Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ലണ്ടനിൽ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി'; മോൻസൺ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്; പണമെത്തിയത് ലണ്ടനിലെ കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ നിന്നെന്ന് വ്യാജരേഖ; 10 കോടി പരാതിക്കാരനിൽ നിന്നു വാങ്ങിയതും ഈ രേഖയുടെ പുറത്ത്; മോൻസന്റെ പുരാവസ്തുക്കൾ മുഴുവൻ മെയ്ഡ് ഇൻ മട്ടാഞ്ചേരി

'ലണ്ടനിൽ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി'; മോൻസൺ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്; പണമെത്തിയത് ലണ്ടനിലെ കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ നിന്നെന്ന് വ്യാജരേഖ; 10 കോടി പരാതിക്കാരനിൽ നിന്നു വാങ്ങിയതും ഈ രേഖയുടെ പുറത്ത്; മോൻസന്റെ പുരാവസ്തുക്കൾ മുഴുവൻ മെയ്ഡ് ഇൻ മട്ടാഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ തട്ടിപ്പിനായി ഉപയോഗിച്ചത് എച്ച്എസ്‌ബിസി ബാങ്കിന്റെ പേരിൽ തയ്യറാക്കിയ വ്യാജ രേഖ. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടിൽ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇയാൾ വ്യാജരേഖ ഉണ്ടാക്കിയത്. ലണ്ടനിൽ നിന്ന് കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ.

കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉണ്ടാകുന്നതിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്. ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരിൽ നിന്ന് വാങ്ങിയത്. ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോൻസൺ നടത്തി എന്നാണ് വിവരം. എന്നാൽ തട്ടിപ്പിന് ഇരായായ പലരും പരാതി പുറത്തുപറയാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോൻസൺ വ്യാജമായി നിർമ്മിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ രേഖകൾ മോൻസണിന്റെ വീട് റെയ്ഡ് ചെയ്ത് പിടികൂടിയിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരുകയാണ്. വ്യാജരേഖകളും വ്യാജമായി തയ്യാറാക്കിയ, പുരാവസ്തുക്കളോട് സാമ്യമുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് അതിസമർഥമായാണ് മോൺസൺ ഇടപാടുകൾ നടത്തി പണമുണ്ടാക്കിയത്. പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും തന്ത്രപരമായി ഇയാൾ പ്രയോജനപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവർ അറിഞ്ഞോ അറിയാതെയോ ഇതിന് നിന്നുകൊടുക്കുകയും ചെയ്തു.

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന, കോടികൾ വിലമതിക്കുന്ന രാസപദാർഥം മോൺസന്റെ കൈവശം വിൽപ്പനയ്ക്കായി ഉണ്ടെന്നു പറഞ്ഞ് ഡി.ആർ.ഡി.ഒ. സയന്റിസ്റ്റ് നൽകിയ രേഖ, കേരള പൊലീസ് ഡി.ജി.പി. ഒപ്പിട്ട് തന്റെ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളുടെ രേഖ തുടങ്ങിയവയൊക്കെ മോൺസൺ തട്ടിപ്പിനായി പ്രദർശിപ്പിച്ചിരുന്നു. ഇതോടൊപ്പം ബാങ്ക് ഇടപാടുകളുടെയും ആർ.ബി.ഐ., കേന്ദ്ര ധനമന്ത്രാലയം, എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയുടെയും വ്യാജ രേഖകളും ഇയാൾ തയ്യാറാക്കിവെച്ചിരുന്നു. ഇത്തരം രേഖകൾ മോൺസന്റെ അമേരിക്കയിലുള്ള ബന്ധുവാണ് നിർമ്മിച്ചുനൽകിയതെന്നു പറയുന്നുണ്ട്.

കൈവശമുള്ള 'പുരാവസ്തു'ക്കളിൽ ഭൂരിഭാഗവും സിനിമാചിത്രീകരണത്തിന് സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന, എറണാകുളം സ്വദേശിയായ സന്തോഷിൽനിന്ന് വാങ്ങിയതാണ്. മട്ടാഞ്ചേരിയിലുള്ള പുരാവസ്തുഷോപ്പുകളിൽനിന്നും ഇത്തരം സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആശാരിയെക്കൊണ്ടും ചില സാധനങ്ങൾ ഉണ്ടാക്കിയെടുപ്പിച്ചു.

പ്രവാസി മലയാളി ഫെഡറേഷൻ സംഘടനയെ ദുരുപയോഗംചെയ്ത് പോസ്റ്ററുകളും തയ്യാറാക്കി. പ്രവാസി മലയാളി ഫെഡറേഷന്റെ പേരിൽ 'പ്രവാസി പുരസ്‌കാരം മുഖ്യമന്ത്രിക്ക്' എന്ന് പോസ്റ്റർ ഇറക്കി. പോസ്റ്ററിൽ മോൺസൺ തന്റെ കമ്പനിയുടെ പേര് ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തു. തൃശ്ശൂർ സ്വദേശിയുമായി ചേർന്ന് ഖത്തറിൽ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടി രൂപയുടെ 93 വസ്തുക്കൾ വാങ്ങാൻ പദ്ധതിയിട്ടുവെന്ന പേരിലാണ് പുതിയ തട്ടിപ്പിന് കളമൊരുക്കിയത്. ഈ തട്ടിപ്പിലേക്ക് എത്തുംമുമ്പ് മോൺസൺ അകത്തായി.

വിദേശത്തുനിന്ന് വരാനുള്ള പണം ഫെമ (ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) പ്രകാരം തടഞ്ഞുവെച്ചെന്ന് അറിയിച്ചാണ് മോൺസൺ പണം തട്ടിയിരുന്നത്. ഫെമയിലെ ഉദ്യോഗസ്ഥർ തന്നെ കാണാൻ വന്നതെന്നു കാണിക്കാൻ ഹരിയാണ രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ ചിത്രവും മോൺസൺ ഉപയോഗിച്ചിരുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന ചിത്രവും പരാതിക്കാർക്ക് നൽകിയിരുന്നു. ഇടുക്കി രാജാക്കാട് രാജകുമാരിയിൽനിന്നാണ് തട്ടിപ്പിന്റെ തുടക്കം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തമിഴ്‌നാട് അതിർത്തിയിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയാണ് ആദ്യം നടത്തിയത്. പിന്നീട് ഒട്ടേറെപ്പേരെ സാമ്പത്തികത്തട്ടിപ്പിനിരയാക്കി.

പിന്നീട് സ്വന്തം നാടായ ചേർത്തലയിലേക്ക് പ്രവർത്തനം മാറ്റി. ചേർത്തലയിൽ വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ ആളെ പറ്റിച്ചാണ് ഇവിടെനിന്ന് കടക്കുന്നത്. പിന്നീട് കൊച്ചിയിലെത്തിയതോടെയാണ് ഫെമയുടെ പേരുപറഞ്ഞുള്ള തട്ടിപ്പിന് തുടക്കമിടുന്നത്. 2014-ൽ കലൂരിലെ വീട്ടിലേക്ക് താമസംമാറി. പിന്നാലെയാണ് പുരാവസ്തു വിൽപ്പനക്കാരനായുള്ള രംഗപ്രവേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP