Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

75,000 രൂപ കൈക്കൂലി കൊടുക്കാത്തതു കൊണ്ട് മത്തായിയെ അടിച്ചു കൊന്നുവെന്ന വാദത്തിൽ ഉറച്ച് ബന്ധുക്കൾ; അത് കൈക്കൂലി ആയിരുന്നില്ല ക്യാമറയുടെ വില നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതാണെന്ന് വനം വകുപ്പ് വാദം; പൊന്നുവിന്റേത് കിണറ്റിൽ ചാടിയുള്ള മരണമെന്ന് മഹസർ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചോർന്നത് ചർച്ചയാക്കി ബന്ധുക്കളും; വനപാലകരെ പൊലീസ് ചോദ്യം ചെയ്യും; ഫാം ഉടമയുടെ കസ്റ്റഡി മരണത്തിൽ ദുരൂഹത തുടരുമ്പോൾ

75,000 രൂപ കൈക്കൂലി കൊടുക്കാത്തതു കൊണ്ട് മത്തായിയെ അടിച്ചു കൊന്നുവെന്ന വാദത്തിൽ ഉറച്ച് ബന്ധുക്കൾ; അത് കൈക്കൂലി ആയിരുന്നില്ല ക്യാമറയുടെ വില നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതാണെന്ന് വനം വകുപ്പ് വാദം; പൊന്നുവിന്റേത് കിണറ്റിൽ ചാടിയുള്ള മരണമെന്ന് മഹസർ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചോർന്നത് ചർച്ചയാക്കി ബന്ധുക്കളും; വനപാലകരെ പൊലീസ് ചോദ്യം ചെയ്യും; ഫാം ഉടമയുടെ കസ്റ്റഡി മരണത്തിൽ ദുരൂഹത തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ചിറ്റാർ സീതത്തോടിനടുത്ത് തെളിവെടുപ്പിനിടെ കുടപ്പനയിലെ ഫാം ഉടമ പടിഞ്ഞാറേ ചരുവിൽ പി.പി.മത്തായി(പൊന്നു-41) കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്ന് വനംവകുപ്പിന്റെ മഹസർ റിപ്പോർട്ട്. ഇതിനിതെരെ പ്രതിഷേധിക്കുകയാണ് ബന്ധുക്കൾ. കസ്റ്റഡി കൊലപാതകത്തെ ന്യായീകരിക്കലാണ് നടക്കുന്നതെന്ന് അവർ പറയുന്നു.

മത്തായിയുടെ കുടുംബം വനംവകുപ്പിന്റെ വാദം പൂർണമായി തള്ളി. മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അവരുടെ ആരോപണം. 75000 രൂപ കേസ് ഒതുക്കാൻ കൈക്കൂലിയായി ആവശ്യപ്പെട്ടതാണെന്നും കുടുംബം പറയുന്നു. ഈ സാഹചര്യത്തിൽ വനപാലകരെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം പിന്നീട്. വിഷയത്തിൽ തീരുമാനം ഉണ്ടായാലേ മൃതദേഹം സംസ്‌കരിക്കൂവെന്ന നിലപാടിലാണ് ബന്ധുക്കൾ.

വനംവകുപ്പിന്റെ മഹസർ കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് അവർ ആരോപിക്കുന്നു. കിണറ്റിൽ വീണ മത്തായിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും വനംവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചതായും പറയുന്നു. ക്യാമറ തകർത്ത സംഭവത്തിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാദവും വനം വകുപ്പ് ഇപ്പോൾ തള്ളുകയാണ്. ഇത് ക്യാമറയുടെ വില നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതാണെന്നും പറയുന്നു. അങ്ങനെ വനംവകുപ്പ് എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിയുകയാണ്.

മത്തായിയും കൂട്ടരും ചേർന്ന് വനത്തിൽ മൃഗവേട്ട നടത്തി മടങ്ങുന്ന ദൃശ്യം വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞെന്നും ഇക്കാര്യം മനസ്സിലാക്കിയതോടെ ഇവർ ക്യാമറ തകർത്ത് മെമ്മറി കാർഡ് പുറത്തെടുത്ത് നശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പിടിക്കപ്പെടുമെന്നായതോടെ തെളിവെടുപ്പിനിടെ വനപാലകരെ വെട്ടിച്ച് ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതിനിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന സൂചനയുണ്ട്. ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. തലയിൽ ഇടതുഭാഗത്ത് ആഴത്തിലുള്ള ക്ഷതമുണ്ട്. ഇടത് കൈമുട്ടിനോട് ചേർന്ന് അസ്ഥിക്ക് പൊട്ടലുണ്ട്. പരുക്കൻ പ്രതലത്തിൽ ശരീരം ഉരഞ്ഞ പാടുകളും നിരവധി. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നു. എന്നാൽ പൊട്ടലും ക്ഷതങ്ങളും വീഴ്ചയിൽ സംഭവിച്ചതാകാമെന്നാണ് വനം വകുപ്പ് പറയുന്നത്.

മർദനത്തിന്റെയോ പിടിവലിയുടെയോ ലക്ഷണങ്ങളില്ലായെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ആന്തരികാവയവങ്ങൾ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം ഡോക്ടർമാരായ രഞ്ജു, സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

നീതി ലഭിക്കാതെ സംസ്‌കാരമില്ല

നിയമപരമായ നീതി ലഭിക്കാതെ കുടപ്പനയിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. മൃതദേഹം സംസ്‌കരിച്ചശേഷം വീണ്ടും പുറത്തെടുത്തുള്ളൊരു അന്വേഷണത്തിന് കുടുംബം തയ്യാറല്ല. അതുകൊണ്ടാണ് നീതി ലഭിക്കാതെ അടക്കം ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ മത്തായി മുങ്ങി മരിച്ചതാണെന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കൾക്ക് നൽകാതിരുന്ന ഈ റിപ്പോർട്ട് എങ്ങനെ പുറത്തുവന്നുവെന്ന് അവർ ചോദിക്കുന്നു. ഇത് കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താൻ മാത്രമാണ്. ഇതിനായി പുതിയ കഥകൾ ബന്ധപ്പെട്ടവർ ഉണ്ടാക്കി പുറത്തുവിടുകയാണ്.

മത്തായി മരിച്ചതിന് തൊട്ടടുത്ത ദിവസംതന്നെ ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു. പോസ്റ്റ്മോർട്ടം നടത്തുന്നതിനു മുമ്പു തന്നെ മരണം ആത്മഹത്യയെന്ന് തീരുമാനിച്ചെന്നാണിത് വ്യക്തമാക്കുന്നതെന്നും കുടുംബാംഗങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP