Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്‌ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്

മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്‌ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മലയാളിയായ ശതകോടീശ്വരനും രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയർമാനുമായ എം ജി ജോർജ്ജിന്റെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എം ജി ജോർജ്ജിന്റേത് സ്വാഭാവിക മരണം ആയിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അദ്ദേഹം വസതിയിൽ നിന്നും വീണു മരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കാര്യം, ഡൽഹി പൊലീസിനെ ഉദ്ധരിച്ച് 'ലൈവ് മിന്റ്' ഓൺലൈൻ റിപ്പോർട്ടു ചെയ്തു.

മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണിട്ടാണെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. അതേസമയം മാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തുവന്നത് സ്വാഭാവിക മരണം എന്നായിരുന്നു. ഇന്നാണ് എങ്ങനെയാണ് മുത്തൂറ്റ് ചെയർമാൻ മരിച്ചതെന്ന വിവരം പുറത്തു വന്നത്.

ഡൽഹിയിലെ വസതിയിൽ വച്ച് നാലാം നിലയിൽ നിന്ന് വീണാണ് ജോർജ്ജിന് മരണം സംഭവിച്ചത്. വീഴ്‌ച്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ അദ്ദേഹത്തെ ഫോർട്ടിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയെന്നും മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാൽ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും മൊഴികൾ രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഡൽഹിയിൽ പൊതുദർശനത്തിന് വെച്ചു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഭൗതിക ശരീരം നാളെ കേരളത്തിൽ എത്തിക്കാനിരിക്കുകയാണ്. ഡൽഹി ഹൗസ്ഖാസിലെ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദെമത്രയോസ് നേതൃത്വം നൽകി.

മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ എം ജി ജോർജ് ഓർത്തഡോക്‌സ് സഭാ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 72-ാം വയസ്സിൽ മുത്തൂറ്റ് ഗ്രൂപ്പിനെ ഫോബ്സ് പട്ടികയിൽ വരെ എത്തിച്ച ശേഷമാണ് ഈ വ്യവസായ പ്രമുഖന്റെ മരണം. ജോർജിന്റെ മകൻ പോൾ എം ജോർജിന്റെ കൊലപാതകം മലയാളി ഏറെ ചർച്ച ചെയ്തിരുന്നു. ഈ ദുരന്തവും ജോർജിനെ തളർത്തിയില്ല. മുത്തൂറ്റിനെ ലോകോത്തര ബ്രാൻഡാക്കി അദ്ദേഹം മാറ്റുകയായിരുന്നു.

ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരിൽ 26-ാം സ്ഥാനം. ഇങ്ങനെ ആഗോള ബ്രാൻഡാക്കി മുത്തൂറ്റിനെ മാറ്റിയത് ജോർജിന്റെ ബുദ്ധിയായിരുന്നു. ഐപിഎൽ ക്രിക്കറ്റിലും ഐ എസ് എൽ ഫുട്ബോളിലുമെല്ലാം ഈ ബ്രാൻഡ് ചർച്ചയാക്കി. അങ്ങനെ ഇന്ത്യ മുഴുവൻ നിറയുന്ന വ്യവസായ സാമ്രാജ്യമായി മുത്തൂറ്റ് മാറി.

ദക്ഷിണേന്ത്യയിൽ നിന്നു മുത്തൂറ്റ് ഗ്രൂപ്പ്, ഇന്ത്യയുടെ നാലതിരുകളിലേക്കു പടർന്നതും വളർന്നതും എം.ജി. ജോർജ് മുത്തൂറ്റിന്റെ പരിശ്രമ ഫലമാണ്. ആദ്യം ഉത്തരേന്ത്യയിലും പിന്നീടു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും മുത്തൂറ്റിനു ശാഖകൾ സജ്ജമാക്കിയ അദ്ദേഹം യുഎസ്എ, യുഎഇ, സെൻട്രൽ അമേരിക്ക, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്കും ബിസിനസ് വളർത്തി. ഓർത്തഡോക്സ് സഭയ്ക്കും താങ്ങും തണലുമായി. സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് എല്ലാ പിന്തുണയും നൽകിയ വ്യക്തി.

പത്തനംതിട്ട കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം.ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. ഹാർവഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എക്സിക്യൂട്ടീവ് മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം, ചെറുപ്പത്തിൽ തന്നെ കുടുംബ ബിസിനസിൽ പങ്കാളിയായി. 1979 ൽ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയർമാനാകുന്നത്.

ഭാര്യ: സാറ ജോർജ് ( ന്യൂഡൽഹി സെന്റ് ജോർജ്സ് ഹൈസ്‌കൂൾ ഡയറക്ടർ), മക്കൾ: ജോർജ് എം. ജോർജ് (എംഡി, മുത്തൂറ്റ് ഫിനാൻസ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ), അലക്സാണ്ടർ എം. ജോർജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാൻസ്, ന്യൂഡൽഹി), പരേതനായ പോൾ എം.ജോർജ്, മരുമക്കൾ: തെരേസ, മെഹിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP