Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്തായി മരിച്ച സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയിട്ടും വനപാലകരെ പ്രതിയാക്കിയില്ല; വർഗ്ഗീയത ആരോപിച്ച് ഉള്ളാട മഹാസഭ രംഗത്ത് എത്തിയതോടെ വിവാദത്തിന് പുതു മാനം നൽകി; സംസ്‌കാരം നടത്താതെ മത്തായിയുടെ മൃതദേഹം സൂക്ഷിച്ചതും വെറുതെയായില്ല; ഹൈക്കോടതിയുടെ വിമർശനം ഭയന്ന് അർദ്ധരാത്രിയിൽ തീരുമാനം എടുക്കൽ; ചിറ്റാറിലെ മത്തായിയുടെ മരണം അന്വേഷിക്കാൻ സിബിഐ എത്തും; കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറി മുഖ്യമന്ത്രിയുടെ ഉത്തരവ്

മത്തായി മരിച്ച സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയിട്ടും വനപാലകരെ പ്രതിയാക്കിയില്ല; വർഗ്ഗീയത ആരോപിച്ച് ഉള്ളാട മഹാസഭ രംഗത്ത് എത്തിയതോടെ വിവാദത്തിന് പുതു മാനം നൽകി; സംസ്‌കാരം നടത്താതെ മത്തായിയുടെ മൃതദേഹം സൂക്ഷിച്ചതും വെറുതെയായില്ല; ഹൈക്കോടതിയുടെ വിമർശനം ഭയന്ന് അർദ്ധരാത്രിയിൽ തീരുമാനം എടുക്കൽ; ചിറ്റാറിലെ മത്തായിയുടെ മരണം അന്വേഷിക്കാൻ സിബിഐ എത്തും; കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറി മുഖ്യമന്ത്രിയുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ സിബിഐ അന്വേഷണം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി പൊലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടുന്നത്. ഇതിനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കും. കോടതിയിൽ നിന്നും വിമർശനം ഉയരുമെന്ന തിരിച്ചറിവിലാണ് സർക്കാർ തീരുമാനം.

പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസ് എടുക്കാൻ ശ്രമം നടക്കുന്നെന്നാരോപിച്ച് കേരള ഉള്ളാട മഹാസഭ രംഗത്തെത്തി. അന്വേഷണത്തിന്റെ വിശദാംശങ്ങൾ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, മരണ കാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ കൊടുക്കാൻ തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സിബിഐ അന്വേഷണത്തിനുള്ള സർക്കാർ തീരുമാനം. വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്.

നിയമ പരിരക്ഷയുള്ള സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ തെളിവുകൾ കിട്ടാതെ അറസ്റ്റ് ചെയ്താൽ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ കോടതി കയറേണ്ടി വരുമന്നാണ് പൊലീസിന്റെ വാദം. എന്നാൽ വനപാലകരെ പ്രതിപ്പട്ടികയിൽ ചേർക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ആരോപണ വിധേയർക്ക് മുൻകൂർ ജാമ്യത്തിന് വഴി ഒരുക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ ആരോപണ വിധേയരായ വനപാലകരിൽ ഭൂരിഭഗവും പട്ടിക ജാതി പട്ടിക വിഭാഗത്തിൽപ്പെട്ടവരാണെന്നും ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഇവർക്ക് മാനസിക സംഘർഷമുണ്ടാക്കുന്നെന്നുമാണ് കേരള ഉള്ളാട മഹാസഭ ഉയർത്തുന്ന വാദം. ഇതെല്ലാം വലിയ വിവാദമായി മാറി. ഇതോടെയാണ് സർക്കാർ സിബിഐ അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്നത്.

ഫാം ഉടമയായ പി.പി.മത്തായിയുടെ മരണത്തിൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ഭാര്യ ഷീബ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തുടക്കത്തിൽ തന്നെ ഉറച്ച നിലപാട് എടുത്തിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്‌പി ആർ. പ്രദീപ്കുമാർ അവധിയിൽ പ്രവേശിച്ചതോടെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ. സുധാകരൻ പിള്ളയ്ക്കാണ് അന്വേഷണച്ചുമതല .ഇതിനിടയിൽ അന്വേഷണത്തിൽ കൈകടത്താൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ഇതേ തുടർന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ പിന്മാറിയത് എന്നുമുള്ള ആരോപണം പൊലീസ് തള്ളിയിരുന്നു. ഇതിനിടയിൽ പ്രതിസ്ഥാനത്തുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായുള്ള വാർത്തകളും പുറത്തു വന്നു.

ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്നുള്ള ആരോപണങ്ങളും ശക്തമായി. പ്രതികളുടെ അറസ്റ്റിനുള്ള സാധ്യത വൈകിപ്പിക്കാനാണ് പൊലീസ് ഒത്തു കളിക്കുന്നത് എന്നാണ് മത്തായിയുടെ ഭാര്യ ഷീബയും മറ്റു കുടുംബാംഗങ്ങളും ആരോപിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം
അതേ സമയം നിലവിൽ ചിറ്റാറിൽ നടന്നു വരുന്ന സത്യാഗ്രഹം തുടരുന്നതിനോടൊപ്പം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്കും സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസിന്റെയും ഓർത്തഡോക്‌സ് സഭ അധികൃതരുടെയും നീക്കം.

ഇതിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് ഉപവാസ സമരം നടത്താനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം. കോൺഗ്രസ് നേതാക്കളായ ആന്റോ ആന്റണി എംപി , കെ പി സി സി ഭാരവാഹികളായ അഡ്വ. കെ ശിവദാസൻ നായർ , അഡ്വ. പഴകുളം മധു , പന്തളം സുധാകരൻ , പി മോഹൻ രാജ് , മാലേത്ത് സരളാദേവി എന്നിവരാണ് ഉപവസിക്കുന്നത്. ഇങ്ങനെ രാഷ്ട്രീയ ചർച്ചകൾ സജീവമാകുമ്പോഴാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നത്.

മത്തായിയുടെ ജഡം കണ്ടെത്തിയ കുടപ്പനയിലെ വീട്ടിലെ കിണറ്റിൽ പൊലീസ് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. മരണം സംബന്ധിച്ച് ഇനിയും ദുരൂഹതകൾ നിലനിൽക്കുന്നതിനിടെയാണ് കൂടുതൽ ശാസ്ത്രീയ അന്വേഷണ നടപടികൾ. അബദ്ധത്തിൽ വീണതാണോ ചാടിയതാണോ എന്നതിൽ കൂടുതൽ വ്യക്തതയാണ് പൊലീസ് തേടിയത്. ജില്ലാ പൊലീസ് ചീഫ് കെ.ജി.സൈമണിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. ബുധനാഴ്ച കുടപ്പനയിലെ വീടും പരിസരവും സീൽചെയ്ത് പൊതുജനങ്ങളെയും മാധ്യമങ്ങളെയും പ്രവേശിപ്പിക്കാതെയായിരുന്നു ഡമ്മിപരീക്ഷണം. മത്തായി കിണറ്റിൽ ചാടിയതാണെന്ന നിലപാടിലാണ് വനം വകുപ്പ് തുടക്കംമുതൽ. അതേസമയം ഇയാളെ വനപാലകർ അപായപ്പെടുത്തിയതാണെന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിൽക്കുകയാണ്.

നീതിലഭിക്കാതെ ശവസംസ്‌കാരം നടത്തില്ലെന്ന നിലാപാടിലാണ് ഇപ്പോഴും അവർ. കിണറിനുള്ളിൽ നിന്ന് മത്തായിയെ രക്ഷപ്പെടുത്താൻ വനപാലകർ ശ്രമം നടത്തിയില്ലെന്ന് വനം വകുപ്പിന്റെതന്നെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഇതിനിടെ മത്തായി മരിച്ചത് കസ്റ്റഡി മർദനമേറ്റതിനെത്തുടർന്നാണെന്നും അന്വേഷണം സിബിഐ.ക്ക് വിടണമെന്നുമാവശ്യപ്പെട്ട് ഭാര്യ ഷീബ മോൾ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജൂലായ് 28 നാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. മണിയാർ തേക്ക് പ്‌ളാന്റേഷനിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്. ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ വൈകീട്ട് ആറു മണിയോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ സിബിഐ. ഉൾപ്പെടെയുള്ള ഏതെങ്കിലും ദേശീയ ഏജൻസി കേസന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇതാണ് സർക്കാർ തന്നെ അംഗീകരിക്കുന്നത്.

മത്തായി മരിച്ച സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാമെന്ന് നിയമോപദേശം പൊലീസിന് കിട്ടിയിരുന്നു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്നവകുപ്പും ജീവനക്കാർക്കെതിരേ ചുമത്തും. കൃത്രിമരേഖ ചമയ്ക്കുക, തെളിവ് നശിപ്പിക്കുക, ഗൂഢാലോചന എന്നീ വകുപ്പുകളും ഇവർക്കെതിരേ ചുമത്താനാകുമെന്നാണ് ജില്ലാ ഗവ. പ്ലീഡർ നൽകിയ നിയമോപദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP