Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേങ്ങ മോഷ്ടിക്കാൻ കയറിയപ്പോൾ തെങ്ങിൽ നിന്നു വീണവനും ഗൾഫിൽ അപകടം പറ്റിയവരും നട്ടെല്ലിനു പരിക്കുള്ളവരും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ! ഡിവൈഎഫ്‌ഐ നിയമയുദ്ധം നടത്തി നേടിയ നഷ്ടപരിഹാരം അനർഹർ കൊണ്ടുപോകുമോ? അനർഹർ കയറിപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം തുടങ്ങി

തേങ്ങ മോഷ്ടിക്കാൻ കയറിയപ്പോൾ തെങ്ങിൽ നിന്നു വീണവനും ഗൾഫിൽ അപകടം പറ്റിയവരും നട്ടെല്ലിനു പരിക്കുള്ളവരും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ! ഡിവൈഎഫ്‌ഐ നിയമയുദ്ധം നടത്തി നേടിയ നഷ്ടപരിഹാരം അനർഹർ കൊണ്ടുപോകുമോ? അനർഹർ കയറിപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം തുടങ്ങി

രഞ്ജിത് ബാബു

കാസർഗോഡ്: തേങ്ങ മോഷ്ടിക്കാൻ തെങ്ങിൽ കയറുമ്പോൾ വീണവനും ഗൾഫിൽ അപകടം സംഭവിച്ച പ്രവാസികളും നട്ടെല്ലിന് പരിക്കേറ്റവരും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരം കാസർഗോഡ് കലക്ടറേറ്റിലെ എൻഡോസൾഫാൻ ദുരിതാശ്വാസ സെല്ലിൽ നിന്നും കണ്ടെടുത്ത രേഖകളിൽ ഇത്തരത്തിൽ ആനുകൂല്യങ്ങൾ പറ്റിയവർ ഏറെ.

5848 പേരാണ് കാസർഗോട്ടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിൽ എൻഡോസൾഫാൻ തളിച്ചതു മൂലം രോഗബാധിതരായവരുടെ ലിസ്റ്റിലുള്ളത്. എന്നാൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ തന്നെ നൂറിലേറെ പേർ തങ്ങൾ എൻഡോസൾഫാൻ ഇരകളല്ലെന്ന അപേക്ഷയുമായി നേരിട്ടെത്തി ലിസ്റ്റിൽ നിന്നും ഒഴിവാകുകയും ചെയ്തു.

2010-2011 കാലത്ത് അംഗൻവാടി ടീച്ചർമാരും ഹെൽപ്പർമാരും ആയവരാണ് എൻഡോസൾഫാൻ ദുരുതബാധിതരെ കണ്ടെത്തി പ്രാഥമിക ലിസ്റ്റുണ്ടാക്കിയത്. 11 പഞ്ചായത്തുകളിലും ഇതു പോലെയാണ് ലിസ്റ്റിൽ പേര് ചേർക്കപ്പെട്ടത്. ബന്ധുക്കൾക്കും സ്വന്തക്കാർക്കും ആനുകൂല്യങ്ങൾ വാങ്ങിച്ചു കൊടുക്കാനുള്ള ശ്രമം അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി ആക്ഷേപമുയർന്നിരിക്കയാണ്.

വിജിലൻസ് അന്വേഷണം നടന്നപ്പോൾ 2500 ലേറെപ്പേർ അനധികൃതമായി എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഇടം നേടിയതായി സൂചന ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പട്ടിക അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു കഴിഞ്ഞു. എൻഡോസൾഫാൻ ഇരകൾക്ക് 5 ലക്ഷം രൂപ വീതം കീടനാശിനി കമ്പനികളിൽ നിന്നും സർക്കാർ ഈടാക്കി നൽകണമെന്നു സുപ്രീം കോടതി വിധിച്ച പശ്ചാത്തലത്തിൽ യഥാർത്ഥ എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം കൂടി സർക്കാരിന്റെ ചുമലിലായിരിക്കുകയാണ്. ഒരാൾക്ക് 5 ലക്ഷം രൂപ വീതം വീതമാണ് സുപ്രീം കോടതി വിധിച്ചത്. ഇത്രയും നാൾ ദുരിത ബാധിതർക്ക് കേരള സർക്കാർ 500 രൂപ മുതൽ 2800 രൂപ വരെയാണ് മാസം പ്രതി നൽകി പോന്നത്. അതിന് പുറമേ സൗജന്യമായി 28 കിലോ ഗ്രാം അരിയും 7 കിലോ. ഗ്രാം ഗോതമ്പും നൽകിയിരുന്നു. കീടനാശിനി കമ്പനിയാണ് ഇനി സാമ്പത്തിക സഹായം നൽകേണ്ടത്. എന്നാൽ കീടനാശിനി കമ്പനി സുപ്രീം കോടതിയിൽ എതിർഹർജി നൽകിയാൽ ദുരിത ബാധിതർക്ക് വിധി വരുന്നതുവരെ സർക്കാർ തന്നെ ആനുകൂല്യങ്ങൾ നൽകേണ്ടി വരും.

കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരവിതരണം പൂർത്തിയാക്കണമെന്നാണു കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കണം. കീടനാശിനി കമ്പനികളിൽനിന്നും കേന്ദ്രസർക്കാരിൽനിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസർക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. എൻഡോസൾഫാൻ ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

മൂന്നുമാസത്തിനകം പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക കൈമാറണം. ആജീവനാന്ത വൈദ്യസഹായം അനുവദിക്കണം. നിശ്ചിതകാലയളവിനുള്ളിൽ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ഇരകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എൻ വി രമണയും അംഗങ്ങളായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. എൻഡോസൾഫാൻ ഉൽപ്പാദകരുടെ സംഘടനയായ സെൻട്രൽ എൻവയോൺമെന്റ് ആൻഡ് അഗ്രോ കെമിക്കൽസിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു.

എൻഡോസൾഫാൻ ഇരകൾക്ക് 2012ലെ വിജ്ഞാപനപ്രകാരമുള്ള പാക്കേജിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് തീർപ്പാക്കിയതാണെന്നും പ്‌ളാന്റേഷൻ കോർപറേഷൻ അറിയിച്ചു. നഷ്ടപരിഹാരം കൈമാറാൻ താമസമെന്തെന്ന് കോടതി ചോദിച്ചു. സംസ്ഥാനം പ്രഖ്യാപിച്ച തുകവിതരണം പുരോഗമിക്കുന്നുണ്ടെന്ന് സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ്അറിയിച്ചു. അയ്യായിരത്തിലധികം പേരെ പല വിഭാഗങ്ങളായി തിരിച്ച്, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നഷ്ടപരിഹാരം നൽകുകയാണ്. നഷ്ടപരിഹാരത്തിനും മറ്റ് ക്ഷേമപദ്ധതികൾക്കുമായി 2016 ഏപ്രിലിൽ കേന്ദ്രത്തോട് 483 കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികരണമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാരിന് മാത്രമാണോ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയെന്ന് കോടതി ആരാഞ്ഞു. ക്ഷേമരാഷ്ട്രത്തിൽ പ്രയാസം നേരിടുന്ന ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കുണ്ട്. വിഹിതം നൽകാൻ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

മാരകകീടനാശിനിയായ എൻഡോസൾഫാൻ ഉപയോഗത്തിനെതിരെ 2011ലാണ് ഡിവൈഎഫ്‌ഐ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന്, എൻഡോസൾഫാൻ ഉൽപ്പാദനവും ഉപയോഗവും നിരോധിച്ചു. ജീവിതകാലംമുഴുവൻ പ്രയാസം നേരിടേണ്ട ഇരകൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ഡിവൈഎഫ്‌ഐയുടെ അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാലും ദീപക് പ്രകാശും വാദിച്ചു. എൻഡോസൾഫാൻ വിപത്തിനെക്കുറിച്ച് ഉത്തമബോധ്യമുണ്ടെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. അവർക്ക് നഷ്ടപരിഹാരത്തിൽ കാലതാമസം പാടില്ലെന്നും കോടതി ഓർമിപ്പിച്ചു. 2012ൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ ചിത്രം ഉപയോഗിച്ച് പത്രപരസ്യം നൽകിയ സംഭവത്തിൽ, എൻഡോസൾഫാൻ ഉൽപ്പാദകരുടെ സംഘടനയ്ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും തീരുമാനിച്ചു. ഏറെ ഗൗരവമുള്ള വിഷയത്തിൽ ഗുരുതരനടപടി നേരിടേണ്ടി വരുമെന്ന് സംഘടനയ്ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

എന്നാൽ എൻഡോസൾഫാൻ വിഷയം രാഷ്ട്രീയക്കാർ കെട്ടിച്ചമച്ചതാണെന്ന മറുവാദവുമായും ചിലർ രംഗത്തെത്തിയിരുന്നു. 1982 മുതൽ കാസർഗോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ ഫീൽഡ് സൂപ്പർവൈസറായിരുന്ന ബോവിക്കാനത്തെ ഗംഗാധരൻ നായർ പറയുന്നത് എൻഡോസൾഫാൻ കൈകാര്യം ചെയ്തിട്ടും തനിക്കൊന്നും സംഭവിച്ചില്ലെന്നാണ്. 35 വർഷം തോട്ടത്തിൽ സേവനമനുഷ്ഠിച്ച താൻ എൻഡോസൾഫാൻ വെറും കൈ കൊണ്ട് കലക്കി മൂക്കും വായും മറക്കാതെ കൈപ്പമ്പ് കൊണ്ട് സ്പ്രേ ചെയ്തിട്ടുണ്ട്. തന്നോടൊപ്പം സ്ത്രീകളുൾപ്പെടെ മുന്നൂറോളം തൊഴിലാളികളും സമാന ജോലിയിൽ ഏർപ്പെട്ടിരുന്നു. അക്കാലത്തൊന്നും എൻഡോസൾഫാൻ മാരക വിഷമാണെന്ന് സർക്കാരോ ആരോഗ്യ വകുപ്പോ മുന്നറിയിപ്പ് നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ സാധാരണ രീതിയിൽ ഞങ്ങളത് കൈകാര്യം ചെയ്യുകയായിരുന്നു. അന്ന് ജോലി ചെയ്ത 300 പേരിൽ ഒരാൾക്ക് പോലും എൻഡോസൾഫാൻ മൂലം രോഗമൊന്നും വന്നിട്ടില്ല. ഇതിലെ യഥാർത്ഥ അവസ്ഥ പുറത്തറിയേണ്ടതുണ്ടെന്നും ഗംഗാധരൻ നായർ പറഞ്ഞു. രാഷ്ട്രീയക്കാരും ചില സ്ഥാപിത താത്പര്യക്കാരായ സന്നധ സംഘടനകളും ചേർന്ന് എൻഡോസൾഫാൻ ദുരിതമെന്ന കെട്ടുകഥ ചമക്കുകയാണെന്നാണു ഗംഗാധരൻ നായരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP