Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ പെൺകുട്ടിയടക്കം മൂന്നു സഖാക്കൾക്കു നേർക്ക് സദാചാര ഗുണ്ടായിസം; കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിയും കയ്യേറ്റശ്രമവും നടത്തിയത് ടാക്‌സി ഡ്രൈവർമാരും എസ്‌ഐയും; പൊലീസ് സ്റ്റേഷനിലെത്തിച്ചും മർദനം; കണ്ണൂരിലെ താലിബാൻ മോഡലിനെതിരേ പ്രതികരിച്ച് യുവാവിന്റെ ഫേസ്‌ബുക് പോസ്റ്റ്

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ പെൺകുട്ടിയടക്കം മൂന്നു സഖാക്കൾക്കു നേർക്ക് സദാചാര ഗുണ്ടായിസം; കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളിയും കയ്യേറ്റശ്രമവും നടത്തിയത് ടാക്‌സി ഡ്രൈവർമാരും എസ്‌ഐയും; പൊലീസ് സ്റ്റേഷനിലെത്തിച്ചും മർദനം; കണ്ണൂരിലെ താലിബാൻ മോഡലിനെതിരേ പ്രതികരിച്ച് യുവാവിന്റെ ഫേസ്‌ബുക് പോസ്റ്റ്

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ വിവാഹം നിശ്ചയിരിക്കുന്ന യുവാക്കൾക്കും ഇവരുടെ സുഹൃത്തിനും നേർക്ക് സദാചാര ഗുണ്ടായിസം. തില്ലങ്കേരിയിൽ നിന്നുള്ള ആകാശ്, ആകാശുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന ഐശ്വര്യ, സുഹൃത്തായ മിഥുൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്. പ്രദേശത്തെ ടാക്‌സി ഡ്രൈവർമാരും പിന്നീട് പൊലീസുമാണ് ഗുണ്ടായിസം കാണിച്ചത്.

രക്തസാക്ഷി മണ്ഡപത്തിനു സമീപം സെൽഫി എടുത്ത തങ്ങളെ പ്രദേശത്തെ ടാക്‌സി ഡ്രൈവർമാർ ചോദ്യംചെയ്യുകയായിരുന്നുവെന്ന് സംഭവം വിവരിച്ചുകൊണ്ട് ആകാശ് ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. തങ്ങൾ ഇവിടുത്തുകാരാണെന്നും സദാചാര ഗുണ്ടായിസം വേണ്ടെന്നും മറുപടി നല്കി. തുടർന്ന് കേട്ടാലറയ്ക്കുന്ന ഭാഷയിൽ പെൺകുട്ടിയെ അടക്കം തെറിവിളിച്ചു. തുടർന്ന് കയ്യേറ്റശ്രമവും ഉണ്ടായി.

ഗുണ്ടായിസം കാട്ടിയവർ ടാക്‌സി സ്റ്റാൻഡിൽ ഉണ്ടായിരുന്ന പൊലീസുകാരെ വിളിച്ചുവരുത്തിയെങ്കിലും കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം മടങ്ങിപ്പോയി. കലികയറിയ ടാക്‌സി ഡ്രൈവർമാർ എസ്‌ഐയെ വിളിച്ചുവരുത്തി. ജീപ്പിൽ വന്നിറങ്ങിയ എസ്‌ഐ മനു കാര്യങ്ങൾ ചോദിച്ചറിയുന്നതിനു പകരം സദാചാര ഗുണ്ടകൾക്കൊപ്പം ചേർന്ന് തങ്ങളെ താലിബാൻ മോഡലിൽ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ആകാശ് വ്യക്തമാക്കുന്നു.

തുടർന്ന് എസ്‌ഐ ബലമായി ജീപ്പിൽപിടിച്ചുകയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. വഴിനീളം കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിവിളി ഉണ്ടായിരുന്നു. സ്‌റ്റേഷനിൽവച്ച് എന്താണ് തങ്ങൾ ചെയ്ത തെറ്റെന്നു ചോദിച്ചപ്പോൾ മർദനവും ഉണ്ടായി. വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്‌ഐ നേതാവ് കെ. അനിൽക്കുമാർ എംപിയുടെ ഇടപെടലാണ് ക്രൂരമായ സ്റ്റേഷൻ മർദനത്തിൽനിന്ന് തങ്ങളെ രക്ഷിച്ചതെന്നും ആകാശ് തില്ലങ്കേരി പറയുന്നു.

ആകാശ് തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപത്തിൽ നിന്ന് ഇന്നലെ ഉച്ചയോടുകൂടി എടുത്ത സെൽഫി ആണിത്. കൂടെ ഉള്ളത് പ്രിയ സഖാവ് മിഥുൻ മഹേന്ദ്രനും ഞാനുമായ് കല്ല്യാണമുറപ്പിച്ച എന്റെ സഖാവ് ഐശ്വര്യ കുന്നത്തുമാണ്. ഈ സെൽഫിക്ക് ശേഷം കൂത്തുപറമ്പിൽ ഞങ്ങൾക്ക് കുറച്ച് ക്ലേശാനുഭവങ്ങളുണ്ടായ്.
ഉത്തരേന്ത്യയിലോ പാക്കിസ്ഥാനിലോ ഒന്നുമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ, ധീരരായ അഞ്ച് ചെന്താരകങ്ങളുടെ ചോരയാൽ ചുവന്നുതുടുത്ത വിപ്ലവത്തിന്റെ തീച്ചൂളയിൽ പടുത്തുയർത്തിയ രക്തസാക്ഷി കുടീരത്തിൽ വച്ചുണ്ടായ ദുരവസ്ഥയാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്..

ഈ സെൽഫി എടുത്തതിന് ശേഷം ചില സുഹൃത്തുക്കളോട് സംസാരിച്ച് നിൽക്കുകയായിരുന്നു ഞങ്ങൾ.അപ്പോൾ രണ്ട് ടാക്സി ട്രൈവർമാർ വളരെ പരുഷമായ നോട്ടത്തോടുകൂടി ഞങ്ങളുടെ സമീപം വരികയുണ്ടായ്..ഏതാണ്ട് ഞങ്ങളുടെയൊക്കെ അച്ഛന്റെ പ്രായമുള്ള രണ്ടുപേർ..

എന്താ ഇവിടെ കാര്യം..?എന്തിനാണ് വന്നതെന്നു..?നിന്റെ ആരാ ഇവരെന്നൊക്കെ..? വളരെ വൃത്തികെട്ടരീതിയിൽ ഇവർ ഐശുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി.. നിങ്ങളെ ഇതൊന്നും ബോധിപ്പിക്കേണ്ട ആവശ്യമിലെന്നും..കൂത്തുപറമ്പിൽ ഞങ്ങളിത് ആദ്യമായെല്ലെന്നും..സദാചാരമൊന്നും ഇവിടെ വേണ്ടെന്നും വളരെ ശാന്തമായ് തന്നെ ഞങ്ങൾ മറുപടി പറഞ്ഞു..

പിന്നീട് വളരെ രോഷാകുലരായ് ഇവർ ഞങ്ങളെ കേട്ടാലറക്കുന്ന ഭാഷയിൽ തെറിപറയുകയും..ഇത് കൂത്തുപറമ്പാണ് ടാക്സിക്കാരോട് കളിക്കാൻ നിങ്ങളായില്ലെന്നും,കുടുംബ പേരും കുടുംബത്തിലെ ഉന്നതരുടെ പേരും പറഞ്ഞ് വെല്ലുവിളിയായ്.. അവർക്ക് ഞങ്ങളുടെ പലചചോദ്യങ്ങൾക്കും മറുപടിയില്ലെന്ന് വന്നപ്പോൾ അവർ മിഥുനെ പിടിച്ച് ഐശ്വര്യയുടെ ദേഹത്തേക്ക് തള്ളിയിട്ടു.. മിഥുനെ തള്ളുന്ന സ്ഥിതി വന്നപ്പോൾ ഞാൻ അയാളെ തടയുകയും പിടിച്ചുമാറ്റുകയും ചെയ്തു..

വെല്ലുവിളി കയ്യാങ്കളിയിലേക്ക് കടക്കുമെന്ന സ്ഥിതിവന്നപ്പോൾ ഇയാൾ ഞാൻ പനോളി രത്നാകരനാണെന്നും എന്നെ നിങ്ങൾക്കറിയില്ലെന്നും വീരവാദം മുഴക്കലായ്.. ഒരുതരത്തിലും ഞങ്ങൾ വഴങ്ങില്ലെന്ന് കണ്ടപ്പോൾ അവർ സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി.. ഞങ്ങൾ ആ പൊലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങൾ സത്യസന്ധമായ് അവതിരിപ്പിക്കുകയും അദ്ദേഹത്തിന് കാര്യം ബോധ്യപ്പെടുകയും ചെയ്തതുകൂടി അദ്ദേഹം മടങ്ങിപ്പോയ്..

അത്രയൊക്കെ ഉണ്ടായിട്ടും തൃപ്തരാവാത്ത അവർ സ്റ്റേഷനിൽനിന്ന് എസ്‌ഐ കൂടി വിളിച്ച് വരുത്തുകയാണ് ചെയ്തത്.. സിനിമ സ്റ്റൈലിൽ ജീപ്പിൽ വന്നിറങ്ങിയ കൂത്തുപറമ്പ് എസ്‌ഐ മനു കാര്യങ്ങൾ ചോദിച്ചറിയുന്നതിനു പകരം സദാചാരക്കാരൊപ്പം നിന്ന് ഞങ്ങളെന്തോ തെറ്റ് ചെയ്തിട്ടെന്നപോൽ അവരേക്കാൾ തരംതാണ് താലിബാൻ മോഡലിൽ ഞങ്ങളെയൊക്കെ ചോദ്യം ചെയ്യുകയാണ് ചെയ്തത്..

വളരെ ഹീനനായ് പൊതുജന മധ്യത്തിൽ ഒരുതരത്തിലും പറയാൻ സാധിക്കാത്ത വാക്കുകളോടെ ആ എസ്‌ഐ ഐശുവിനെ മാനസികമായ് ടോർച്ചർ ചെയ്തപ്പോൾ ഞങ്ങൾ ശക്തമായ് പ്രതികരിച്ചു.. പിന്നീട് ഞങ്ങൾക്ക് നേരെയായ് അയാളുടെ ഹീറോയിസം ബലമായ് പിടിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയ്.. വഴിനീളെ കേട്ടാലറക്കുന്ന ഭാഷയിൽ തെറിവിളി ആയിരുന്നു..

സ്റ്റേഷനിലെത്തിയപ്പോൾ നമ്മൾ ചെയ്ത തെറ്റെന്താണെന്നും അത് പറഞ്ഞ് തരണമെന്നും ചോദിച്ച മാത്രയിൽ ഞങ്ങക്കെ എസ് മർദ്ദിക്കുകയാണ് ഉണ്ടായത്.. വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്‌ഐ നേതാവ് കെ. അനിൽക്കുമാർ എംപിയുടെ നേതൃത്വത്തിൽ, എസ്എഫ്‌ഐ സഖാക്കളുടേയും മറ്റ് സഖാക്കളുടേയും അവസരോചിത ഇടപെടൽ കൊണ്ടാണ് ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിൽ നിന്ന് ഞങ്ങൾ രക്ഷപെട്ടത്..

ഭരണകൂടത്തിന്റെ ഒത്താശയോടെ യുക്തിരാഹിത്യത്തിന്റെ മനുസ്മൃതി അടിച്ചേൽപ്പിക്കാൻ ഫാസിസ്റ്റ് ശക്തികൾ പരിശ്രമിക്കുമ്പോൾ അതിനെതിരെ സ്ത്രീ സമത്വത്തെ പറ്റി പാർട്ടിയുടെ മേൽകമ്മിറ്റി മുതൽ താഴേകമ്മിറ്റി വരെ സജീവമായ് ചർച്ച ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു ഘട്ടമാണിത്..

ഈ വിനാശകരമായ കാലഘട്ടത്തിലാണ് കുടുംബത്തിൽ പിറക്കാതെ കുടുംബപ്പേരും കൊണ്ട് പേക്കൂത്താടുന്ന ഇത്തരം ഞരമ്പ് രോഗികൾ കൂത്തുപറമ്പിന്റെ ചരിത്രത്തിനു നേരെ പുറംതിരിഞ്ഞ് നിന്ന് കൊഞ്ഞനംകുത്തി കാണിക്കുന്നത്..

കുടുംബമഹിമയിലെ അഹന്തയും ഭള്ളും മാത്രം കൈമുതലായിട്ടുള്ള ഇതുപോലുള്ള രത്നാകരന്മാരുടെ തലച്ചോറിൽ തൊട്ടുകൂട്ടാൻ പോലും രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ തൊട്ടു തെറിപ്പിച്ചിട്ടില്ല..

ഇവിടെ പ്രശ്നം എന്താണെന്ന് വച്ചാൽ, രത്നാകരനെപോലുള്ളവരെ പാർട്ടിയുടെ മുഖമായ് കാണുന്ന തെറ്റിധരിക്കപെട്ട ഒരുപാട് സാധാരണക്കാരുണ്ട്.. ഇവന്റെയൊക്കെ ഇത്തരം ചെയ്തികൾ പരിശോദിക്കേണ്ടിടത്ത് യഥാസമയം പരിശോധിച്ച് തിരുത്തിയില്ലെങ്കിൽ അപകടരത്തിന്റെ അന്തരം വലുതാണ്..

സ്വജനപക്ഷപാതമോ അഴിമതിയോ തീണ്ടാത്ത ഇന്നും ഞങ്ങളോടൊപ്പം ഒരാളായ്, ഞങ്ങൾക്ക് നേതൃത്വം നൽകുന്ന ഞങ്ങളൊക്കെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സഖാവ് പനോളി വത്സേട്ടന്റെ പേരു ഇവന്റെയൊക്കെ ഇടത് ഭാഗം വരുന്നതാണ് ഞങ്ങളെ മാനസികമായ് വല്ലാതെ അലോസരപെടുത്തുന്നത്..

പട്ടി കടിക്കുന്നതാണെങ്കിൽ ചങ്ങലകിടേണ്ടത് പട്ടിയെ ആണ്.. അല്ലാതെ മനുഷ്യരെയല്ല.. അതുപോലെ, ഒരാണും പെണ്ണും ഒരുമിച്ചിരുന്നാൽ ഇവനൊക്കെ കുരു പൊട്ടിയൊലിക്കുന്നുണ്ടെങ്കിൽ ചങ്ങലിക്കിടേണ്ടതും ശുശ്രൂഷിക്കേണ്ടതും ഇവന്റെയൊക്കെ വികലമനോസ്ഥിതിയെ മാത്രമാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP