Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമക്കാരും കച്ചവടക്കാരും സ്വർണ്ണക്കടത്തുകാരും വരെ ഭൂമി വാങ്ങി മറിച്ചു വിറ്റ് റിയൽ എസ്‌റ്റേറ്റുകാരായി; ഇടപാടുകാരിൽ നിന്നും പിരിച്ച പണം സിനിമയിൽ ഇറക്കി ബിൽഡർമാർ; തർക്കങ്ങളിൽ ഇടനിലക്കാരിയായി സിനിമാക്കാർ; കൈവിടുമ്പോൾ രംഗത്തിറങ്ങുന്നത് ക്വട്ടേഷൻകാർ; സിനിമയും ഗുണ്ടാ സംഘവും തമ്മിലുള്ള ബന്ധം ആഴത്തിൽ പടർന്നത് ഇങ്ങനെ

സിനിമക്കാരും കച്ചവടക്കാരും സ്വർണ്ണക്കടത്തുകാരും വരെ ഭൂമി വാങ്ങി മറിച്ചു വിറ്റ് റിയൽ എസ്‌റ്റേറ്റുകാരായി; ഇടപാടുകാരിൽ നിന്നും പിരിച്ച പണം സിനിമയിൽ ഇറക്കി ബിൽഡർമാർ; തർക്കങ്ങളിൽ ഇടനിലക്കാരിയായി സിനിമാക്കാർ; കൈവിടുമ്പോൾ രംഗത്തിറങ്ങുന്നത് ക്വട്ടേഷൻകാർ; സിനിമയും ഗുണ്ടാ സംഘവും തമ്മിലുള്ള ബന്ധം ആഴത്തിൽ പടർന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടിക്കുനേരെ കഴിഞ്ഞ ദിവസം ഉണ്ടായ ക്രൂരമായ ആക്രമണത്തെ തുടർന്ന് മലയാള സിനിമാലോകത്തേക്ക് ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾ ആഴത്തിൽ വേരുകളാഴ്‌ത്തിയതെങ്ങനെയെന്ന വിഷയവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സിനിമാ മേഖലയിലെ പ്രമുഖരുടെ ഒത്താശയോടെ നിർമ്മാണ രംഗത്തേക്ക് റിയൽ എസ്റ്റേറ്റുകാർ വ്യാപകമായി നിക്ഷേപം നടത്താൻ എത്തിയതോടെയാണ് ഇതിന്റെ ഭാഗമായി ഗുണ്ടാ ടീമുകളും ഈ രംഗത്ത് കടന്നുകയറി ബന്ധങ്ങൾ സ്ഥാപിച്ചു തുടങ്ങിയതെന്ന വിവരമാണ് ഇതോടെ പുറത്തുവരുന്നത്. ഈ അവിശുദ്ധ ബന്ധത്തിന്റെ ബലിയാടായി മാറുകയായിരുന്നു ഇപ്പോൾ ആക്രമണത്തിന് ഇരയായ മുൻനിര നടിയെന്നും കാര്യങ്ങൾ ഈ നിലയിലേക്ക് എത്തിച്ചതിൽ മുൻനിര താരങ്ങൾക്ക് ഉൾപ്പെടെ പങ്കുണ്ടെന്നുമുള്ള സംസാരം സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ മാന്ദ്യമുണ്ടായതോടെ കഴിഞ്ഞ രണ്ടുവർഷമായി നൂറുകണക്കിന് ചെറുതും വലുതുമായ റിയൽ എസ്റ്റേറ്റ് കമ്പനികളാണ് നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം സിനിമാ നിർമ്മാണ മേഖലയിൽ നിക്ഷേപിച്ചത്. ഇതോടെ കെട്ടിട നിർമ്മാണം മുടങ്ങി ഫൽറ്റും വില്ലയ്ക്കുമായി കാത്തിരുന്നവർ ബഹളംവച്ചു തുടങ്ങുമ്പോൾ അവരെ ആശ്വസിപ്പിക്കാൻ താരങ്ങൾ തന്നെ എത്തുന്ന സ്ഥിതിയും ഉണ്ടായി. പല താരങ്ങളും അവരുടെ സിനിമാ മേഖലയിലെ ഭീമമായ വരുമാനം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന രീതിയും കഴിഞ്ഞ കുറച്ചുവർഷങ്ങളായി സജീവമാണ്.

വൻതോതിലാണ് ഇങ്ങനെ പണം ഒഴുകിയതും. ഇത്തരത്തിൽ റിയൽ എസ്റ്റേറ്റും സിനിമയും പരസ്പര സഹായ സംഘമായി മാറിയതോടെയാണ് ഇതിന്റെ ഭാഗമായി ക്വട്ടേഷൻ, ഗുണ്ടാ ടീമുകളും പല രൂപത്തിലും സിനിമാ മേഖലയിലും പിടിമുറുക്കി തുടങ്ങിയത്. സെറ്റുകളിലും മറ്റും റിയൽ എസ്റ്റേറ്റ് മേഖലയിലെ നിർമ്മാതാവിന്റെ അനുയായികൾ എന്ന നിലയിൽ വിലസാനും താരങ്ങളുമായി അടുത്ത് ഇടപഴകാനും ഗുണ്ടകൾക്ക് അവസരം കൂടുകയും ചെയ്തു. പല താരങ്ങൾക്കും ഗുണ്ടകളുമായി അടുത്ത ബന്ധമുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ മയക്കുമരുന്നുപയോഗവും വ്യാപകമായി മാറുകയും സിനിമാലോകത്തെ ക്വട്ടേഷനും ഭീഷണിപ്പെടുത്തലുകളും വ്യാപകമാകുകുയും ചെയ്തുവെന്ന് ഈ മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നു.

ഇപ്പോൾ നടിക്കെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനി തന്നെ മുമ്പ് സമാനമായ രീതിയിൽ നടിമാരെ ബൽക്ക്‌മെയിൽ ചെയ്ത് പണം തട്ടിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇയാൾ മുമ്പ് മുകേഷിന്റെയും ഇപ്പോൾ ലാലിന്റെയും ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ പല പ്രമുഖ നടീ-നടന്മാരുമായും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും മറ്റും ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്. ഇത്തരം സാഹചര്യമുണ്ടായതിന് മുഖ്യകാരണം സിനിമാ-റിയൽ എസ്റ്റേറ്റ് മേഖലകൾ തമ്മിലുള്ള പരസ്പര ബന്ധമാണെന്നത് ഇപ്പോൾ വലിയ ചർച്ചയായിക്കഴിഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ മാത്രം ഒമ്പത് ഫൽറ്റ് പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞ് നടി ധന്യാ മേരി വർഗീസിനെ മുൻനിർത്തി ഭർത്താവും ഭർതൃപിതാവും ചേർന്ന് നടത്തിയ സാംസൺ ആൻഡ് സൺസ് തട്ടിപ്പ് അടുത്തിടെയാണ് അരങ്ങേറിയത്. താരങ്ങളെ മുൻനിർത്തി നിക്ഷേപകരെ ആകർഷിക്കാമെന്ന തന്ത്രം ഇത്തരത്തിൽ വ്യാപകമായി റിയൽ എസ്റ്റേറ്റ് രംഗത്ത് പയറ്റുന്നുണ്ട്. സാംസൺ തട്ടിപ്പിൽ നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് അരങ്ങേറിയത്. ഇത്തരത്തിൽ നിക്ഷേപകരിൽ നിന്ന് നേടുന്ന പണം പല റിയൽ എസ്റ്റേറ്റുകാരും സിനിമാ നിർമ്മാണത്തിന് മുടക്കുന്ന പതിവ് കഴിഞ്ഞ രണ്ടുമൂന്നു വർഷമായി സജീവമാണ്. കെട്ടിട നിർമ്മാണം തുടങ്ങുമ്പോഴേക്കും സിനിമ വിജയിച്ചാൽ വൻതുക വാരാമെന്ന പ്രതീക്ഷിയിൽ ആയിരുന്നു നിർമ്മാണരംഗത്തെ നിക്ഷേപം.

പക്ഷേ, ഇത്തരത്തിൽ പരീക്ഷണം നടത്തിയ പടങ്ങൾ ഭൂരിഭാഗവും എട്ടുനിലയിൽ പൊട്ടി. മുൻനിര താരങ്ങളുടേതുൾപ്പെടെ പടങ്ങൾ ഇങ്ങനെ പരാജയപ്പെട്ടപ്പോൾ പല ഫൽറ്റ് പദ്ധതികളും അതോടെ മുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പണം മുടക്കിയ നിക്ഷേപകർ ബഹളം വച്ചുതുടങ്ങുമ്പോൾ താരങ്ങളെ മുൻനിർത്തി അവരെ ആശ്വസിപ്പിക്കാനും ഉറപ്പുകൊടുപ്പിക്കാനുമെല്ലാമുള്ള ശ്രമങ്ങളും വലിയ തോതിൽ അരങ്ങേറുന്നു. ഇത്തരത്തിൽ ഇപ്പോൾ സിനിമാലോകത്ത് പുതുതായി എത്തിയ നിർമ്മാതാക്കളിൽ വലിയൊരു പങ്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നാണ്. ചിലർ താരങ്ങളുമായി ചേർന്നാണ് നിർമ്മാണത്തിൽ പങ്കാളിയാകുന്നത്. മറ്റുചിലർ നേരിട്ടും. സൂപ്പർ സ്റ്റാറിന്റേതുൾപ്പെടെ മൂന്നു പടങ്ങൾ നിർമ്മിച്ച പ്രമുഖ ബിൽഡർ, ഇടുക്കി കേന്ദ്രീകരിച്ച കഥയുമായി സിനിമയിറക്കിയ ബിൽഡർ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്.

ഇതിൽ ഇടുക്കി കേന്ദ്രീകരിച്ച കഥയുമായി എത്തിയ സിനിമയുടെ നിർമ്മാതാവ് വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തി മുങ്ങിയ ആളാണെന്നതും വലിയ ചർച്ചയാണ്. സിനിമാലോകത്തെ പ്രശസ്ത ദമ്പതിമാരുടെ സുഹൃത്തുകൂടിയായ ഇയാളുടെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ ഇവരും പണം മുടക്കിയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് മറ്റു ചില താരങ്ങളുടേയും സ്ഥിതി. പല താരങ്ങളും സംസ്ഥാനത്ത് വ്യാപകമായി കണ്ണായ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബിനാമി പേരിലും അടുത്ത അനുയായികളുടെ പേരിലുമെല്ലാമായി ഇത്തരത്തിൽ കിടക്കുന്ന സ്ഥലത്ത് കണ്ണുവച്ചും റിയൽ എസ്റ്റേറ്റുകാർ ഇവരുടെ അടുപ്പക്കാരായി മാറിയിട്ടുണ്ട്. താരങ്ങളുടെ കാര്യം നോക്കാൻ ഗുണ്ടകളെ അനുയായികളെ പോലെ നിർത്തിക്കൊടുക്കുന്നതും പതിവായി മാറി. ഈ അവിശുദ്ധ ബന്ധമാണ് മലയാള സിനിമാലോകത്തെ ഒരു അധോലോകം പോലെ ആക്കി മാറ്റിയതെന്നും ഇതിൽ മുൻനിര താരങ്ങൾക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും ഈ സ്ഥിതി മാറണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു.

നടൻ കുഞ്ചാക്കോ ബോബനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കട്ടപ്പന കാഞ്ചിയാർ സ്വദേശി വർഗീസ് അടുത്തിടെ അറസ്റ്റിലായിരുന്നു. എറണാകുളം പുത്തൻകുരിശിൽ കുഞ്ചാക്കോയുടെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എന്നാൽ ഇടപാട് നടക്കാതിരുന്നതോടെയാണ് സംഭവം കേസായത്. ഇത്തരത്തിൽ സിനിമാ താരങ്ങളും നിക്ഷേപം നടത്തുന്നുവെന്ന് പറഞ്ഞ് നിർമ്മാണത്തിന്റെ പേരിലും റിയൽ എസ്റ്റേറ്റിന്റെ പേരിലും തട്ടിപ്പുകളും നടക്കുന്നുണ്ട്. കഴിഞ്ഞവർഷം നവംബറിൽ ഇടുക്കി രാജാക്കാടിൽ റിയൽ എസ്റ്റേറ്റ്, സിനിമാ നിക്ഷേപം നടത്താമെന്ന് പറഞ്ഞ് മുപ്പതോളം പേരിൽ നിന്ന് മൂന്നുകോടി തട്ടിയ സംഭവവുമുണ്ടായി. നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുണ്ടുകാട് സാബുവും വെട്ടിൽ സുരേഷും പ്രിയൻ പള്ളുരുത്തി തുടങ്ങിയവരുടെ പേരുകളും ഉയർന്നുവന്നിരുന്നുവെന്നതും ചർച്ചയായിരുന്നു.

ഇത്തരത്തിൽ ഗുണ്ടകളും സിനിമതാരങ്ങളും റിയൽ എസ്റ്റേറ്റ് ലോബിയുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടിക്കെതിരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. പുതിയ താരങ്ങൾ ഉൾപ്പെട്ട പടങ്ങളിൽ ഭൂരിഭാഗത്തിന്റേയും നിയന്ത്രണം ഇത്തരത്തിൽ റിയൽ എസ്റ്റേറ്റുകാരായ നിർമ്മാതാക്കളും അവരുടെ ശിങ്കിടികളായ ക്വട്ടേഷൻ-ഗുണ്ടാ ടീമുകളും ഏറ്റെടുക്കുന്ന സ്ഥിതിയാണിപ്പോൾ മലയാള സിനിമാ ലോകത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP