Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

മുംബൈയെ തകർത്ത മേമൻ കുടുംബത്തിന്റെ കഥ; അധോലോകത്തുനിന്ന് തീവ്രവാദത്തിലേക്ക്; സിനിമകളെപ്പോലും അതിശയിപ്പിക്കുന്ന കുടുംബവാഴ്ചയുടെ കഥ ഇന്നുമുതൽ

മറുനാടൻ മലയാളി ബ്യൂറോ

ധോലോകത്തെ ഞെട്ടിപ്പിക്കുന്ന കഥകളുമായി പുറത്തിറങ്ങിയിട്ടുള്ള ഒട്ടേറെ സിനിമകൾ നാം ഇതിനകം കണ്ടിട്ടുണ്ട്. ബോളിവുഡും ക്രിക്കറ്റുമൊക്കെ സമ്മേളിക്കുന്ന അധോലോകത്തുനിന്ന് മുംബൈയെ തകർത്തെറിഞ്ഞ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായി വളർന്ന ടൈഗർ മേമന്റെ കഥ ഞെട്ടിപ്പിക്കുന്നതാണ്. യാക്കൂബ് മേമന്റെ വധശിക്ഷയോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന മേമൻ കുടുംബത്തെക്കുറിച്ചുള്ള കഥകൾ ഇന്നുമുതൽ വായിക്കാം.

ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ എക്കാലത്തെയും വലിയ വിജയം എന്നാണ് മുംബൈ സ്‌ഫോടനക്കേസ്സിൽ മേമൻ കുടുംബത്തിന്റെ പങ്ക് കണ്ടെത്തിയ സംഭവം വിശേഷിപ്പിക്കപ്പെട്ടത്. 1993 മാർച്ച് 12-ന് നടന്ന സ്‌ഫോടന പരമ്പരയ്ക്ക് പിന്നിൽ പാക്കിസ്ഥാന്റെ പങ്കാളിത്തവും അവരുടെ ഗൂഢാലോചനയ്‌ക്കൊപ്പം നിന്ന മേമൻ കുടുംബവും വൈകാതെ തന്നെ വെളിപ്പെട്ടു.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യയിൽ തീവ്രവാദ സംഘടനകൾ വേരുറപ്പിക്കുന്ന കാലംകൂടിയായിരുന്നു അത്. മുംബൈ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ, ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി വരികയായിരുന്ന കപ്പൽ ലെബനീസ് തീര സംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഭീകരർ ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയായിരുന്നുവെന്നും ഇതോെട തെളിഞ്ഞു.

അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദത്തെക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നതും അതിന്റെ തുമ്പുകൾ കണ്ടെത്തുന്നതും മുംബൈ സ്‌ഫോടനക്കേസ്സോടെയാണ്. തീവ്രവാദത്തിന് പുറമെ കള്ളക്കടത്തും മാഫിയ ബന്ധങ്ങളും ഹവാല ഇടപാടുകളും മയക്കുമരുന്ന് ശൃംഖലകളുമൊക്കെ ഉൾപ്പെട്ടതായിരുന്നു ഈ അന്വേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകൾ. 

1993 മാർച്ച് ഒന്നിനും 12-നുമായാണ് മേമൻ കുടുംബത്തിലെ 12 അംഗങ്ങളും ദുബായിലേക്ക് കടന്നത്. സ്‌ഫോടനത്തിൽ മേമൻ കുടുംബത്തിന് പങ്കുണ്ടെന്ന് പെട്ടെന്നുതന്നെ സ്ഥിരീകരിക്കപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ അന്വേഷണദ്യോഗസ്ഥർ തുടങ്ങിവെക്കുകയും ചെയ്തു.

രഹസ്യാന്വേഷണ ഏജൻസികളിലെയും ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളിലും ഉന്നതോദ്യോഗസ്ഥർ ഉൾപ്പെടെ 600-ഓളം ഉദ്യോഗസ്ഥരാണ് ഈ കേസ്സിന്റെ അന്വേഷണത്തിൽ പങ്കാളികളായത്. ഇതിന് പുറമെ 12-ഓളം രാജ്യങ്ങളിലെ എംബസ്സികളും ഇന്റർപോളും അമേരിക്കയിലെയും ബ്രിട്ടനിലെയും വിദഗ്ധരുമൊക്കെ ഉൾപ്പെട്ട ജംബോ അന്വേഷണമായിരുന്നു അത്.

മുംബൈ സ്‌ഫോടനക്കേസ്സിലെ പ്രതികളെന്ന് ഇന്ത്യ സംശയിക്കുന്ന മേമൻ കുടുംബത്തിനായി പാക്കിസ്ഥാനിൽ തിരച്ചിൽ നടത്തുമെന്ന് അന്ന് പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ഉറപ്പുകൊടുക്കുകയും ചെയ്തു. അവരെ കണ്ടെത്തിയാൽ ഇന്ത്യയ്ക്കുള്ള സമ്മാനമെന്ന നിലയിൽ അപ്പോൾത്തന്നെ കൈമാറുമെന്നും ഷെരീഫ് വാഗ്ദാനം ചെയ്തു.മേമൻ കുടുംബം അതേ പേരിലായിരിക്കില്ല പാക്കിസ്ഥാനിൽ കടന്നിട്ടുണ്ടാവുകയെന്ന് അന്നത്തെ പാക് ഹൈക്കമ്മീഷണർ റിയാസ് ഹുസൈൻ ഖോഖർ അഭിപ്രായപ്പെട്ടിരുന്നു. മേമൻ കുടുംബത്തിന് പാക്കിസ്ഥാനിലേക്ക് വിസ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മേമൻ കുടുംബം അതേ പേരിലായിരിക്കില്ല പാക്കിസ്ഥാനിൽ കടന്നിട്ടുണ്ടാവുകയെന്ന് അന്നത്തെ പാക് ഹൈക്കമ്മീഷണർ റിയാസ് ഹുസൈൻ ഖോഖർ അഭിപ്രായപ്പെട്ടിരുന്നു. മേമൻ കുടുംബത്തിന് പാക്കിസ്ഥാനിലേക്ക് വിസ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിലെത്തിയശേഷം വ്യാജ പാസ്‌പോർട്ടിൽ പാക്കിസ്ഥാനിലേക്ക് കടക്കാനുള്ള സാധ്യതയാണ് പിന്നീട് അന്വേഷണദ്യോഗസ്ഥർ കണ്ടത്.

സ്‌ഫോടനം നടന്ന എയർ ഇന്ത്യ മന്ദിരത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഷാസി നമ്പർ, ബോംബ് വച്ചെങ്കിലും തകരാതെ ശേഷിച്ച സ്‌കൂട്ടർ, ഗ്രനേഡുകളും എ.കെ.56 തോക്കുകളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാരുതി വാൻ എന്നിവയായിരുന്നു മേമൻ കുടുംബത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ. ബോംബെ കലാപത്തിന്റെ തുടർച്ചയെന്നോണം നടന്ന സ്‌ഫോടന പരമ്പരകളിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകളും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

മാഹിം പൊലീസ് സ്‌റ്റേഷനടുത്തുള്ള അൽ ഹുസൈൻ ബിൽഡിങ്ങിലെ അഞ്ചും ആറും നിലകളിലായുള്ള അഞ്ച് അപ്പാർട്ട്‌മെന്റുകളിലായാണ് മേമൻ കുടുംബം താമസിച്ചിരുന്നത്. ഈ അപ്പാർട്ടുമെന്റുകളിൽ കയറിയിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്‌ഫോടനത്തിൽ കുടുംബത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന പല തെളിവുകളും കണ്ടെത്താനായി.

അബ്ദുൾ റസാഖ് മേമൻ, ഭാര്യ ഹനീഫ എന്നിവരും അവരുടെ ആറ് മക്കളായ ആരിഫ് എന്ന സുലൈമാൻ, മുഷ്താഖ് എന്ന ടൈഗർ, യാക്കൂബ്, അയൂബ്, അഞ്ജും, ഇസ്സ, യൂസഫ് എന്നിവരടങ്ങിയതായിരുന്നു മേമൻ കുടുംബം. കച്ച് മേഖലയിൽനിന്നെത്തിയ സുന്നി വിഭാഗത്തിൽപ്പെട്ടവരായിരുന്നു മേമന്മാർ. ഭെൻഡി ബസാറിനടുത്തായിരുന്നു ഇവർ ആദ്യം താമസിച്ചിരുന്നത്. 1980-ൽ ഇവർ താമസിച്ചിരുന്ന കെട്ടിടം തകർന്നതോടെ ജീവിതം മാഹിമിനടുത്ത് മച്ചിമാർ നഗറിലേക്ക് മാറ്റി. 1988-ലാണ് അൽ ഹുസൈൻ ബിൽഡിങ്ങിൽ താമസമാരംഭിച്ചത്.

മൂത്ത മകൻ ആരിഫിന് ഇൻകം ടാക്‌സിൽ ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ച് സൗദി അറേബ്യയിൽ പോവുകയായിരുന്നു. പഠനത്തിൽ മിടുക്കനായ യാക്കൂബ് ചാർട്ടേർഡ് അക്കൗണ്ടന്റാവുകയും സുഹൃത്തിനൊപ്പം ചേർന്ന് മേത്ത ആൻഡ് മേമൻ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു. യാക്കൂബ് സൗമ്യനായ മനുഷ്യനായിരുന്നുവെന്ന് ചേതൻ മേത്ത പറയുന്നു. ബോംബ് സ്‌ഫോടനത്തിൽ യാക്കൂബിന് പങ്കുണ്ടെന്ന് മേത്തയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

മൂത്ത മകനായ ഇബ്രാഹിമാണ് കുടുംബത്തെ കള്ളക്കടത്തിന്റെ മേഖലയിലേക്ക് നയിച്ചത്. സ്വർണക്കടത്തുൾപ്പെടെയുള്ള പരിപാടികളിൽ ഏർപ്പെട്ടിരുന്ന ഇബ്രാഹിം മേഖലയിലുള്ളവർക്ക് പേടിസ്വപ്‌നം കൂടിയായിരുന്നു. അടുപ്പമുള്ളവർ ടൈഗർ എന്ന് ഇബ്രാഹിമിനെ വിളിച്ചിരുന്നത് ആ വന്യ സ്വഭാവം കൊണ്ട് കൂടിയായിരുന്നു. മാഹിം മേഖലയിൽ ആദ്യമായി മാരുതി 1000 കാർ സ്വന്തമാക്കുന്നത് ടൈഗറായിരുന്നു.

കൊമേഴ്‌സ് ബിരുദധാരിയായിരുന്നു ടൈഗർ. ബാങ്ക് ക്ലർക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1985-ൽ കസ്റ്റംസ് സംഘത്തിനുനേർക്ക് നടന്ന വെടിവെപ്പിലൂടെയാണ് ടൈഗർ പൊലീസ് രേഖകളിൽ ഇടംപിടിച്ചത്. ഇതോടെ, ടൈഗർ അധോലോകത്തിന് പ്രിയപ്പട്ടവനായി. ദുബായിയിൽനിന്നുള്ള കള്ളക്കടത്ത് സംഘങ്ങളുടെ ഇടനിലക്കാരനായി ടൈഗർ. വൈകാതെ സ്വന്തം നിലയ്ക്ക് കള്ളക്കടത്ത് തുടങ്ങുകയും ചെയ്തു. ദോസ സഹോദരന്മാർ എ്ന്നറിയപ്പെട്ടിരുന്ന മുഹമ്മദ്, മഞ്ജു എന്നവരുമായും ഇക്‌ബാൽ മിർച്ചി,സലിം സാരംഗ് എന്നിവരുമായി ചേർന്നായിരുന്നു ടൈഗറിന്റെ തുടക്കം.

ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് 1989-ൽ ടൈഗർ അറസ്റ്റ് ചെയ്യപ്പെട്ടു. 1990 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കലാപം സൃഷ്ടിച്ചതിന് വീണ്ടും അറസ്റ്റിലായി.ചാൾസ് ശോഭരാജിനെ അറസ്റ്റ് ചെയ്ത പൊലീസ് കമ്മീഷണർ മധുകർ സെൻഡെയാണ് ടൈഗറിനെയും അറസ്റ്റ് ചെയ്തത്. മെരുക്കാൻ ബുദ്ധിമുട്ടുള്ള ക്രിമിനലായിരുന്നു ടൈഗറെന്ന് സെൻഡെ പിന്നീട് പറഞ്ഞു. 1989 ഏപ്രിലിൽ മുംബൈയിലെ ശുക്ലാജി സ്ട്രീറ്റിൽ റെയ്ഡ് നടത്തിയ കസ്റ്റംസ് ടൈഗറിന്റെ സഹായിയായ മൊഹമ്മദ് ദൗസ്സയിൽനിന്ന് എട്ട് സ്വർണക്കട്ടികൾ പിടിച്ചെടുത്തു.

വരമറിഞ്ഞെത്തിയ ടൈഗർ, കസ്റ്റംസ് സംഘത്തോട് സ്വർണം തിരിച്ചുനൽകാൻ ആജ്ഞാപിച്ചു. സംഘത്തിലുണ്ടായിരുന്ന റോഷൻ നിയോഗിയുടെ മുഖമടച്ച് അടികൊടുക്കുകയും ചെയ്തു. മൂക്ക് തകർക്ക് നിയോഗി ആശുപത്രിയിലായി. ടൈഗർ സ്വർണവുമായി രക്ഷപ്പെടുകയും ചെയ്തു. 1989 മുതൽ മുംബൈ കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയാണ് ടൈഗർ. 1990-ൽ ഇയാൾക്കെതിരെ കോഫെപോസെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അക്കാലത്തെ രണ്ട് വലിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഇത്. രണ്ടുകോടി രൂപ വിലവരുന്ന 300 സ്വർണക്കട്ടികൾ കടത്തിയതായിരുന്നു ഒരു കേസ്. 28 കോടി രൂപ വിലവരുന്ന 4520 സ്വർണക്കട്ടികളാണ് മറ്റൊരു സംഭവത്തിൽ ടൈഗർ കടത്തിയത്.

ഈ കേസ്സുകളിലായി 75 ലക്ഷം രൂപ പിഴ ടൈഗറിനുമേൽ ചുമത്തിയിരുന്നു. കള്ളക്കടത്തിലൂടെ അതിവേഗമാണ് മേമൻ കുടുംബം വളർന്നത്. 20 കോടി രൂപയുടെ സ്വത്തുക്കളും ഒട്ടേറെ ബിസിനസ് സംരഭങ്ങളും റിയൽ എസ്റ്റേറ്റ് ഏർപ്പാടുകളും ഉള്ള വലിയ ധനികരായി മേമൻ കുടുംബം മാറി. ഈ സമ്പത്തിന്റെ അടയാളങ്ങൾ പോലെയാണ് മറൈൻ ഡ്രൈവിലെ ഇസ്ലാം ജിംഖാനയിൽ 1991-ൽ യാക്കൂബ് മേമന്റെയും അയൂബ് മേമന്റെയും വിവാഹം നടന്നത്.

സിനിമാരംഗത്തെയും സാമൂഹിക രംഗത്തെയും പ്രശസ്തർ പങ്കെടുത്ത വിവാഹച്ചടങ്ങായിരുന്നു അത്. ബോളിവുഡ് സിനിമാലോകവുമായും ക്രിക്കറ്റ് ലോകവുമായും മേമൻ കുടുംബത്തിന് ബന്ധമുണ്ടായിരുന്നു. പ്രാദേശിക ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു അന്ന് യാക്കൂബ്. 

മാഹിമിലെ വീടുകൾക്കും ഓഫീസുകൾക്കും പുറമെ, ബാന്ദ്രയിൽ ടൈഗറിന്റെ കാമുകി ബായയ്ക്ക് താമസിക്കാൻ ഫ്ളാറ്റുമുണ്ടായിരുന്നു. മുഹമ്മദ് അലി റോഡിൽ ഒട്ടേറെ കടകളും വീടുകളും ഇവർ സ്വന്തമാക്കിയിരുന്നു. സാന്ത ക്രൂസ് ഏരിയയിൽ സ്ഥലവും ഉണ്ടായിരുന്നു. സ്വർണക്കടത്തിന് കുപ്രസിദ്ധമായ മനീഷ് മാർക്കറ്റിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും കുടുംബം പദ്ധതിയിട്ടിരുന്നു.

സവേരി ബസാറിലെ മറ്റൊരു ബിസിനസ് സംഘവുമായി ടൈഗർ ഒന്നുരണ്ടുതവണ ഏറ്റുമുട്ടിയിരുന്നു. ഈ വൈരമാണ് സവേരി ബസാറിൽ മൂന്ന് സ്‌കൂട്ടറുകളിലായി ബോംബ് സ്ഥാപിക്കാൻ ടൈഗറിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന സ്‌ഫോടനത്തിലുപയോഗിച്ചതുപോലെ ചെക്ക് ആർഡിഎക്‌സും സെംടെക്‌സുമാണ് മുംബൈയിലും ഉപയോഗിച്ചിരുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള ആക്രമണമാണിതെന്ന് സംശയിക്കാൻ ഉദ്യോഗസ്ഥരെ ഇതാണ് പ്രേരിപ്പിച്ചത്. സാമ്പത്തികമായി ശക്തിപ്പെട്ടതോടെ മേമൻ കുടുംബം ദുബായിൽ ആസ്ഥാനമുണ്ടാക്കി. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന ആരിഫ് അവിടെനിന്ന് രാജിവച്ച് ദുബായിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന അയൂബിനൊപ്പം ചേർന്നു. ടൈഗർ കള്ളക്കടത്തിന് നേതൃത്വം നൽകിയപ്പോൾ സഹോദരങ്ങൾ ഹവാല ഇടപാടിലാണ് ശ്രദ്ധ കേന്ദീകരിച്ചത്.സാമ്പത്തികമായി ശക്തിപ്പെട്ടതോടെ മേമൻ കുടുംബം ദുബായിൽ ആസ്ഥാനമുണ്ടാക്കി. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന ആരിഫ് അവിടെനിന്ന് രാജിവച്ച് ദുബായിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന അയൂബിനൊപ്പം ചേർന്നു. ടൈഗർ കള്ളക്കടത്തിന് നേതൃത്വം നൽകിയപ്പോൾ സഹോദരങ്ങൾ ഹവാല ഇടപാടിലാണ് ശ്രദ്ധ കേന്ദീകരിച്ചത്. മുംബൈയിൽ അഞ്ജും യാക്കൂബിനെ സഹായിച്ചു. യൂസഫ് മാത്രമാണ് ഈ പ്രവർത്തനങ്ങളിലൊന്നും പങ്കെടുക്കാതിരുന്നതെന്നും പൊലീസ് കണ്ടെത്തി.

റിയൽ എസ്‌റ്റേറ്റും രാഷ്ട്രീയവുമായിരുന്ന യാക്കൂബിന്റെ ഇഷ്ട മേഖലകൾ. പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും യാക്കൂബ് ശ്രമിച്ചിരുന്നു. എന്നാൽ ബോംബെ കലാപത്തോടെ അതെല്ലാം മാറി. മേമൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ലേഡി ജംഷേദ്ജി റോഡിലെ ഓഫീസുകൾ കലാപത്തിൽ കൊള്ളയടിക്കപ്പെടുകയും കത്തിക്കുകയും ചെയ്തരുന്നു. വീടിനടുത്തുള്ള അനാഥാലയത്തിൽ അഭയം തേടിയവരെ കൊലപ്പെടുത്തിയതും മേമൻ കുടുംബത്തെ പ്രകോപിപ്പിച്ചു.

എന്നാൽ കലാപം മാത്രമാണോ മേമൻ കുടുംബത്തെ അധോലോകത്തുനിന്ന് ഭീകരപ്രവർത്തനത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല. സ്വർണക്കടത്തിനുമേൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നതും ബിസിനസിനെ അത് സാരമായി തളർത്തിയതും മറ്റു മേഖലകളിലേക്ക് തിരിയാൻ ടൈഗറിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഇതേസമയത്ത് കലാപമുണ്ടാക്കിയ പ്രകോപനവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശക്തി കൂട്ടിയിട്ടുണ്ടാകാമെന്നും പൊലീസ് അന്ന് അനുമാനിച്ചിരുന്നു.

സ്‌ഫോടനം നടക്കുന്നതിന് മുമ്പുള്ള രണ്ടുവർഷക്കാലയളവിൽ വളരെയധികം മതഭക്തിയുള്ളയാളായി ടൈഗർ മാറിയിരുന്നുവെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചന ദുബായിൽ പൂർത്തിയാക്കിയശേഷം 1993 ജനുവരി മധ്യത്തോടെയാണ് ടൈഗർ മുംബൈയിലെത്തിയത്. ദാവൂദുമായുള്ള ചർച്ചകൾ ദുബായിലാണ് നടന്നിരിക്കുന്നത്.

ഫെബ്രുവരി എട്ടിനാണ് 2000 കിലോയോളം ആർ.ഡി.എക്‌സ് സോപ്പുകട്ടകളുടെ രൂപത്തിൽ മഹാരാഷ്ട്രയുടെ കൊങ്കൺ തരത്തുള്ള ഷെഖാദി ഗ്രാമത്തിൽ ബോട്ടിലൂടെ എത്തിച്ചത്. സ്‌ഫോടക വസ്തുക്കൾ ഇറക്കുന്നതിന് മേൽനോട്ടം വഹിക്കാൻ തന്റെ അംഗരക്ഷകനായ അൻവർ തെയ്ബയ്‌ക്കൊപ്പം ടൈഗർ നേരിട്ട് പോയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മേഖലയിലെ ഏറ്റവും വലിയ കടത്തുകാരനായ ദാദഭായ് പർക്കാറാണ് ഇതിനുള്ള ഒത്താശ നൽകിയത്.

(മുംബൈ സ്‌ഫോടനത്തിന് പിന്നിലെ  ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അടുത്ത ഭാഗത്തിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP