Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

13 വയസുള്ള മകളെ അച്ഛനെ ഏൽപിച്ച് അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; പലരെയും പലവട്ടം ചോദ്യം ചെയ്തിട്ടും യുവതിയെ കുറിച്ച് ക്ലൂ കിട്ടിയില്ല; ഒന്നരവർഷം മുമ്പ് കാണാതായ ഷൈബയുടെ കൂടെ വടകര സ്റ്റേഷനിൽ എത്തിയവരെ കണ്ട് ഞെട്ടി ബന്ധുക്കൾ

13 വയസുള്ള മകളെ അച്ഛനെ ഏൽപിച്ച് അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; പലരെയും പലവട്ടം ചോദ്യം ചെയ്തിട്ടും യുവതിയെ കുറിച്ച് ക്ലൂ കിട്ടിയില്ല; ഒന്നരവർഷം മുമ്പ് കാണാതായ ഷൈബയുടെ കൂടെ വടകര സ്റ്റേഷനിൽ എത്തിയവരെ കണ്ട് ഞെട്ടി ബന്ധുക്കൾ

കെ വി നിരഞ്ജൻ

 കോഴിക്കോട്: ഒന്നര വർഷം മുമ്പ് വടകരയിൽ നിന്നു കാണാതായ ഭർതൃമതിയായ യുവതിയും കാമുകനും വടകര സ്റ്റേഷനിൽ ഹാജരായി. യുവതിക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയും കാമുകനും നാലു മാസം പ്രായുള്ള കുഞ്ഞുമായി സ്റ്റേഷനിൽ ഹാജരായത്. ഒളിച്ചോടി പോയ യുവതിയും ഭർത്താവും കോയമ്പത്തൂരിൽ കഴിഞ്ഞു വരികയായിരുന്നു. കുട്ടോത്ത് പഞ്ചാക്ഷരിയിൽ ടി.ടി. ബാലകൃഷ്ണന്റെ മകൾ ഷൈബയും (37) മണിയൂർ കുറുന്തോടി പുതിയോട്ട് മീത്തൽ സന്ദീപുമാണ് (45) വടകര പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്. അന്നു കാലത്ത് വിദേശത്തുള്ള ഭർത്താവ് കല്ലേരി പൊന്മേരിപറമ്പിൽ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടിൽ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറിൽ സ്വന്തം വീട്ടിലെത്തി മകളെ അച്ഛനെ ഏൽപ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടിൽ നിന്നിറങ്ങിയത്. അതിനു ശേഷം ഇവരെ പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല.

തൊട്ട് പിറ്റേന്ന് സഹോദരൻ ഷിബിൻ ലാൽ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ സഹോദരിക്ക് വിവാഹത്തിന് മുൻപ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിൻ ലാൽ സൂചിപ്പിച്ചിരുന്നു. അന്ന് വിദേശത്തുള്ള സന്ദീപിന്റെ കൂടെയാണോ ഇവർ പോയതെന്ന് സംശയമുള്ളതായും പരാതിയിൽ പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷൈബയെ കാണാതായ അതേ ദിവസം സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയതായി മനസിലായി. സംഭവത്തിനുശേഷം യുവാവ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഇതിനിടെ ഷൈബയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസിനു തുടർച്ചയായി ഇക്കഴിഞ്ഞ ജൂലൈയിൽ റൂറൽ എസ്‌പി ഡോ.എ.ശ്രീനിവാസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ ഹരിദാസിന് അന്വേഷണ ചുമതല നൽകി. തുടർന്ന് പ്രത്യേക ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഊർജിതമായ അന്വേഷണം നടന്നു.

ഇരുകൂട്ടരുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പല തവണ ചോദ്യം ചെയ്തിരുന്നു. ഹേബിയസ് കോർപ്പസ് ഹർജി നൽകിയതിനാൽ അന്വേഷണ പുരോഗതി ആർ. ഹരിദാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസ് അന്വേഷണം ശക്തമായതോടെ ഇന്ന് രാവിലെ ഇരുവരും വടകര സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. കേസ് സംബന്ധിച്ച നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP