Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

കൂറ്റൻ മതിലിന്റെ ഗേറ്റിന് ഇരുവശവും കാവലായി സിംഹപ്രതിമകൾ; മുറ്റത്ത് പത്തോളം ആഡംബര കാറുകൾ; നിരീക്ഷണ ക്യാമറകൾക്ക് പുറമേ അംഗരക്ഷകരായ ഗൂണ്ടകൾ; പുരാവസ്തു പണം തട്ടിപ്പിൽ അകത്തായ മോൺസൺ മാവുങ്കലിന്റെ 'കൊട്ടാരം' കണ്ട് അന്തിച്ച് പൊലീസ് സംഘം

കൂറ്റൻ മതിലിന്റെ ഗേറ്റിന് ഇരുവശവും കാവലായി സിംഹപ്രതിമകൾ; മുറ്റത്ത് പത്തോളം ആഡംബര കാറുകൾ; നിരീക്ഷണ ക്യാമറകൾക്ക് പുറമേ അംഗരക്ഷകരായ ഗൂണ്ടകൾ; പുരാവസ്തു പണം തട്ടിപ്പിൽ അകത്തായ മോൺസൺ മാവുങ്കലിന്റെ 'കൊട്ടാരം' കണ്ട് അന്തിച്ച് പൊലീസ് സംഘം

ആർ പീയൂഷ്

കൊച്ചി: പുരാവസ്തുതട്ടിപ്പിൽ അകത്തായ ഡോ.മോൺസൺ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ റെയ്ഡിനെത്തിയ ക്രൈംബ്രാഞ്ച് സംഘം അകത്തേയും പുറത്തേയും കാഴ്ചകൾ കണ്ട് ഞെട്ടിപ്പോയി. കലൂർ ആസാദ് റോഡിലെ വൈലോപ്പിള്ളി ലൈനിലെ കൊട്ടാര സമാനമായ വീട്ടിലാണ് മോൻസൺ മാവുങ്കൽ താമസിച്ചിരുന്നത്. വീടിന് മുന്നിലെ ഗേറ്റിൽ ബൈബിളും ഖുറാനും ഭഗവദ്ഗീതയും വരച്ചു വച്ചിരിക്കുന്നു.

പടിപ്പുരയ്ക്ക് സമാനമായ ഗേറ്റിൽ കോസ്മോസ് ഗ്രൂപ്പ് ചെയർമാൻ, കലിംഗാ കല്യാൺ ചെയർമാൻ, മോൻസൺ എഡിഷൻ ചെയർമാൻ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ വൈസ് ചെയർമാൻ, പി.എം.എഫ് പേട്രൺ, വേൾഡ് പീസ് കൗൺസിൽ മെമ്പർ, നോ ബിൽ ഹോസ്പിറ്റൽ പേട്രൺ എന്നിങ്ങനെയുള്ള ബോർഡുകൾ തൂക്കിയിരിക്കുന്നു. ജയിലിന് സമാനമായി ഉയർത്തികെട്ടിയ മതിലിന്റെ ഗേറ്റിന് ഇരുവശവും സിംഹങ്ങളുടെ പ്രതിമ.

ഗേറ്റിൽ മാത്രം അഞ്ച് നിരീക്ഷണ ക്യാമറകൾ, വിദേശ ഇനം നായ്ക്കൾ, മുറ്റം നിറയെ ഹരിയാന മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള പത്തോളം ആഡംബര കാറുകൾ.ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പിനായി എത്തുമ്പോൾ മോൻസണിന്റെ ഗുണ്ടാ സംഘങ്ങൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. മോൻസണുമായി വീടിനുള്ളിലേക്ക് കയറുമ്പോൾ സംഘം ഞെട്ടി. സ്വീകരണ മുറിയിൽ പടുകൂറ്റൻ തടിയിൽ തീർത്ത വിഗ്രഹങ്ങളുടെ ശേഖരം. എന്നാൽ കൂടുതൽ പരിശോധിച്ചപ്പോൾ ഇവയൊക്കെ വ്യാജമായി നിർമ്മിച്ചതാണെന്ന് മനസ്സിലായി.

1500 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ച് വ്യാജ പുരാവസ്തുക്കൾ കാട്ടി തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച ചേർത്തല വല്ലയിൽ മാവുങ്കൽവീട്ടിൽ മോൻസൺ മാവുങ്കൽ(52) ഇന്നാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ശനിയാഴ്ച ഇയാളുടെ മകളുടെ വിവാഹ നിശ്ചയത്തിനായി ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് പുറത്ത് വരുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങൾ തന്റെ പക്കലുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന മോൻസൺ മാവുങ്കൽ അറസ്റ്റിലാകുമ്പോൾ ചുരുളഴിയുന്നത് വലിയൊരു തട്ടിപ്പിന്റെ കഥ കൂടിയാണ്. ഇയാളുടെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കളെല്ലാം വ്യാജമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു മോൻസൺ പുരാവസ്തു കേന്ദ്രം നടത്തി വന്നിരുന്നത്. എന്നാൽ ഇതൊക്കെ തട്ടിപ്പാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് അഞ്ചു പേരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോശയുടെ വടിയും യേശുവിനെ ഒറ്റിയ വെള്ളിക്കാശും

പുറപ്പാട് പുസ്തകത്തിൽ പറയുന്നത് പ്രകാരം, മോശയുടെ കൈയിൽ എപ്പോഴും ഒരു വടിയുണ്ടായിരുന്നുവെന്നും ഈ വടി ഉപയോഗിച്ചായിരുന്നു എല്ലാ അത്ഭുതങ്ങളും ചെയ്തിരുന്നതു എന്നാണ് വിശ്വാസം. എന്നാൽ ഈ വടി നമ്മുടെ കേരളത്തിൽ ഉണ്ട് എന്നായിരുന്നു ഇത്രയും കാലം മോൻസൻ മാവുങ്കൽ വിശ്വസിപ്പിച്ചിരുന്നത്. തന്റെ പുരാവസ്തു ശേഖരത്തിൽ പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിച്ചിരുന്ന ഒന്നായിരുന്നു മോശയുടെ വടി. വർഷങ്ങൾക്ക് മുമ്പ് മോശ ഉപയോഗിച്ച വടി ആണ് തന്റെ പക്കൽ ഉണ്ടായിരുന്നത് എന്ന് പറഞ്ഞപ്പോൾ അത് പലരും വിശ്വസിക്കുകയും ചെയ്തു.

രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. ഒരു വടിയിൽ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തിൽ നിന്ന് വാങ്ങിച്ചതാണ് എന്നായിരുന്നു മോൻസൻ അവകാശപ്പെട്ടിരുന്നത്. 2000 വർഷങ്ങൾക്ക് മേലെ പഴക്കമുള്ള വടിയാണ് ഇതെന്നാണ് ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. യേശുവിനെ ഒറ്റിക്കൊടുക്കാൻ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണം കേരളത്തിലുണ്ട് എന്നായിരുന്നു മറ്റൊരു അവകാശവാദം. വിദേശത്ത് നിന്ന് ആധികാരികമായി സ്വന്തമാക്കിയത് എന്നായിരുന്നു മോൻസൻ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ കൈവശ രേഖകളും ഇയാളുടെ പക്കൽ പ്രദർശിപ്പിച്ചിരുന്നു. യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും പുരാ ശേഖരമെന്ന് അവകാശപ്പെടുത്തുന്നിടത്ത് ഉണ്ടായിരുന്നു എന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.

അൽഫോൻസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുൽത്തയിൽ നിന്നെടുത്ത മണ്ണിൽ ഉണ്ടാക്കിയ കുരിശിനുള്ളിൽ നിർമ്മിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണം കൊണ്ടുണ്ടാക്കിയ ബൈബിൾ തുടങ്ങിയ നിരവധി പുരാവസ്തുക്കൾ തന്റെ ശേഖരത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നു. മാത്രമല്ല അത് ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മത ഗ്രന്ഥങ്ങളുടെ ഒരു ശേഖരം തന്നെ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. അതിപുരാതനവും വർശങ്ങളേറെ പഴക്കവുമുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് ഇതെന്ന് ഇയാൾ വിശ്വസിപ്പിച്ചിരുന്നു. അറുനൂറിലേറെ ഖുറാൻ പതിപ്പുകൾ, ഇരുന്നൂറിലേറെ ബൈബിളുകൾ, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇരുമ്പു സീൽ, ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാഴുകൾ, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്‌കാര ചിഹ്നങ്ങൾ, ഇന്ത്യയിൽ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകൾ, ഇന്ത്യയിലെ ആദ്യ ഫാൻ, വിവിധ തരം വാച്ചുകൾ എന്തിനേറെ, ലിയാനാർഡോ ഡാവിഞ്ചിയുടേയും രാജാ രവിവർമ്മയുടേയും ജീവൻ തുടക്കുന്ന ചിത്രങ്ങൾ വരെ പുരാവസ്തു ശേഖരത്തിൽ ഉണ്ടായിരുന്നുവെന്നായിരുന്നു ഇയാളുടെ അവകാശവാദം.

പഴമ നിർണയിക്കുന്നത് മോൺസൺ

ഇയാളുടെ പക്കലുണ്ടായിരുന്നതും പുറത്ത് നിന്ന് വാങ്ങിക്കുന്നതുമായ പുരാവസ്തുക്കളുടെ പഴമ നിശ്ചയിക്കുന്നതും മോൻസൺ തന്നെയായിരുന്നു. എത്ര വർഷം പഴക്കമുണ്ടെന്നും മറ്റും ഇയാൾ തന്നെ നിർണ്ണയം നടത്തി മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു പതിവ്. ഡോ. മോൻസൻ മാവുങ്കൽ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ഡോക്ടറേറ്റുണ്ടെന്നായിരുന്നു ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പത്താം ക്ലാസ് പോലും ഇയാൾ പാസായിട്ടില്ലെന്നാണ് വിവരം. നൂറോളം രാജ്യങ്ങളിൽ സഞ്ചരിച്ചായിരുന്നു ഇത്തരത്തിലുള്ള ശേഖരങ്ങൾ കണ്ടെത്തിയത് എന്നാണ് മോൻസൻ മാവുങ്കൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. കിരീടം വയ്ക്കാത്ത രാജാവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രൊമോഷനായി പ്രത്യേകം സോഷ്യൽ മീഡിയാ ടീമിനെ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു. പാട്ടും നൃത്തങ്ങളും കളി ചിരികളുമായി നടിമാർ അടക്കമുള്ളവർ ഇയാൾക്ക് ചുറ്റിലും എന്നും ഉണ്ടായിരുന്നു. ജിഎംസി കാരവാൻ ഉൾപ്പെടെയുള്ള കാറുകളുടെ ശേഖരം തന്നെ മോൻസണിനുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക് ക്യാറ്റ്സിനെ പോലുള്ള ഒരു സംഘം അനുഗമിക്കും. ഇയാൾ ചെല്ലും ചെലവും നടത്തി കൊണ്ടു പോകുന്ന ഗുണ്ടകളായിരുന്നു അവർ. മാധ്യമ പ്രവർത്തകർ ക്രൈംബ്രാഞ്ചിനൊപ്പമുണ്ടായിരുന്ന മോൻസണിന്റെ ചിത്രങ്ങൾ പകർത്തുന്നത് തടയാൻ വരെ ഇവർ ശ്രമിച്ചു.

കോഴിക്കോട് സ്വദേശികളായ യാഖൂബ് ഖാനും മറ്റ് അഞ്ച് പേരും ഇയാളുടെ തട്ടിപ്പിന് ഇരയായതോടെയാണ് മോൻസൺ യുഗത്തിന് അന്ത്യമായത്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൺ തട്ടിപ്പ് നടത്തിയത്. പിന്നീട് തന്റെ പണം ബാങ്കിൽ ബ്ലോക്കായി കിടക്കുകയാണെന്നും അത് തിരിച്ചെടുക്കാൻ കുറച്ച് പണം വേണമെന്നും പറഞ്ഞ് ഇവരിൽ നിന്ന് ഇരട്ടി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഇവർ നൽകിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായതും കള്ളക്കളികൾ പുറത്ത് വരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP