Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ട തട്ടിപ്പ്: പ്രതികളായ വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കണ്ണനല്ലൂർ പൊലീസ് ഹാജരാക്കണം; ഇൻവിജിലേറ്റർമാരേയും കോളേജധികൃതരെയും പ്രതിചേർക്കാതെ പൊലീസിന്റെ കള്ളക്കളിയും

എംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ട തട്ടിപ്പ്: പ്രതികളായ വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കണ്ണനല്ലൂർ പൊലീസ് ഹാജരാക്കണം; ഇൻവിജിലേറ്റർമാരേയും കോളേജധികൃതരെയും പ്രതിചേർക്കാതെ പൊലീസിന്റെ കള്ളക്കളിയും

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: കൊല്ലം മീയണ്ണൂർ അസീസിയ സ്വാശ്രയ മെഡിക്കൽ കോളേജിൽ നടന്ന എം ബി ബി എസ് പരീക്ഷാ ആൾമാറാട്ട തട്ടിപ്പു കേസിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പരീക്ഷാ ആൾമാറാട്ട കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കൊട്ടിയം കണ്ണനല്ലൂർ സർക്കികിൾ ഇൻസ്‌പെക്ടർ കേസന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. പ്രതികളായ കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻ (20) , തിരുവനന്തപുരം ജില്ലക്കാരായ പ്രണവ്.ജി. മോഹൻ (20) , നബീൽ സാജിദ് (20) എന്നിവരാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

മൂന്നാം വർഷ എം ബി ബി എസ് പാർട്ട് (അഡീഷണൽ) പരീക്ഷയിലാണ് സംസ്ഥാനത്തെ നടുക്കിയ ആൾമാറാട്ടം നടന്നത്. തങ്ങൾ നിരപരാധികളും കേസുമായി യാതൊരു ബന്ധവുമില്ല. മുഴുവൻ സമയവും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നുവെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നു. ആരോഗ്യസർവ്വകലാശാല അധികൃതർ കണ്ടെടുത്ത ഉത്തരക്കടലാസിലെ കൈയക്ഷരങ്ങൾ തങ്ങളുടേതല്ല. അതിനാൽ വ്യാജരേഖ ചമക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്തിട്ടില്ല. തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകണമെന്നാണ് മുൻകൂർ ജാമ്യ ഹർജിയിലെ ആവശ്യം. അതേ സമയം ആൾമാറാട്ടം നടത്തി ഉത്തരക്കടലാസിൽ ഉത്തരം പകർത്തിക്കൊടുത്ത കോളേജധ്യാപകരെയും സീനിയർ വിദ്യാർത്ഥികളെയും കൃത്യത്തിന് ഒത്താശ ചെയ്ത പരീക്ഷ ചുമതലയുള്ള ഇൻവിജിലേറ്റർമാരെയും കേസിൽ പ്രതി ചേർക്കാത്തത് സർക്കാരിൽ പ്രതികർക്കുള്ള ഉന്നത സ്വാധീനത്താലാണെന്ന ആരോപണമുണ്ട്.

പ്രതികളുടെ മുൻകൂർ ജാമ്യഹർജി കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് ഇവരുടെ ഉത്തരക്കടലാസിൽ പരീക്ഷഴുതിയ യഥാർത്ഥ വ്യക്തികളെയും കൃത്യത്തിന് സഹായിച്ച കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ജില്ലാ കോടതി മുൻകൂർ ജാമ്യം നിരസിച്ചത്. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്. മൂന്നു വിദ്യാർത്ഥികളും പരീക്ഷാ ഹാളിൽ ഇരിക്കവേ ഇവർക്ക് വേണ്ടി പുറത്തിരുന്ന് മറ്റു 3 പേർ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകിക്കയറ്റി ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ, വഞ്ചന, ട്രസ്റ്റ് ലംഘനം എന്നീ കുറ്റങ്ങൾ ചെയ്ത് സർവകലാശാലയെയും മറ്റു വിദ്യാർത്ഥികളെയും വിശ്വാസ വഞ്ചന ചെയ്തുവെന്നാണ് കേസ്.

അതേസമയം പരീക്ഷാ ആൾമാറാട്ട കോപ്പിയടി തട്ടിപ്പിൽ വിദ്യാർത്ഥികൾക്ക് സഹായം കിട്ടിയത് കോളേജിനുള്ളിൽ നിന്ന് തന്നെയെന്നാണ് ആരോഗ്യ സർവ്വകലാശാലയുടെ വിലയിരുത്തൽ. പരീക്ഷാ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആരോഗ്യ സർവ്വകലാശാലാ അധികൃതർ വിശദമായി പരിശോധിച്ചു. പുറത്തു നിന്നുള്ള സഹായം ഇല്ലെന്നും കോളേജിനുള്ളിൽ നിന്നു തന്നെ വിദ്യാർത്ഥികളെ വഴിവിട്ട രീതിയിൽ സഹായിച്ചുവെന്നുമാണ് വിലയിരുത്തൽ.

അതേ സമയം പരീക്ഷ ചുമതലയുണ്ടായിരുന്ന ഇൻവിജിലേറ്റർമാരെയോ ഉത്തരം പകർത്തി എഴുതി കൊടുത്ത കോളേജധ്യാപകരെയും സീനിയർ വിദ്യാർത്ഥികളെയും നാളിതുവരെ കണ്ണനല്ലൂർ പൊലീസ് കൂട്ടുപ്രതികളാക്കി പ്രതിപ്പട്ടികയിൽ ചേർക്കുകയോ പ്രതി ചേർത്തുള്ള അഡീഷണൽ റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ല. പ്രതികൾക്ക് സർക്കാരിലും ആഭ്യന്തര വകുപ്പിലുമുള്ള ഉന്നത സ്വാധീനത്തിലാണ് പ്രതികളുമായി ഒത്തുകളിച്ച് അന്വേഷണത്തിൽ അട്ടിമറി നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രതിപ്പട്ടിക വിപുലീകരിച്ചുള്ള അഡീഷണൽ റിപ്പോർട്ട് വിചാരണക്കോടതിയായ കൊല്ലം ജില്ലാ രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാതെയാണ് കണ്ണനല്ലൂർ പൊലീസ് പ്രതികളുമായി ഒത്തു കളിച്ച് കോടതിയെയും കബളിപ്പിക്കുന്നത്.

ഇതിനിടെ ആഭ്യന്തര (വകുപ്പുതല) അന്വേഷണം നടത്തിയ ആരോഗ്യ സർവ്വകലാശാല പരീക്ഷാ കേന്ദ്രമായ കോളേജിനുള്ളിൽ തന്നെയാണ് കുറ്റകൃത്യങ്ങൾ നടന്നതായി കണ്ടെത്തി. ഡൊമസ്റ്റിക് എൻക്വയറിയിൽ തന്നെ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനാൽ പരീക്ഷാകേന്ദ്രം എന്ന നിലയിലെ അസീസിയ കോളേജിന്റെ പദവി അനിശ്ചിതകാലത്തേക്ക് ആരോഗ്യ സർവ്വകലാശാല റദ്ദാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP