Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

സുരേന്ദ്രനേയും ജസ്റ്റീസുമാരായ കെമാൽപാഷയും കെടി ശങ്കരനേയും ഹിറ്റ്‌ലിസ്റ്റിലാക്കിയത് ജോർജിയയിൽ; ടെലഗ്രാമിലെ പല പേരുകളിലൂടെ രഹസ്യയോഗത്തിന്റെ ചാലകശക്തിയായി; ഐഎസിന്റെ കേരള ഘടകം അൻസാറുൽ ഖിലാഫയിയെ നിയന്ത്രിച്ചിരുന്നത് ഈ കണ്ണൂരുകാരന്റെ ബുദ്ധി; ഒളിസങ്കേതം തിരിച്ചറിഞ്ഞ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് ഒരുകൊല്ലം മുമ്പ്; ഇന്റർപോളിന്റെ കണ്ണുകൾ മുഹമ്മദ് പോളക്കാനിയെ കൊച്ചിയിൽ എത്തിച്ചു; എൻഐഎ പൊക്കിയത് കനകമലയിലെ സൂത്രധാരനെ

സുരേന്ദ്രനേയും ജസ്റ്റീസുമാരായ കെമാൽപാഷയും കെടി ശങ്കരനേയും ഹിറ്റ്‌ലിസ്റ്റിലാക്കിയത് ജോർജിയയിൽ; ടെലഗ്രാമിലെ പല പേരുകളിലൂടെ രഹസ്യയോഗത്തിന്റെ ചാലകശക്തിയായി; ഐഎസിന്റെ കേരള ഘടകം അൻസാറുൽ ഖിലാഫയിയെ നിയന്ത്രിച്ചിരുന്നത് ഈ കണ്ണൂരുകാരന്റെ ബുദ്ധി; ഒളിസങ്കേതം തിരിച്ചറിഞ്ഞ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് ഒരുകൊല്ലം മുമ്പ്; ഇന്റർപോളിന്റെ കണ്ണുകൾ മുഹമ്മദ് പോളക്കാനിയെ കൊച്ചിയിൽ എത്തിച്ചു; എൻഐഎ പൊക്കിയത് കനകമലയിലെ സൂത്രധാരനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐ.എസ്) മായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയെ എൻഐഎ അറസ്റ്റ് ചെയ്യുമ്പോൾ ഇനി പുറത്തു വരിക കേരളത്തിലെ തീവ്രവാദത്തിന്റെ രാജ്യാന്തര ബന്ധം. കേസിൽ പ്രധാന പ്രതികളിലൊരാളായിരുന്ന മുഹമ്മദ് പോളക്കാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോർജിയയിലായിരുന്ന ഇയാളെ രാജ്യത്ത് എത്തിച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോർജിയയിൽ ഒളിവിൽ കഴിയുകയായിരുന്ന മുഹമ്മദിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. അൽഖ്വയ്ദ ബന്ധത്തിന്റെ പേരിൽ ഇന്ന് അറസ്റ്റ് ചെയ്ത പ്രതികൾക്കൊപ്പം മുഹമ്മദിനേയും കൊച്ചി എൻഐഎ കോടതിയിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി.

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പോളക്കാനിയെ ഡൽഹിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇയാളെ ജോർജിയയിൽ നിന്ന് കൊച്ചിയിലെത്തിച്ചാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഒമർ അൽ ഹിന്ദി എന്ന മൻസീദി അടക്കമുള്ള ഒൻപതു പേരുടെ വിചാരണ 2019 നവംബറിൽ എൻഐഎ കോടതി പൂർത്തിയാക്കിയിരുന്നു. പ്രതികൾക്ക് ശിക്ഷയും വിധിച്ചു. ഭീകരവാദപ്രവർത്തനങ്ങൾക്ക് പ്രതികൾ ശ്രമിച്ചെന്ന് തെളിയിക്കാനായെങ്കിലും ഇവരുടെ ഐഎസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഏഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ വെച്ച് മരിച്ചിരുന്നു.പ്രതികളിൽ പിന്നീട് പിടിയിലായ സുബഹാനി ഹാജ മൊയ്ദീന്റെ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ഇറാക്കിൽ പോയി പരിശീലനം നടത്തിയെന്ന് എൻഐഎ കണ്ടെത്തിയ ഇയാളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും. ഇതിനിടെയാണ് മുഖ്യപ്രതി മുഹമ്മദ് പോളക്കാനി പിടിയിലായിരിക്കുന്നത്.

കണ്ണൂർ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്. ഒന്നാംപ്രതി തലശേരി സ്വദേശി മൻസീദിന് 14 വർഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയുമായിരുന്നു കോടതി വിധിച്ച ശിക്ഷ. കണ്ണൂരുകാരനായ പോളക്കാനിയെ ജോർജിയിൽ നിന്ന മടങ്ങിയെത്തുമ്പോൾ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലെ വിവിധ അക്കൗണ്ടുകൾ ഉപയോഗിച്ച് ഭീകരവാദം പ്രചരിപ്പിച്ച വ്യക്തിയാണ് പൊളക്കാനി. ജോർജിയയിലാണുള്ളതെന്ന് കഴിഞ്ഞ വർഷമാണ് എൻഐഎ തിരിച്ചറിഞ്ഞത്. ഉടനെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ഏറെ നാളായി ജോർജിയയിലായിരുന്നു ഇയാളുടെ ജോലി. ടെലഗ്രാമിലും വാട്‌സാപ്പിലും മറ്റും വ്യത്യസ്ത പേരുകളിൽ പ്രത്യക്ഷപ്പെട്ട് പദ്ധതികൾ തയ്യാറാക്കലായിരുന്നു ഇയാളുടെ പദ്ധതി. കനകമലയിലും കൂടിച്ചേരൽ സംഭവിച്ചത് ഇയാളുടെ ബുദ്ധിയുടെ ഫലമായിരുന്നു.

ഐസിസിന്റെ കണ്ണിലെ കരടായി മാറിയത് ജസ്റ്റീസ് കെമാൽപാഷയും ജസ്റ്റീസ് കെടി ശങ്കരനും ആയിരുന്നു. മുസ്ലിം വ്യക്തി നിയമത്തെ വിമർശിച്ചതാണ് കെമാൽപാഷയെ ഐസിസിന്റെ ശത്രുപക്ഷത്ത് എത്തിച്ചത്. ലൗജിഹാദിൽ മുസ്ലിം മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ജസ്റ്റീസ് കെ ടി ശങ്കരന്റെ വാക്കുകളായിരുന്നു. ഇതും കെമാൽപാഷയേയും ശങ്കരനേയും വകരുത്താൻ തന്ത്രങ്ങൾ തയ്യാറാക്കുന്നതിലേക്ക് ഐസിസിന്റെ കേരളത്തിലെ പ്രധാനികളെ ചിന്തിപ്പിച്ചു. ബിജെപി നേതാവ് കെ സുരേന്ദ്രനും എറണാകുളം റൂറൽ എസ്‌പി ഉണ്ണിരാജയ്ക്കുമൊപ്പാണ് കെമാൽപാഷയേയും ജസ്റ്റീസ് ശങ്കരനേയും വകവരുത്താൻ കനകമലയിലെ യോഗത്തിനെത്തിയവർ ആസൂത്രണം നടത്തിയത്.

ഐഎസിന്റെ കേരളഘടകം അൻസാറുൽ ഖിലാഫയിയെ കുറിച്ച് എൻഐഎ ശേഖരിച്ചത് വ്യക്തമായ തെളിവകളായിരുന്നു. ഇവരുടെ പ്രചാരണ വിഡിയോയും ഫേസ്‌ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എൻഐഎയ്ക്കു ലഭിച്ചിരുന്നു. 12 പേരടങ്ങുന്ന അൻസാറുൽ ഖിലാഫ, ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയാണ് എൻഐഎയും കേന്ദ്ര, കേരള ഇന്റലിജൻസും ഇവരുടെ പദ്ധതികൾ തകർത്തത്. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. 'അൻസാറുൽ ഖിലാഫ-കെഎൽ' എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്. 'കെഎൽ' കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എൻഐഎ വിലയിരുത്തൽ.

സംഘടനയുടെ പേരിൽ കനകമലയിലെ കൂടിച്ചേരലിന് എട്ടുമാസം മുൻപാണു ടെലിഗ്രാമിൽ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്. കോഴിക്കോട് ബിജെപി. ദേശീയ കൗൺസിലിന് മുന്നോടിയായി നടന്ന നിരീക്ഷണത്തിനിടെ ലഭിച്ച രഹസ്യവിവരങ്ങളാണ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവാക്കളുടെ അറസ്റ്റിലേക്ക് നീണ്ടത്‌ന. കോഴിക്കോട് ദേശീയ കൗൺസിലിന് മാസങ്ങൾക്കുമുമ്പുതന്നെ തീവ്രവാദ ആഭിമുഖ്യമുള്ളവരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരുന്നു. ചില ബിജെപി. നേതാക്കളെ അപായപ്പെടുത്താൻ പദ്ധതിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം ടി. രമേശ്, ആർഎസ്എസ്. നേതാവ് വത്സൻ തില്ലങ്കേരി, ഹിന്ദുമുന്നണി നേതാവ് മാറാട് സുരേഷ് എന്നിവർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

കനകമലയിൽ ഒളിസങ്കേതങ്ങൾ ഒരുക്കുന്നതിനെ കണ്ടെത്തി ഇല്ലാതാക്കുക കൂടിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ 'ഓപ്പറേഷനിൽ' ചെയ്തത്. വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ നാലുപേരെയും മാഹിയിൽവച്ചാണ് നാട്ടുകാരൻ മൻഷിദ് സ്വീകരിച്ചതെന്നാണ് സൂചന. ഇവിടെനിന്ന് ഓട്ടോയിൽ മേക്കുന്നിലെത്തി ഓട്ടോ പറഞ്ഞുവിട്ടു. പിന്നീട് നടന്ന് കനകമലയിലെത്തുകയായിരുന്നു. ഇവരുടെ നീക്കങ്ങളെല്ലാം എൻ.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് കനകമലയെ കൂടിച്ചേരാനുള്ള ഒരു സ്ഥലമാക്കി മാറ്റാനുള്ള ശ്രമവും കൂടിയാണ് എല്ലാവരും പിടിയിലായതോടെ ഇല്ലാതായത്. അറസ്റ്റു ചെയ്ത പ്രതികൾ കേരളത്തിൽ 12 ആക്രമണങ്ങൾക്കു പദ്ധതിയിട്ടതായി കണ്ടെത്തി.

ഏഴു സ്ഥാപനങ്ങളെയും ഇവർ ഉന്നമിട്ടെന്നാണു വിവരം. പാരിസ് ആക്രമണത്തിന്റെ മാതൃകയിൽ കൊച്ചിയിലെ പൊതുയോഗത്തിലേക്കു ലോറി ഇടിച്ചുകയറ്റി ആക്രമിക്കാനും ഇവർ പദ്ധതിയിട്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടതോടെ പാളി. കണ്ണൂരിലെ കനകമലയിലെ കശുമാവിൻതോട്ടത്തിൽ രഹസ്യകൂടിക്കാഴ്ച നടത്തുമ്പോഴാണ് കണ്ണൂർ അണിയാരം സ്വദേശി മൻസീദ്, കോയമ്പത്തൂർ സ്വദേശി അബു ബഷീർ, തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫ്വാൻ, കോഴിക്കോട് സ്വദേശി ജാസിം എന്നിവർ പിടിയിലായത്. കുറ്റ്യാടിയിൽനിന്ന് വളയന്നൂർ സ്വദേശി റംഷാദാണ് പിടിയിലായി. കോയമ്പത്തൂരിൽനിന്ന് ഉക്കടം ജി.എം.നഗറിലെ നവാസ്, മുഹമ്മദ് റഹ്മാൻ എന്നിവരും പിടിയിലായി.

ഐസിസിന്റെ കേരള ഘടകത്തിന്റെ നുഴഞ്ഞു കയറിയതാണ് നിർണ്ണായകമായത്. പൂർണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പിൽ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കയറിപ്പറ്റിയതും വിവരങ്ങൾ ചോർത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവർ സജീവമായത്. ഖത്തറിലായിരുന്ന കണ്ണൂർ അണിയാരം മദീന മഹലിൽ മൻസീദ് ആണ് സമീർ അലി എന്ന പേരിൽ ഇതിനു നേതൃത്വം നൽകിയതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് മുഹമ്മദ് പോളക്കാനിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP