Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മത്തായി മൃഗവേട്ടയ്ക്ക് പോയി മടങ്ങുന്ന ദൃശ്യം ടൈഗർ ട്രാപ്പ് ക്യാമറയിൽ പതിഞ്ഞു; ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ക്യാമറ തകർത്ത് മെമ്മറി കാർഡ് എടുത്തു; കുടുംബവീട്ടിൽ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു; മത്തായി കുറ്റം സമ്മതിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ കിണറ്റിൽ ചാടുകയായിരുന്നുവെന്നും വനം വകുപ്പ്; മഹസർ തയാറാക്കിയത് പഴയ തീയതി വച്ചെന്ന് ആരോപണം

മത്തായി മൃഗവേട്ടയ്ക്ക് പോയി മടങ്ങുന്ന ദൃശ്യം ടൈഗർ ട്രാപ്പ് ക്യാമറയിൽ പതിഞ്ഞു; ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ക്യാമറ തകർത്ത് മെമ്മറി കാർഡ് എടുത്തു; കുടുംബവീട്ടിൽ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു; മത്തായി കുറ്റം സമ്മതിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ കിണറ്റിൽ ചാടുകയായിരുന്നുവെന്നും വനം വകുപ്പ്; മഹസർ തയാറാക്കിയത് പഴയ തീയതി വച്ചെന്ന് ആരോപണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറ്റിൽ വീണു മരിച്ച അരീക്കക്കാവ് പടിഞ്ഞാറേ ചരുവിൽ പി പി മത്തായി ജീവനൊടുക്കിയതാണെന്ന് വനംവകുപ്പിന്റെ മഹസർ റിപ്പോർട്ട്. ഇദ്ദേഹം വനത്തിനുള്ളിൽ കയറി മൃഗവേട്ട നടത്തിയെന്നും അതു കഴിഞ്ഞ് മടങ്ങുന്ന വഴി തോക്കുമായി പോകുന്ന ദൃശ്യം ടൈഗർ ട്രാപ്പ് ക്യാമറയിൽ പതിഞ്ഞുവെന്നും ഇക്കാര്യം മനസിലാക്കിയ മത്തായിയും മറ്റ് രണ്ടു പേരും ചേർന്ന് ക്യാമറ തകർത്ത് മെമ്മറി കാർഡ് പുറത്തെടുത്ത് കത്തിച്ചുവെന്നുമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവം സംബന്ധിച്ച് തയാറാക്കിയ സീൻ മഹസറിലാണ് ഇക്കാര്യമുള്ളത്.

തെളിവെടുപ്പിനിടെ വനപാലക സംഘത്തെ വെട്ടിച്ച് കുടുംബവീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നുവത്രേ. മത്തായിയുടെ മൃതദേഹം കുടപ്പനയിലെ കുടുംബവീടിന്റെ കിണറ്റിൽ കണ്ടെത്തിയത് 28 ന് വൈകിട്ട് ആറരയോടെയാണ്. ഈ തീയതി വച്ചു തന്നെയാണ് വനംവകുപ്പ് മഹസർ തയാറാക്കിയിട്ടുള്ളത്. വനത്തിൽ അതിക്രമിച്ച് കയറി മൃഗവേട്ട നടത്തിയതിനും കാമറ തകർത്തതിനും മത്തായി, അഭിലാഷ്, അനൂപ് എന്നിവരെയാണ് വനംവകുപ്പ് പ്രതികളാക്കിയിട്ടുള്ളത്. ഇവർക്കൊപ്പമുണ്ടെന്ന് പറയുന്ന പെരുനാട് സ്വദേശി അരുണിനെ സാക്ഷിയാക്കിയും വച്ചിട്ടുണ്ട്. 28 ന് നടന്ന സംഭവങ്ങൾ സമയക്രമമനുസരിച്ചാണ് മഹസറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

മണിയാർ ഭാഗത്ത കടുവ സെൻസസിനായി സ്ഥാപിച്ച ക്യാമറ ട്രാപ്പ് തകർത്തതായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കാണ് രഹസ്യ വിവരം ലഭിച്ചത്. മണിയാർ നാലുമുക്ക് ഭാഗത്ത് ഒളികല്ലിലേക്ക് പോകുന്ന കാട്ടുവഴിയിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. ഒരു ക്യാമറ പൂർണമായും അടിച്ചു തകർത്ത് അതിന്റെ മെമ്മറി കാർഡ് ഊരിമാറ്റുകയും മറ്റൊന്നിന്റെ ചങ്ങലയും പൂട്ടും തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് വിവരം കൈമാറിയ അരുണുമായി വനപാലകർ ബന്ധപ്പെട്ടു. പാപ്പി ആൻഡ് സൺസ് എന്ന സ്ഥാപനം നടത്തുന്ന മത്തായിയാണ് ഇതു ചെയ്തത് എന്ന് അരുൺ മൊഴി നൽകി. അരുണിനെയും കൂട്ടിയാണ് വനപാലക സംഘം മത്തായിയുടെ വീട്ടിൽ എത്തിയത്.

ചോദിച്ചപ്പോൾ തന്നെ മത്തായി കുറ്റം സമ്മതിച്ചുവെന്നും തങ്ങൾ മൃഗവേട്ടയ്ക്കായി പോയത് ക്യാമറയിൽ പതിഞ്ഞുവെന്ന് സംശയിച്ചതു കൊണ്ടാണ് അത് തകർത്ത് മെമ്മറി കാർഡ് ഊരിമാറ്റിയതെന്ന് പറഞ്ഞുവെന്നും വനപാലകർ അവകാശപ്പെടുന്നു. മെമ്മറി കാർഡ് കുടുംബവീട്ടിലെ ഗ്യാസ് അടുപ്പിൽ വച്ചു കത്തിച്ചു കളഞ്ഞുവെന്നും മത്തായി മൊഴി നൽകിയത്രേ. അരുണിനെയും മത്തായിയെയും കൂട്ടി ക്യാമറ നശിപ്പിച്ച സ്ഥലത്തും അവിടെ നിന്ന് കുടപ്പനയിലെ വീട്ടിലേക്ക് പോയി.

അടുക്കളയിൽ മെമ്മറി കാർഡിന്റെ അവശിഷ്ടം കാണാതെ വന്നപ്പോൾ കിണറിന് സമീപം ഉണ്ട് എന്ന് മത്തായി പറഞ്ഞതിൻ പ്രകാരം അവിടെ എത്തി. അതിനിടെ പെട്ടെന്ന് മത്തായി കിണറ്റിലേക്ക് ചാടുകയായിരുന്നുവത്രേ. രക്ഷിക്കാനായി കിണറിന്റെ കപ്പിയിലുണ്ടായിരുന്ന കയർ ഇട്ടു കൊടുത്തു. ഉടൻ തന്നെ ചിറ്റാർ പൊലീസിലും സീതത്തോട് ഫയർ സ്റ്റേഷനിലും വിവരം അറിയിച്ചുവെന്നും വനപാലകരുടെ മഹസറിലുണ്ട്.

അതേസമയം, ഈ മഹസർ കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പിന്നീട് തയാറാക്കിയതാണെന്നാണ് മത്തായിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മത്തായിയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോകുന്നതു വരെ ഇത്തരമൊരു കേസ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ല. മത്തായിക്ക് എതിരേ കേസ് എടുത്തുവെന്നോ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തുവെന്നോ ജനറൽ ഡയറിയിൽ എഴുതിയിരുന്നില്ല. വനപാലകർ കേസിൽ നിന്നൊഴിവാക്കാൻ 75,000 രൂപ കൈക്കൂലി ചോദിച്ചുവെന്ന മൊഴിയിൽ മത്തായിയുടെ ഭാര്യ ഉറച്ചു നിൽക്കുകയാണ്.

പണം നൽകാത്തതു കൊണ്ട് മർദിച്ചു കൊന്നുവെന്നാണ് ഇവരുടെ വാദം. എന്നാൽ, മത്തായി നശിപ്പിച്ച ക്യാമറയുടെ വിലയാണ് വനപാലകർ ആവശ്യപ്പെട്ടത് എന്നാണ് സൂചന. കേടുവരുത്തിയ കാമറയുടെ നഷ്ടപരിഹാരമായിട്ടാണ് ഈ തുക ആവശ്യപ്പെട്ടതെന്നും പറയുന്നു.
സംഭവത്തിൽ ഫലപ്രദവും വേഗത്തിലുമുള്ള അന്വേഷണം ഉറപ്പാക്കാൻ സി ബ്രാഞ്ചിനെ ഏൽപിച്ചതായി ജില്ലാപൊലീസ് മേധാവി കെജി സൈമൺ അറിയിച്ചു. സി ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ. പ്രദീപ്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും.

വനത്തിൽ സ്ഥാപിച്ച ക്യാമറ കേടുവന്ന സംഭവത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറേ ചരുവിൽ മത്തായിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചിറ്റാർ പൊലീസ് അസ്വാഭിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം സി ബ്രാഞ്ച് തുടർന്ന് നടത്തുമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP