Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്തായിയുടെ മരണം: നേരറിയാൻ സിബിഐ എത്തി; കേസ് ഫയൽ ഏറ്റെടുത്തു; പൊലീസിന്റെ കൈവശമുള്ള രേഖകൾ മുഴുവൻ കൈമാറിയെന്ന് എസ്‌പി കെജി സൈമൺ; സിബിഐയുടെ തുടക്കം റീ പോസ്റ്റുമോർട്ടത്തിലൂടെ

മത്തായിയുടെ മരണം: നേരറിയാൻ സിബിഐ എത്തി; കേസ് ഫയൽ ഏറ്റെടുത്തു; പൊലീസിന്റെ കൈവശമുള്ള രേഖകൾ മുഴുവൻ കൈമാറിയെന്ന് എസ്‌പി കെജി സൈമൺ; സിബിഐയുടെ തുടക്കം റീ പോസ്റ്റുമോർട്ടത്തിലൂടെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സമീപകാലത്ത് സർക്കാരിനെയും പൊലീസിനെയും വനംവകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ മത്തായിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. അന്വേഷണ ചുമതലയുള്ള സിബിഐ തിരുവനന്തപുരം യൂണിറ്റ് പൊലീസിൽ നിന്ന് കേസ് ഫയലുകൾ ഏറ്റുവാങ്ങി.ജൂലൈ 28 ന് വൈകിട്ട് ആറരയോടെയാണ് ചിറ്റാർ കുടപ്പനക്കുളത്തെ ഫാം ഉടമ കുടുംബവീട്ടിലെ കിണറ്റിൽ കാണപ്പെട്ടത്. അന്ന് വൈകിട്ട് നാലു മണിയോടെ ഏഴംഗ വനപാലക സംഘം വീട്ടിൽ ചെന്ന് മത്തായിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഒളികല്ല് വനമേഖലയിൽ സ്ഥാപിച്ചിരുന്ന ടൈഗർ ട്രാപ്പ് കാമറ തകർത്തുവെന്ന് ആരോപിച്ചാണ് മത്തായിയെ വനപാലകർ കൊണ്ടു പോയത്. കുറ്റം സമ്മതിച്ച മത്തായി കാമറയുടെ മെമ്മറി കാർഡ് എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് വനപാലകരുടെ മൊഴി. ഇത് വിശ്വാസത്തിലെടുക്കാതിരുന്ന കുടുംബം പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കാതെ സമരത്തിലായിരുന്നു. രാഷ്ട്രീയ പാർട്ടികൾ കൂടി ഏറ്റെടുത്തതോടെ സർക്കാർ പ്രതിക്കൂട്ടിലായി. ഇതിനിടെ മത്തായിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയലും അനുബന്ധ രേഖകളും കൈമാറിയതെന്ന് എസ്‌പി പറഞ്ഞു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തെളിവിലേക്കു കണ്ടെടുത്ത എല്ലാ വസ്തുവകകളും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 164 സിആർപിസി പ്രകാരമുള്ള മൊഴികൾ രേഖപ്പെടുത്താൻ അപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു നല്കിയതു സംബന്ധിച്ചും കേസിന്റെ അന്വേഷണത്തിൽ കൃത്യത വരുത്തുന്നതിനുവേണ്ടി ലഭ്യമാക്കിയ നിയമോപദേശവും ഉൾപ്പെടെയാണു കൈമാറിയതെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ സി ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. സുധാകരൻ പിള്ളയാണ് കേസ് ഫയലും ബന്ധപ്പെട്ട രേഖകളും സിബിഐക്കു കൈമാറിയത്.

യുവാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ടു പരാതികൾ ഉയർന്നപ്പോൾ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നതിനു ഡമ്മി പരീക്ഷണം ഉൾപ്പെടെയുള്ള എല്ലാ നടപടികളും ജില്ലാ പൊലീസ് ചെയ്തിരുന്നുവെന്ന് കെജി സൈമൺ പറഞ്ഞു. സ്വാഭാവികമായി കിണറ്റിൽ വീഴുന്നതിലൂടെയും അസ്വാഭാവിക വീഴ്ചയിലൂടെയും മരണം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡമ്മി പരീക്ഷണം നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് പൊലീസ് സർജനും തിരുവനന്തപുരം എഫ്എസ്എൽ അസിസ്റ്റന്റ് ഡയറക്ടറും അടങ്ങിയ സംഘം ആണ് പരീക്ഷണം നടത്തിയത്. ഇതിനിടെ കേസ് സിബിഐയെ ഏല്പിക്കണമെന്ന മരണപ്പെട്ട യുവാവിന്റെ ഭാര്യയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഫയലും അനുബന്ധരേഖകളും കൈമാറിയതെന്ന് ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP