Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബേക്കറിയിലെ സഹായി യുവതിയെ സ്വന്തമാക്കിയത് ഭർത്താവിനെ കഞ്ചാവ് ലഹരിയിൽ കള്ളക്കേസിൽ കുടുക്കി; കമ്പളിക്കണ്ടം തോമാച്ചന്റെ വലംകൈയായി കൊച്ചിയിൽ എത്തി; ഗോഡ്ഫാദറുടെ അപ്രതീക്ഷിത മരണത്തോടെ കച്ചവടമെല്ലാം നേരിട്ടായി; പിടിക്കപ്പെടാതിരിക്കാൻ സ്വാമിക്ക് ആശ്രമം കെട്ടിക്കൊടുത്തത് അന്ധവിശ്വാസത്തിന് അടിമപ്പെട്ട്; നക്‌സലുകളേയും മാവോയിസ്റ്റുകളേയും ഒപ്പം നിർത്തി കൊടുകാട്ടിൽ കഞ്ചാവ് വളർത്തലും ഹാഷിഷ് നിർമ്മാണവും; അടിമാലിയിലെ ഓട്ടോക്കാരൻ 'മൂർഖൻ ഷാജി' ആയ ക്രുരതകളുടെ കഥ

ബേക്കറിയിലെ സഹായി യുവതിയെ സ്വന്തമാക്കിയത് ഭർത്താവിനെ കഞ്ചാവ് ലഹരിയിൽ കള്ളക്കേസിൽ കുടുക്കി; കമ്പളിക്കണ്ടം തോമാച്ചന്റെ വലംകൈയായി കൊച്ചിയിൽ എത്തി; ഗോഡ്ഫാദറുടെ അപ്രതീക്ഷിത മരണത്തോടെ കച്ചവടമെല്ലാം നേരിട്ടായി; പിടിക്കപ്പെടാതിരിക്കാൻ സ്വാമിക്ക് ആശ്രമം കെട്ടിക്കൊടുത്തത് അന്ധവിശ്വാസത്തിന് അടിമപ്പെട്ട്; നക്‌സലുകളേയും മാവോയിസ്റ്റുകളേയും ഒപ്പം നിർത്തി കൊടുകാട്ടിൽ കഞ്ചാവ് വളർത്തലും ഹാഷിഷ് നിർമ്മാണവും; അടിമാലിയിലെ ഓട്ടോക്കാരൻ 'മൂർഖൻ ഷാജി' ആയ ക്രുരതകളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദക്ഷിണേന്ത്യയിൽനിന്ന് പുറംരാജ്യങ്ങളിലേക്കു കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്ന സംഘത്തിന്റെ തലവനായ ഷാജിമോനെന്ന മൂർഖൻ ഷാജിയെ പിടികിട്ടാ പുള്ളിയായി കോടതി പ്രഖ്യാപിക്കുമ്പോഴും മയക്കുമരുന്ന് മാഫിയയെ ഈ അടിമാലിക്കാരൻ നിയന്ത്രിക്കുകയാണ്. ആന്ധ്രയിലെ നക്‌സൽ മേഖലയിൽനിന്ന് ഇടുക്കിയിലേക്ക് കഞ്ചാവു കടത്തിനു തുടക്കം കുറിച്ച കമ്പിളിക്കണ്ടം തോമസിന്റെ സഹായിയായാണ് മൂർഖൻ ഷാജി ഈ മേഖലയിലേക്ക് ഇറങ്ങുന്നത്. കമ്പിളിക്കണ്ടം തോമസ് ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെ കച്ചവടം ഷാജിയുടെ കൈയിലായി. പിന്നെ ദക്ഷിണേന്ത്യയിലെ കഞ്ചാവ് കടത്തിലെ കിരീടം വയ്ക്കാത്ത രാജാവും. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീരീക്ഷണത്തിലായിരുന്ന ഷാജിയെ 1.80 കോടി രൂപയുടെ കഞ്ചാവുമായാണ് എക്‌സൈസ് സിഐ അനികുമാറും സംഘവും 2018 നവംബറിൽ പിടികൂടിയത്. പക്ഷേ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടി പുറത്തിറങ്ങി. പിന്നെ മുങ്ങൽ. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയിട്ടും മൂർഖനെ കണ്ടെത്താൻ ആർക്കും കഴിയുന്നുമില്ല.

അടിമാലിയിൽ മൂർഖനെന്നു പേരെഴുതിയ ഓട്ടോ ഓടിച്ചതിനാലാണ് മൂർഖൻ ഷാജിയെന്ന പേരുവീണതെന്നാണ് ചോദ്യം ചെയ്യലിൽ ഷാജി പറഞ്ഞത്. എന്നാൽ ക്രൂരമായ പെരുമാറ്റം കാരണമാണ് മൂർഖനെന്ന പേരുകിട്ടിയതെന്ന വിലയിരുത്തലും സജീവമാണ്. എതിരാളികളെ ഇല്ലാതാക്കുന്നതിന് ഏതു മാർഗവും സ്വീകരിക്കുന്ന ക്രിമിനലാണ്. അടിമാലിയിൽ പണ്ട് ബേക്കറി നടത്തിയിരുന്ന കാലത്ത് സഹായിയായി കൂടിയ യുവതിയെ സ്വന്തമാക്കാൻ അവരുടെ ഭർത്താവിനെ കഞ്ചാവ് ലഹരിയിലാക്കി ,കള്ളക്കേസിൽ കുടുക്കി. പിന്നീട് ഇയാൾ ആത്മഹത്യചെയ്തു. ഇതോടെ ഷാജി മൂർഖനായി. 2003 ൽ വ്യാജമദ്യം കടത്തിയ കേസിൽ ഷാജിക്ക് നാലുകൊല്ലം തടവുശിക്ഷ ലഭിച്ചിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ഷാജി. ഒന്നാം പ്രതി ജയകുമാർ ഉസലംപെട്ടിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തിനു പിന്നിൽ ഷാജിയാണെന്നും സൂചനയുണ്ട്. ഷാജിയുടെ രണ്ടാം ഭാര്യയുടെ മുൻ ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിലും ഷാജിയാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഇയാളെ ഷാജി കഞ്ചാവു കേസിൽ കുടുക്കി നിരന്തരം ഉപദ്രവിച്ചിരുന്നു. ഷാജിയുടെ സഹായിയായി ഒപ്പമുണ്ടായിരുന്ന ഏലിയാസിന്റെ മരണത്തിലും സംശയമുന നീളുന്നത് ഷാജിയിലേക്കാണ്. ഒരു അയൽവാസിയും ഷാജിയുടെ ശല്യം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതായി എക്സൈസ് പറയുന്നു. ഇതെല്ലാം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഇതുകൊലപാതകമാണെന്ന സംശയം സജീവമാണ്. വർഷങ്ങളായി ഹാഷിഷ് ഓയിലും കഞ്ചാവും കടത്തുന്നുണ്ടെങ്കിലും ഷാജിയുടെ പേരിൽ ആകെയുള്ളത് രണ്ടു കേസുകളാണ്. തെളിവില്ലാതെ കൊലപാതകം നടത്തുന്നതിലെ വിരുതാണ് മൂർഖന്റെ ശത്രുക്കളിൽ പലരും ആത്മഹത്യ ചെയ്തതെന്ന് വരാൻ കാരണം.

1.80 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്തിയ കേസും തിരുവനന്തപുരത്ത് മണ്ണന്തലയിൽ 10.5 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്തുന്നതിനിടെ പിടികൂടിയ കേസും മാത്രമാണ് ഷാജിക്കെതിരെയുള്ളത്. വാളയാറിൽ 36.5 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ ഷാജിക്കു പങ്കുണ്ടെന്ന് എക്സൈസ് പറയുന്നു. പക്ഷേ അന്വേഷണം എങ്ങും എത്തിയിട്ടില്ല. എക്സൈസിൽ ഷാജിക്കുവേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും ആരോപണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി നിരവധി ഇന്റലിജൻസ് റിപ്പോർട്ടുകളുമുണ്ട്. ഋഷിരാജ് സിങ് ഐപിഎസ് എക്സൈസ് തലപ്പത്തേക്കു വന്നപ്പോഴാണ് മൂർഖന് പടി വീണത്. ഇതും മറികടക്കാൻ ജാമ്യത്തിലെ കള്ളക്കളിയിലൂടെ കഴിഞ്ഞു.

പതിറ്റാണ്ടുകാലത്തെ ഹാഷിഷ് കടത്തിലും വില്പനയിലൂടെയും സമ്പാദിച്ചത് കോടികളാണ്. ആന്ധ്രയിലും ഒഡീഷയിലും ഏക്കർ കണക്കിന് കഞ്ചാവ് കൃഷി നടത്തിയും ഹാഷിഷ് വാറ്റിയും സമ്പാദിച്ച കോടികൾ കേരളത്തിനകത്തും പുറത്തും ബിനാമി പേരിൽ വസ്തുക്കളും റിസോർട്ടുകളും ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചുവെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ അടിമാലി കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യനിർമ്മാണവും വില്പനയും. കുപ്രസിദ്ധനായിരുന്ന കമ്പിളിക്കണ്ടം തോമാച്ചന്റെ വലംകൈയായി പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം തുടങ്ങി. ഒരുനാൾ കമ്പിളിക്കണ്ടം ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ ഹാഷിഷിന്റെ നിർമ്മാണവും കടത്തും കച്ചവടവുമെല്ലാം ഷാജിയുടെ കൈപ്പിടിയിലായി.

ആന്ധ്ര, ഒഡീഷ അതിർത്തിയിലേക്ക് ചുവടുമാറിയ ഷാജി അവിടെ ഏക്കർകണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി തുടങ്ങി. നക്‌സലുകൾക്കും മാവോയിസ്റ്റുകൾക്കും നല്ല സ്വാധീനമുള്ള അവിടെ അവർക്കാവശ്യമായ പണവും മറ്റ് സൗകര്യങ്ങളും നൽകി ഷാജി കഞ്ചാവിന്റെ കിംഗായി മാറി. തന്റെ വിശ്വസ്തനും ഹാഷിഷ് നിർമ്മാണത്തിൽ വിദഗ്ദ്ധനുമായ മെൽവിനെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയി.ലാഭം ഹാഷിഷാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും അവിടെ ക്യാമ്പ് ചെയ്ത് കോടികളുടെ ഹാഷിഷ് വാറ്റി കേരളത്തിലേക്ക് ഒഴുക്കി. മാലി സ്വദേശികൾ മുഖാന്തിരം വിദേശത്തേക്ക് കടത്താനുള്ള കുറുക്കുവഴിയായി തിരുവനന്തപുരത്തെ കണ്ട ഷാജി ഇവിടത്തെ ഒരു സ്വാമിയുമായി സൗഹൃദത്തിലായി.

പൂജ കഴിച്ചാൽ തന്റെ ചരക്ക് പിടിക്കപ്പെടില്ലെന്ന് വിശ്വസിച്ച് സ്വാമിക്കായി ലക്ഷങ്ങൾ ചെലവഴിച്ചു. സ്വാമിയുടെ ആശ്രമം നിന്ന സ്ഥലം റെയിൽവേ വികസനത്തിനായി ഏറ്റെടുത്തപ്പോൾ അടിമാലിയിൽ സ്വന്തമായി ആശ്രമം നിർമ്മിച്ച് നൽകി. സ്വാമിയേയും കുടുംബത്തേയും തന്റെ വീടിന്റെ മൂന്നാം നിലയിൽ താമസിപ്പിച്ചു. സ്വാമിയുടെ അനുയായികളായ ചിലരും ഷാജിയുടെ ബിസിനസിൽ പങ്കാളികളായി. സ്വാമിക്കും അനുയായികൾക്കുമൊപ്പം മൂർഖനും സംഘവും വാരണാസിയിൽ ടൂർ പോയി മടങ്ങിവരുന്നതിനിടെ തലസ്ഥാനത്ത് നിന്ന് ടൂറിൽ പങ്കെടുത്ത ഷാജിയുടെ കൂട്ടാളി വിനീഷിന്റെ കാറിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹാഷിഷ് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP