Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്; അകന്ന ബന്ധു പിറവം സ്വദേശി ക്രോണിനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; രണ്ടു വർഷം നീണ്ട ബന്ധത്തിലെ അസ്വാരസ്യങ്ങൾ യുവതിയെ മരിക്കാൻ പ്രേരിപ്പിച്ചതായി നിഗമനം; പെൺകുട്ടികളെ വലയിൽവീഴ്‌ത്തി പണം തട്ടുന്ന വിരുതനെതിരേ മുമ്പും ആരോപണങ്ങൾ

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്; അകന്ന ബന്ധു പിറവം സ്വദേശി ക്രോണിനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; രണ്ടു വർഷം നീണ്ട ബന്ധത്തിലെ അസ്വാരസ്യങ്ങൾ യുവതിയെ മരിക്കാൻ പ്രേരിപ്പിച്ചതായി നിഗമനം; പെൺകുട്ടികളെ വലയിൽവീഴ്‌ത്തി പണം തട്ടുന്ന വിരുതനെതിരേ മുമ്പും ആരോപണങ്ങൾ

കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന പിറവം സ്വദേശിയായ ക്രോൺ എന്ന യുവാവവിനെ ചോദ്യംചെയ്തതിൽനിന്നാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. തങ്ങൾക്കിടയിലെ ബന്ധത്തിൽ അസ്വാരസ്യമുണ്ടായിരുന്നുവെന്ന് യുവാവ് പൊലീസിനോടു പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മിഷേലിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രോണിനെ പൊലീസ് ചോദ്യം ചെയ്തത്. ഇയാൾ മിഷേലിന്റെ അകന്ന ബന്ധുവാണെന്ന് സൂചനയുണ്ട്. രണ്ടു വർഷമായി മിഷേലുമായി ബന്ധമുണ്ടെന്ന് ഇയാൾ പൊലീസിനു മൊഴി നല്കിയതായാണു സൂചന. അവസാനമായി മിഷേലിന്റെ ഫോണിലേക്ക് വന്ന കോൾ ഇയാളുടേതായിരുന്നു. മരിച്ച ദിവസം ഇയാൾ മിഷേലിന്റെ ഫോണിലേക്ക് ആറു പ്രാവിശ്യം വിളിക്കുകയും 33 എസ്എംഎസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തലേന്ന് നാലു പ്രാവിശ്യം വിളിക്കുകയും 57 എസ്എംഎസുകൾ അയയ്ക്കുകയും ചെയ്തിരുന്നു.

ക്രോണുമായുള്ള അടുപ്പത്തിൽനിന്നുണ്ടായ സമ്മർദമായിരിക്കാം യുവതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. മിഷേലിന്റെ ആത്മഹത്യയ്ക്കു കാരണം അടുപ്പത്തിലെ അസ്വാരസ്യങ്ങളാണെന്ന് ഇയാൾ മൊഴി നല്കിയതായും റിപ്പോർട്ടുണ്ട്. താൻ ചില തീരുമാനങ്ങൾ എടുത്തെന്നു മരണദിവസം മിഷേൽ തന്നോടു പറഞ്ഞെന്നാണ് ഇയാളുടെ മൊഴി. എന്താണെന്നു തിങ്കളാഴ്ച അറിയാമെന്നും പറഞ്ഞിരുന്നതായി യുവാവ് അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവാവ് ഒരിക്കൽ മർദിച്ചതായി മിഷേലിന്റെ കൂട്ടുകാരിയും മൊഴി നൽകിയിട്ടുണ്ട്. അടുപ്പത്തിന്റെ പേരിൽ യുവാവ് സമ്മർദ്ദം ചെലുത്തിയിരുന്നതായാണു ചോദ്യം ചെയ്യലിൽ വ്യക്തമായതെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മിഷേലിന്റെ സുഹൃത്തിനെ ക്രോൺ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായി.

അതേസമയം, പൊലീസ് ആദ്യഘട്ടം മുതൽ അന്വേഷണത്തിൽ അനാസ്ഥ കാട്ടിയെന്ന് മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ് കുറ്റപ്പെടുത്തി. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്നു വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായെന്ന ബന്ധുക്കളുടെ ആരോപണം ഗൗരവമുള്ളതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മിഷേൽ വെണ്ടുരുത്തി പാലത്തിൽ നിന്നോ ഗോശ്രീപാലത്തിൽ നിന്നോ ചാടി ആത്മഹത്യചെയ്തതാവാമെന്ന പൊലീസിന്റെ നിഗമനവും ബന്ധുക്കൾ തള്ളിക്കളയുന്നു. ഈ പാലങ്ങളിൽ നിന്നും താഴേക്ക് ചാടിയാൽ ഒരുകാരണവാശാലും മൃതദേഹം കപ്പൽ ചാലിൽ എത്താൻ ഇടയില്ലെന്ന് പ്രദേശവാസികളിൽ നിന്നും മറ്റും വിവരം ലഭിച്ചെന്നാണ് ഇക്കാര്യത്തിൽ ഇവരുടെ വിശദീകരണം.

ഇലഞ്ഞി പെരിയപ്പുറം എണ്ണക്കപ്പള്ളിൽ ഷാജിയുടെ മകളായ മിഷേൽ പാലാരിവട്ടത്തെ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടിംഗിനു പഠിക്കുകയായിരുന്നു. മാർച്ച് അഞ്ചിന് കലൂർ കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽനിന്നും കലൂർ പള്ളിയിലേക്കു പോയ മിഷേലിനെ കാണാതാവുകയായിരുന്നു. പിറ്റേന്ന് മൃതദേഹം കായലിൽ കാണപ്പെട്ടു.

മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് പിറവത്ത് നാളെ ഹർത്താൽ ആചരിക്കാനിരിക്കേയാണ് മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നത്.

മിഷേലിന്റെ മരണത്തിന് കാരണക്കാരൻ എന്ന് വീട്ടുകാർ സംശയിക്കുന്ന ക്രോണിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകൾ മാത്രമാണ്. ഇടത്തരം കുടുംബാംഗവും പിറവം പാലച്ചുവട് സ്വദേശിയുമായ ഇയാൾ പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി പണംതട്ടിയെടുക്കുന്നതിൽ വിരുതനായിരുന്നെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. ഇപ്പോൾ ഓസ്ട്രേലിയിൽ ജോലിചെയ്യുന്ന പിറവം സ്വദേശിയായ യുവതിയിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പരക്കെ പ്രചാരണമുണ്ട്. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾക്ക് സഹായികളായി ഇവിടുത്തുകാരായ നിരവധിപേരും ഉണ്ടായിരുന്നെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

ഇയാളുടെ ജോലിയേക്കുറിച്ചോ സംസ്ഥാനം വിട്ടുള്ള താമസത്തേക്കുറിച്ചോ ഇവിടത്തുകാർക്ക് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ പിതാവ് നാട്ടിൽ ഏവർക്കും സുപരിചിതനാണ്. മകന്റെ വഴിവിട്ട പോക്കിന് മാതാവിന്റെ പിൻതുണ ഉണ്ടോ എന്നും നാട്ടുകാർ സംശയിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദൂരൂഹതകൾ നീക്കുന്നതിനുള്ള പൊലീസ് ഇടപെടൽ ശക്തമായിരിക്കെയാണ് ഈ യുവാവിനെതിരെ കൂടുതൽ ആരോപണവുമായി വീട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്.

മിഷേലിന്റെ മരണത്തിനു പിന്നാലെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും ഇയാൾ ഫോട്ടോകൾ നീക്കംചെയ്തതും സംശയങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. മിഷേലിനെ കാണാതായ ദിവസം ഈ യുവാവ് കൊച്ചിയിൽ ഉണ്ടായിരുന്നെന്നും ഇയാളും മാതാവും മിഷേലിന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. നേരത്തെ പലവട്ടം ഇയാൾ മിഷേലിന്റെ പുറകേ നടന്നിരുന്നെന്നും ഇംഗിതം നടക്കാതായതോടെ കൊലപ്പെടുത്തി കായലിലെറിഞ്ഞതായിരിക്കാമെന്നുമാണ് വീട്ടുകാർ സംശയം ഉന്നയിക്കുന്നത്. ഇതിനിടെയാണ് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP