Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ആത്മഹത്യ ചെയ്തതാണെങ്കിൽ വെള്ളം കുടിക്കാതെ എങ്ങനെയാണ് മരിക്കുക...? ഗോശ്രീ പാലത്തിൽ നിന്ന് ചാടുന്നത് ആരും കണ്ടില്ലെന്നത് അവിശ്വസനീയം; ഇല്ലാകഥകൾ എഴുതി തന്റെ മകളെ വീണ്ടും വീണ്ടും കൊല്ലരുത്; മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ന്യായീകരിക്കില്ലെന്ന് അച്ഛൻ; ഒരു മാസമായിട്ടും മിഷേലിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ല

ആത്മഹത്യ ചെയ്തതാണെങ്കിൽ വെള്ളം കുടിക്കാതെ എങ്ങനെയാണ് മരിക്കുക...? ഗോശ്രീ പാലത്തിൽ നിന്ന് ചാടുന്നത് ആരും കണ്ടില്ലെന്നത് അവിശ്വസനീയം; ഇല്ലാകഥകൾ എഴുതി തന്റെ മകളെ വീണ്ടും വീണ്ടും കൊല്ലരുത്; മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ന്യായീകരിക്കില്ലെന്ന് അച്ഛൻ; ഒരു മാസമായിട്ടും മിഷേലിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ല

അർജുൻ സി വനജ്

കൊച്ചി: മാധ്യമങ്ങൾ ഇല്ലാകഥകൾ എഴുതി തന്റെ മകളെ വീണ്ടും വീണ്ടും കൊല്ലുകയാണെന്ന് മിഷേൽ ഷാജിയുടെ പിതാവ് ഷാജി. മിഷേൽ മരണപ്പെട്ട് ഒരു മാസം തികയുമ്പോൾ അന്വേഷണ പുരോഗതിയെക്കുറിച്ചും മറ്റും മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്കൽ പൊലീസ് ആദ്യമേ ആത്മഹത്യയാണെന്ന് വിധിയെഴുതിയെങ്കിലും ക്രൈം ബ്രാഞ്ച് ഇപ്പോൾ കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നത്. അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വീട്ടുകാർക്ക് നൽകിയിട്ടില്ല.

ഞങ്ങൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ദൈവത്തിന്റെ കൃപയാൽ ഒരു നാൾ സത്യം തെളിയുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ഇതുപോലെയൊരു പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ലെന്നാണ് അമേരിക്കയിലെ ഡോക്ടർമാർ വരെ പറയുന്നത്. ആത്മഹത്യ ചെയ്തതാണെങ്കിൽ വെള്ളം കുടിക്കാതെ എങ്ങനെയാണ് മരിക്കുക...? മരണ സമയത്തെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തത ഇല്ല. ഷാജി പറയുന്നു.

Stories you may Like

ഗോശ്രീ പാലത്തിൽ നിന്ന് ചാടിയതാണെങ്കിൽ ആരെങ്കിലും ഒരാളെങ്കിലും കാണേണ്ടേ..? ഒരു ഇഗ്ലീഷ് പത്രത്തിന്റെ റിപ്പോർട്ടർ, ഗോശ്രീ പാലത്തിൽ മിഷേലിനെ കണ്ടെന്നു പറയുന്ന സ്ഥലത്ത്, അതേ സമയത്ത്് ആത്മഹത്യ ശ്രമം( വാർത്തായ്ക്കായി) നടത്തിനോക്കി. 50 ലധികം ആളുകളാണ് പെട്ടന്ന് ഓടിക്കൂടിയത്. അപ്പോ മിഷേൽ അവിടുന്ന് ചാടുന്നത് ആരും കണ്ടില്ലെന്ന് പറയുന്നത്, ആത്മഹത്യയല്ലയെന്ന് പറയുന്നതിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. ആത്മഹത്യയാണെന്ന് തറപ്പിച്ച് പറയാൻ മിഷേലിന്റ കൂടെ ഈ സമയം പൊലീസ് ഉണ്ടായിരുന്നോ..?

ആത്മഹത്യ ആണെങ്കിൽ ബോഡിക്ക് ഒന്നും സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, കൈയിൽ കിടന്നിരുന്ന വാച്ച് എവിടെ പോയി...? ഷാജി ചോദിക്കുന്നു. അഞ്ചാം തിയതി രാത്രി തന്നെ പൊലീസ് ചെറുതായെങ്കിലും അന്വേഷണം ആരംഭിച്ചിരുന്നെങ്കിൽ ചിലപ്പോൾ തന്റെ മകൾ കൊല്ലപ്പെടില്ലായിരുന്നു. ഇനി അഥാവ എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കാൻ ഞാൻ തയ്യാറല്ല. അത് ഞങ്ങളുടെ വിധിയായി കരുതിക്കൊള്ളാം. എന്തായാലും സത്യന്ധമായ അന്വേഷണം ആണ് ഇപ്പോൾ നടക്കുന്നതെങ്കിൽ തീർച്ചയായും മകൾ എങ്ങനെയാണ് മരിച്ചതെന്ന് തെളിയും. ഷാജി പറഞ്ഞവസാനിപ്പിച്ചു.

അതേസമയം, മാസം ഒന്നു തികയുമ്പോഴും സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത ഒഴിയുന്നില്ല. മാർച്ച് ആറിനാണ് പിറവം പെരിയപുറം എണ്ണക്കാപ്പിള്ളിയിൽ ഷാജിയുടെ മകൾ മിഷേലി (18) നെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചിനു വൈകിട്ട് കലൂർ പള്ളിയിലേക്കെന്നു പറഞ്ഞ് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട മിഷേലിനെ കാണാതാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ആത്മഹത്യയാണെന്ന നിഗമനത്തിൽ കേസ് ഒതുക്കാനായിരുന്നു ലോക്കൽ പൊലീസിന്റെ ശ്രമം.

തുടർന്ന് സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ മരണത്തിലെ ദൂരൂഹത സംബന്ധിച്ച വാർത്തകൾ വരികയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ സംഭവം വിവാദമായി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എറണാകുളം സെൻട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മിഷേലിന്റെ കാമുകൻ ക്രോണിൻ അലക്സാണ്ടർ ബേബിയെ ചത്തീസ്ഗഡ്ഡിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

ക്രോണിൽ ഏൽപ്പിച്ച മാനസിക സമ്മർദത്തെ തുടരർന്ന് മിഷേൽ ഗോശ്രീപാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ മിഷേൽ ആത്മഹത്യ ചെയ്യില്ലെന്നും കലൂർ പള്ളിയിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ മിഷേലിനെ ആരൊക്കെയോ പിൻതുടരുന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പിതാവ് ഷാജി രംഗത്തെത്തിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

മാർച്ച് 15 ഓടെ എസ്‌പി മധുവിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതിനിടെ അറസ്റ്റിലായ ക്രോണിൻ ജാമ്യത്തിലിറങ്ങി. എന്നാൽ നാളിതുവരെ മരണത്തിന്റെ പിന്നിൽ എന്താണെന്ന രഹസ്യം കണ്ടെത്താൻ ക്രൈംബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല. മിഷേൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിൽ തന്നെയാണ് ക്രൈംബ്രാഞ്ച് സംഘവും.

എന്നാൽ ഇത് തെളിയിക്കാൻ സാക്ഷിമൊഴികളോ സാഹചര്യ തെളിവുകളോ ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കലൂർ പള്ളി മുതൽ ഹൈക്കോർട്ട് ജംക്ഷൻ വരെയുള്ള ഏഴോളം സിസി ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവയിൽ നിന്നും പള്ളിയിൽ നിന്നിറങ്ങിയ മിഷേൽ ഗോശ്രീ പാലത്തിനു സമീപത്തേക്ക് പോയെന്നത് വ്യക്തമാണ്. ഗോശ്രീ പാലത്തിലൂടെ പെൺകുട്ടി നടന്നു പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയും ആത്മഹത്യ എന്ന നിഗമനത്തിനു ബലം നൽകുന്നുണ്ട്. എന്നാൽ തിരക്കേറിയ പാലത്തിൽ മിഷേൽ കായലിലേക്ക് ചാടുന്നത് ആരും കണ്ടില്ലെന്ന വാദമാണ് കേസിനു തിരിച്ചടിയാകുന്നത്. പാലത്തിലെത്തിയ മിഷേലിനെ മറ്റാരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

മിഷേൽ ഗോശ്രീ പാലത്തിലെത്തി എന്നു കരുതപ്പെടുന്ന സമയത്ത് ഈ പരിസരത്തുകൂടി സഞ്ചരിച്ചവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല. ക്രോണിനെ ചോദ്യം ചെയ്തതിൽ നിന്നും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ക്രോണിന്റെ ഫോൺ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചുവെങ്കിലും ഇതിലും ആത്മഹത്യയിലേക്ക് നയിക്കുന്ന ശക്തമായ കാരണങ്ങൾ ലഭ്യമല്ല. ഇതോടെ മിഷേലിന്റെ മരണത്തിൽ വ്യക്തമായ ഉത്തരം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് ക്രൈംബ്രാഞ്ച് സംഘം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP