Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അദ്ധ്യാപകൻ അനീഷ് മരിക്കും മുമ്പ് ഭിത്തിയിൽ രക്തം കൊണ്ട് സെയ്തലവി എന്നെഴുതി; അനീഷിനെ കള്ളക്കേസിൽ പിരിച്ചുവിട്ടതു ഡിഡിഇ റിട്ടയർ ചെയ്യുന്ന ദിവസം; മൂന്നിയൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകന്റെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു

അദ്ധ്യാപകൻ അനീഷ് മരിക്കും മുമ്പ് ഭിത്തിയിൽ രക്തം കൊണ്ട് സെയ്തലവി എന്നെഴുതി; അനീഷിനെ കള്ളക്കേസിൽ പിരിച്ചുവിട്ടതു ഡിഡിഇ റിട്ടയർ ചെയ്യുന്ന ദിവസം; മൂന്നിയൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകന്റെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു

എം പി റാഫി

മലപ്പുറം: മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദൂരൂഹതകൾ ഇനിയും ബാക്കിയാവുകയാണ്. അദ്ധ്യാപകൻ മരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിനു പിന്നിലെ ദുരൂഹതകൾ വെളിച്ചം കാണാതെ മറഞ്ഞുതന്നെ കിടക്കുകയാണ്. ദുരൂഹതകളുടെ ചുരുളഴിയുമ്പോൾ ഉന്നതരുടെ ഉറക്കമാണ് ഇല്ലാതാകുന്നത്.

2014 സെപ്റ്റംബർ രണ്ടിനായിരുന്നു മലമ്പുഴയിലെ ലോഡ്ജ് മുറിയിൽ കെ.എസ്.ടി.എ പ്രവർത്തകൻ കെ.കെ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ലോഡ്ജ് മുറിയിലെ ഭിത്തിയിൽ സ്വന്തം ചോര കൊണ്ട് സ്‌കൂൾ മാനേജർ സെയ്തലവിയുടെ പേരെഴുതിയത് എന്തിനാണെന്നത് ഇന്നും അവ്യക്തമാണ്. എന്നാൽ ഡോ.കോയയുടെ അറസ്റ്റോടുകൂടി അന്വേഷണം സ്‌കൂൾ മാനേജർ സെയ്തലവിയിലേക്കും നീളുകയാണ്. ഇതോടെ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി അദ്ധ്യാപകനെ പുറത്താക്കാൻ നടത്തിയ തിരക്കയ്ഥക്കു പിന്നിലെ രാഷ്ട്രീയ- ഉദ്യോഗസ്ഥ പങ്ക് വ്യക്തമാകും. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദങ്ങൾ മറികടന്നായിരുന്നു കഴിഞ്ഞ ദിവസം കോയാസ് ഹോസ്പിറ്റൽ എം.ഡി ഡോ.കോയയെ നല്ലളം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമാണ് സെയ്തലവി എന്ന കുഞ്ഞാപ്പു. സെയ്തലവിയുടെ മാതാവിന്റെ പേരിലാണ് മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂൾ നിലകൊള്ളുന്നത്. എന്നാൽ വർഷങ്ങളായി മാനേജർചുമതല വഹിക്കുന്നത് സെയ്തലവിയാണ്. അനീഷിന്റെ സംഘടനാ പ്രവർത്തനങ്ങളെ ചൊല്ലി മാനേജ്‌മെന്റ് പലതവണ താക്കീത് നൽകിയിരുന്നു. ഇതു വകവയ്ക്കാതെ അദ്ധ്യാപകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അനീഷിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റിനെതിരെ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് മാനേജർ സെയ്തലവി തന്നെ അനീഷിനെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയുണ്ടായി. അനീഷിനെ മാനേജർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നത് സംഭവത്തിനു പിന്നിലെ മാനേജരുടെ പങ്ക് സാക്ഷ്യപ്പെടുത്തുന്നതാണ്.

എന്നാൽ സ്‌കൂൾ അധികൃതർക്കു പുറമെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഓഫീസർമാർ അനീഷിനെ പുറത്താക്കുന്നതിൽ പങ്കുവഹിച്ചു എന്നതാണ് യാഥാർത്ഥ്യം. മലപ്പുറം മുൻ ഡി ഡി ഇ കെ.സി ഗോപി റിട്ടയർ ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുമ്പായിരുന്നു അനീഷിനെ പിരിച്ചുവിടാനുള്ള അനുമതി നൽകിയത്. ഇതിനു മുമ്പായി പലതവണ മാനേജ്‌മെന്റ് അധികൃതർ ഡി ഡി ഇയെ നേരിട്ടുകണ്ടിട്ടുണ്ട്. ഇവരുടെ ഫോൺ രേഖകൾ ഇതു വ്യക്തമാക്കുന്നു. മാനേജർ, ഡി ഡി ഇയെ പണം നൽകി സ്വാധീനിച്ച ശേഷം അനീഷിനെതിരേ ഡിസ്മിസ് ഉത്തരവ് നൽകിയതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഡി ഡി ഇക്കു പുറമെ സ്‌കൂളിലെ മാനേജ്‌മെന്റ് അനുകൂലികളായ അദ്ധ്യാപകർ സ്്കൂളിലെ പ്യൂൺ മുഹമ്മദ് അഷ്‌റഫിനെ അദ്ധ്യാപകൻ അനീഷ് മാരകമായി മർദിച്ചിരുന്നെന്ന് സാക്ഷി പറഞ്ഞിരുന്നു. എന്നാൽ ഡോ.കോയ കൃത്രിമമായി ഉണ്ടാക്കിയ വൂണ്ട് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കോയക്കെതിരേ ക്രിമിനൽ കുറ്റത്തിന് അറസ്റ്റ് ചെയ്ത് റിമാൻഡിൽ അടച്ച സാഹചര്യത്തിൽ സാക്ഷിമൊഴി നൽകിയവരുടെ കള്ളത്തരവും പുറത്താവുകയാണ്.

അനീഷ് മരണപ്പടുന്നതിനു രണ്ടു മാസം മുമ്പ് താൻ നിരപരാധിയാണെന്നും തന്നെ പുറത്താക്കിയ നടപടി കള്ളക്കഥയാണെന്നും കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ഡി.പി.ഐക്ക് സംഭവങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള പരാതി സമർപ്പിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഡി.പി.ഐ ചെറുവരലനക്കാൻ തയ്യാറായില്ല. ആഴ്ചകൾക്കുള്ളിൽ പരിഹാരമാക്കാൻ സാധിക്കുമെന്നിരിക്കെ സമ്മർദങ്ങൾക്കു വഴങ്ങി അനീഷിന്റെ പരാതി ബോധപൂർവ്വം വൈകിപ്പിക്കുകയായിരുന്നു. അതേസമയം അനീഷിന്റെ പരാതന്മേൽ ഡി.പി.ഐ അന്വേഷണം നടത്തി നടപടിയെടുത്തിരുന്നെങ്കിൽ ഇന്നും കെ.കെ അനീഷ് ജീവിച്ചിരിക്കുമായിരുന്നു.

അനീഷ് മാഷിന്റെ മരണത്തിനു പിന്നിലെ വമ്പൻസ്രാവുകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ, ഡിവൈഎഫ്ഐ, എൽ.ഡി.എഫ് തുടങ്ങിയ സംഘടനകൾ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ലീഗ് പഞ്ചായത്ത് പ്രസിഡന്റും സ്‌കൂൾ മാനേജറുമായ സെയ്തലവി. മുൻ ഡിഡിഇ കെ.സി ഗോപി എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം കൂടുതൽ സമരപ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്നും ഇടതുപക്ഷ സംഘടനകൾ അറിയിച്ചു.

അറസ്റ്റിലായ ഡോ.കോയയെ നല്ലളം പൊലീസ് ചോദ്യം ചെയ്യലിനു ശേഷമായിരുന്നു കോടതിയിൽ ഹാജരാക്കി ഈ മാസം 28 വരെ റിമാന്റിലടച്ചത്. എന്നാൽ അദ്ധ്യാപകനെതിരേ കള്ളക്കേസ് ചമച്ചതിനു പിന്നിലെ ഉന്നത ബന്ധം പൊലീസിന് ലഭ്യമായിട്ടുണ്ട്. പ്രമുഖ ലീഗ്, കോൺഗ്രസ് നേതാക്കളുമായി അടുപ്പമുള്ളയാളാണ് ഇപ്പോൾ അറസ്റ്റിലായ ചെറുവണ്ണൂർ കോയാസ് ആശുപത്രി ഉടമ ഡോ.കോയ. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ രാഷ്ട്രീയക്കാർക്കുവേണ്ടി ചമച്ച വ്യാജ റിപ്പോർട്ടുകളുടെ കഥകൾ പുറത്തുവരുമെന്ന ഭീതിയിലാണ് രാഷ്ട്രീയക്കാരും. മൂന്നിയൂർ, വള്ളിക്കുന്ന്, തേഞ്ഞിപ്പലം തുടങ്ങിയ പ്രദേശങ്ങളിൽ മുമ്പുണ്ടായ രാഷ്ട്രീയ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകരെ പ്രവേശിപ്പിച്ചിരുന്നത് കിലോമീറ്ററുകൾ അകലെയുള്ള കോയാസ് ആശുപത്രിയിലായിരുന്നു. ഇവർക്കെല്ലാം യഥേഷ്ടം വ്യാജ രേഖ ഈ ആശുപത്രിയിൽനിന്നും ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

അദ്ധ്യാപകൻ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യജരേഖ ചമച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവം നടന്ന ദിവസത്തെ ഫോൺ രേഖകൾ ഉൾപ്പടെയുള്ളവ കൂടുതൽ പരിശോധിക്കുമ്പോൾ കേസിൽ ഉന്നതർ കുടുങ്ങുമെന്നാണ് സൂചന. യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന അപേക്ഷയുമായി ഭാര്യ ഷൈനിയും രണ്ടുവയസുള്ള മകൻ തുഷാറും നീതിക്കു വേണ്ടി കാത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP