Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ സുധാകരന് എതിരെ മൊഴി നൽകരുത്; കെപിസിസി പ്രസിഡന്റിന്റെ പേര് പറയാതിരിക്കാൻ കരാർ ജോലി വാഗ്ദാനം; വൈറ്റിലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മോൻസൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാർ; ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങൾ പുറത്തുവിട്ടു; താൻ സുധാകരന് വേണ്ടി ഇടനിലക്കാരൻ ആയിട്ടില്ലെന്ന് എബിൻ എബ്രഹാം

കെ സുധാകരന് എതിരെ മൊഴി നൽകരുത്; കെപിസിസി പ്രസിഡന്റിന്റെ പേര് പറയാതിരിക്കാൻ കരാർ ജോലി വാഗ്ദാനം; വൈറ്റിലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മോൻസൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാർ; ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങൾ പുറത്തുവിട്ടു;  താൻ സുധാകരന് വേണ്ടി ഇടനിലക്കാരൻ ആയിട്ടില്ലെന്ന് എബിൻ എബ്രഹാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെ, കെ സുധാകരൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി പരാതിക്കാർ. കെ. സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പരാതിക്കാർ പുറത്തു വിട്ടു. സുധാകന്റെ പേര് പറയാതിരിക്കാൻ കരാർ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരിൽ ഒരാളായ ഷെമീർ ആരോപിച്ചു. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാർ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ഷെമീർ വെളിപ്പെടുത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

പരാതിക്കാരായ അനൂപിനോടും ഷമീറിനോടും എബിൻ എബ്രഹാം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 2021 ഒക്ടോബറിൽ നടന്ന കൂടിക്കാഴ്ചയുടേതാണ് ദൃശ്യങ്ങൾ. മോൻസന്റെ വീട്ടിൽവച്ച് സുധാകരനെ കണ്ടിട്ടുണ്ടെങ്കിലും, തട്ടിപ്പിൽ പങ്കില്ലെന്ന് പറയണമെന്നായിരുന്നു ആവശ്യമെന്നാണ് ആരോപണം. അതിന്റെ പ്രതിഫലമായി ചില കരാർ ജോലികൾ വാഗ്ദാനം ചെയ്‌തെന്നും ഷമീർ ആരോപിച്ചു. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്‌പിക്ക് ഈ ദൃശ്യങ്ങൾ കൈമാറിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. പുതിയ അന്വേഷണ സംഘത്തിനും ദൃശ്യങ്ങൾ കൈമാറുമെന്ന് ഷമീർ അറിയിച്ചു.

സുധാകരൻ പണം വാങ്ങുന്നത് കണ്ടുവെന്ന രഹസ്യമൊഴി നൽകിയ അജിത്തിനെയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജിത്തും ദൃശ്യങ്ങളിലുണ്ട്. സുധാകരൻ പണം വാങ്ങിയെന്ന് മൊഴി നൽകരുതെന്നായിരുന്നു എബിന്റെ ആവശ്യം. മോൻസനെതിരെ വ്യാജ ചികിത്സക്ക് സുധാകരൻ പരാതി നൽകുമെന്ന് ഉറപ്പു നൽകി പിരിഞ്ഞതാണെന്നും പരാതിക്കാർ പറയുന്നു. സുധാകരനെതിരെ മൊഴി നൽകാതിരുന്നാൽ ലക്ഷദ്വീപിൽ കരാർപണികൾ ഉറപ്പിക്കാമെന്ന വാദ്ഗാനം ചെയ്യുന്ന വാട്‌സ് ആപ്പ് ചാറ്റുകളും പരാതിക്കാർ പുറത്തുവിട്ടു. സുധാകരൻ പരാതി നൽകാത്തിനെ തുടർന്നാണ് വഞ്ചനാ കേസുമായി മുന്നോട്ടുപോയതെന്ന് പരാതിക്കാർ പറയുന്നു.

മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് നോട്ടിസ് നൽകിയിരുന്നു. ഈ മാസം 23ന് ഹാജരാകണമെന്നാണ് നോട്ടിസിലെ നിർദ്ദേശം.

ഇതിനു പിന്നാലെ, സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി 21നു വീണ്ടും പരിഗണിക്കും. അന്നുവരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നതായി ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാൻ പറഞ്ഞു. ചോദ്യംചെയ്യാൻ ഹാജരാകാൻ നിർദ്ദേശിച്ചു ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയെന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നു കാണിച്ചാണു സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ 2021 സെപ്റ്റംബറിലാണ് അറസ്റ്റിലാകുന്നത്. ഇതിന് ശേഷം കെ.സുധാകരനും മോൻസനുമായുള്ള ചിത്രങ്ങൾ പുറത്തുവരുകയും വിവാദമുയരുകയും ചെയ്തു. സുധാകരൻ പണം വാങ്ങിയെന്ന ആരോപണം പരാതിക്കാർ ഉന്നയിച്ചതിന് പിന്നിലെയാണ് ഇടനിലക്കാരനായ എബിൻ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചതെന്ന് പരാതിക്കാരൻ ഷെമീർ പറയുന്നു. ഒക്ടോബറിലാണ് ഹോട്ടലിൽ ചർച്ച നടന്നത്. മോൻസനെതിരെ പരാതി നൽകിയ ഷെമീർ, യാക്കോബ്, അനുപ് എന്നിവരുമായി എബിൻ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സുധാകരന് വേണ്ടി ഇടനിലക്കാരനായിട്ടില്ലെന്ന് എബിൻ എബ്രഹാം

കെ. സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ പരാതിക്കാതെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം എബിൻ എബ്രഹാം തള്ളി. സുധാകരന് വേണ്ടി താൻ ഇടനിലക്കാരനായിട്ടില്ലെന്നും കേസ് പിൻവലിക്കാൻ ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും പരാതിക്കാരുടെ ആരോപണത്തോട് എബിൻ എബ്രഹാം പ്രതികരിച്ചു.

കെ. സുധാകരനെ വേട്ടയാടാനാണ് ഇപ്പോഴത്തെ ശ്രമം. ഇപ്പോൾ പുറത്ത് വിട്ടെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നതാണ്. ഇവരുമായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ കൂടിക്കാഴ്ചയുടെ സമയത്തൊന്നും സുധാകരനെതിരെ വഞ്ചനാ കേസോ പരാതിയോ ഇല്ല. പിന്നെയെങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യമാണ് എബിൻ എബ്രഹാം ഉയർത്തുന്നത്. സുധാകരനൊപ്പം പല തവണ മോൻസന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും എബിൻ എബ്രഹാം സമ്മതിച്ചു. സുധാകരനെതിരെ 164 മൊഴി നൽകിയ ആളുടെ അക്കൗണ്ടിൽ പരാതിക്കാർ പൈസ ഇട്ടിട്ടുണ്ടെന്നും പരാതിക്കാർ തമ്മിൽ പണത്തെച്ചൊല്ലി കേസുണ്ടെന്നും എബിൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP