Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

തൃശൂർ മുണ്ടൂരിൽ എത്തിയതായി മനസ്സിലായത് മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന്; സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തു ക്വസ്റ്റ്യൻ ചെയ്തപ്പോൾ ഒളിത്താവളവും ക്ലിയർ; മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ യുവതിയെ കൊല്ലാകൊല ചെയ്ത പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് സുഹൃത്തിന്റെ വീട്ടിൽ

തൃശൂർ മുണ്ടൂരിൽ എത്തിയതായി മനസ്സിലായത് മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന്; സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തു ക്വസ്റ്റ്യൻ ചെയ്തപ്പോൾ ഒളിത്താവളവും ക്ലിയർ; മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ യുവതിയെ കൊല്ലാകൊല ചെയ്ത പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് സുഹൃത്തിന്റെ വീട്ടിൽ

ആർ പീയൂഷ്

കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ ഒളിത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. മാർട്ടിൻ ജോസഫി (26) നെ തൃശൂരിലെ അയ്യൻ കുന്നിൽ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് പിടികൂടിയത്.

പേരാമംഗലം പൊലീസ് സ്റ്റേഷനതിർത്തിയിൽപ്പെട്ട അയ്യൻകുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെയാണ് തൃശൂർ മെഡിക്കൽ കോളജ് പൊലീസ് ഇൻസ്‌പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ നിസാർ. എ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തിയത്. പ്രതിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും.

ഏപ്രിൽ 8നാണ് മാർട്ടിനെതിരെ യുവതി പരാതി നൽകിയത്. ഒളിവിൽപോയ ഇയാൾ തൃശൂർ മുണ്ടൂരിലെത്തിയെന്നു മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ കഴിഞ്ഞദിവസം വ്യക്തമായിരുന്നു. മാർട്ടിൻ കോഴിക്കോട് അടുത്ത ബന്ധുവിന്റെ വീട്ടിലുണ്ടെന്ന സൂചനയെ തുടർന്ന് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

തൃശ്ശൂർ മുണ്ടൂർ ഭാഗത്ത് ഒരു ചതുപ്പ് പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് വിവരം ലഭിച്ചിരുന്നത്. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഇയാൾ തൃശ്ശൂരിൽ എത്തിയ ബിഎംഡബ്ല്യു കാറ് അടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായിരുന്നു. എന്നാൽ ഇയാൾ ഒരു മാസത്തോളമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കൊച്ചി പൊലീസ് ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസവും പരിശോധന നടത്തുകയും സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സഹോദരൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

എട്ടാം തീയതി രാവിലെ നാലുമണിക്കാണ് ഇയാൾ കാക്കനാട്ടെ ഫ്‌ളാറ്റിൽനിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടർന്ന് ഇയാൾ ഇവിടേക്ക് ഒളിവിൽ കഴിഞ്ഞെന്നാണ് പൊലീസ് കരുതുന്നത്്. മാർട്ടിൻ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തിരുന്നു.

കണ്ണൂർ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പൊലീസ് തിരയുന്നത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലിചെയ്തു വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്‌ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്‌ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി പരാതിയുമായി എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്ളാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോയിരുന്നു. തുടർന്ന് സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും. എന്നാൽ ഇതിനകം പ്രതിയെ കണ്ടെത്താനായാൽ അറസ്റ്റു ചെയ്യുന്നതിനു തടസ്സമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

അതേ സമയം മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. പൊലീസിന് ഇതു സംബന്ധിച്ച പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ഇയാൾ ദേഹോപദ്രവം ഏൽപിച്ചതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിലുള്ളത്. പ്രതിക്കെതിരെ പീഡനക്കേസ് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും കമ്മിഷണർ വെളിപ്പെടുത്തി. ഇതേവിവരം തന്നെ ഡിസിപി ഐശ്വര്യ ഡോങ്റെയും മാധ്യമങ്ങളോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP