Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് സിപിഎം പ്രവർത്തകർക്കെതിരെ ചുമത്തിയ യുഎപിഎ കേസുകൾ പിൻവലിക്കില്ല; പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന വ്യക്തമായ രേഖകൾ കിട്ടിയിട്ടുണ്ടെന്ന് ഐജി അശോക് യാദവ്; കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും പൊലീസിന്റെ വിശദീകരണം; തങ്ങൾക്കെതിരെ ചുമത്തിയത് കെട്ടിച്ചമച്ച കള്ളക്കേസെന്ന് അലനും താഹയും; പൊലീസ് ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്നും പ്രതികൾ; ഡിജിപിയുടെ നിർദേശപ്രകാരം പ്രതികളെ രണ്ട് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു പൊലീസ്

കോഴിക്കോട് സിപിഎം പ്രവർത്തകർക്കെതിരെ ചുമത്തിയ യുഎപിഎ കേസുകൾ പിൻവലിക്കില്ല; പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന വ്യക്തമായ രേഖകൾ കിട്ടിയിട്ടുണ്ടെന്ന് ഐജി അശോക് യാദവ്; കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും പൊലീസിന്റെ വിശദീകരണം; തങ്ങൾക്കെതിരെ ചുമത്തിയത് കെട്ടിച്ചമച്ച കള്ളക്കേസെന്ന് അലനും താഹയും; പൊലീസ് ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്നും പ്രതികൾ; ഡിജിപിയുടെ നിർദേശപ്രകാരം പ്രതികളെ രണ്ട് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉയരുമ്പോഴും നിലപാട് തിരുത്താതെ പൊലീസ്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത രണ്ട് സിപിഎം പ്രവർത്തകരുടെ മേൽ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്ന് ഐജി അശോക് യാദവ്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകൾ പിടിച്ചെടുത്തിട്ടുണ്ട്. തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.

സിപിഎം പ്രവർത്തതകർക്ക് എതിരെ യുഎപിഎ ചുമത്തിയത് വലിയ വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഇവരെ ഐജി വിശദമായി ചോദ്യം ചെയ്തു. രണ്ടുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് യുഎപിഎ ചുമത്താൻ പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം തങ്ങളുടെ പക്കൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതികൾ പ്രതികരിച്ചു. പൊലീസ് കെട്ടിച്ചമച്ച കള്ളക്കേസാണെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്ന വേളയിൽ ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് പിടിയിലായത്. ഇവർ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലൻ ഷുഹൈബ് സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവർ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നും, ലഘുലേഖകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

ഈ കേസിൽ രാവിലെ മുതൽ വലിയ സമ്മർദം സർക്കാരിന്റെ മേൽ ഉണ്ടായിരുന്നു. ഇവരുടെ മേൽ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പക്ഷെ യു.എ.പി.എ നിലനിൽക്കുമെന്ന പൊലീസിന്റെ വാദം ഉന്നത ഉദ്യോഗസ്ഥർ അംഗീകരിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം പട്രോളിങിനിടെയാണ് കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മുൻപ് ഈ പ്രദേശത്ത് വ്യാപകമായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നിരുന്നു. തുടർന്ന് രണ്ടാമത്തെ പ്രതിയേയും അറ്സ്റ്റ് ചെയ്ത പൊലീസ് ഇവരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും തെളുവുകൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകിയിരുന്നു. തന്റെ മകൻ അലൻ ഷുഹൈബിന് യാതൊരു മാവോയിസ്റ്റ ബന്ധവും ഇല്ലെന്ന് മാതാവ് സബിത മഠത്തിൽ പറഞ്ഞു. ആരോ നൽകിയ ലഘുലേഖ കൈയിൽ വയ്ക്കുക മാത്രമാണ് അലൻ ചെയ്തതെന്ന് അവർ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചു. അന്വേഷിച്ച വേണ്ട നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും അവർ പറഞ്ഞു.

അതേസമയം മകന് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്ന് അട്ടപ്പാടി മാവോവാദി വേട്ടക്കെതിരെ ലഘുലേഖ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. മകന് മാവോവാദി ബന്ധമില്ല, ആരോ നൽകിയ ലഘുലേഖയാണ്. പാലക്കാട് മാവോവാദി വേട്ടയക്കുറിച്ച് പത്ര മാധ്യമങ്ങളിൽ വായിച്ചതല്ലാതെ ബന്ധമില്ല. വളരെ പൊളിറ്റിക്കലായി ജീവിക്കുന്ന കുട്ടികളാണെന്നും അലൻ നിരപരാധിയാണെന്നും മാതാപിതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടോടെ കോഴിക്കോട് പന്തീരാങ്കാവിൽ വച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും സിപിഎം അനുഭാവികളും എസ്.എഫ്.ഐ, ഡിവൈഎഫ്ഐ സജീവ പ്രവർത്തകരുമാണ്. അലൻ ഷുഹൈബ് സിപിഎം മീഞ്ചന്ത ബ്രാഞ്ച് അംഗവും കണ്ണൂർ സർവകലാശാലയിൽ നിയമബിരുദ വിദ്യാർത്ഥിയുമാണ്. മാധ്യമവിദ്യാർത്ഥിയാണ് താഹ ഫസൽ. സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഡിജിപിയെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ വിശദീകരണം ആവശ്യപ്പെട്ടത്.

അടുത്തിടെ സംസ്ഥാനത്ത് നിലവിൽ ചുമത്തിയിട്ടുള്ള യുഎപിഎ കേസുകൾ പുനഃപരിശോധിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. അതിനിടെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു സിപിഎം പ്രവർത്തകരെ തന്നെ അറസ്റ്റു ചെയ്യുന്നത്. യുഎപിഎ യുഎപിഎ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന നിഗമനത്തിൽ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക ടീമാണ് പുനഃപരിശോധന നടത്തി വരുന്നത്. കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം വിവേചനരഹിതമായി പ്രയോഗിക്കപ്പെടുന്നുവെന്ന വിമർശം സജീവമായ പശ്ചാത്തലത്തിലാണ് കേസുകൾ പുനപ്പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

നിലവിലുള്ള പല കേസുകളിലും യുഎപിഎ നിലനിൽക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ സർക്കാർ വന്ന ശേഷം ഒമ്പതോളം കേസുകളിലാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്. യുഎപിഎ ചുമത്താൻ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ കേസുകളുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയുണ്ട്. മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്ത 65 ഓളം കേസുകൾ വേറെയുമുണ്ട്. ഇവയിൽ കൂടുതലും തീവ്രവാദ ആരോപണങ്ങളിൽ ചുമത്തപ്പെട്ടവയാണ്. തീവ്രവാദകേസുകളിൽ യുഎപിഎ ചുമത്താമെന്നതാണ് സർക്കാറിന്റെയും സിപിഎമ്മിന്റെയും നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP