഇയാൾ ആശുപത്രിയിൽ ചെല്ലുമ്പോൾ സൂര്യയുമായി സംസാരിച്ചു നിൽക്കുന്ന ഡോക്ടർമാരുടെയും മറ്റും പേരുകളാണ് ഇയാൾ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്. ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP