Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അജേഷിനെ തല്ലിയത് വീട്ടു പരിസരത്തു നിന്നും കമ്പുകൾ വെട്ടി; നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം അടുക്കളയിൽ തലകീഴായി കെട്ടിത്തൂക്കി; രാവിലെ എട്ടു മണിയോടെ തുടങ്ങിയ ക്രൂര മർദ്ദനം അവസാനിച്ചത് ഉച്ചയ്ക്ക് രണ്ടരയോടെ; ജനനേന്ദ്രിയം വരെ പൊള്ളിച്ച ക്രൂരതയ്‌ക്കൊടുവിൽ ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പിൽ ഒളിച്ചിരുന്നു: നാട്ടുകാർ വിവരം അറിഞ്ഞത് തെരുവു നായ്ക്കൾ ആക്രമിക്കാനെത്തിയതോടെ: തിരുവനന്തപുരത്തെ ആൾക്കൂട്ട കൊലപാതകത്തിന്റെ നടുക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

അജേഷിനെ തല്ലിയത് വീട്ടു പരിസരത്തു നിന്നും കമ്പുകൾ വെട്ടി; നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം അടുക്കളയിൽ തലകീഴായി കെട്ടിത്തൂക്കി; രാവിലെ എട്ടു മണിയോടെ തുടങ്ങിയ ക്രൂര മർദ്ദനം അവസാനിച്ചത് ഉച്ചയ്ക്ക് രണ്ടരയോടെ; ജനനേന്ദ്രിയം വരെ പൊള്ളിച്ച ക്രൂരതയ്‌ക്കൊടുവിൽ ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പിൽ ഒളിച്ചിരുന്നു: നാട്ടുകാർ വിവരം അറിഞ്ഞത് തെരുവു നായ്ക്കൾ ആക്രമിക്കാനെത്തിയതോടെ: തിരുവനന്തപുരത്തെ ആൾക്കൂട്ട കൊലപാതകത്തിന്റെ നടുക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജേഷിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം.ജനനേന്ദ്രിയം വരെ തീ വെച്ച് പൊള്ളിച്ച ക്രൂരതയിൽ പ്രതികളായ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഒരു മനുഷ്യ ജീവിയെന്ന യാതൊരു പരിഗണനയും നൽകാതെയാണ് അജേഷിനോട് പെരുമാറിയത്. വണ്ടിത്തടം ജംക്ഷനിൽ നിന്ന് ആരംഭിച്ച മർദ്ദനത്തിന് ഒടുവിലാണ് മൊബൈലും പണവും വീട്ടിലുണ്ടാകുമെന്ന കണക്കു കൂട്ടലിൽ പ്രതികൾ അജേഷിനെ വീട്ടിലേക്ക് കൊണ്ടു പോയത്.

വീട്ടിൽ എത്തിച്ച ശേഷം മർദ്ദന മുറയുടെ രീതി മാറി. പ്രതികൾ ഓരോരുത്തരും വാശിക്ക് മർദ്ദിക്കുകയായിരുന്നു അജേഷിനെ. വീട്ടിലെത്തിച്ച അജേഷിനെ വീട്ടുപരിസരത്തുനിന്ന് കമ്പുകൾ വെട്ടിയാണ് പ്രതികൾ മർദിച്ചത്. കമ്പുകൾ ഒടിയുമ്പോൾ പുതിയ കമ്പുവെട്ടി മാറി മാറിയുള്ള മർദനം തുടർന്നു. പിന്നടാണ് നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീടിന്റെ അടുക്കളയിൽ കെട്ടിത്തൂക്കിയത്. ആറര മണിക്കൂർ ക്രൂരമായ മർദ്ദനം തുടർന്നെങ്കിലും മൊബൈൽ ഫോൺ കിട്ടാത്തതിനെത്തുടർന്ന് അജേഷിനെ ഉപേക്ഷിച്ച് സംഘം കടന്നു. ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പിൽ ഒളിച്ചിരുന്നു. തെരുവുനായ്ക്കൾ ഇയാളെ ആക്രമിക്കാനെത്തിയതോടെയാണു നാട്ടുകാർ വിവരം അറിയുന്നത്.

വണ്ടിത്തടം ജംക്ഷനിൽവച്ച് രാവിലെ എട്ടു മണിക്ക് തുടങ്ങിയതായിരുന്നു അജേഷിന് മേലുള്ള ഓട്ടോ റിക്ഷാ ഡ്രൈവറന്മാരുടെ മർദ്ദനം. അത് ഉച്ചയ്ക്ക് രണ്ടര വരെ നീണ്ടു. ഒന്നു ഉച്ചത്തിൽ നിലവിളിക്കാൻ പോലും ആവാത്ത നിലയിൽ ആയിരുന്നു അജേഷ്. മരണത്തിന് തൊട്ടു മുമ്പ് വരെ ആകെ ഭയന്നു വിറച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട നാട്ടുകാരോട് അജേഷ് മോഷണക്കേസിലെ പ്രതിയാണെന്നാണ് ഇവർ പറഞ്ഞത്. ഫോണും പൈസയും വീട്ടിൽ ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെത്തുടർന്ന് സംഘം അജേഷുമായി ഓട്ടോറിക്ഷയിൽ പാപ്പൻചാണിയിലെ വീട്ടിലേക്കു പോയി. ഒന്നാം പ്രതി ജിനേഷ് വർഗീസ് ആദ്യം മർദിച്ചു. പിന്നീട് മേൽക്കൂരയിലെ കമ്പിയിൽ തലകീഴായി കെട്ടിത്തൂക്കി. അടുത്ത വീട്ടിൽനിന്നും വെട്ടുകത്തി വാങ്ങി പരിസരത്തു നിന്നു കമ്പുകൾ വെട്ടിയെടുത്തു. ഓരോ കമ്പും ഒടിയുന്നതുവരെ ക്രൂരമായി മർദിച്ചു.

വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചു. എന്നിട്ടും മതിയാകാത്ത ഓട്ടോ ഡ്രൈവർമാർ മുറിവേറ്റ ഭാഗങ്ങളിൽ മുളക് തേച്ചു. മുഖത്ത് മർദിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളിച്ചു. രാവിലെ എട്ടോടെ തുടങ്ങിയ മർദനം ആറര മണിക്കൂർ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. മൊബൈലും പണവും കണ്ടെടുക്കാൻ കഴിയാതായതോടെ അജേഷിനെ വീട്ടിൽ ഉപേക്ഷിച്ച് സംഘം മടങ്ങി. നിരങ്ങി നീങ്ങിയാണ് അജേഷ് വാഴത്തോട്ടത്തിലെത്തിയത്. അതിനിടെ തെരുവുപട്ടികൾ കുരച്ചെത്തി. അങ്ങനെയാണ് അജേഷ് വാഴത്തോട്ടത്തിൽ കിടക്കുന്ന കാര്യം നാട്ടുകാർ അറിഞ്ഞത്. പൊലീസെത്തി അജേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണു തിങ്കളാഴ്ച മരിച്ചത്.

മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈൽഫോൺ ഡിസംബർ 11നു പുലർച്ചെ മോഷണം പോയതോടെയാണു സംഭവങ്ങളുടെ തുടക്കം. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് 40,000രൂപയും ബാഗും മോഷണം പോയത്. മറ്റൊരു യാത്രക്കാരനാണ് കമ്മലിട്ട മോഷ്ടാവിനെക്കുറിച്ചുള്ള സൂചന നൽകിയത്. സജിമോൻ ബസ് സ്റ്റാൻഡിനു പുറത്തെത്തി ഓട്ടോറിക്ഷ ഡ്രൈവർമാരോടു വിവരം പറഞ്ഞു. മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളിൽനിന്ന് അത് അജേഷായിരിക്കുമെന്ന് നാട്ടുകാരായ ഓട്ടോ ഡ്രൈവർമാർ ഉറപ്പിച്ചു. അജേഷ് ഇടയ്ക്കിടെ വെള്ളായണിയിൽനിന്ന് തമ്പാനൂരിൽ എത്തിയിരുന്നു. മൊബൈലും പണവും തിരികെ ലഭിച്ചാൽ പ്രതിഫലം തരാമെന്ന സജിമോന്റെ വാഗ്ദാനത്തെത്തുടർന്നാണ് ഡ്രൈവർമാർ അജേഷിനായി തിരച്ചിൽ ആരംഭിച്ചത്.

അരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അജേഷിന്റേതെന്നു നാട്ടുകാർ പറയുന്നു. രണ്ടു വർഷം മുൻപുവരെ സാധാരണ ജീവിതം നയിച്ചിരുന്ന അജേഷിന്റെ സ്വഭാവത്തിൽ പെട്ടെന്നാണു മാറ്റം ഉണ്ടായത്. നല്ലൊരു വാർക്കപ്പണിക്കാരനായിരുന്ന അജേഷിനെ ലഹരിയോടുള്ള ആസക്തിയാണ് അടിമുടി മാറ്റിയത്. ചിലപ്പോഴൊക്കെ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പണിക്കു പോകാതായതോടെ കമ്മലണിഞ്ഞു വേഷത്തിലും മാറ്റംവരുത്തിയതായി നാട്ടുകാർ പറയുന്നു.

മകന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ അമ്മയും സഹോദരിയും കുടുംബവും മറ്റൊരു വീട്ടിലേക്കു താമസം മാറി. റോഡിൽനിന്ന് അരകിലോമീറ്ററോളം ഉള്ളിലാണ് അജേഷിന്റെ വീട്. പണിതീരാത്ത ചെറിയ വീട്ടിൽ അജേഷ് ഒറ്റയ്ക്കായിരുന്നു. വഴിയോരങ്ങളിൽനിന്നായിരുന്നു ഭക്ഷണം. പകൽ അലഞ്ഞുനടക്കും. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ അജേഷിന്റെ നിലവിളി കേട്ടിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല. സംഭവത്തിൽ മലപ്പുറം സ്വദേശി സജിമോൻ (35), ജിനേഷ് വർഗീസ് (28),ഷഹാബുദ്ദീൻ (43),അരുൺ (29),സജൻ (33), റോബിൻസൺ (39) എന്നിവരെ അറസ്റ്റ് ചെയ്തു.

പണി പൂർത്തിയാകാത്ത ചെറിയ വീട്ടിൽ ഒറ്റക്കായിരുന്നു അജേഷിന്റെ വാസം. വഴിയോരങ്ങളിൽ നിന്നായിരുന്നു ഭക്ഷണമെന്നും നാട്ടുകാർ പറഞ്ഞു. ചിലപ്പോഴെങ്കിലും മാനസികാസ്വാസ്്ഥ്യം കാട്ടിയിരുന്നുവെന്നും പ്രദേശവാസികൾ. ഇതുവരെയും മോഷണ ആരോപണം ഈ യുവാവിനെതിരെ കേട്ടിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. ഈ ആരോപണത്തിന്റെ പേരിൽ കൊടിയ മർദനമേറ്റ് അജേഷിന് ജീവൻ വെടിയേണ്ടി വന്ന സംഭവം നാട്ടുകാരിൽ ഞെട്ടലുണ്ടാക്കി.

പട്ടാപ്പകൽ വണ്ടിത്തടം ജംക്ഷനിൽ നിന്നു പ്രദേശവാസിയായ യുവാവിനെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന മൊബൈൽ ഫോൺ ദൃശ്യം കിട്ടിയതാണ് പ്രതികളെ വേഗത്തിൽ കുടുക്കാൻ പൊലീസിനു സഹായകരമായത്. തനിക്കറിയാവുന്ന യുവാവിനെ സംഘം ചേർന്ന് പിടികൂടുന്നതു കണ്ട പ്രദേശവാസിയായ യുവാവാണ് ഇതു പകർത്തിയത്. പാപ്പാൻചാണിയിലെ സ്റ്റീഫൻ-ഓമന ദമ്പതിമാരുടെ മകൻ അജേഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അവിവാഹിതനാണ്. സഹോദരി പ്രിയ. തിരുവല്ലം എസ് ഐ കെ.എൽ സമ്പത്ത് , എസ്. ഐ. ടി.ആർ. കിരൺ, എസ്.വി. സജികുമാർ ,രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP